Sunday Homilies

സ്വർഗാരോഹണവും ദേവാലയത്തിലേക്കുള്ള മടക്കവും

സ്വർഗ്ഗാരോഹണത്തിനു ശേഷവും ദേവാലയവുമായുള്ള ബന്ധം ശിഷ്യന്മാർ കാത്തുസൂക്ഷിച്ച പോലെ, യേശുവിന്റെ രണ്ടാംവരവ് വരെ നമ്മുടെ ഇടവക ദേവാലയവുമായുള്ള ബന്ധം നമുക്ക് കാത്തു സൂക്ഷിക്കാം

കർത്താവിന്റെ സ്വർഗ്ഗാരോഹണം

ഒന്നാം വായന: അപ്പോ.പ്രവ. 1:1-11
രണ്ടാം വായന: ഹെബ്രായർ 9:24-28
സുവിശേഷം: വി.ലൂക്കാ 24:46-53

ദിവ്യബലിക്ക് ആമുഖം

“അനുഗ്രഹിച്ചുകൊണ്ടിരിക്കെ യേശു അവരിൽ നിന്ന് മറയുകയും സ്വർഗത്തിലേക്ക് സംവഹിക്കപ്പെടുകയും ചെയ്തു”. നമ്മുടെ കർത്താവിന്റെ സ്വർഗ്ഗാരോഹണം ആഘോഷിക്കുന്ന ഈ ഞായറാഴ്ച നാം കേൾക്കുന്ന തിരുവചന വാക്യമാണിത്. കർത്താവിന്റെ സ്വർഗ്ഗാരോഹണം ഭൂമിയിൽ സഭയുടെയും പരിശുദ്ധാത്മാവിന്റെയും കാലഘട്ടത്തിന് തുടക്കം കുറിക്കുന്ന ചരിത്രസംഭവമാണ്. അതുകൊണ്ടുതന്നെ അത് എപ്രകാരം സംഭവിച്ചുവെന്ന് സ്ഥലകാല വിവരണങ്ങളോടെ നാം ഇന്നത്തെ തിരുവചനത്തിൽ ശ്രവിക്കുന്നു. കർത്താവിന്റെ സ്വർഗ്ഗാരോഹണം ജീവിതത്തെയും ജീവിതാന്ത്യത്തെയും കുറിച്ചുള്ള നമ്മുടെ വിശ്വാസത്തിന് ഉറപ്പും, സ്ഥിരതയും നൽകുന്നു. സ്വർഗോന്മുഖമായി ജീവിക്കാൻ നമുക്ക് തിരുവചനം ശ്രവിക്കാം, ദിവ്യബലി അർപ്പിക്കാം.

ദൈവവചന പ്രഘോഷണകർമ്മം

യേശുവിൽ സ്നേഹംനിറഞ്ഞ സഹോദരീ, സഹോദരന്മാരെ,

വിശുദ്ധ ലൂക്കാ സുവിശേഷകന്റെ സുവിശേഷത്തിലെ ഏറ്റവും അവസാന ഭാഗവും, അദ്ദേഹം തന്നെ എഴുതിയ അപ്പോസ്തല പ്രവർത്തനങ്ങളുടെ ആദ്യഭാഗവും നാമിന്ന് ശ്രവിച്ചു. രണ്ടു തിരുവചനഭാഗങ്ങളുടെയും മുഖ്യപ്രമേയം “കർത്താവിന്റെ സ്വർഗ്ഗാരോഹണം” തന്നെയാണ്. ഇന്നത്തെ തിരുവചനങ്ങളും തിരുനാളും നമ്മുടെ ജീവിതത്തിന് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് നമുക്ക് ശ്രവിക്കാം.

1) നമ്മുടെ ലക്ഷ്യം സ്വർഗ്ഗമാണ്

ദൈവം മൃഗങ്ങളെയും മനുഷ്യരെയും സൃഷ്ടിച്ച സമയത്തുള്ള ഒരു കഥയുണ്ട്. എല്ലാം സൃഷ്ടിച്ചു കഴിഞ്ഞപ്പോൾ ദൈവം മൃഗങ്ങളെയെല്ലാം അടുത്തുവിളിച്ച് അവർക്ക് ഭൂമിയിൽ എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ, അവരുടെ ആഗ്രഹമനുസരിച്ച് അതെല്ലാം പരിഹരിച്ചു കൊടുക്കാമെന്ന് പറഞ്ഞു. അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് അതെല്ലാം ദൈവം ചെയ്തുകൊടുത്തു. ഇതറിഞ്ഞ മനുഷ്യർക്ക് ദൈവത്തോട് പരിഭവം തോന്നി. അവർ ദൈവത്തോട് പരാതിപ്പെട്ടു: “നീ മൃഗങ്ങൾക്ക് എല്ലാം ചെയ്തു കൊടുത്തു, ഞങ്ങൾക്ക് ഈ ഭൂമിയിൽ കുറവുകൾ ഉണ്ട്, ഈ ഭൂമിയിൽ ഞങ്ങൾ തൃപ്തരല്ല, ഞങ്ങളുടെ ആഗ്രഹങ്ങളും നിറവേറ്റി തരണം”. മനുഷ്യരുടെ ഈ ആകുലതകൾക്ക് മറുപടിയായി ദൈവം പറഞ്ഞു: “നിങ്ങൾ ഈ ഭൂമിയിൽ സന്തോഷമുള്ളവരും സംതൃപ്തരുമായി കഴിയണമെന്ന് യാതൊരു നിർബന്ധവുമില്ല, കാരണം മനുഷ്യരുടെ ലക്ഷ്യം ഈ ഭൂമി അല്ല, മറിച്ച് സ്വർഗ്ഗമാണ്. അതാണ് നിങ്ങളുടെ മാതൃരാജ്യം”. അന്നുമുതലാണ് മൃഗങ്ങളെല്ലാം ഭൂമിയിലേക്ക് നോക്കി നടക്കുന്നതെന്നും, എന്നാൽ മനുഷ്യൻ നിവർന്ന് തലയുയർത്തി പിടിച്ചു നടക്കാൻ തുടങ്ങിയതെന്നും ഈ കഥയിൽ പറയുന്നു. ഇത് വെറും ഒരു കഥയാണെങ്കിലും, നമ്മുടെ ജീവിതത്തിനും വിശ്വാസത്തിനും ഇന്നത്തെ തിരുനാളുമായി അഭേദ്യമായ ബന്ധമുണ്ട്. നമ്മുടെ ജീവിതത്തിലെ ലക്ഷ്യവും അവസാനവും ഈ ഭൂമി അല്ല, മറിച്ച് സ്വർഗ്ഗമാണ്. സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്ത യേശുവിനെ നോക്കുന്നവർ ശിഷ്യന്മാർ മാത്രമല്ല, ഇന്ന് നാമോരോരുത്തരുമാണ്.

2) ലക്ഷ്യം സ്വർഗ്ഗമാണ് പക്ഷേ ജീവിതം ഭൂമിയിൽ

നമ്മുടെ ലക്ഷ്യം സ്വർഗ്ഗമാണെങ്കിലും നാം ജീവിക്കേണ്ടത് ഈ ഭൂമിയിൽ ആണെന്ന് നമ്മെക്കാളും നന്നായി അറിയാവുന്നത് യേശുവിനാണ്. അതുകൊണ്ട് തന്നെയാണവൻ നമുക്ക് സഹായകനായി പരിശുദ്ധാത്മാവിനെ നൽകുന്നത്. യേശു ആകാശത്തിലേക്ക് പോകുന്നത് നോക്കി നിൽക്കുന്നവരോട് മാലാഖമാർ പറയുന്നത് ഇപ്രകാരമാണ്: “അല്ലയോ ഗലീലിയരെ, നിങ്ങൾ ആകാശത്തിലേക്ക് നോക്കി നിൽക്കുന്നതതെന്ത്? നിങ്ങളിൽനിന്ന് സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ടവ യേശു, സ്വർഗ്ഗത്തിലേക്ക് പോകുന്നതായി നിങ്ങൾ കണ്ടതുപോലെ തിരിച്ചുവരും”. ഈ വാക്യത്തിൽ രണ്ട് യാഥാർഥ്യങ്ങളുണ്ട്: ഒന്നാമതായി, യേശു തിരികെ വരും എന്നുള്ള ഉറപ്പ്. രണ്ടാമത്തേത് ഒരു ചോദ്യമാണ്, നിങ്ങൾ ആകാശത്തിലേക്ക് നോക്കി നിൽക്കുന്നത് എന്ത്? മറ്റൊരർത്ഥത്തിൽ നിങ്ങൾ ആകാശത്തിലേക്ക് നോക്കി നിൽക്കുകയല്ല വേണ്ടത്, മറിച്ച് നിങ്ങളെ ഏല്പിച്ച ദൗത്യം തുടങ്ങുക എന്നാണ്. ലളിതമായി പറഞ്ഞാൽ, യേശുവിന്റെ വചനത്തെ മുറുകെ പിടിച്ചു കൊണ്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങി പോവുക എന്നാണ്. സ്വർഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള നമ്മുടെ ജീവിതം ഒരിക്കലും ഭൂമിയിലെ ഉത്തരവാദിത്വത്തിൽ നിന്നും, യാഥാർത്ഥ്യങ്ങളിൽ നിന്നും ഉള്ള ഒളിച്ചോട്ടം ആകരുത്.

3) ദേവാലയത്തിലേയ്ക്കുള്ള മടക്കം

ഇന്നത്തെ തിരുവചനങ്ങളിൽ നാം കാണുന്ന യാഥാർത്ഥ്യമാണ്; യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം ശിഷ്യൻമാർ ജറുസലേം ദേവാലയത്തിലേക്ക് മടങ്ങി, ദൈവത്തെ സ്തുതിച്ചുകൊണ്ട് അവിടെ കഴിഞ്ഞുകൂടുന്നത്. ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, ഈ ഉപസംഹാരം യാദൃശ്ചികമല്ല. ദേവാലയത്തിലേക്ക് ഉള്ള ശിഷ്യന്മാരുടെ മടക്കം നമ്മുടെ ഇടവക ദേവാലയങ്ങളിലേക്കുള്ള നമ്മുടെ സന്ദർശനവുമായി ബന്ധപ്പെട്ടിരിക്കുന്നു. യേശുവിന്റെ സ്വര്ഗാരോഹണത്തിനു ശേഷം തങ്ങളുടെ ദൗത്യം പൂർത്തിയാക്കാൻ ശിഷ്യന്മാർ ദേവാലയത്തിൽ കഴിഞ്ഞുകൂടി എങ്കിൽ, നാം യേശുവിന്റെ പീഡാനുഭവവും മരണവും ഉത്ഥാനവും അനുഭവിക്കാൻ ദേവാലയത്തിലേക്ക് വരുന്നു. സ്വർഗ്ഗത്തിലേക്ക് യാത്രയായ യേശു ശിഷ്യന്മാർക്ക് ദൗത്യം നൽകി അനുഗ്രഹിച്ച പോലെ, ദിവ്യബലിയുടെ അവസാനം പുരോഹിതനും നമ്മെ അനുഗ്രഹിച്ച്, ഈ ലോകത്തിന് സാക്ഷ്യം നൽകാനായി അയക്കുന്നു. വിശുദ്ധ ലൂക്കായുടെ സുവിശേഷം ആരംഭിക്കുന്നതും അവസാനിക്കുന്നതും ദേവാലയത്തെ പരാമർശിച്ചുകൊണ്ടാണ്. നമ്മുടെ വിശ്വാസ ജീവിതത്തിന്റെ ആരംഭവും അവസാനവും നമ്മുടെ ഇടവകയുമായി ബന്ധപ്പെട്ടതാണ്.

സ്വർഗ്ഗത്തിലേക്കുള്ള യേശുവിന്റെ ആരോഹണം നമ്മുടെ ആത്യന്തികമായ ഭാവിയുടെ ഉറപ്പാണ്. സ്വർഗ്ഗമാണ് നമ്മുടെ ലക്ഷ്യം എന്ന് നമുക്ക് മറക്കാതിരിക്കാം. സ്വർഗ്ഗാരോഹണത്തിനു ശേഷവും ദേവാലയവുമായുള്ള ബന്ധം ശിഷ്യന്മാർ കാത്തുസൂക്ഷിച്ച പോലെ, യേശുവിന്റെ രണ്ടാംവരവ് വരെ നമ്മുടെ ഇടവക ദേവാലയവുമായുള്ള ബന്ധം നമുക്ക് കാത്തു സൂക്ഷിക്കാം.

ആമേൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker