Kerala

“കുടുംബങ്ങളെ വീണ്ടെടുപ്പ്” എന്ന ലക്ഷ്യവുമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കുടുംബപ്രേഷിത ശുശ്രൂഷ

ഈ വർഷം കുടുംബപ്രേഷിത ശുശ്രൂഷ ലക്‌ഷ്യം വയ്ക്കുന്നത് 'ബധിരരുടെയും മൂകരുടെയും അജപാലന'ത്തിലാണ്‌

ബ്ലെസൻ മാത്യു

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കുടുംബപ്രേഷിത ശുശ്രൂഷ അതിന്റെ പ്രവർത്തനം ഒരു പ്രത്യേക ശുശ്രൂഷയായി, “കുടുംബങ്ങളെ വീണ്ടെടുപ്പ്” എന്ന ലക്ഷ്യവുമായി തുടക്കം കുറിച്ചിട്ട് രണ്ടര വർഷം പിന്നിടുകയാണ്‌. കുടുംബ കേന്ദ്രീകൃത പ്രവർത്തനങ്ങൾ, കാരുണ്യ പദ്ധതികളുടെ ആസൂത്രണം, വിവാഹ ഒരുക്ക സെമിനാർ തുടങ്ങി വിവിധ ഫോറങ്ങളുടെ രൂപീകരണം വരെ ആസൂത്രണം ചെയ്ത് നടപ്പിലാക്കി മുന്നോട്ട് പോകുന്നു. കരുണാമയൻ പദ്ധതി, സാന്ത്വനം മംഗല്യം പദ്ധതി, ഏകസ്ഥരുടെ കൂട്ടായ്മ, വിധവകളുടെയും വിഭാര്യരുടെയും അജപാലനം എന്നിവ പ്രത്യേകം ശ്രദ്ധിക്കപ്പെട്ട, വിജയിച്ച പ്രവർത്തന മേഖലകളായിരുന്നു.

ഈ വർഷം കുടുംബപ്രേഷിത ശുശ്രൂഷ ലക്‌ഷ്യം വയ്ക്കുന്നത് ‘ബധിരരുടെയും മൂകരുടെയും അജപാലന’ത്തിലാണ്‌. തിരുവനന്തപുരം അതിരൂപതയിലുള്ള ബധിരരുടെയും മൂകരുടെയും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനുള്ള പ്രത്യേക പരിശ്രമം. അതിരൂപതയിലെ ഇടവകസംവിധാനം വഴി എല്ലാ ബധിരരെയും മൂകരെയും കണ്ടെത്തുന്നതിനായി ശുശ്രൂഷയിലെ സന്നദ്ധപ്രവർത്തകർ ഇടവകാതല സന്ദർശനം നടത്തികൊണ്ടിരിക്കുന്നു. ഈ സന്ദർശനത്തിന്‌ നേതൃത്വം നല്കുന്നത് കോട്ടയം കേന്ദ്രീകരിച്ച് ബധിരരുടെയും മൂകരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നവധ്വനി എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ഫാ.ബിജു ലോറൻസാണ്‌.

ഈ മാസം 30-ന്‌ വെട്ടുകാട് ദേവാലയത്തിൽ വച്ച് അതിരൂപതയിലെ ബധിരരുടെയും മൂകരുടെയും കുടുംബ സംഗമവും, കൂട്ടായ്മയുടെ രൂപീകരണവും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. അന്നേദിനം ഇവർക്കായി സഹായ മെത്രാൻ ഡോ.ക്രിസ്തുദാസിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിക്കും. ഫാ.ബിജു ലോറൻസ് ദിവ്യബലി ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്തും. തുടർന്ന്, ഇവർക്കായുള്ള ശാക്തീകരണ ക്ളാസ്സുകളും, സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. തുടർന്ന്, വൈകുന്നേരം 4 മണിക്ക് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിൽ അതിരൂപതാദ്ധ്യക്ഷൻ ഡോ.സൂസപാക്യം മെത്രാപൊലീത്ത അദ്ധ്യക്ഷത വഹിക്കും, സഹകരണ വകുപ്പ് മന്ത്രി ശ്രീ.കടകം പള്ളി സുരേന്ദ്രൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ നാൾവഴികൾ

1) കരുണാമയൻ പദ്ധതി: ഒറ്റപ്പെട്ട് അവശതയിൽ കഴിയുന്നവർക്ക് മാസംതോറുമുള്ള പെൻഷൻ നൽകുന്ന പദ്ധതി. ഇതിലൂടെ180ഓളം പേർക്ക് സഹായം നൽകി വരുന്നു.

2) സാന്ത്വനം മംഗല്യം പദ്ധതി: നിർധന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിന്‌ ധനസഹായം നല്കുന്നതാണ് സാന്ത്വനം മംഗല്യം പദ്ധതി. ഈ പദ്ധതി വഴി 200-ലധികം പേരെ ഇതുവരെ സഹായിക്കാനായിട്ടുണ്ട്.

3) ഏകസ്ഥരുടെ കൂട്ടായ്മ: കുടുംബ ശുശ്രൂഷ പ്രവർത്തനമാരംഭിച്ച ആദ്യ വർഷം തന്നെ അതിരൂപതയിൽ പലവിധ കാരണങ്ങളാൽ വിവാഹ ജീവിതത്തിലോ മറ്റ് വിളികളോ സ്വീകരിക്കാതെ ഏകസ്ഥരായി കഴിയുന്നവരെ ഒരുമിച്ച് കൂട്ടി ഏകസ്ഥരുടെ കൂട്ടായ്മ രൂപീകരിച്ചു. അതിനോടനുബന്ധിച്ച് അതിരൂപതയിലെ 600 ഓളം വരുന്ന ഏകസ്ഥരെ അവർ ആയിരിക്കുന്ന അവസ്ഥയിൽ നേരിട്ട് സന്ദർശിച്ചു. അതിനെ കേന്ദ്രീകരിച്ചായിരുന്നു ‘കരുണാമയൻ പദ്ധതി’ രൂപീകരിച്ചതും. തുടർന്ന്, ഓഖി ചുഴലികാറ്റ് ദുരന്തം വിതച്ചപ്പോൾ ദുരിതബാധിതരെയെല്ലാം നേരിട്ട് സന്ദർശിക്കാനും അവർക്കാവശ്യമായ കൗൺസിലിംഗ്, തുടർചികിത്സ മുതലായവ നല്കാനാനുമായിട്ടുണ്ട്. 120 ഓളം ഓഖി ബാധിതരെ ഇപ്പോഴും അനുധാവനം ചെയ്തു കൊണ്ടിരിക്കുന്നു.

4) വിധവകളുടെയും വിഭാര്യരുടെയും അജപാലനം: രണ്ടാം വർഷത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചത് ‘വിധവകളുടെയും വിഭാര്യരുടെയും അജപാലന’ത്തിലാണ്‌. ഇവരെയും ഫെറോന തലത്തിൽ വിളിച്ച് കൂട്ടുകയും വിധവ / വിഭാര്യ ഫോറം രൂപീകരിച്ച് അവരുടെ ജീവിത സാഹചര്യം മെച്ചപെടുത്താനുള്ള പദ്ധതികളിലൂടെ അനുധാവനം ചെയ്തുകൊണ്ടിരിക്കുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker