Articles

തെറ്റിദ്ധരിക്കപ്പെടുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ

സഭയുടെ ഹൃദയവിശാലത ശരിക്കും മനസ്സിലാക്കാതെ സഭാ പ്രബോധനങ്ങൾ കൈകാര്യം ചെയ്യാൻ ശ്രമിച്ചാൽ അത് വലിയ ആത്മീയ അപകടങ്ങളിലേക്ക് നയിക്കും...

ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ ‘രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ: ഒളിച്ചു വയ്ക്കപ്പെട്ട നിധി’ എന്ന പുസ്തകത്തെ ആധാരമാക്കിയ ലേഖനമാണിത്. വളരെ ലളിതമായിതന്നെ രണ്ടാം വത്തിക്കാൻ കൗൺസിലിലെ പ്രബോധനങ്ങൾ ശരിയായി മനസ്സിലാകാത്തത് മൂലം ഉണ്ടാകുന്ന വീഴച്ചകളെക്കുറിച്ച് ഓർമ്മിപ്പിക്കുന്നുണ്ട്.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ സൂത്രധാരനായിരുന്ന വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയുമായി ബന്ധപ്പെട്ട് ഒരു നർമ്മം പറഞ്ഞു കേൾക്കുന്നുണ്ട്. അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ഒരു ഫലിതമാണിത്. പോപ്പിന്റെ മരണശേഷം അദ്ദേഹത്തിന്റെ കബറിടത്തിങ്കൽ ഒരു വൃദ്ധ ദിനവും വന്നു പ്രാർത്ഥിക്കുമായിരുന്നു. ഇത് പല തവണ കണ്ട ഒരു വൈദികൻ വൃദ്ധയോട് ചോദിച്ചു; നിങ്ങൾ എന്താണ് ഇവിടെ വന്ന് ദിനവും പ്രാർത്ഥിക്കുന്നത്, പോപ്പിനെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്നാണോ? ആ വൃദ്ധ ഇപ്രകാരം മറുപടി പറഞ്ഞു; പോപ്പ് രണ്ടാം വത്തിക്കാൻ കൗൺസിലിൽ തുറന്നിട്ട വാതിലുകൾ ഒന്നടയ്ക്കാമോ എന്ന് അദ്ദേഹത്തോട് അപേക്ഷിക്കുകയാണ്. അദ്ദേഹത്തിന്റെ ആ തുറന്നിട്ട വാതിലിലൂടെ സഭയിലെ ആവശ്യമായ ചിലതെല്ലാം പുറത്തുപോയി, ആവശ്യമില്ലാത്തത് പലതും അകത്തു വരികയും ചെയ്തു!

നർമ്മമാണെങ്കിലും ചിന്തോദ്ദീപകമായ ഒരു വിവരണമാണിത്. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനങ്ങൾ ശരിയായി മനസ്സിലാകാത്തത് മൂലം ചിലർ പരിപാവനമായ കത്തോലിക്ക ആദ്ധ്യാത്മികതയെ (കത്തോലിക്കാ വിശ്വാസത്തെ) കൈവിട്ടു കളഞ്ഞിട്ടുണ്ട്. അത് നഷ്ടപ്പെടുത്താൻ മറ്റ് വിശ്വാസികളെ പ്രേരിപ്പിക്കുന്നുമുണ്ട്. അതുപോലെ കത്തോലിക്കാ വിശ്വാസത്തിന് ചേർന്നതല്ലാത്ത പലകാര്യങ്ങളും സഭയിലേക്ക് കൊണ്ടുവരുവാൻ ശ്രമിക്കാറുമുണ്ട്. ഇതുവഴി പല ആത്മീയ അപകടങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഒന്ന്; കത്തോലിക്കർക്ക് രക്ഷ അനുഭവിക്കാൻ സാധിക്കാതെ പോകുന്നു.
രണ്ട്; മറ്റ് മതവിശ്വാസങ്ങൾക്കും സഭാ വിശ്വാസങ്ങൾക്കും തങ്ങൾ ആയിരിക്കുന്ന മതവും സമൂഹവും പൂർണ്ണമാണെന്ന ചിന്ത ഉണ്ടായി അതിൽതന്നെ നിലകൊള്ളാൻ പ്രേരണ ഉണ്ടാകുന്നു.
മൂന്ന്; ചുരുക്കം ചിലരിൽ കാണപ്പെടുന്ന അപകടകരമായ അവസ്ഥയാണ് – രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനങ്ങളിൽ ചിലയിടങ്ങളിൽ തെറ്റ് സംഭവിച്ചിട്ടുണ്ട് എന്ന ചിന്തയാണിത്. പലരും രണ്ടാം വത്തിക്കാൻ കൗൺസിൽ തെറ്റായി ഉപയോഗിക്കുന്നത് കാണുന്നത് മൂലം രൂപപ്പെടുന്ന ചിന്തയാണിത്. ആദ്യത്തെ അപകടങ്ങളെക്കാൾ കൂടുതൽ ഗൗരവകരമായ അപകടമാണിതെന്ന് പറയാം.

കൗൺസിൽ പ്രബോധനങ്ങളിൽ തെറ്റുണ്ടെങ്കിൽ അത് ഏതെല്ലാം കാര്യത്തിൽ ആണെന്ന് എങ്ങനെയറിയും? ശരിതെറ്റ് നിർണയിക്കാനുള്ള മാനദണ്ഡം എന്തായിരിക്കും? രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനങ്ങളുമായി ബന്ധപ്പെട്ട് തെറ്റ് സംഭവിക്കാവുന്ന ഒരു പ്രധാന മേഖല ‘സഭ എന്നാൽ ദൈവജനമാണ്’ എന്ന പ്രബോധനമാണ്. തിരുസഭ ദൈവജനമാണ് എന്ന സഭാപ്രബോധനം തീർച്ചയായും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഏറ്റവും വലിയ സംഭാവനയാണ്. അല്മായരെ മാത്രം ഉദ്ദേശിച്ച് ഉപയോഗിച്ചിരുന്ന ആ പദം സഭയിലുള്ള സകലരെയും ഉൾപ്പെടുത്തി ഉപയോഗിച്ച് അല്മായരുടെ ശ്രേഷ്ഠ സ്ഥാനം വെളിപ്പെടുത്തിയത് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വലിയ നേട്ടമാണ്.

ആരാധനാ ക്രമത്തിലും മറ്റും, പ്രത്യേകിച്ച് വിശ്വാസികളുടെ പ്രാത്ഥനയിലും മറ്റും, ആദ്യം പാപ്പയ്ക്കും പിന്നെ മെത്രാന്മാർക്കും അതിനുശേഷം വൈദികർക്കും ഒടുവിൽ മാത്രമാണ് അൽമായർക്ക്
പ്രാർത്ഥനകൾ നടത്തിയിരുന്നത്. ശരിയായി മനസ്സിലാക്കിയാൽ ഏറെ മനോഹരമായിരിക്കുന്ന ഈ ക്രമീകരണം സ്വാർത്ഥതയുടെ ഭാവത്തിൽ കണ്ടാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനത്തിന് വിരുദ്ധമായിത്തീരാം. പരിശുദ്ധ ത്രിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും വെളിപ്പെടുത്തുന്നത് – ആദ്യം പിതാവ്, പിന്നീട് പുത്രൻ, അവസാനമായി പരിശുദ്ധാത്മാവ് എന്ന ക്രമത്തിലാണ്. ഇപ്രകാരമുള്ള ക്രമത്തിലാണെങ്കിലും പിതാവും പുത്രനും പരിശുദ്ധാത്മാവും തുല്യരാണെന്ന് നമുക്കറിയാം. പിതാവും പുത്രനും പരിശുദ്ധാത്മാവിനേക്കാൾ വലിയവരല്ല. പിതാവ് യേശുവിനെക്കാളും പരിശുദ്ധാത്മാവിനെക്കാളും വലിയവനല്ല. ഈ അർത്ഥത്തിൽ സഭയിൽ പാപ്പാ, മെത്രാന്മാർ, വൈദികർ, അൽമായർ എന്ന് മനസ്സിലാക്കിയാൽ തെറ്റില്ല. എല്ലാവരും തുല്യർ തന്നെ എന്ന ബോധ്യത്തിലായിരുന്നാൽ കുഴപ്പമില്ല. അൽമായർക്ക് ഈ ക്രമീകരണത്തിന്റെ പേരിൽ ഒരു അപകർഷതയും വേണ്ട എന്നാണ് പറഞ്ഞു വരുന്നത്. സഭയിലെ മറ്റ് ജീവിതാന്തസ്സിലുള്ളവർക്ക് അൽപം പോലും അഹംഭാവത്തിനും കാരണമില്ല.

എന്നാൽ ഇതിനൊരു മറുവശവുമുണ്ട്, എല്ലാവരും തുല്യരാണെന്ന ചിന്ത സഭയിലെ ക്രമങ്ങളെ തെറ്റിക്കുന്നതിനും, സ്വാർത്ഥതയിൽ സ്വയം നശിക്കുന്നതിനും കാരണമാകാം. പാപ്പയോട് വേണ്ടും വിധം വിധേയപ്പെടാൻ മെത്രാന്മാർക്കും, മെത്രാന്മാർക്ക് വിധേയപ്പെടാൻ വൈദികർക്കും, വൈദികർക്ക് വിധേയപ്പെടാൻ അൽമായർക്കും കഴിയാതെ വന്നാൽ അത് സഭാ ശരീരത്തിന്റെ താളം തെറ്റിക്കും.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനങ്ങൾ തെറ്റിദ്ധരിച്ചതിന്റെ പേരിൽ ഈ രീതിയിലുള്ള വലിയ ന്യൂനതകൾ ഈ മേഖലകളിലെല്ലാം സംഭവിക്കുന്നുണ്ട്. പിതാവിനോടൊപ്പം യേശു സമനായിരുന്നിട്ടും എല്ലാ കാര്യങ്ങളിലും പിതാവിന് വിധേയപ്പെട്ട് ജീവിക്കുന്നത് നാം കാണുന്നുണ്ട്. അത് യേശുവിന്റെ മഹത്വം ഒട്ടും കുറച്ചിട്ടില്ല. ഇതുപോലെ സഭയിൽ ദൈവം നൽകിയിരിക്കുന്ന ദൈവ സ്ഥാപിതമായ ക്രമങ്ങളെ അനുസരിക്കുമ്പോൾ (വിധേയപ്പെടുമ്പോൾ) ആരും ആരെക്കാളും ചെറുതാകുന്നില്ല, വലുതാകുന്നില്ല. ഭൗതികമായ അധികാരികൾക്ക് വിധേയപ്പെടുവാൻ, യജമാനന്മാർക്ക് ഭൃത്യന്മാർ വിധേയപ്പെടുവാൻ, വിശുദ്ധ പൗലോസ് തന്റെ ലേഖനങ്ങളിൽ പലയിടത്തും ആഹ്വാനം ചെയ്തിരിക്കുന്നത് ഇവിടെ പ്രത്യേകം ഓർമ്മിക്കാം.

ദൈവം കരുണയാണ് എന്നത് ശരിയായ രീതിയിൽ മനസ്സിലാക്കിയില്ലെങ്കിൽ അലസത, നിസ്സംഗത ഇവയൊക്കെ മൂലം ആത്മാക്കൾ നശിക്കാൻ കാരണമാകുമെന്ന് നമുക്കറിയാം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനങ്ങളിലും ഈ അപകടത്തിനു സാധ്യതയുണ്ട്. സഭയുടെ ഹൃദയവിശാലത ശരിക്കും മനസ്സിലാക്കാതെ സഭാ പ്രബോധനങ്ങൾ കൈകാര്യം ചെയ്യാൻ ശ്രമിച്ചാൽ അത് വലിയ ആത്മീയ അപകടങ്ങളിലേക്ക് നയിക്കും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker