India

കളളക്കേസില്‍ കുടുക്കി ജയിലിലടച്ച ഫാ.ബിനോയിക്ക് മോചനം

കളളക്കേസില്‍ കുടുക്കി ജയിലിലടച്ച ഫാ.ബിനോയിക്ക് മോചനം

അനിൽ ജോസഫ്

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ വ്യാജ ആരോപണത്തെ തുടര്‍ന്ന് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച മലയാളി വൈദികന് ഒടുവില്‍ മോചനം. തൊടുപുഴ വെട്ടിമറ്റം സ്വദേശി ഫാ.ബിനോയി വടക്കേടത്തുപറമ്പിലിന് ഇന്നലെ ജാര്‍ഖണ്ഡിലെ ഗോഡ്ഡയിലുള്ള ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് നിരുപാധിക ജാമ്യം അനുവദിച്ചത്. വൈദികനോടൊപ്പം അറസ്റ്റിലായ മുന്ന എന്നയാള്‍ക്കും ജാമ്യം നല്‍കി.

വൈദികനെതിരേയുള്ള പരാതിയിലെ ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് കോടതിക്കു ബോധ്യപ്പെട്ടതായി ഫാ.ബിനോയിയെ സന്ദര്‍ശിച്ച ഡീന്‍ കുര്യാക്കോസ് എം.പി.പറഞ്ഞു.

ഫാ.ബിനോയിക്കെതിരേ പരാതിയില്‍ ഉന്നയിച്ചിട്ടുള്ള ആദിവാസി ഭൂമികൈയേറ്റം, മതപരിവര്‍ത്തനം എന്നീ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും, വൈദികന്‍ നിരപരാധിയാണെന്നുമുള്ള അഭിഭാഷകരുടെ വാദം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് രാജേഷ് സിന്‍ഹ അംഗീകരിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് പൂര്‍ണമായും ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെ നിരുപാധിക ജാമ്യം അനുവദിച്ചത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിനാണു തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംങ്ങദള്‍ പ്രവര്‍ത്തകര്‍ പോലീസുമായി ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കി രാജ്ധയിലെ കത്തോലിക്കാ മിഷന്‍ കേന്ദ്രത്തില്‍ നിന്നു ഫാ.ബിനോയിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച ജാമ്യാപേക്ഷ കോടതി പരിഗണിച്ചെങ്കിലും കൂടുതല്‍ വാദത്തിനായി ഇന്നലത്തേക്കു മാറ്റുകയായിരുന്നു.

ജാമ്യാപേക്ഷ ഇന്നലെ സി.ജെ.എം. കോടതിയില്‍ പരിഗണനയ്ക്കു വരുന്നതു കണക്കിലെടുത്ത് ജുഡീഷല്‍ കസ്റ്റഡിയിലായിരുന്ന ഹൃദ്രോഗി കൂടിയായ ഫാ.ബിനോയിയെ ഞായറാഴ്ച രാത്രി ഗോഡ്ഡ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. രണ്ടു വര്‍ഷമായി പേസ്മേക്കറിന്‍റെ സഹായത്തോടെ ജീവന്‍ നിലനിറുത്തിപ്പോരുന്ന ഫാ.ബിനോയിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നു പറഞ്ഞ് മജിസ്ട്രേറ്റിനു മുന്നില്‍ പോലീസ് ആദ്യം ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വ്യാജമായിരുന്നു. ഇക്കാര്യം അഭിഭാഷകര്‍ ഇന്നലെ കോടതിയെ ബോധ്യപ്പെടുത്തി.

2017 മുതല്‍ പേസ്മേക്കറിന്‍റെ സഹായത്തോടെ ജീവിക്കുന്ന ഈ വൈദികന് പലതവണ അസ്വസ്ഥത ഉണ്ടായിട്ടും പത്തു ദിവസം ആശുപത്രിയിലെത്തിക്കാനോ, ചികിത്സ ലഭ്യമാക്കാനോ ജയില്‍ അധികാരികള്‍ തയാറായില്ല. വേദന ഉണ്ടെന്നു പരാതിപ്പെട്ടപ്പോള്‍ വേദനസംഹാരി നല്‍കി തലയൂരുകയായിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് പോലീസും ജയില്‍ അധികൃതരും ഫാ.ബിനോയിയോടു കാട്ടിയതെന്ന് ഇദ്ദേഹത്തെ സന്ദര്‍ശിച്ചശേഷം ഡീന്‍ കുര്യാക്കോസ് ചൂണ്ടിക്കാട്ടി. ആശുപത്രിയില്‍ ഇന്നലെ സന്ദര്‍ശിക്കുമ്പോഴും വൈദികന്‍ ക്ഷീണിതനായിരുന്നുവെന്നു ഡീന്‍ പറഞ്ഞു.

വൈദികനായ ശേഷം മിഷന്‍ പ്രദേശത്തു ശുശ്രൂഷ ചെയ്യുന്ന താന്‍ ഇന്നേവരെ ഒരാളെപ്പോലും മാമ്മോദീസ മുക്കിയിട്ടില്ലെന്നു പറഞ്ഞ ഫാ.ബിനോയി, ഇടവകയുടെ ചുമതല ഇല്ലാതിരുന്നതിനാലാകാം അതിനു കഴിയാതെപോയതെന്നും കൂട്ടിച്ചേര്‍ത്തു. മതപരിവര്‍ത്തനത്തിനായി ആരെയെങ്കിലും സമീപിക്കുകയോ ശ്രമിക്കുകയോ ചെയ്തിട്ടില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനമെന്നത് അതിനാൽതന്നെ നിലനില്‍ക്കില്ല. ഭൂമികൈയേറ്റമെന്ന പരാതിയും അടിസ്ഥാനമില്ലാത്തതാണ്. കത്തോലിക്കാ സഭയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന 35 ഏക്കറോളം വരുന്ന ഭൂമിയിലെ 15 ഏക്കര്‍ സ്ഥലം കള്ളപ്പരാതി നല്‍കി തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിച്ചതിന്‍റെ ഭാഗമായിട്ടാണ് പരാതിയെന്നാണ് കരുതുന്നത്.

ജാര്‍ഖണ്ഡിലെ പല ഭാഗങ്ങളിലും മതപരിവര്‍ത്തനം, ഭൂമി കൈയേറ്റം അടക്കമുള്ള വ്യാജ ആരോപണങ്ങളിലൂടെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നേരെ ക്രൂരവും നിഷ്ഠൂരവുമായ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടെന്നു ഡീന്‍ കുര്യാക്കോസ് പിന്നീട് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker