Meditation

വിളവിന്റെ ലോകം – ലൂക്കാ (10:1-12.17-20)

യേശു തന്റെ ശിഷ്യന്മാരെ അയക്കുകയാണ്...

ആണ്ടുവട്ടത്തിലെ പതിനാലാം ഞായര്‍

ഇന്നത്തെ വചനഭാഗത്തെ നമ്മൾ എപ്പോഴും പൗരോഹിത്യത്തിലും സന്യാസത്തിലും കുറഞ്ഞു കൊണ്ടിരിക്കുന്ന ദൈവവിളിയെ ഓർത്തുള്ള വിലാപമായിട്ടാണ് വ്യാഖ്യാനിച്ചു പോന്നിട്ടുള്ളത്. പക്ഷേ ഇതൊരു വിലാപമല്ല. മനുഷ്യകുലത്തിനായുള്ള യേശുവിന്റെ ഒരു സ്തുതി പാടൽ ആണിത്. അവന്റെ വരികളിൽ ഉള്ളത് പോസിറ്റീവ് എനർജിയാണ്. ലോകം എത്രയോ സുന്ദരം എന്ന ചിന്തയാണ്.

ഈ ഭൂമിയിൽ ഒത്തിരി നന്മകൾ ഉണ്ട്. അമ്പതും നൂറും മേനി വിളവ് നൽകുന്ന ഒത്തിരി വിത്തുകൾ ഇവിടെയുണ്ട്. വിതക്കാരൻ മനുഷ്യ ഹൃദയങ്ങളിൽ നല്ല വിത്ത് മാത്രമാണ് വിതച്ചിട്ടുള്ളത്. അതിൽ നല്ല ശതമാനവും തഴച്ചു വളർന്നു നിൽക്കുന്നുണ്ട്. ചില ചഞ്ചലമായ ഹൃദയങ്ങൾ പ്രകാശത്തിലേക്ക് പൂർണമായി തുറക്കുവാൻ സാധിക്കാതെ ക്ഷണ ദീപ്തിയിൽ മാത്രം ഒതുങ്ങി പോകുന്നുണ്ടെങ്കിലും അവർ ഏകാന്തതയുടെ തഴുകലിൽ നിഷ്കപടതയോടെ പൂവിടുന്നുമുണ്ട്. അതുകൊണ്ടാണ് ഇന്നത്തെ വചനത്തിലൂടെ യേശുനാഥൻ ലോകത്തെ വായിക്കുന്നതിനു വേണ്ടി പുതിയ അക്ഷരങ്ങളെ വിതയ്ക്കുന്നത്. രുചിയുള്ള നെൽമണികൾ കൊണ്ട് ഭൂമി നിരന്തരം തളിരിട്ടു കൊണ്ടിരിക്കുകയാണെന്ന് അവൻ കാണുന്നു. അങ്ങനെ മനുഷ്യരെ പുതിയ കണ്ണു കൊണ്ട് കാണുവാൻ അവൻ പഠിപ്പിക്കുന്നു. മനുഷ്യരാണ് ഫല സമൃദ്ധമായി വിളഞ്ഞുനിൽക്കുന്ന പാടശേഖരം. “കൊയ്ത്തു വളരെ; വേലക്കാരോ ചുരുക്കം”.

യേശു തന്റെ ശിഷ്യന്മാരെ അയക്കുകയാണ്. അസ്വസ്ഥവും അകന്നു കൊണ്ടിരിക്കുന്നതുമായ ഈ ലോകത്തെ ഓർത്ത് ഒരു വിലാപഗാനം ആലപിക്കുന്നതിനു വേണ്ടിയല്ല. മറിച്ച് വലിയൊരു മാറ്റം പ്രഘോഷിക്കാനാണ്. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. ദൈവം ഇതാ അടുത്തു വന്നിരിക്കുന്നു. ഇനി ചുറ്റിനും ഒന്ന് കണ്ണോടിക്കുക. പുറത്തു കടക്കുവാൻ സാധിക്കാത്ത തരത്തിലുള്ള വലം പിരിയാണി പോലുള്ള വിഷമഘട്ടങ്ങളുടെ മാത്രം ഇടമായി കരുതിയിരുന്നു ഈ ലോകം തന്നെയല്ലേ അസംഖ്യമായ പുതു ആശയങ്ങളുടെയും പദ്ധതികളുടെയും നീതിയുടെയും ശാന്തിയുടെയുമെല്ലാം പരീക്ഷണശാലയായും മാറിയിരിക്കുന്നത്. അത് എത്രയോ സുന്ദരവും ശാലീനവുമാണ്! ഈ ലോകം മറ്റൊരു ലോകത്തെ ഉദരത്തിൽ വഹിക്കുന്നുണ്ട്. അത് പുതിയൊരു അവബോധത്തിലേക്ക് വളർന്നു കൊണ്ടിരിക്കുകയാണ്. അതിന്റെ വളർച്ച സ്വാതന്ത്ര്യത്തിലും സ്നേഹത്തിലുമാണ്. ഈ സ്വാതന്ത്ര്യവും സ്നേഹവും ദൈവം വിതച്ച വിത്തുകൾ ആണ്. അവകൾ വളർന്നു പന്തലിക്കും. അവകളെ ഈ ഭൂമിയിൽ നിന്നും പറിച്ചു കളയുവാൻ ആർക്കും സാധിക്കുകയുമില്ല.

എങ്കിലും എന്തൊക്കെയോ ഒരു കുറവുണ്ട്. അതെ ഈ നന്മകൾ കൊയ്യുവാനുള്ള വേലക്കാർ നമുക്കില്ല. അനുദിനം എന്ന പോലെ ഈ ലോകത്തിൽ വളർന്നു വർദ്ധിച്ചു കൊണ്ടിരിക്കുന്ന സ്നേഹം നീതി മനുഷ്യത്വം എന്നീ നന്മകളെ പരിചരിക്കുവാൻ സാധിക്കുന്ന വേലക്കാർ നമുക്ക് ഇല്ലാതായി ക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് യേശു തൻറെ ശിഷ്യന്മാരോട് പറഞ്ഞത്, “പോകുവിൻ: മടിശ്ശീലയോ സഞ്ചിയോ ചെരുപ്പോ നിങ്ങള്‍ കൊണ്ടുപോകരുത്” (v.4). അവരെ അവൻ വെറും കൈയോടെയാണ് വിടുന്നത്. കയ്യിലുള്ള സമ്പത്തോ സ്വരൂപിച്ചു കൂട്ടിയ വസ്തുക്കളോ ഇവിടെ നിർണായകമാകുന്നില്ല. പ്രഘോഷിക്കുന്നവൻ അനന്തമായ തലത്തിൽ പോലും ചെറുതായി മാറിയാലും പ്രഘോഷണം അനന്തതയോളം വലുതായിരിക്കണം എന്നാണ് യേശു ആഗ്രഹിക്കുന്നത്. അവർ സന്ദേശവാഹകരാണ്. ദൈവത്തിന്റെ ഒരു തിരുശേഷിപ്പ് നെഞ്ചോട് ചേർത്ത് വച്ച് ലോകത്തിൽ വ്യാപരികേണ്ടവർ. ഉള്ളിൽ സുവിശേഷം ഉണ്ടെങ്കിൽ ചുറ്റുമുള്ള എന്തിലേക്കും പ്രകാശം വിതറുവാൻ സാധിക്കും. അതു കൊണ്ടാണ് നിങ്ങൾ ഒന്നും എടുക്കരുതെന്ന് യേശു അവരോട് പറഞ്ഞത്.

പ്രഘോഷിക്കുന്നവർക്ക് ഒന്നും പ്രദർശിപ്പിക്കേണ്ട കാര്യമില്ല. അവർ വിളിച്ചു പറയേണ്ടത് ദൈവരാജ്യത്തെക്കുറിച്ച് മാത്രമാണ്. അതായത് ഇതാ ദൈവം നിന്റെ ഉള്ളിലുണ്ട് എന്ന്. അതാണ് ദൈവരാജ്യം. ഒരു ഗർഭിണിയായ സ്ത്രീക്ക് തൻറെ ഉദരത്തിൽ ഒരു കുഞ്ഞുണ്ട് എന്ന പ്രദർശിപ്പിക്കേണ്ട ആവശ്യകതയില്ല. അവളിൽ മറ്റൊരു ജീവൻ ഉണ്ട് എന്ന സത്യം എല്ലാവർക്കുമറിയാം. അവളൊരു സാധാരണ സ്ത്രീയല്ല. അവൾ പുതുജീവൻ വഹിക്കുന്ന ഒരു സ്ത്രീയാണ്. ഇതു പോലെയാണ് ദൈവരാജ്യത്തിൽ വിശ്വസിക്കുന്ന ഓരോരുത്തരിലും സംഭവിക്കുന്നത്. അവരുടെ ഉള്ളിൽ മറ്റൊരു ജീവൻ മുളപൊട്ടും. അങ്ങനെ അവർ ദൈവീക ജീവൻ വഹിക്കുന്നവരാകും.

“ഇതാ, ചെന്നായ്ക്കളുടെ ഇടയിലേക്ക് കുഞ്ഞാടുകളെ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു” (v.3). ഓർക്കുക ഇത് കൊലകളത്തിലേക്കുള്ള ഒരു തള്ളിവിടൽ അല്ല. ശരിയാണ്, പുറത്ത് ചെന്നായ്ക്കൾ ഉണ്ട്. പക്ഷേ വിജയം ഒരിക്കലും അവരുടെതാകില്ല. ചിലപ്പോൾ ആടുകളെക്കാൾ കൂടുതലായിരിക്കാം ചെന്നായ്ക്കൾ, പക്ഷേ അവർക്ക് ശക്തി ഉണ്ടായിരിക്കണമെന്നില്ല. അതുകൊണ്ടാണ് യേശു അവരെ വെറുംകയ്യോടെ വിടുന്നത്. ശക്തിയെ കൂടുതൽ ശക്തി കൊണ്ട് എതിർക്കുന്നതിനല്ല. അതിനെ കൂടുതൽ നന്മ കൊണ്ട് കീഴടക്കുന്നതിനാണ്. ഓർക്കുക, നന്മ അത് തിന്മകൾക്കെതിരെയുള്ള ഒരു മറുപടി മാത്രമല്ല. അത് ജീവിതത്തിന്റെ അർഥമില്ലായ്മക്കെതിരെയുള്ള ഒരു ഉത്തരം കൂടിയാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker