World

മതപരിവര്‍ത്തനവും, ശൂലകൃഷിയും, വിദേശത്തെ പണപ്പിരിവും കാണാതെ സംഘികൾ; ആള്‍ ദൈവത്തിന്റെ ക്രിസ്ത്യന്‍ രാജ്യങ്ങളിലെ ‘ശൂലകൃഷിയും ആലിംഗനവും’ എന്താ അറിയുന്നില്ലേ?

"Embracing the World"-ലൂടെയാണ് 'വിദേശരാജ്യങ്ങളില്‍ മതപരിവര്‍ത്തനം' നടത്തപ്പെടുന്നത്

സ്വന്തം ലേഖകൻ

ഇറ്റലി: സംഘപരിവാര്‍ ക്രൈസ്തവ ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന പുതിയ വിളിപ്പേരാണ് ‘കുരിശുകൃഷിക്കാര്‍’. എന്നാല്‍, ലോകത്തിലെ പ്രധാന ക്രൈസ്തവ രാജ്യങ്ങളായ ഇറ്റലിയിലും, അമേരിക്കയിലും, ജര്‍മ്മനിയിലുമെല്ലാം ആലിംഗനത്തിന്റെ സന്ദേശവുമായി കാലങ്ങളായി അമ്പലകൃഷിയും, പണപ്പിരിവും, മതപരിവര്‍ത്തനവും പതിവാക്കിയ ആള്‍ ദൈവങ്ങള്‍ക്കെതിരെ എന്തേ നിങ്ങള്‍ പ്രതിഷേധിക്കുന്നില്ല? പ്രതികരിക്കുന്നില്ല?

വിദേശത്ത് മതപരിവര്‍ത്തനത്തിന്റെയും പണപ്പിരിവിന്റെയും അപ്പോസ്തലയായ മാതാ അമൃതാനന്ദമയിയുടെ “Embracing the World” നെക്കുറിച്ച് അറിയുന്നത് നല്ലതാണ്. മാനുഷികതയുടെ പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രൂപപ്പെടുത്തിയിട്ടുള്ള ഹ്യുമാനിറ്റേറിയന്‍ സംഘടനകളുടെ ഒരു അന്താരാഷ്ട്ര ശൃംഖലയാണ് “Embracing the World”. ഇതിലൂടെയാണ് ‘വിദേശരാജ്യങ്ങളില്‍ മതപരിവര്‍ത്തനം’ നടത്തപ്പെടുന്നത്. മതപരിവര്‍ത്തനത്തോടൊപ്പം സാമ്പത്തിക ചൂഷണവും നടക്കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം.

ക്രിസ്ത്യന്‍ മിഷനറിമാര്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കടന്നുവന്നത് സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളില്‍ തീര്‍ത്തും പിന്നോക്കം നിന്ന ഇന്ത്യയിലെ ഗ്രാമങ്ങളിലാണ്. അവര്‍ വന്നപ്പോള്‍ ഒരിക്കലും മതം അല്ല വിളമ്പിയത് മറിച്ച് വിദ്യാഭ്യാസവും, സാമൂഹ്യ ബോധവും, സഹവര്‍ത്തിത്വവുമായിരുന്നു. എന്നാല്‍, ഇന്ന് വിദേശരാജ്യങ്ങളില്‍ ആര്‍ക്ക് വിദ്യാഭ്യാസം കൊടുക്കാന്‍, ആര്‍ക്ക് സാമൂഹ്യബോധം കൊടുക്കാനാണ് മാതാ അമൃതാനന്ദമയി കഷ്ടപ്പെടുന്നത്.

Embracing the World രജിസ്റ്റർ ചെയ്തിരിക്കുന്നത് മാർക്കെ മേഖലയിൽ 09/22/06-ലെ ODV എക്സിക്യൂട്ടീവ് ഡിക്രി നമ്പർ 146 (നിയമം 266/91) ഉപയോഗിച്ചാണ്. അതിനാൽ ONLUS ലെജിസ്ലേറ്റീവ് നിയമത്തിലെ ഡിക്രി നമ്പർ 460/97-ന്റെ 10 അനുസരിച്ച് 5 × 1000 -ന്റെ പ്രയോജനം നേടാൻ സാധിക്കും. ഇറ്റലിയില്‍ NGO-കളെ സഹായിക്കാന്‍ ഗവണ്മെന്റ് ജനങ്ങൾക്ക് കൊടുക്കുന്ന അവസരമാണ് 5 X 1000. അതായത് 1000 യൂറോ ഗവൺമെന്റിന് TAX കൊടുക്കുമ്പോള്‍ അതില്‍നിന്നു 5 യൂറോ അവര്‍ക്ക് ആഗ്രഹമുള്ള NGO-യ്ക്കു കൊടുക്കാം. നമ്മുടെ അമൃതാനന്ദമയി അമ്മ യൂറോപ്പില്‍ ഈ അവസരത്തെ നന്നായി ഉപയോഗിക്കുന്നുണ്ട്. അതോടൊപ്പം സായിപ്പിന്റെ വിശാലമനസ്കതയും, മാനവികതയും, ക്രിസ്തീയ മൂല്യബോധവും ചൂഷണം ചെയ്ത് പിരിവെടുക്കുന്നതോടൊപ്പം മതപരിവര്‍ത്തനവും ശക്തമായി നടത്തുന്നുണ്ട്. അതിന്റെ മറവില്‍ ഹരേ കൃഷ്ണ മൂവ്മെന്‍റ് പോലുള്ള ഇന്ത്യയിലെ നിരവധി ഹിന്ദു NGO-കള്‍ ‘കുരിശിന്റെ നാടായ’, ‘ക്രിസ്തു മതത്തിന്റെ ഈറ്റില്ലമായ’ ഇറ്റലിയിലും മറ്റ് ക്രിസ്ത്യന്‍ രാജ്യങ്ങളിലും പോയി പണപ്പിരിവ് നടത്തുന്നുമുണ്ട്.

കല്‍ക്കത്തയിലെ വിശുദ്ധ മദര്‍ തെരേസ ചെയ്ത പുണ്യകര്‍മ്മങ്ങളെ ദേശ വിരുദ്ധമായും, മതപരിവര്‍ത്തനമായും വിലയിരുത്തുന്ന ‘ശൂല കൃഷിക്കാര്‍’ ഇതുകൊണ്ടാണ് മാതാ അമൃതാനന്ദമയി വിദേശ രാജ്യങ്ങളില്‍ ‘എംബ്രേസിംഗ് ദി വേള്‍ഡ്’ എന്ന ഓമനപ്പേരിട്ട് നടത്തുന്ന വ്യക്തമായ മതപരിവര്‍ത്തനത്തെ കാണാതെ പോകുന്നു. അവര്‍ പറയുന്നത് ‘എംബ്രേസിംഗ് ദി വേള്‍ഡ്’ പദ്ധതിയിലൂടെ ഓരോ മനുഷ്യന്റെയും 5 അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വീട്, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, ജീവിത മാര്‍ഗങ്ങള്‍ തുടങ്ങിയവയ്ക്ക് വേണ്ടി മാതാ അമൃതാനന്ദമയി ദേവി പ്രവര്‍ത്തിക്കുന്നു എന്നാണ്.

ഇതിലെ വിരോധാഭാസം വിശുദ്ധ മദര്‍ തെരേസ ഇന്ത്യയിലേയ്ക്ക് വന്നത് തെരുവില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായിട്ടാണെങ്കില്‍; മാതാ അമൃതാനന്ദമയിയുടെ പ്രവര്‍ത്തനം വികസനത്തിന്റെ അത്യുന്നതിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലാണ്. അപ്പോള്‍ മുകളില്‍ പറഞ്ഞ ‘മനുഷ്യന്റെ 5 അടിസ്ഥാന ആവശ്യങ്ങളുമായി’ എന്താണ് ചെയ്യാനുള്ളത്. അപ്പോള്‍ ലക്ഷ്യം ‘സെക്കുലര്‍ ചിന്താഗതി പരത്തി’ ഒരു ബ്രാന്‍ഡ് നെയിം ഉപയോഗിച്ച് ‘കൃഷി’ നടത്തുക തന്നെ അല്ലെ?

കേരളത്തില്‍ കുറച്ച് നാളായി വളരെ പ്രചാരം നേടിയതാണ് ‘കുരിശു കൃഷി’ എന്ന പ്രയോഗം. എന്തുകൊണ്ട് നിങ്ങളാരും ഇന്ത്യയ്ക്ക് പുറത്തുപോലും, ഇറ്റലി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമേ അമേരിക്ക, സിഗപ്പൂര്‍, സാംബിയാ, നോര്‍ത്തമേരിക്ക, സിഡ്നി, മെല്‍ബോണ്‍, ജപ്പാന്‍, ഐര്‍ലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലും വളരെ തകൃതിയായി നടക്കുന്ന കൃഷികളായ – ‘ശിവലിംഗ കൃഷി, താമര കൃഷി, നിലവിളക്ക് കൃഷി, ശൂല കൃഷി, നാമജപ കൃഷി, യോഗാ കൃഷി, തുടങ്ങിയവ’ കണ്ടില്ലെന്നു നടിക്കുന്നു, അതിനെ വിമര്‍ശിക്കുന്നില്ല?

കേരളത്തില്‍ കൃപാസനത്തില്‍ അത്ഭുതങ്ങള്‍ നടക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ അനാചാരമായും, ശുദ്ധതട്ടിപ്പായും വിമര്‍ശിക്കുന്നവര്‍ എന്തുകൊണ്ട് വിദേശരാജ്യങ്ങളില്‍ പോലും പോയി അമൃതാനന്ദമയി അമ്മ തന്റെ മാറില്‍ ചേര്‍ക്കുന്നവര്‍ക്ക് (താന്‍ ആലിംഗനം ചെയ്യുന്നവര്‍ക്ക്) സൗഖ്യം ലഭിക്കുന്നു എന്ന് പറയുന്നതിനെ വിമര്‍ശിക്കുന്നില്ല?

അചഞ്ചലമായ അര്‍പ്പണബോധവും, മറ്റുള്ളവരോടുള്ള സ്നേഹവും, അനുകമ്പയും പ്രകടിപ്പിക്കുന്ന വ്യക്തി എന്നരീതിയില്‍ അവതരിപ്പിക്കപ്പെടുകയാണ് മാതാ അമൃതാനന്ദമയിയെ വിദേശരാജ്യങ്ങളിൽ. അവരുടെ ‘ആലിംഗനത്തിന്‍റെ ലളിതമായ ആംഗ്യം’ ഇന്നുവരെ, ലോകത്താകമാനം 37 ദശലക്ഷത്തിലധികം ആളുകള്‍ അവരുടെ ആലിംഗനത്തില്‍ ആശ്വാസം കണ്ടെത്തിയെന്നാണ് അവർ അവകാശപ്പെടുന്നത്. ‘ആലിംഗനം’ ദേശീയത, മതം, ലിംഗഭേദം, ജാതി, സാമൂഹിക പദവി എന്നിവയ്ക്കെല്ലാമുപരി ആളുകളെ തന്നിലേക്ക് അടുപ്പിക്കുന്നുവെന്നും, അതാണ് സ്നേഹത്തിലുള്ള ആലിംഗനത്തിന്റെ ശക്തിയെന്നും അവര്‍ ജനത്തെ പഠിപ്പിക്കുന്നു.

വളരെ വ്യക്തമായി പറഞ്ഞാല്‍; അമൃതയോഗ, ഭജന്‍ ആലാപനം, പൂജ തുടങ്ങിയവ വിദേശരാജ്യങ്ങളില്‍ ഇന്ത്യയിലെ ഹിന്ദു ആചാരങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പരിശീലിപ്പിക്കുന്നുണ്ട്. കൂടാതെ സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള ഒരു ഉപാധിയായി ആരതി, ആത്മ പൂജ തുടങ്ങിയവ പരിശീലിപ്പിക്കുന്നു.

കേരളത്തിലെ ധ്യാനകേന്ദ്രങ്ങളെ വിമര്‍ശിക്കുന്നവര്‍ എന്തുകൊണ്ട് വിദേശ രാജ്യങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്ന ഹിന്ദു ആചാര പ്രകാരമുള്ള ആഘോഷങ്ങളെയും ധ്യാനങ്ങളെയും വിമര്‍ശിക്കുന്നില്ല? വിവിധ രീതിയിലുള്ള ധ്യാനങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. അതായത്, ഫെബ്രുവരിയില്‍ ‘ശിവരാത്രി ധ്യാനം’ – ഇത് രണ്ടുദിവസം താമസിച്ചുള്ള ധ്യാനം; ജൂലൈയില്‍ ‘ഗുരു പൂര്‍ണിമ ധ്യാനം’ – ഇതും താമസിച്ചുള്ളത്; സെപ്റ്റംബറില്‍ അമ്മയുടെ ജന്മദിനവുമായി ബന്ധപ്പെട്ട ധ്യാനം.

ഇതെല്ലാം കാണുമ്പോഴും കേള്‍ക്കുമ്പോഴുമാണ് നമ്മുടെ സംഘികളുടെ ഇരട്ടത്താപ്പ് മനസിലാവുന്നത്. അമൃതാന്ദമയിക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാരും, സംഘപരിവാര്‍ സംഘടനകളും. വിദേശ രാജ്യങ്ങളുടെ, പ്രത്യേകിച്ച് ക്രിസ്ത്യന്‍ രാജ്യങ്ങളുടെ തെരുവുകളില്‍ ഒരു ഉളിപ്പും ഇല്ലാതെ ഹിന്ദു ആചാരങ്ങളുടെ പുസ്തകളും ലഘുലേഖകളും വിതരണം ചെയ്യുകയും, ചാരിറ്റിയുടെ പേരില്‍ നല്ല ഒന്നാംതരം ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷില്‍ പണത്തിനായി തെണ്ടുകയും ചെയ്യുന്ന ഹിന്ദു സംഘടന പ്രവര്‍ത്തകരെ സുലഭമായി കാണാന്‍ സാധിക്കും. സംഘികള്‍ ആദ്യ ചെയ്യേണ്ടത് വിദേശ രാജ്യങ്ങളില്‍ നിന്നും ഉളിപ്പില്ലാതെയുളള പണം തെണ്ടലും, മതപരിവര്‍ത്തനവും, കൃഷിയും അവസാനിപ്പിക്കണം; എന്നിട്ടാവണം സ്വന്തം രാജ്യത്തെ മതസൗഹാര്‍ദത്തെ തകര്‍ക്കുന്ന പ്രവര്‍ത്തികള്‍ക്ക് നേതൃത്വം കൊടുക്കാൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker