Sunday Homilies

ഭൃത്യനാകാന്‍ വന്നവന്‍ മകനായി സ്വീകരിക്കപ്പെടുന്നു

ആണ്ടുവട്ടം 24- ാം ഞായര്‍

ഒന്നാം വായന – പുറപ്പാട് : 32:7-11,13-14
രണ്ടാം വായന – 1തിമോത്തിയോസ് : 1:12-17
സുവിശേഷം – വി.ലൂക്കാ : 15:1-32

ദിവ്യബലിക്ക് ആമുഖം

സ്വര്‍ണ്ണം കൊണ്ടുളള കാളകുട്ടിയെ നിര്‍മ്മിച്ച് ആരാധിക്കുന്ന ഇസ്രായേല്‍ ജനത്തേയും അവരോട് കോപിക്കുകയും പിന്നീട് മോശയുടെ പ്രാര്‍ത്ഥന കേട്ട് അവരോട് ക്ഷമിക്കുന്ന ദൈവത്തെ ഒന്നാമത്തെ വായനയില്‍ പുറപ്പാട് പുസ്തകത്തില്‍ നാം കാണുന്നു. അനുതപിക്കുന്ന പാപിയെ ഓര്‍ത്ത് സന്തോഷിക്കുന്ന ദൈവത്തിന്‍റെ കരുണയെക്കുറിച്ച് ഇന്നത്തെ സുവിശേഷത്തില്‍ യേശു ഉപമകളിലൂടെ സംസാരിക്കുന്നു. ദിവ്യബലിക്കൊരുങ്ങുമ്പോള്‍ നാം എപ്പോഴെങ്കിലും നമ്മുടെ ഹൃദയത്തില്‍ അധികാരത്തിന്റെയും അഹങ്കാരത്തിന്‍റെയും സമ്പത്തിന്റെയും പദവിയുടെയും അസൂയയുടെയും കോപത്തിന്റെയും കാളക്കുട്ടിയെ ആരാധിച്ചിട്ടുണ്ടോ? എന്ന് ആത്മശോധന ചെയ്തു കൊണ്ട്, അനുതപിച്ച്, നിര്‍മ്മലമായൊരു ബലി അര്‍പ്പിക്കാനൊരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനെട്ടാം അധ്യായത്തെ “സുവിശേഷത്തിലെ സുവിശേഷം”, “കരുണയുടെ സുവിശേഷം” എന്നീ പേരുകളിൽ ദൈവശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കാറുണ്ട്. കാണാതായ ആടിന്റെ ഉപമ, കാണാതായ നാണയത്തിന്റെ ഉപമ, ധൂർത്ത പുത്രന്റെ ഉപമ എന്നീ സുപ്രധാനമായ ഉപമകളുടെ അന്തരാർഥങ്ങൾ നമുക്ക് ധ്യാനിക്കാം.

സന്തോഷത്തിന്റെ സുവിശേഷം

ഇന്നത്തെ സുവിശേഷത്തിലെ മറ്റൊരു പ്രത്യേകത “സന്തോഷവും, സന്തോഷം പങ്കിടലും, ആഘോഷവു”മാണ്. നാം ശ്രവിച്ച മൂന്നു ഉപമകളിൽ ഈ യാഥാർത്ഥ്യങ്ങൾ കാണാം. 100 ആടുകളിൽ ഒന്നിനെ നഷ്ടപ്പെട്ട ഇടയൻ അതിനെ തിരിച്ചു കിട്ടിയപ്പോൾ സന്തോഷിച്ച്‌ അതിനെ തോളിലേറ്റുന്നു. വീട്ടിലെത്തുമ്പോൾ അവൻ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ച്കൂട്ടി പറയും നിങ്ങള്‍ എന്നോട് കൂടെ സന്തോഷിക്കുവിന്‍ എന്റെ നഷ്ടപെട്ട ആടിനെ കണ്ടു കിട്ടിയിരിക്കുന്നു, (വി.ലൂക്ക 15; 5 6) അതു പോലെ തന്നെ തന്റെ നാണയം നഷ്ടപെട്ട സ്ത്രീയും അന്വേഷിച്ച് കണ്ട് കിട്ടുമ്പോള്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ച്കൂട്ടി പറയും എന്നോട് കൂടി സന്തോഷിക്കുവിന്‍ എന്റെ നഷ്ടപെട്ട നാണയം വീണ്ട് കിട്ടിയിരിക്കുന്നു (വി. ലൂക്കാ 15;9 10) ധൂര്‍ത്തപുത്രന്റെ ഉപമയില്‍ ഇത് ഈ സന്തോഷം വളരെ വ്യക്തമാണ് പിതാവ് തിരികെ വന്ന മകനെ സ്വീകരിച്ച് കൊണ്ട് പറയുന്നു, കൊഴുത്ത കാളക്കുട്ടിയെ കൊണ്ട് വന്ന് കൊല്ലുവിന്‍ നമുക്ക് ഭക്ഷിച്ച് ആഹ്ലാദിക്കാം എന്‍റെ ഈ മകന്‍ മൃതനായിരുന്നു അവനിതാ വീണ്ടും ജീവിക്കുന്നു അവന്‍ നഷ്ടപെട്ടിരുന്നു ഇപ്പോള്‍ വീണ്ട് കിട്ടിയിരിക്കുന്നു അവര്‍ ആഹ്ലാദിക്കാന്‍ തുടങ്ങി (വി.ലൂക്കാ 15 ;23 24).

ഈ മൂന്ന് ഉപമകള്‍ വായിക്കുമ്പോള്‍ സാധാരണയായി നാം നമ്മെ തന്നെ നഷ്ടപ്പെട്ട ആടിന്‍റെ സ്ഥാനത്തും, കാണാതായ നാണയത്തിന്റെ സ്ഥാനത്തും ധൂര്‍ത്തപുത്രന്റെ സ്ഥാനത്തും പ്രതിഷ്ഠിച്ചിരിക്കുന്നു എന്നാല്‍ പതിവിന് വ്യത്യസ്തമായി നമുക്ക് ആട്ടിടയനോടൊപ്പവും നാണയം കണ്ട്കിട്ടിയ സ്ത്രീയോടെപ്പവും ധൂര്‍ത്തപുത്രന്റെ പിതാവിനോടൊപ്പവും സന്തോഷിക്കുന്ന.വരായി നമ്മെ തകന്നെ പ്രതിഷ്ഠിക്കാം. മറ്റുളളവരെ കണ്ട് കിട്ടുമ്പോള്‍, മറ്റുളളവര്‍ തലരച്ച് വരുമ്പോള്‍ അവരോടെപ്പം നമുക്ക് സന്തോഷിക്കാന്‍ സാധിക്കുന്നുണ്ടോ ഈ ഉപമകള്‍ തന്നെ ചുങ്കക്കാരും പാപികളുമെല്ലാം യേശുവിന്റെ അടുക്കല്‍ വരുന്നത് കണ്ടിണ്ട് അതില്‍ സന്തോഷിക്കാതെ പിറുപിറുക്കുന്ന ഫരിസയര്‍ക്കും നിയമജ്ഞര്‍ക്കും യേശു നല്‍കുന്ന മറുപടിയാണ്.

നഷ്ടപെട്ട് പോയവനാണ് തന്റെ സ്നേഹവും കരുതലും കൂടുതലാവ്യശ്യമെന്ന് മനസിലാക്കിയ ദൈവം ഒരുവനെ സ്നേഹിക്കുമ്പോള്‍ നമുക്കതില്‍ ദൈവത്തോടൊപ്പം ചേര്‍ന്ന് സന്തോഷിക്കാന്‍ സാധിക്കുന്നുണ്ടോ അതോ ധൂര്‍ത്ത പുത്രന്‍റെ ഉപമയിലെ മൂത്തമകനെപ്പോലെ തന്‍റെ സഹോദരന്‍ തിരികെ വന്നപ്പോള്‍ അവനെ സഹോദരനെന്ന് പോലും വിശേഷിപ്പിക്കാതെ നിന്‍റെ മകനെന്ന് പറഞ്ഞ് കൊണ്ട് പിതാവിനോട് വഴക്കടിക്കുന്നവനെപ്പോലെയാണോ നാം. പിറുപിറുപ്പ് കണ്ടും പരാതി കണ്ടും മാറ്റിവച്ച ദൈവം അപരനെ സ്നേഹിക്കുന്നതിലും അനുഗ്രഹിക്കുന്നതിലും അസൂയപ്പെടാതെ സന്തോഷിക്കുന്നതാണ് ആത്മീയ ജീവിതത്തിന്റെ ഔന്നത്യം.

അനുതപിക്കുന്നവന്റെ ധൈര്യം

പിതാവില്‍ നിന്ന് ലഭിച്ച ധനമെല്ലാം ധൂര്‍ത്തടിച്ച രണ്ടാമത്തെ മകന്‍ അവസാനം പന്നി തിന്നുന്ന തവിടെങ്കിലും കൊണ്ട് വയറ് നിറക്കാന്‍ ആശിക്കുന്ന അവസ്ഥ വരെ എത്തി. ഒരു യഹൂദനെ സംബന്ധിച്ച് ഏറ്റവും മോശവും ശോചനീയവുമായ അവസ്ഥയെ കാണിക്കുവാനാണ് പന്നിയുമായി ബന്ധപ്പെടുത്തി വിവരണം നല്‍കുന്നത്. അവനൊരു വിജാതിയനെപ്പോലെയായി മാറി. ഈ അവസരത്തിലാണ് അവന് സുബോധം ഉണ്ടാകുന്നത്. ‘സുബോധം ഉണ്ടാവുക’ എന്ന മലയാള വാക്കിനെ മറ്റ് ഭാഷയില്‍ ‘തന്നിലേക്ക് തന്നെ തിരികെ വരിക’ എന്നാണ് തര്‍ജ്ജമ ചെയ്യുന്നത്.

ഇത്രയും കാലം മറ്റ് കാര്യങ്ങളില്‍ വ്യാപൃതനായിരുന്നവന്‍ മറ്റ് ഘടകങ്ങളുടെ സ്വാധീനത്തിലുയരുന്നവന്‍ തന്നിലേക്ക് തന്നെ തിരികെ വരുന്നു. അവന് സ്വന്തം എന്ന് കരുതിയ ധനവും സമ്പത്തും അതോടൊപ്പം വന്ന് ചേര്‍ന്ന സുഹൃത്തുക്കളും ആര്‍ഭാട ജീവിതവുമെല്ലാം അവനെ കൈവിട്ടു, അപ്പോള്‍ അവന്‍ അവനിലേക്ക് വന്ന് ചേര്‍ന്നു. അനുതാപത്തിന്‍റെ ഏറ്റവും സുപ്രധാന ഘട്ടമാണിത്. ഇവിടെയാണ് തന്‍റെ പിതാവിന്റെ പക്കല്‍ മടങ്ങിപോയി തെറ്റുകളേറ്റ് പറഞ്ഞ് ഒരു ഭൃത്യനായെങ്കിലും തന്നെ അംഗീകരിക്കണമെന്ന് പറയാന്‍ അവന്‍ ധൈര്യം കാണിക്കുന്നത്. അവന്‍ നാണക്കേട് ഭയന്നോ ദുര്‍വാശികള്‍ കൊണ്ടോ മറ്റുളളവരെ അഭിമുഖീകരിക്കാന്‍ ഭയന്നോ ഇനിയൊരിക്കലും തന്‍റെ ഭവനത്തില്‍ തിരികെ പോകില്ല എന്ന് തീരുമാനിക്കുന്നില്ല താനിപ്പോള്‍ തുടരുന്ന ശോചനീയമായ ജീവിതം തന്നെ ഇനിയും തുടരാമെന്ന മൂഡതീരുമാനവും എടുക്കുന്നില്ല, നിരാശനായി ആത്മഹത്യയില്‍ അഭയം തേടുന്നില്ല മറിച്ച്, തന്റെ പിതാവിന്റെ പക്കലേക്ക് മടങ്ങിപോകാന്‍ ധൈര്യം കാണിക്കുന്നു. ആദ്യം അവന്‍ അവനിലേക്ക് വരുന്നു പിന്നീട് പിതാവിലേക്കും, പിതാവിലേക്ക് വന്നിട്ട് കുമ്പസാര കൂട്ടിലേക്ക് വരുന്നവന്‍ ഭീരുവല്ല അപകര്‍ഷാബോധമുളളവനല്ല മറിച്ച്, താന്‍ പാപിയാണെങ്കിലും ദൈവം തന്നെ സ്നേഹിക്കുന്നു എന്ന് തിരിച്ചറിവുളള ധൈര്യശാലിയാണ്. ഇതുവരെ നടന്ന വഴികളില്‍ നിന്ന് ജീവിതത്തിന്റെ ഗതിമാറ്റാന്‍ ആഗ്രഹിക്കുന്ന ആത്മീയ ധൈര്യശാലി.

ധൂര്‍ത്തനായ പിതാവ്

ചില ദൈവശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത് ഈ ഉപമയിലെ യഥാര്‍ത്ഥ ധൂര്‍ത്തന്‍ രണ്ടാമത്തെ മകനല്ല മറിച്ച് സ്നേഹം ധൂര്‍ത്തടിക്കുന്ന പിതാവാണ്. ഒന്നാമതായി; മകന്‍റെ സ്വാതന്ത്ര്യത്തെ ബഹുമാനിച്ച് കൊണ്ട് അവന്‍റെ ആഗ്രഹപ്രകാരം സ്വത്തുക്കള്‍ നല്‍കുന്നു. മനുഷ്യന്‍റെ സ്വാതന്ത്രത്തെ ബഹുമാനിക്കുന്ന ദൈവ പിതാവാണ് ഈ കഥയിലെയും പിതാവ് . രണ്ടാമതായി; മകന്‍ എല്ലാം നഷ്ടപ്പെടുത്തി തിരികെ വന്നപ്പോള്‍ അവനെ രാജാവിനെപ്പോലെ സ്വീകരിക്കുന്നു. മേല്‍ത്തരം വസ്ത്രം ധരിപ്പിക്കാന്‍ പറയുന്നത് പുതിയ രാജകീയ ജീവിതാവസ്ഥയിലേക്ക് മകനെ ഉയര്‍ത്തുന്നതിന്‍റെ ഭാഗമായിട്ടാണ്. മോതിരം ധരിപ്പിക്കുന്നത് മകനെന്നുളള അധികാരവും അവകാശവും അവന് വിണ്ടും നല്‍കുന്നതിന്റെ ഭാഗമാണ് കാലില്‍ ചെരുപ്പണിയിക്കാന്‍ പറയുന്നത് അവന്‍ ഇനി മുതല്‍ വീണ്ടും സ്വതന്ത്രനായ മനുഷ്യനാണെന്ന് കാണിക്കാനാണ് തന്നിലേക്ക് വരുന്ന മനുഷ്യനെ സ്വീകരിക്കുന്ന പിതാവായ ദൈവത്തിന്റെ സ്നേഹം ഈ ഉപമയിലൂടെ യേശു വ്യക്തമാക്കുന്നു.

വിശുദ്ധ അഗസ്റ്റിന്‍, ധൂര്‍ത്തപൂത്രന്റെ ഉപമക്ക് കൗതുകമായൊരു വ്യാഖ്യാനം നല്‍കുന്നുണ്ട് . പിതാവായ ദൈവത്തിന് രണ്ട് മക്കളുണ്ട് ഒന്നാമത്തെ പുത്രന്‍ യഹൂദ ജനമാണ് രണ്ടാമത്തെ പുത്രന്‍ വിജാതിയരാണ്. വിജാതിയര്‍ സ്രഷ്ടാവായ സത്യ ദൈവത്തില്‍ നിന്നകന്ന് പോയി പിന്നീടവര്‍ തങ്ങളുടെ സ്രഷ്ടാവായ ദൈവത്തിലേക്ക് മടങ്ങി വന്നപ്പോള്‍ പിതാവായ ദൈവം ഓടിച്ചെന്ന് അവരെ ആലിംഗനം ചെയ്ത് ചുംബിച്ച് കൊണ്ട് സ്വീകരിക്കുന്നു. വിജാതിയരെ ആലിംഗനം ചെയ്യുന്ന കരങ്ങള്‍ യേശുവാണ്. യേശുവാകുന്ന കരങ്ങള്‍ ഉപയോഗിച്ച് ദൈവ മക്കളെന്ന സ്ഥാനത്തിലേക്ക് അവരെ ഉയര്‍ത്തി. പുതിയ വസ്ത്രമെന്ന് പറയുന്നത് അമര്‍ത്യതിലേക്കുളള ദൈവമക്കളെന്ന സ്ഥാനത്തേക്കുളള ജ്ഞാനസ്നാനമാണ് മോതിരമണിയിക്കുന്നത് പരിശുദ്ധാത്മാവിനെ നല്‍കുന്നതാണ്, പുതിയ ചെരിപ്പണിയിക്കുന്നത് സുവിശേഷം പ്രഘോഷിക്കുന്നതിന് വേണ്ടി ഒരുക്കുന്നതാണ് പിതാവായ ദൈവം ഇതെല്ലാം തന്റെ മകന് ചെയ്യാന്‍ സേവകരോട് കല്‍പ്പിക്കുകയാണ്. ഈ സേവകര്‍ സഭയിലെ പുരോഹിതരും ശുശ്രൂഷകരുമാണ് അവര്‍ അവര്‍ക്ക് സ്വന്തമായിട്ടുളളതല്ല നല്‍കുന്നത് മറിച്ച് ദൈവത്തിനുളളത് ദൈവത്തിന്റെ ആഗ്രഹപ്രകാരം മറ്റുളളവര്‍ക്ക് നല്‍കിയത് തിരുസഭയിലൂടെ ദൈവത്തിലേക്ക് വരുന്ന വ്യക്തിയെ ദൈവവും തിരുസഭയും എപ്രകാരമാണ് സ്വീകരിക്കുന്നതെന്ന് വിശുദ്ധ അഗസ്റ്റിന്‍ വ്യക്തമാക്കുന്നു.ഒരുവന്‍ ദൈവത്തിലേക്ക് വരുമ്പോള്‍ നമുക്ക് സന്തോഷിക്കാം ആവശ്യമുളളപ്പോള്‍ അനുതപിക്കാന്‍ ധൈര്യം കാണിച്ച്കൊണ്ട് ദൈവസ്നേഹവും കരുണയും അനുഭവിക്കാം.

ആമ്മേന്‍

Show More

One Comment

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker