Public Opinion

ദുരന്തമുഖത്തെ സെൽഫിമാത്രം കണ്ടെത്തിയ കണ്ണുകളും “അനാമനസിസ്” തിയറിയും

സ്വന്തം ജീവിത സംഘർഷങ്ങളാണ് ഒരുവനെ മറ്റുള്ളവരുടെ നന്മ കാണാൻ കഴിയാത്തവനാക്കുന്നത്...

ഡോ. നെൽസൺ തോമസ്

ആയുധാഭ്യാസത്തിൽ അഗ്രഗണ്യനായിരുന്ന ദ്രോണാചാര്യർ ധർമപുത്രരെ ആയുധവിദ്യ പഠിപ്പിക്കുകയായിരുന്നു.
കൃത്രിമ പക്ഷിയെ മരത്തിൽ ഇരുത്തി അദ്ദേഹം ഓരോരുത്തരോടും ചോദിച്ചു: ‘‘നീ എന്തെല്ലാം കാണുന്നു?’’
‘‘വൃക്ഷത്തിലിരിക്കുന്ന പക്ഷിയെയും വൃക്ഷത്തെയും അങ്ങയെയും ശിഷ്യന്മാരെയും ഞാൻ കാണുന്നു.’’ എന്ന് ഓരോരുത്തരും പറയാൻ തുടങ്ങി.

അവസാനം അർജുനന്റെ ഉഴവും എത്തി.
അർജുനനോട് ദ്രോണർ ചോദിച്ചു: ‘‘നീ എന്തെല്ലാം കാണുന്നു? നിന്റെ ചുറ്റും നിൽക്കുന്നവരെ കാണുന്നുണ്ടോ? അർജുനൻ പറഞ്ഞു: ‘‘ഇല്ല.’’
“നീ പക്ഷി ഇരിക്കുന്ന വൃക്ഷം കാണുന്നുണ്ടോ?’’ അപ്പോഴും അർജുനൻ പറഞ്ഞു: ‘‘ഇല്ല.’’
‘‘വൃക്ഷത്തിലിരിക്കുന്ന പക്ഷിയെ നീ കാണുന്നുണ്ടോ?’’ അപ്പോഴും അർജുനൻ പറഞ്ഞു: ‘‘ഇല്ല.’’

സഹികെട്ട് അവസാനം ദ്രോണർ ചോദിച്ചു ‘‘അങ്ങനെയെങ്കിൽ നീ പിന്നെ എന്തു കാണുന്നു?’’ അർജുനന്റെ മറുപടി പെട്ടെന്നായിരുന്നു: ‘‘ഞാൻ പക്ഷിയുടെ കണ്ണുമാത്രം കാണുന്നു.’’

പക്ഷിയുടെ കണ്ണ് മാത്രം ലക്ഷ്യംവെച്ച അർജുനൻ കണ്ണ് മാത്രം കണ്ടത് വിസ്മയാവഹകമല്ല. ഏകാഗ്രമായി മനസ്സ് ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ലക്ഷ്യം തിരിച്ചറിയുവാനും അവിടേക്ക് എത്തിച്ചേരാനും ഉള്ള സാധ്യത കൂടുതലാണ്.

ഒരു ചുവന്ന കുത്ത് മാത്രമുള്ള ഒരു വെളുത്ത വലിയ കടലാസ് കഷണം കാണിച്ച് നിങ്ങൾ എന്ത് കാണുന്നു എന്ന് ചോദിച്ചാൽ പലപ്പോഴും ഒരു ചുവന്ന കുത്ത് മാത്രം കാണുന്നു എന്ന് പറയുന്നവരാണ് നമ്മൾ. ചുവന്ന കുത്തിൽ മാത്രം നമ്മൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത് കൊണ്ട് വെളുത്ത വലിയ പ്രതലം നമ്മുടെ മുമ്പിൽ അപ്രസക്തമാവുകയാണ്. എന്തുകൊണ്ടാണ് ചുവന്ന കുത്ത് പ്രസക്തവും വെളുത്ത വലിയ പ്രതലം അപ്രസക്തവും ആകുന്നത്?

മെനൊ സോക്രട്ടീസിനോട് ചോദിച്ചു: നമുക്ക് ഇതുവരെയും അറിയാത്ത ഒരു കാര്യത്തെ നമുക്ക് എങ്ങനെ അന്വേഷിച്ചു പോകാൻ സാധിക്കും? അറിയാത്തും കാണാത്തതുമായ വസ്തുവിനെ എങ്ങനെ തിരച്ചിലിന്റെ ലക്ഷ്യമായി പ്രതിഷ്ഠിക്കും? ഇനി അഥവാ യാദൃശ്ചികമായി അതിനെ കണ്ടെത്തിയാൽ പോലും നമ്മൾ തെരയുന്ന വസ്തു അത് തന്നെയാണെന്ന് എങ്ങനെ മനസ്സിലാകും? വസ്തുവിൻറെ ഭൗതിക സ്വഭാവഗുണങ്ങൾ അറിയാതെ വസ്തുവിനെ കണ്ടെത്താനാകില്ല എന്നതായിരുന്നു മെനോയുടെ വാദം.

ഇതിനൊരു ഉത്തരം നൽകുവാൻ സോക്രട്ടീസ് ആവിഷ്കരിച്ച തീയറിയാണ് “അനാമനസിസ്”.
അമർത്യമായ ആത്മാവുള്ള മനുഷ്യനിൽ അവന്റെ ജനനത്തിനു മുമ്പ് തന്നെ എല്ലാ അറിവും കുടികൊള്ളുന്നു എന്നതാണ് സോക്രട്ടീസിന്റെ അഭിപ്രായം. എന്നാൽ ജനനത്തിന്റെ ആഘാതവും ജീവിതത്തിന്റെ സംഘർഷവും നിമിത്തം മനുഷ്യൻ അവനിലുള്ള പല അറിവുകളും മറന്നുപോകുന്നു. ഈ അറിവുകളെ ഒക്കെയും അവൻ തിരികെ കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനാൽ പഠനം എന്നത് പുതിയ അറിവുകളെ നേടിയെടുക്കുക എന്നതല്ല; മറഞ്ഞിരിക്കുന്ന അറിവുകളെ കണ്ടെത്തുക മാത്രമാണ് എന്നതാണ് സോക്രട്ടീസിന്റെ ഭാഷ്യം.

വലിയൊരു നന്മ കണ്മുൻമ്പിൽ ഉള്ളപ്പോഴും അതിലെ നന്മയെ കാണാതെ, അനൗചത്യപരമായ ഒരു പ്രവർത്തിയെ മാത്രം കാണുന്നത്, തങ്ങളിൽ മറഞ്ഞിരിക്കുന്ന അടിസ്ഥാനപരമായ അറിവുകളെ ഇനിയും കണ്ടെത്താൻ കഴിയാത്തവരാണ്. മറ്റുള്ളവരിലെ നന്മയെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നത് ഏതൊരു മനുഷ്യനിലും കാണുന്ന അടിസ്ഥാനപരമായ സവിശേഷ ഗുണമാണ്. സോക്രട്ടീസിന്റെ ചിന്തകളിലൂടെ പറയുകയാണെങ്കിൽ, സ്വന്തം ജീവിത സംഘർഷങ്ങളാണ് ഒരുവനെ മറ്റുള്ളവരുടെ നന്മ കാണാൻ കഴിയാത്തവനാക്കുന്നത്.

ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് അവരെ ആശ്വസിപ്പിക്കാനും ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്യാനും പോയ അഭിവന്ദ്യ പിതാക്കന്മാരുടെയും വൈദികരുടെയും ആരോ എടുത്ത ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്തുന്നവർ സോക്രട്ടീസിന്റെ ഭാഷ്യം അനുസരിച്ച് ജീവിതത്തിൽ ഒരു സംഘർഷാവസ്ഥയിലൂടെ കടന്നുപോകുന്നവർ ആണെന്ന് കരുതേണ്ടിവരും. മറ്റൊരു ക്യാമറയിലേക്കും ദിശയിലേക്കും നോക്കി നിൽകുന്ന പിതാക്കന്മാരുടെ ഇടയിൽ ഒരു വൈദികൻ അനൗചത്യപരമായി സെൽഫി എടുത്തത് മാത്രമാണ് ഇത്തരക്കാർ ആകെ കണ്ടത്. മുമ്പിൽ നിന്ന് ഫോട്ടോ എടുക്കുമ്പോൾ ഒരാൾ മാത്രം സെൽഫി എടുത്തത് എന്തായാലും ശരിയായില്ല. അതുപോലെ ഒരു ദുരന്തമുഖത്ത് നിന്ന് സെൽഫി എടുക്കുന്നതിലും ഒരു ചെറിയ ശരികേടുണ്ട്.

എന്തായാലും ഇത്തരക്കാർക്ക് കാണാൻ സാധിക്കാതെ പോയ ഏതാനും ചില ചിത്രങ്ങൾ ഇതിന്റെ കൂടെ ചേർക്കുന്നു:

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker