Public Opinion

കത്തോലിക്കാ സഭയെ സമൂഹത്തിൽ അവഹേളിക്കാൻ വിട്ടുകൊടുത്ത സഭാനേതൃത്വത്തോട് ഒരു വിശ്വാസിയുടെ ചോദ്യങ്ങളും, അപേക്ഷയും

"എല്ലാം ക്ഷമിക്കണം, എല്ലാം കർത്താവ് കാണുന്നുണ്ട്" എന്ന പഴയ പല്ലവിയൊന്നും ഇന്ത്യയിൽ ഇനി ചിലവാകില്ല...

സ്വന്തം ലേഖകൻ

കത്തോലിക്കാസഭയെ ആഴമായി സ്നേഹിക്കുന്ന ഒരു വിശ്വാസിയുടെ എഴുത്താണിത്. വാട്സാപ്പിലൂടെ ലഭിച്ച ഈ കത്തിന് സഭാഅംഗങ്ങളോടും, സഭാ നേതൃത്വത്തോടും കുറെകാര്യങ്ങൾ പറയാനുണ്ട്. തികച്ചും യുക്തിഭദ്രമായ കത്ത്. കത്തോലിക്കാ സഭ ആധുനിക മാധ്യമ സംവിധാനങ്ങൾ വഴി പീഡിപ്പിക്കപ്പെടുമ്പോൾ ഈ എഴുത്ത് വായിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. ക്രിസ്തു പറഞ്ഞത് ഓർക്കാം: “പാമ്പുകളെപ്പോലെ വിവേകികളും, പ്രാവുകളെപ്പോലെ നിഷ്ക്കളങ്കരും ആയിരിക്കുവിൻ”…അതിനർത്ഥം നിർഗുണാരായിരിക്കുക എന്നല്ല.

വാട്സാപ്പ് എഴുത്തിന്റെ പൂർണ്ണ രൂപം:

കത്തോലിക്കാ സഭയ്‌ക്കെതിരെ പൊതു വികാരം ഇളക്കാൻ ഉള്ള ഗൂഡ ശ്രമങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല… ഇതൊക്കെ ടെസ്റ്റ്‌ ഡോസ് ആണെന്നാണ് തോന്നുന്നത്. ഈ വക പ്രശ്ങ്ങളെ നേരത്തെ മുതൽ നിയമ പരമായി നേരിടേണ്ടിയിരുന്നു, അതിൽ വന്ന വീഴ്ചയാണ് സഭയെ ഇപ്പോഴും പലരും പ്രതികൂട്ടിൽ നിർത്താനും, ഇപ്പോഴും മുതലെടുക്കാനും ശ്രമിച്ചു കൊണ്ടിരിക്കുന്നതിന് പിന്നിൽ… ഉദാഹരണമായി അഭയ കേസിൽ പ്രതി സ്ഥാനത്തുള്ളവർക്കെതിരെയുള്ള കേസ് കോടതിയിൽ ഇരിക്കവെ മാധ്യമ വിചാരണയും, വ്യക്തി പരമായ തേജോവധത്തിനും എതിരെ കേസ് കൊടുത്തിരുന്നുവെങ്കിൽ ഈ അവസ്ഥ ഉണ്ടാവുമായിരുന്നില്ല. അവർ ഉൾപ്പെടുന്ന സഭക്ക് കേസ് കൊടുക്കാമായിരുന്നു. അതുപോലെ, കേസ് അട്ടിമറിക്കാൻ കോടികൾ കൊടുത്തു എന്ന് എല്ലാ ചാലുകളും ഒരു തെളിവും ഇല്ലാതെ വിളിച്ചു പറയുമ്പോൾ, അതിനെതിരെ പ്രതിഷേധിക്കാൻ ഇവിടെയുള്ള ഒരു കത്തോലിക്ക സഭയോ, അതിന്റെ പോഷക സംഘടനകളോ തുനിഞ്ഞില്ല എന്നത് കാണാതിരിക്കാൻ കഴിയില്ല. നാം നമ്മളെ സ്വയം അപഹസിക്കാൻ വിട്ടു കൊടുത്തു.

നാം മനസിലാക്കേണ്ടത് കുറ്റവാളിയുടെ മനുഷ്യാവകാശത്തെ പറ്റി സംസാരിക്കുന്ന ലോകത്താണ് നാം ജീവിക്കുന്നത്… സിസ്റ്റർ സ്റ്റെഫിയുടെ കന്യാത്വം വരെ ഇപ്പോഴും ചാനൽ ചർച്ചാ വിഷയമാണ്. ‘കേസിൽപ്പെട്ട ഒരു സ്ത്രീയുടെ പ്രൈവസിയെ പൊതു സമൂഹത്തിൽ ചർച്ച ചെയ്യാൻ’ ആരാണ് ഇവർക്ക് അധികാരം കൊടുത്തത്. നിർഭാഗ്യവശാൽ അവർക്കോ, അവരെ പ്രതിനിധാനം ചെയ്യുന്ന സഭാ അധികാരികൾക്കോ ഇതിൽ ഒരു വിഷമവും തോന്നിയില്ല. കൂടാതെ, ഈ കേസിൽ ഒരു അച്ചനെ വെറുതെ വിട്ടു. അതിന്റെ ന്യൂസ്‌ എവിടെയും കാണാനില്ല. ആ അച്ചന് നമ്പി നാരായണൻ നൽകിയ പോലെ ഒരു മാന നഷ്ട്ട കേസ് പോലും കൊടുക്കാൻ പോലും കഴിഞ്ഞില്ല. “എല്ലാം ക്ഷമിക്കണം, എല്ലാം കർത്താവ് കാണുന്നുണ്ട്” എന്ന പഴയ പല്ലവിയൊന്നും ഇന്ത്യയിൽ ഇനി ചിലവാകില്ല.

ഇന്ത്യയിൽ ആകെ 2.3% ക്രിസ്താനികൾ ആണുള്ളത് അതും പല സഭകളിലായി. ഇത് കത്തോലിക്കർ തന്നെ വിശ്വസിക്കില്ല പിന്നെ ആണ് ബാക്കി ഉള്ള മതസ്ഥർ. വിവേകത്തോടെയും, പക്വതയോടെയും നിയമപരമായുള്ള ഇടപെടലുകൾ ആണ് ആവശ്യം. അച്ചൻമാരെയും സിസ്റ്റേഴ്സിനേയും, അവർ തെരെഞ്ഞെടുത്ത ജീവിത രീതിയെയും പൊതു സമൂഹം വിമർശിക്കാൻ തയ്യാറാവുന്നത് എന്തുകൊണ്ട് ? അതിനെ ചോദ്യം ചെയ്യാൻ അച്ചൻ മാരും സിസ്റ്റര്മാരും തയ്യാറാവണം. സ്വന്തം സ്ഥാപനത്തിലെ പീഡനമൊക്കെ മറച്ചു വെച്ചുള്ള അജണ്ട വെച്ചുള്ള മാധ്യമ പ്രവർത്തനമാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. വിനു വി.ജോണിന്റെ സഭയിലുള്ള അഞ്ചു അച്ചൻമാർ നടത്തിയ പീഡനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ് എന്ന് അവിടെ പോയിരുന്നു സഭയെ കൂടുതൽ പ്രതിസന്ധിയിൽ ആക്കിയ കെന്നടിക്കെങ്കിലും ചോദിക്കാമായിരുന്നു! ഏഷ്യാനെറ്റ്‌ ഡൽഹി ബ്യുറോ ചീഫിന് എതിരെ വന്ന പീഡനകേസ് എവിടെ എത്തി എന്ന് ചോദിക്കാമായിരുന്നു!

സി.ലൂസിക്ക് ഉള്ള പോലെ അവകാശങ്ങൾ കാരക്കാമലയിലുള്ള ബാക്കി സിസ്റ്റർമാർക്കും ഉണ്ട്. സിസ്റ്റർ ലൂസിക്ക് പരിചയം ഉള്ള ആളുകൾ ബാക്കി ഉള്ളവർക്ക് അപരിചിതർ ആണ്. അവരുടെ പ്രൈവസിയെ അവരുടെ സന്യാസത്തിന്റെ പരിശുദ്ദിയെ ഈ മഠത്തിൽ അതിക്രമിച്ചു കയറുന്നവർ തടസ്സപ്പെടുത്തുന്നു. പൊതു സമൂഹത്തിൽ FCC-യ്ക്ക് നേരെ വരുന്ന ഓരോ സഭ്യതക്കു നിരക്കാത്ത ഓരോ കമ്മെന്റുകളും നിയമ പരമായി ചോദ്യം ചെയ്യപ്പെടണം. സിസ്റ്റർ ലൂസിക്ക് നീതി കൊടുക്കേണ്ടത് ബാക്കിയുള്ള അച്ചൻമാരെയോ സിസ്റ്റർമാരെയോ അപമാനിച്ചു കൊണ്ടല്ല. സിസ്റ്റർ ലൂസിക്ക് എതിരെ നടപടി എടുത്തത് സ്ത്രീകൾ മാത്രം അടങ്ങിയ സന്യാസ സമൂഹമാണ്, അതിന് പോപ്പിന്റെ അംഗീകാരം ഉണ്ട്. ഇപ്പോൾ കൈകൊണ്ട നടപടികൾക്ക് എതിരെ സഭയുടെ നിയമം അനുസരിച്ചു മുന്നോട്ടു പോകാൻ സിസ്റ്റർ ലൂസിക്ക് കഴിയും. സിസ്റ്റർ ലൂസിയും അവരുടെ സന്യാസ സമൂഹവും തമ്മിലുള്ള നിയമ പ്രശ്നം കേരളത്തിലെ പൊതുവിഷയമല്ല. മാത്രമല്ല അത് അവരുടെ സമൂഹത്തിനുള്ളിൽ ഉള്ള വിഷയം മാത്രമാണ്. ഇനി അവർക്കു അതിൽ നീതി കിട്ടിയില്ലെങ്കിൽ ഇന്ത്യയുടെ നിയമ സംവിധാനത്തിൽ പരാതി കൊടുക്കാവുന്നതാണ്. അതിന്പകരം, മാധ്യമ നീതിയിൽ അഭയം പ്രാപിക്കുന്നത്‌ എന്ത് കൊണ്ടാണ്? കോട്ടിട്ട മാധ്യമ ജഡ്ജിമാർ പറയുന്നതിന് അനുസരിച്ചാണോ ഇവിടെ നിയമം നടപ്പിലാക്കേണ്ടത്? ഓൺലൈൻ മാധ്യമങ്ങൾ അവരുടെ അജണ്ടയിൽ പറയുന്നതാണോ ശരി? സഭയുടെ നിയമം, നിയമം തന്നെയാണ് അത് അനുസരിച്ചു, ബഹുമാനിച്ചു പോകുന്ന വിശ്വാസികൾ ആണ് 95% ആളുകളും, ബാക്കി 5% വരുന്ന മാമോദീസ സ്വീകരിച്ച അവിശ്വാസികൾക്ക് ഇതൊക്കെ തെറ്റാണ് എന്ന് തോന്നുകയാണെകിൽ ഇന്ത്യയുടെ നിയമ സംവിധാനം ഉപയോഗിക്കുകയാണ് വേണ്ടത്. ഒരു വശത്ത് എപ്പോഴും പോപ്പ് പറയുന്നതിനു ശരി എന്ന് പറയുന്ന മാധ്യമ പ്രവർത്തകർ, പോപ്പിന്റെ അംഗീകാരത്തോടെ എടുത്ത തീരുമാനത്തോട് യോജിക്കാത്തത് എന്ത് കൊണ്ട്? അവർക്കു വേണ്ടത് കത്തോലിക്ക സഭയിൽ നിന്നും ഓരോ ഇരകളെ സൃഷ്ടിക്കുക, അതുവഴി സഭയെയും, അച്ചൻമാരെയും, സിസ്റ്റർമാരെയും, മെത്രാൻമാരെയും അങ്ങേയറ്റം അപമാനിക്കുക, അതുവഴി വിശ്വാസികളുടെ ഇടയിൽ അന്തഛിദ്രമുണ്ടാക്കുക. നിർഭാഗ്യ വശാൽ കുറെ സിസ്റ്റർമാരും, അച്ചൻമാരും ഇതിന് കുടപിടിക്കുന്ന സമീപനമാണ് സഭയുടെ സംവിധാനത്തിൽ നിന്നുകൊണ്ട് സ്വീകരിച്ചിരിക്കുന്നത്. അതിനുള്ള കൂലി അവർക്കു കൊടുക്കുന്നത് ആരാണ് എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്. അതിന് നിയമ-സർക്കാർ സംവിധാനങ്ങൾ സഭ ഉപയോഗപ്പെടുത്തേണ്ടതാണ്.

കൂട്ടത്തിൽ കത്തോലിക്കാ സഭയുടെ സഹായം സ്വീകരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയെപോലും ഈ അവസ്ഥയിൽ സഹായത്തിനു കാണാനില്ല എന്നത് ആരും മറക്കരുത്. ക്രിസ്താനികളുടെ പേരും പറഞ്ഞുനടക്കുന്നവർ യഥാർത്ഥ പ്രതിസന്ധിയിൽ എവിടെ? എന്ന ചോദ്യം പ്രസ്കതമാണ്. ക്രൈസ്തവരുടെ ഏതു സംഘടനയാണ് മാധ്യമ വിചാരണക്ക് എതിരെ പ്രതിക്ഷേധിക്കാൻ രംഗത്തുള്ളത്?

പാരമ്പര്യ രാഷ്ട്രീയ ചിന്താഗതികൾ മാറ്റി വെച്ച് കൊണ്ട് സഹായിക്കാൻ മനസുള്ളവരുടെ കൂടെ നിൽക്കാൻ ക്രിസ്താനികൾ പഠിക്കണം. വോട്ട് ബാങ്ക് രാഷ്‌ടീയം, അതിന്റെ ശക്തി എന്താണ് എന്ന് മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ അറിയണം. സഭ എന്നത് നമ്മൾ തന്നെ ആണ്, നമ്മുടെ മക്കൾ / ചേട്ടൻ / പെങ്ങൾ തന്നെയാണ് ഇവിടെയുള്ള സിസ്റ്റർമാരും അച്ചൻമാരും.

ഒരാളുടെ വ്യകതിപരമായ പ്രശ്‌നത്തെ ബാക്കിയുള്ളവരുടെ മാനം വെച്ച് പന്താടുന്ന അവസ്ഥ മാറണം. സഭയുടെ വിവിധ സമിതികളുടെ ഏകോപനം ഇല്ലായ്മ ഇതിനെ ശക്തമായി നേരിടാൻ കഴിയാത്ത അവസ്ഥയിലേക്കു എത്തിച്ചു എന്ന് പറയേണ്ടിവരും. കഴിവും, പ്രാപ്തിയും, ആധികാരികമായി സംസാരിക്കാൻ കഴിവുള്ളവരെയും, പൊതു സ്വീകാര്യത ഉള്ളവരെയും സഭയുടെ സമിതികളിൽ നിയമിക്കാതെ ഇതിന് മാറ്റമുണ്ടാവില്ല.

ന്യൂനപക്ഷമായ ക്രിസ്ത്യൻ കത്തോലിക്ക സമുദായത്തെ തകർക്കാൻ വേണ്ടി ശ്രമിക്കുന്ന ശക്തികൾക്കെതിരെ നിയമപരമായും സംഘടനാശേഷി കൊണ്ടും നേരിടാനുള്ള ശ്രമങ്ങൾക്ക് ഇനിയും വൈകിക്കൂടാ…

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker