Sunday Homilies

പ്രേഷിതപ്രവർത്തനം എന്ത്? എങ്ങനെ നടത്തണം? നിർദ്ദേശങ്ങൾ

എന്തിനാണ് നാം പ്രാധാന്യം നൽകുന്നത്?

ആണ്ടുവട്ടം പതിനാലാം ഞായർ

ഒന്നാം വായന: ഏശയ്യാ 66:10-14
രണ്ടാം വായന: ഗലാത്തി 6:14-18
സുവിശേഷം: വി. ലൂക്ക 10:1-12.17-20

ദിവ്യബലിക്ക് ആമുഖം

“അമ്മയെ പോലെ ഞാൻ നിന്നെ ആശ്വസിപ്പിക്കും. ജറുസലേമിൽ വച്ച് നീ സാന്ത്വനം അനുഭവിക്കും” എന്ന ഒന്നാം വായനയിലെ ആശ്വാസദായകമായ തിരുവചനത്തോടുകൂടിയാണ് തിരുസഭ ഈ ഞായറാഴ്ച നമ്മെ സ്വാഗതം ചെയ്യുന്നത്. അതോടൊപ്പം, ഗലാത്തിയായിലെ ഇടവകയ്ക്ക് അന്തിമ നിർദേശങ്ങൾ നൽകുന്ന പൗലോസ് അപ്പോസ്തലനെ ഇന്നത്തെ രണ്ടാമത്തെ വായനയിലും, 72 പേരെ തിരഞ്ഞെടുത്ത് നിർദ്ദേശങ്ങൾ നൽകി ദൈവരാജ്യം പ്രഘോഷണത്തിനായി അയയ്ക്കുന്ന യേശുവിനെ ഇന്നത്തെ സുവിശേഷത്തിലും നാം കാണുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കുവാനുമായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണം കർമ്മം

യേശുവിൻ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ,

പ്രേക്ഷിത പ്രവർത്തനം എന്താണെന്നും, അതെങ്ങനെയാണ് നടത്തേണ്ടതെന്ന പ്രേഷിതപ്രവർത്തന പദ്ധതിയും നാം ഇന്നത്തെ സുവിശേഷത്തിൽ ശ്രവിച്ചു. നമുക്കീ തിരുവചനങ്ങളെ വിചിന്തനവിധേയമാക്കാം.

എഴുപത്തി രണ്ടുപേർ

സാധാരണ 12 അപ്പോസ്തലന്മാരെക്കുറിച്ച് കേൾക്കുന്ന നമ്മൾ ഇന്ന് പതിവിന് വ്യത്യസ്തമായി 72 പേരെക്കുറിച്ച് കേൾക്കുന്നു. അവരെക്കുറിച്ച് വെറുതെ കേൾക്കുകയല്ല, അവർക്ക് സുപ്രധാന ദൗത്യം നൽകി ദൈവരാജ്യം ആഘോഷിക്കാനായി യേശു അവരെ അറിയിക്കുകയാണ്. ആരാണീ 72 പേർ? 12 അപ്പോസ്തലന്മാർക്ക് പുറമേ യേശുവിനെ അനുഗമിച്ച മറ്റു അനുയായികളും, ശിഷ്യന്മാരുമാണിവർ. അവരുടെ എല്ലാവരുടെയും പേരുകൾ നമുക്കറിയില്ല. അവരുടെ ഇടയിൽ സ്ത്രീകളും ഉൾപ്പെട്ടിരിക്കാം എന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്. 72 എന്നത് യഹൂദപാരമ്പര്യത്തിൽ ലോകം മുഴുവനുമുള്ള എല്ലാ രാജ്യങ്ങളുടെയും, ജനതകളുടെയും എണ്ണമാണ് (ഉൽപ്പത്തി 10). അതിന്റെ അർത്ഥം, യേശു ലോകത്തിലെ എല്ലാ ജനതകളുടെയും അടുത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ അയച്ചു എന്നതാണ്. പന്ത്രണ്ട് അപ്പോസ്തലന്മാരിൽ നിന്ന് വ്യത്യസ്തമായി 72 പേരെന്ന് പറയുന്നത് ഇന്നത്തെ അജപാലന രീതി അനുസരിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കാരണം, രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം മെത്രാന്മാരിലും, വൈദികരിലും കേന്ദ്രീകൃതമായ ഒരു അജപാലന ശൈലിയല്ല സഭയ്ക്കുള്ളത്. മറിച്ച്, ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവർക്കും ദൈവരാജ്യം പ്രഘോഷിക്കാനുള്ള ദൗത്യമുണ്ട്. ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ വ്യക്തിയും അഭിക്ഷിക്തനാണെന്ന് ദൈവശാസ്ത്രജ്ഞനായ കാൾറാനർ പറയുന്നു. നമ്മുടെ ഇടവകയിലെ ചെറുതും വലുതുമായ വ്യത്യസ്ത സേവനങ്ങളിലൂടെ നാമം 72 പേരിൽ ഒരാളായി മാറുന്നു.

ദൗത്യ നിർദ്ദേശങ്ങൾ

വളരെ വ്യക്തമായ, അതോടൊപ്പം കർശനമായ നിർദ്ദേശങ്ങൾ യേശു നൽകുന്നു. ഏറ്റവും പ്രധാനം “ദൈവരാജ്യം സമീപിച്ചിരിക്കുന്നു” എന്ന് എല്ലാവരോടും സമാധാനപൂർവ്വം പറയുക എന്നുള്ളതാണ്. ഈരണ്ടു പേരായി പോകണമെന്ന് പറയുന്നത് കൂട്ടായ്മയെ സൂചിപ്പിക്കുന്നതോടൊപ്പം, സാക്ഷ്യത്തിന്റെ സാധുതയെയും സൂചിപ്പിക്കുന്നു. റോമൻ നിയമ വ്യവസ്ഥയിലും, നമ്മുടെ നിയമ വ്യവസ്ഥയിലും ഒരാളുടെ സാക്ഷ്യത്തിന് സാധുതയില്ല, രണ്ടു സാക്ഷികൾ വേണമെന്ന് നിർബന്ധമാണ്.

പോകുവിൻ, എന്നത് ഒരു ശക്തമായ ആഹ്വാനമാണ്. അതിന്റെ അർത്ഥം, ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാനാണ്. പോകുന്ന സമൂഹത്തിൽ നാമെപ്രകാരം ജാഗ്രത പാലിക്കണം എന്നുള്ളത് “ഇതാ ചെന്നായ്ക്കളുടെ ഇടയിലേക്ക് കുഞ്ഞാടുകളെ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു” എന്ന തിരുവചനത്തിൽ അടങ്ങിയിരിക്കുന്നു.

മടിശീലയോ, സഞ്ചിയോ, ചേരിപ്പോ നിങ്ങൾ കൊണ്ടുപോകരുത് എന്ന നിർദേശം ശുശ്രൂഷാ പ്രവർത്തനത്തിലെ ലാളിത്യം സൂചിപ്പിക്കുന്നു. വലിയ വലിയ സമ്മേളനങ്ങളെ അഭിസംബോധന ചെയ്യാനോ, വൻകിട പദ്ധതികൾ ആവിഷ്കരിക്കാനോ അല്ല, മറിച്ച് ഓരോ ഭവനങ്ങളിലേക്കും പോകുവാനാണ് യേശു പറയുന്നത്. ഒരുവനെ അവന്റെ ഭവനത്തിൽ സന്ദർശിച്ച്, അവനെ ശ്രവിച്ച്, അവനോട് ദൈവരാജ്യം ആഘോഷിക്കുക.

വഴിയിൽ വച്ച് ആരെയും അഭിസംബോധന ചെയ്യരുതെന്ന് പറയുന്നതിന് കൗതുകകരമായ കാരണം ബൈബിൾ പണ്ഡിതന്മാർ പറയുന്നു. പുരാതനകാലത്ത് പൗരസ്ത്യ ദേശങ്ങളിൽ വഴിയിൽവെച്ച് അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് ഏറ്റവും സമയം ചെലവഴിക്കുന്ന ഒരു പ്രവർത്തി ആയിരുന്നു. ഒരൽപ സമയം പോലും പാഴാക്കാതെ ദൈവരാജ്യം പ്രഘോഷിക്കേണ്ടതിന്റെ തീക്ഷ്ണത കാണിക്കുന്നതിനാണ് യേശു ഇപ്രകാരം പറയുന്നത്.

നമ്മെ ശ്രവിക്കാത്തവരോട് എന്തു നിലപാട് സ്വീകരിക്കണമെന്നും യേശു പറയുന്നു. ഒരു പ്രദേശം വിടുമ്പോൾ അവിടെ നിന്നുള്ള പൊടി കാലിൽനിന്ന് തട്ടി കളയുന്നത് ആ പ്രദേശവുമായി ഇനി ഒരു ബന്ധവുമില്ലെന്ന് കാണിക്കുന്നതിനെ അടയാളമാണ്.

യേശു നൽകുന്ന നിർദ്ദേശങ്ങളെയെല്ലാം ചുരുക്കി പറയുകയാണെങ്കിൽ നമുക്ക് ഇപ്രകാരം പറയാൻ സാധിക്കും: “ദൈവരാജ്യം പ്രഘോഷിക്കുന്നതിൽ നിന്ന് എന്തെങ്കിലും നിങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട് എങ്കിൽ, അതിനെ ഒഴിവാക്കുക”. ഇന്ന് ആധുനിക ലോകത്തിൽ നാം ക്രിസ്ത്യാനിയായി ജീവിക്കുമ്പോൾ നമ്മുടെ ഇടവകയിലും ഈ നിർദ്ദേശം നമുക്ക് മുന്നോട്ടു വയ്ക്കാം. “യേശുവിനു സാക്ഷ്യം നൽകുന്നതിൽ നിന്ന് എന്തെങ്കിലും നമ്മെ തടസ്സപ്പെടുത്തുന്നുണ്ടെങ്കിൽ നമുക്ക് അതിനെ ഒഴിവാക്കാം”.

എന്തിനാണ് നാം പ്രാധാന്യം നൽകുന്നത്?

ഇന്നത്തെ സുവിശേഷത്തിലെ അവസാനഭാഗത്ത് നാം കാണുന്നത്, തങ്ങളുടെ ദൗത്യം പൂർത്തിയാക്കിയ 72 പേരും മടങ്ങിവന്നു സന്തോഷപൂർവ്വം തങ്ങളുടെ പ്രവർത്തനങ്ങൾ വിവരിക്കുന്നതാണ്. അതിൽ അവർ എടുത്തുപറഞ്ഞ കാര്യം യേശുവിന്റെ നാമത്തിൽ പിശാചുക്കൾ പോലും അവർക്ക് കീഴ്പ്പെടുന്നു എന്നാണ്. അന്നും ഇന്നും പിശാചുക്കളെ കീഴ്പ്പെടുത്തുക എന്നതാണ് ഏറ്റവും ദുഷ്ക്കരമായ കാര്യം. എന്നാൽ യേശുവാകട്ടെ അവരുടെ പ്രവർത്തികളുടെ യഥാർത്ഥ ഫലം അവർക്ക് വെളിപ്പെടുത്തുകയാണ്. “പിശാച് നിങ്ങൾക്ക് കീഴടങ്ങുന്നു എന്നതിൽ നിങ്ങൾ സന്തോഷിക്കേണ്ട, മറിച്ച് നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോഷിക്കുവിൻ” എന്നാണ് യേശു പറയുന്നത്. എന്റെ സേവനത്തിന്റെയും, ശുശ്രൂഷ യുടെയും, അജപാലന ദൗത്യത്തിന്റെയും ഏറ്റവും പ്രധാനം ‘ഞാൻ എത്ര ആത്മാക്കളെ നേടി എന്നതിനോടൊപ്പം, സ്വർഗത്തിൽ എനിക്ക് സ്ഥാനം ഉണ്ടോ?’ എന്നതാണ്. ഇതാണ് യേശു വെളിപ്പെടുത്തുന്നത്.

തത്തുല്യമായ ഒരു വീക്ഷണം ഇന്നത്തെ രണ്ടാമത്തെ വായനയിൽ ഗലാത്തിയാക്കാരോട് വിശുദ്ധ പൗലോസ് അപ്പോസ്തലൻ പങ്കുവയ്ക്കുന്നുണ്ട്. അപ്പോസ്തലന്റെ വാക്കുകൾ ഇപ്രകാരമാണ്: “പരിച്ഛേദന കർമ്മം നടത്തുന്നതിലോ, നടത്താതിരിക്കുന്നതിലോ കാര്യമില്ല. പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം”. ഇവിടെയും ആചാരങ്ങൾക്കല്ല, ആചാരങ്ങൾക്കുള്ളിലെ ആത്മീയതയ്ക്കാണ് പ്രാധാന്യമെന്ന് അപ്പോസ്തോലൻ പറയുന്നു. നവയുഗ പ്രേക്ഷിതരായി ഇന്നത്തെ ലോകത്ത് വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ ദൈവരാജ്യം പ്രഘോഷിക്കുമ്പോൾ, യേശുവിന്റെ നിർദേശങ്ങൾ നമുക്ക് പാലിക്കാം. യേശു പ്രാധാന്യം നൽകിയതിന് നമുക്കും പ്രാധാന്യം നൽകാം.

ആമേൻ

Show More

One Comment

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker