Public Opinion

ആരാണ് വൈദീകൻ; ഒരു പുന:ർവായന

ഈയടുത്ത കാലത്തായി കത്തോലിക്കാ വൈദികരെ അവഹേളിക്കുന്ന പ്രവണത കൂടുതലായി...

ബിനീഷ് പാമ്പാക്കൽ

കത്തോലിക്കാ സഭയിലെ വൈദികരെന്നാൽ വിശ്വാസികളുടെ കാശ് കൊണ്ട് ബിരിയാണി തിന്ന് വൈനും കുടിച്ച് എ.സി റൂമുകളിൽ അന്തിയുറങ്ങി, പുതുപുത്തൻ വാഹങ്ങളിൽ കറങ്ങി നടക്കുന്ന, ഒരു കൂട്ടം ആളുകളാണെന്ന് വരുത്തിത്തീർക്കാൻ വേണ്ടി ഒരു ചില കൂട്ടരും, മാധ്യമ ശക്തികളും മനപ്പൂർവ്വം നടത്തുന്ന പ്രവർത്തനങ്ങളിലും പ്രചാരണങ്ങളിലും വീഴുന്നതിന് മുൻപ്, ഈ പ്രാർത്ഥന ഒന്ന് കേൾക്കണം.

“കർത്താവേ, ശക്തനായ ദൈവമേ, അങ്ങയുടെ അഭിഷിക്തൻ കഠിനമായ പീഡകളനുഭവിച്ചു വീണ്ടെടുത്ത അജഗണമായ പരിശുദ്ധ കത്തോലിക്കാ സഭ അങ്ങയുടേതാകുന്നു. ദൈവസ്വഭാവത്തിൽ അങ്ങുമായി ഒന്നായിരിക്കുന്ന പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ യഥാർത്ഥ പൗരോഹിത്യത്തിന്റെ പദവികൾ കൈവയ്പ്പ് വഴി നൽകപ്പെടുന്നു. വിശ്വാസികൾക്ക് ആത്മീയശുശ്രൂഷ നൽകുന്നതിന് പരിശുദ്ധമായ സഭാശരീരത്തിലെ അംഗങ്ങളാകുവാൻ നിസ്സാരരും ബലഹീനരുമായ ഞങ്ങളെ അങ്ങ് കാരുണ്യാതിരേകത്താൽ യോഗ്യരാക്കി. കർത്താവേ, അങ്ങയുടെ കൃപാവരം ഞങ്ങളിൽ നിറക്കുകയും അങ്ങയുടെ ദാനങ്ങൾ ഞങ്ങളുടെ കരങ്ങൾ വഴി വാർഷിക്കുകയും ചെയ്യണമേ. അങ്ങയുടെ കാരുണ്യവും അനുഗ്രഹവും ഞങ്ങളുടെയും അങ്ങ് തിരഞ്ഞെടുത്ത ഈ ജനത്തിന്റെയും മേൽ ഉണ്ടാകുമാറാകട്ടെ”

വിശുദ്ധ ബലിയർപ്പണത്തിന്റെ ഭാഗമായി ബലിയർപ്പിക്കുന്ന ഓരോ വൈദികനും ചൊല്ലുന്നൊരു പ്രാർത്ഥനയാണിത്. അതിൽ അവർ തന്നെ ഏറ്റു ചൊല്ലുന്ന ഒരു ഭാഗമുണ്ട്. സ്വയം തിരിച്ചറിഞ്ഞ്, സ്വയം ചെറുതാണെന്ന് സമ്മതിച്ച്, കർത്താവിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് ആത്മീയ ശുശ്രൂഷ ചെയ്യാൻ, അവന്റെ കാരുണ്യത്താൽ തിരഞ്ഞെടുക്കപ്പെട്ട താൻ “നിസ്സാരനും”, “ബലഹീനനുമാണെന്ന്” സ്വയം ഏറ്റുപറയുന്ന ഭാഗം.

അതെ, അവർ നിസ്സാരരാണ്…
അതെ, അവരും ബലഹീനരാണ്…
അതെ, അവരും മനുഷ്യരാണ്…

അതെ, അവരും കുറ്റങ്ങളും കുറവുകളും ഉള്ള, നമ്മളെപ്പോലെ തന്നെ ചിന്തിക്കുന്ന, സാധാരണ മനുഷ്യരാണ്. മനസ്സിലാക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്. മറ്റെല്ലാവരെയും പോലെ തന്നെ, ഈ അച്ചന്മാരെലാം കൊള്ളരുതാത്തവരാണ്, ഇവരൊക്കെ അഹങ്കാരികളാണ്, ധാർഷ്ട്യം നിറഞ്ഞ ജന്മങ്ങളാണ് എന്നൊക്കെ ധരിച്ചിരുന്ന കാലമുണ്ടായിരുന്നു. പക്ഷേ, അന്ന് ആ ചിന്തകളും ധാരണകളുമൊക്കെ മറ്റുള്ളവർ പറഞ്ഞു കേട്ടുള്ള അറിവിൽ അധിഷ്ഠിതമായിരുന്നു. ഇന്നത്തെ പോലെ തന്നെ അന്നും സഭയെയും വൈദികരെയും അവഹേളിക്കാനും ചെളി വാരിയെറിയാനും ലഭ്യമായ എല്ലാ അവസരങ്ങളും വിടാതെ ഉപയോഗിച്ചിരുന്ന ഒരു കൂട്ടം ഉണ്ടായിരുന്നു.

ഈയടുത്ത കാലത്തായി കത്തോലിക്കാ വൈദികരെ അവഹേളിക്കുന്ന പ്രവണത കൂടുതലായി കാണാൻ കഴിയുമെങ്കിലും, സത്യം പറഞ്ഞാൽ ഈ അവഹേളനങ്ങളാണ് എന്നെ വൈദികരുമായി കൂടുതൽ അടുക്കാനും, അവരെ മനസ്സിലാക്കാനും, എന്നെപ്പോലെ തന്നെ അവരും പച്ച മനുഷ്യനാണെന്ന് തിരിച്ചറിയാനും സഹായിച്ചതെന്ന് തുറന്നു പറയേണ്ടി വരും.

കൂട്ടത്തിലൊരുവന്റെ സ്വഭാവദൂഷ്യം മൂലം ഈ സമൂഹം മുഴുവൻ പിഴച്ചവരെന്ന് മുദ്ര കുത്തി അവഹേളിക്കുമ്പോഴും, തങ്ങൾക്ക് മനസ്സറിവ് പോലുമില്ലാത്ത സംഭവങ്ങളിൽ പ്രതിയാക്കി മാധ്യമങ്ങളും തല്പരകക്ഷികളും നിരന്തരം വേട്ടയാടുമ്പോഴും മറുത്തൊരക്ഷരം പറയാനാവാതെ എല്ലാം ഉള്ളിലൊതുക്കി കഴിയുന്ന ചില വൈദികരെ അടുത്ത് പരിചയപ്പെട്ടതിനു ശേഷം, അതുവരെ അവരെപ്പറ്റി ഈ സമൂഹം നിർലജ്ജം പരത്തിയിരുന്ന തെറ്റായ പല ചിന്തകളും ധാരണകളും വേരോടെ പിഴുതെറിയേണ്ടി വന്നു എനിക്ക്.

സ്നേഹമസൃണമായി പെരുമാറുന്ന, കവിതയെഴുതുന്ന, കഥയെഴുതുന്ന, മനസ്സിനെ സ്പർശിക്കുന്ന ഉപമകളിലൂടെ ദൈവമക്കളെ നേർവഴിക്ക് നയിക്കാൻ ശ്രമിക്കുന്ന, ആരുടേയും പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ഓരോ വിവാദങ്ങളും കുപ്രചാരണങ്ങളും ഉണ്ടാകുമ്പോൾ അവയൊക്കെ തെളിവുകൾ നിരത്തി പൊളിക്കുന്ന, സ്‌നേഹത്തിന്റെ ഭാഷയിൽ മാത്രം സംസാരിക്കുന്ന ഒട്ടേറെ വൈദികരെയാണ് ഈയടുത്ത കാലത്ത് കണ്ടുമുട്ടാനിടയായത്.

ഒരു വൈദികൻ എന്നോട് ദേഷ്യപ്പെട്ടാൽ, ഇവാനാരാണ് എന്നോട് ചൂടാവാൻ എന്ന് ചിന്തിച്ചിരുന്ന അവസ്ഥയിൽ നിന്ന്, എന്റെ വശത്തു നിന്ന് എന്ത് തെറ്റാണ് ഉണ്ടായത് എന്ന് ആത്മാർത്ഥമായി സ്വയം വിശകലനം നടത്താൻ തയ്യാറാകുന്ന ഒരു അവസ്ഥയിലേക്ക് എന്നെ കൊണ്ടെത്തിച്ചത് ഈ വൈദികരാണെന്നത് മറച്ചുവയ്ക്കാൻ കഴിയാത്ത സത്യമാണ്.

പുണ്യജന്മങ്ങളായ ആയിരമായിരം വൈദികരെ കണ്ടില്ലെന്ന് നടിച്ച്, ഒന്നോ രണ്ടോ വരുന്ന, മാനുഷികമായ ബലഹീനതയാൽ പരോഹിത്യത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ട ചില പുഴുക്കുത്തുകളെ എടുത്ത് കാണിച്ച് എല്ലാ വൈദികരെയും ഒന്നടങ്കം അവഹേളിക്കാൻ ചിലർ കാണിക്കുന്ന വ്യഗ്രത കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് മാത്രമല്ല, ഇങ്ങനെ അവഹേളിക്കാൻ മുന്നിട്ടു നിൽക്കുന്ന പലരും സ്വന്തം ജീവിതത്തിലെ തകർച്ചകളും തോൽവികളും പാകപ്പിഴകളും മറച്ചു വയ്ക്കാൻ ഇവർ കണ്ടെത്തിയ താരതമ്യേന അപകടം കുറഞ്ഞൊരു പ്രക്രിയയാണെന്ന് എടുത്തു പറയാതിരിക്കാനും തരമില്ല.

ശരിയാണ്, അവരിലും തെറ്റുകാരുണ്ട്. അവർക്കും തെറ്റു പറ്റും. അവരും ബലഹീനരാണ്. അവരിൽ നിന്നും നമ്മുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള ഇടപെടലുകൾ ഉണ്ടായില്ലെന്ന് വരാം. പക്ഷേ, അതിനർത്ഥം വൈദികരെല്ലാം അങ്ങനെയാവണമെന്നല്ല. ഒരേ സംഭവത്തോട് വേറൊരാൾ പ്രതികരിക്കുന്നത് പോലാവില്ല ഞാൻ പ്രതികരിക്കുന്നത്. മാനുഷിക പ്രകൃതിയാണത്. നമ്മൾ ഉണ്ടാക്കിയെടുത്ത ഒരു ചട്ടക്കൂട്ടിൽ നിന്ന് കൊണ്ട്, നമ്മൾ വിചാരിക്കുന്നത് പോലെ,ആഗ്രഹിക്കുന്നത് പോലെ വൈദികർ നടക്കണമെന്നും, നമ്മൾ പറയുന്നത് അനുസരിച്ച് അവർ ജീവിക്കണമെന്നും വിശ്വാസികൾ ശാഠ്യം പിടിക്കുമ്പോൾ യഥാർത്ഥത്തിൽ ആരാണ് അഹങ്കാരി? ആർക്കാണ് ധാർഷ്ട്യം? ആരാണ് കുറ്റക്കാരൻ?

അവരെയും മനുഷ്യരായി കണ്ടാൽ, നിസ്സാരരും, ബലഹീനരും, മാനുഷികമായ വികാരവിചാരങ്ങളുള്ള പച്ച മനുഷ്യരായി കാണാൻ നമുക്ക്, വിശ്വാസികൾക്ക് കഴിയണം. സ്വന്തം സഹോദരരായി, നമ്മളിൽ ഒരാളായി അവരെയും കാണാൻ വിശ്വാസിക്ക് കഴിയുന്ന അവസ്ഥയിൽ നമുക്ക് മനസ്സിലാക്കാൻ കഴിയും സ്വന്തം മാതാപിതാക്കളെയും, സഹോദരീ സഹോദരങ്ങളെയും ബന്ധുമിത്രാദികളെയും വിട്ട് തന്നിൽ ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ദൈവജനത്തിന്റെ ആത്മീയരക്ഷയ്ക്ക് വേണ്ടി സ്വയം ത്യജിച്ച്, എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി ഉരുകിത്തീരുന്ന “വൈദികൻ” എന്ന പുണ്യജന്മത്തിന്റെ വില അപ്പോഴേ മനസ്സിലാവൂ…

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker