Public Opinion

മാധ്യമ വിചാരണയും കത്തോലിക്കാ സഭയും; ‘അക്കരെ മാവിലോൻ കെണി വെച്ചിട്ട് എന്നോടോ കൂരാ കണ്ണുമിഴിക്കുന്നു’

അച്ഛനെ കുത്തിയ കാള ചെറുക്കനെയും കുത്തും ' എന്ന് ഈ സത്യവിശ്വാസികൾക്ക് മനസ്സിലാക്കുന്നില്ല എന്നത് കഷ്ടം!

ജോർജ് തെക്കേക്കര, വടവാതൂർ

‘അക്കരെ മാവിലോൻ കെണി വെച്ചിട്ട് എന്നോടോ കൂരാ കണ്ണുമിഴിക്കുന്നു ‘ എന്നൊരു ചൊല്ല് മലയാളത്തിലുണ്ട്. “A clear conscience laughs at false accusations” എന്നാണ് ഇതിന് സമാനമായി ഇംഗ്ലീഷിൽലുള്ളത്. കത്തോലിക്കാ സഭയ്ക്കെതിരെ കൂടെക്കൂടെ അരങ്ങേറുന്ന മാധ്യമ വിചാരണകൾ കാണുമ്പോഴും അരങ്ങിൽ നിറഞ്ഞാടുന്ന വിചാരണക്കാരുടെ പൊള്ളയായ സംവാദങ്ങൾ കേൾക്കുമ്പോഴും മനസ്സിലേക്ക് കടന്നു വരുന്ന ചിന്തയാണിത്.

‘അച്ഛനിച്ഛയായതും പാൽ വൈദ്യനാർ ചൊന്നതും പാൽ ‘ എന്നതിനാൽ ക്രൈസ്തവ സഭകൾക്കെതിരെ നിഗൂഡ അജണ്ടകളുള്ള സാമൂഹ്യദൃശ്യമാധ്യമങ്ങളും ചില “ഉത്തമ കത്തോലിക്കാ വിശ്വാസികളും ” ചേർന്ന് സംവാദമങ്ങ് കൊഴുപ്പിക്കുകയാണ്. ‘അച്ഛനെ കുത്തിയ കാള ചെറുക്കനെയും കുത്തും ‘ എന്ന് ഈ സത്യവിശ്വാസികൾക്ക് മനസ്സിലാക്കുന്നില്ല എന്നത് കഷ്ടം!

‘അടച്ച വായിൽ ഈച്ച കയറില്ല ‘ എന്ന നയമാണ് കത്തോലിക്കാ സഭ പരമ്പരാഗതമായി പുലർത്തി വന്നിരുന്നത്. എന്നാൽ കോലിട്ട് വാ കുത്തിപൊളിക്കാൻ ശ്രമിച്ചവരും മാധ്യമങ്ങളിലൂടെ വല്ലാതെയങ്ങ് പ്രതികരിച്ചവരും ചേർന്ന് ‘അമ്മായി ഉടച്ചത് മൺചട്ടി മരുമകൾ ഉടച്ചത് പൊൻചട്ടി’ എന്ന അവസ്ഥയാണുണ്ടാക്കിയത്.

‘അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു എന്നിട്ടും നായയ്ക്ക് മുറുമുറുപ്പ്’ എന്നു പറഞ്ഞപോലെയാണ് സന്ന്യാസ സമൂഹങ്ങളിൽ നിന്നും പുറത്താക്കപ്പെട്ട ചിലരുടെ കാര്യം. ഒരു കാലത്ത് അവർകൂടി ഉൾപ്പെട്ടിരുന്ന സമൂഹത്തിൽ മുഴുവൻ നടക്കുന്നത് കൊള്ളരുതായ്മയും അനീതിയുമാണെന്ന് വിളിച്ചു പറഞ്ഞ് കേടായ പല്ലിന്റെ ഇടകുത്തി മണപ്പിക്കുന്നവർ കേടുപോക്കുന്ന പ്രക്രിയയുടെ ഫലമായാണ് തങ്ങൾ പുറത്താക്കപ്പെട്ടത് എന്ന കാര്യം വിസ്മരിക്കുന്നു. സ്വന്തം ജീവിതത്തിന്റെ ചളി പുരണ്ട ഇതിഹാസങ്ങളും ഭാവനകളും കൂട്ടി പടച്ചുവിടുന്ന കഥകൾ ചവറ്റുകുട്ടയിലേക്കിടാതെ തലയിലേറ്റി രോമാഞ്ചം കൊള്ളുന്ന പൈങ്കിളി വായനക്കാരുണ്ടാകുമെന്നറിയാവുന്ന കച്ചവടക്കണ്ണ് മാത്രമുള്ള പ്രസാധകൻ ‘ആത്മകഥ ‘ പ്രസിദ്ധീകരിക്കുവാൻ പിറകെ നടക്കുകയാണ്.

“അല്ലലുള്ള പുലിയെ ചുള്ളിയുള്ള കാടറിയു” എന്ന ചൊല്ല് ഇവിടെ പ്രസക്തമാണ്. കന്യാമഠത്തിന്റെ സുരക്ഷിതത്വവും അതിലെ അംഗമായാതുവഴി ലഭിച്ച ജോലിയും മാസശമ്പളവും സമൂഹത്തിന്റെ നന്മക്കായി ഉപയോഗിക്കാതെ സ്വന്തം സൗകര്യങ്ങൾക്ക് വേണ്ടി ഒരു സന്ന്യാസിനി (എല്ലാം പരിത്യജിച്ചവൾ) ഉപയോഗിച്ചത് അത്രവലിയ തെറ്റാണോ എന്ന് ചോദിക്കുന്ന മാധ്യമങ്ങൾ ‘ആകകുണ്ടയിൽ വാഴ കുലക്കയില്ല’ എന്ന തത്വം മറക്കുകയാണ്.

‘ആകെ മുങ്ങിയാൽ കുളിരില്ലല്ലോ. വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുകയും ആത്മാവിഷ്കാരത്തിനായി കവിതയെഴുതുകയും പുസ്തകങ്ങൾ രചിക്കുകയും ആത്മീയോപദേശങ്ങൾ നല്കുകയും ചെയ്യുന്ന കക്ഷി ഇപ്പോൾ എഴുത്തുകാരിയും സംസ്കാരിക നായികമാരിലൊരാളുമായി പരിഗണിക്കപ്പെടുന്നു എന്നിരുന്നാലും ‘ആറിയ കഞ്ഞി പഴങ്കഞ്ഞി ‘ തന്നെയാണെന്ന തിരിച്ചറിവിൽ മഠത്തിന്റെ ചുവരുകൾക്കുള്ളിൽ തന്നെയായിരിക്കും തന്റെ ജീവിതം എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അകത്തിരിക്കുവാൻ പറയുമ്പോൾ പുറത്തു പോകുകയും, പുറത്തു പോകുവാൻ പറയുമ്പോൾ അകത്തു ഇരിക്കുകയും ചെയ്യുന്ന ‘അനുസരണമെന്ന മഹാ പുണ്യം കണ്ടു പഠിക്കണം’. “ആലത്തുരലും, വീട്ടിഉലക്കയും ചിന്നത്തമ്മിയും വീട്ടിൽ ഒരുത്തിയും ” എന്നു പറയുന്നതാണ് ഭേദം.

“അരച്ചു തരുവാൻ പലരുമുണ്ട്, കുടിപ്പാൻ താനേയുള്ളൂ “എന്ന് ചിന്തിക്കാത്തതു കൊണ്ടുണ്ടായ അനർത്ഥം അറിവില്ലാത്തവന്റെ പോഴത്തമാണെന്ന് വെറുതെയങ്ങ് എഴുതി തള്ളാൻ പറ്റുമോ?
ഏതായാലും എഴുതിയതും പറഞ്ഞതും വിളിച്ചു കൂവിയതും എല്ലാം ചേർത്ത് ‘ആവണക്കെണ്ണകൊണ്ട് മന്നാരിച്ചപോലെയായി’. സ്വന്തം മഹത്വത്തെക്കുറിച്ചും വലുപ്പത്തെക്കുറിച്ചും തെല്ലും സംശയമില്ലാത്ത ഇവർക്ക് ‘ആഴമുള്ള കുഴിക്ക് നീളമുള്ള വടി ‘ വേണമെന്ന് (a great ship needs deep waters ) മനസ്സിലാക്കിയെങ്കിലും ഒന്ന് പുറത്തു പൊയ്ക്കൂടെ എന്നാണ് പൊതു സംസാരം.

“ഇഞ്ചത്തലയും ഈഴത്തലയും എത്രയും ചതച്ചാൽ അത്രയും നന്ന് എന്ന സാമാന്യ തത്വം അധികാരികൾ നേരത്തേ മനസ്സിലാക്കേണ്ടിയിരുന്നു എന്ന് ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇരുമ്പ് പാര വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചാൽ ദഹനം വരില്ലല്ലോ. എന്തായാലും ‘ഇട്ടിയമ്മ ഏറെ മറിഞ്ഞാൽ കൊട്ടിയമ്പലത്തോളം എന്നേ ഇനി പറയേണ്ടൂ. നിയമാനുസൃതമായി ധൈര്യപൂർവ്വം തീരുമാനമെടുത്ത ആശ്രമശ്രേഷ്ഠയ്ക്ക് അഭിവാദ്യങ്ങൾ ! ഇനിയെങ്കിലും ഈ മാധ്യമവിചാരണകൾ അവസാനിപ്പിച്ചു കൂടെ?

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker