Sunday Homilies

മരത്തെ മണ്ണിൽ നിന്നിളക്കി കടലിൽ നടുന്ന വിശ്വാസം

നമുക്ക് പാരമ്പര്യമായി കിട്ടിയ വിശ്വാസം നമുക്ക് സജീവമായി ജീവിക്കാം...

ആണ്ടുവട്ടം ഇരുപത്തിയേഴാം ഞായർ

ഒന്നാം വായന : ഹബുക്കുക്ക് 1:2-3, 2:2-4
രണ്ടാം വായന : 1:6-8,13-14
സുവിശേഷം : 17:5-10

ദിവ്യബലിക്ക് ആമുഖം

“ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്ക് നൽകിയിരിക്കുന്നത്; ശക്തിയുടെയും, സ്നേഹത്തിന്റെയും, ആത്മനിയത്രണത്തിന്റെയും ആത്മാവിനെയാണ്” എന്ന പൗലോസപ്പൊസ്തലന്റെ വാക്കുകളോടെയാണ് തിരുസഭ നമ്മെയിന്ന് സ്വാഗതം ചെയ്യുന്നത്. വിശ്വാസ ജീവിതത്തിലെ പരാതികളും, അതിന് ദൈവം നൽകുന്ന മറുപടിയും ഒന്നാം വായനയിൽ ഹബക്കുക്ക് പ്രവാചകന്റെ പുസ്തകത്തിൽ നിന്ന് ശ്രവിക്കുമ്പോൾ “ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ!” എന്ന ശിഷ്യന്മാരുടെ ആകുലതയ്ക്കുള്ള യേശുവിന്റെ മറുപടിയാണ് ഇന്നത്തെ സുവിശേഷം. തിരുവചനം ശ്രവിക്കാനും, ദിവ്യബലിയർപ്പിക്കാനുമായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണ കർമ്മം

വിശ്വാസത്തെക്കുറിച്ചുള്ള മതബോധനമെന്ന് ഇന്നത്തെ സുവിശേഷത്തെ നമുക്ക് വിശേഷിപ്പിക്കാം. ഇന്നത്തെ സുവിശേഷത്തെ (വി.ലൂക്കാ 17,5-10) രണ്ട് ഭാഗങ്ങളായി നമുക്ക് തിരിക്കാം. 5-6 വാക്യങ്ങൾ (ഒന്നാം ഭാഗം) വിശ്വാസത്തെ സംബന്ധിക്കുന്ന ചോദ്യവും ഉത്തരവുമാണ്. 7-10 വരെയുള്ള വാക്യങ്ങൾ (രണ്ടാം ഭാഗം) “യജമാനന്റെയും പ്രയോജന രഹിതനായ ദാസന്റെയും” ഉപമയുമാണ്. ഇന്നത്തെ മറ്റു രണ്ട് വായനകളുമായി ബന്ധപ്പെടുത്തി നമുക്കീ തിരുവചനങ്ങളെ വിചിന്തനം ചെയ്യാം.

അസാധ്യമായത് സംഭവിപ്പിക്കുന്ന വിശ്വാസം

“ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ!” എന്ന ശിഷ്യന്മാരുടെ ചോദ്യത്തിന് യേശു ഉത്തരം നൽകുന്നു; “നിങ്ങൾക്ക് കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ സിക്കമിൻ വൃക്ഷത്തോട് ചുവടോടെ ഇളകി കടലിൽ ചെന്ന് വേരുറയ്ക്കുക എന്ന പറഞ്ഞാൽ അത് നിങ്ങളെ അനുസരിക്കും! വിശ്വാസത്തെ വിലകുറച്ച് കാണിക്കുന്നവർക്കുള്ള ഒരു താക്കീത് കൂടിയാണ് യേശുവിന്റെ വാക്കുകൾ. ഈ വാക്യത്തിൽ വിശ്വാസത്തിന്റെ ആഴം കാണിക്കാൻ യേശു ഉപയോഗിക്കുന്ന പ്രതീകങ്ങൾ: കടുകുമണി, സിക്കമിൻ വൃക്ഷം, കടൽ, വേരുറയ്ക്കുക എന്നിവയാണ്. കടുകുമണിയുടെ വലിപ്പം നമുക്കറിയാം, നഗ്ന നേത്രങ്ങൾ കൊണ്ട് കാണാവുന്നതിൽ വച്ച് ഒരു ചെറിയ വസ്തു. എന്നാൽ സിക്കമൂർ വൃക്ഷം ശക്തമായ വൻവൃക്ഷമാണ്. ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ച് വളരെ ആഴത്തിൽ വേരോടിക്കാൻ ഈ മരങ്ങൾക്കാകും, അതുകൊണ്ടുതന്നെ യഹൂദ പാരമ്പര്യത്തിൽ അയൽക്കാരന്റെ കിണറിന് സമീപം അവന്റെ ജലം ഊറ്റിയെടുക്കുന്ന വിധത്തിൽ ഈ വൃക്ഷതൈ നടരുതെന്ന് പറയപ്പെടുന്നു. പ്രതികൂല കാലാവസ്ഥകളെയും അതിജീവിച്ചുകൊണ്ട് ഏകദേശം 600 വർഷത്തോളം മണ്ണിൽ നിൽക്കാനുള്ള ശേഷി സിക്കമൂർ മരങ്ങൾക്കുണ്ട്. മണ്ണിൽ അതിശക്തമായി വേരോടിച്ച് കൊണ്ട് സുസ്ഥിരമായി നിൽക്കുന്ന മരമാണ് സിക്കമൂർമരം എന്ന സാരം. നമുക്ക് വിശ്വാസമുണ്ടെങ്കിൽ ഈ വൃക്ഷം പോലും നമ്മുടെ വാക്കനുസരിച്ച് ഇളകി മാറുമെന്നാണ് യേശു പറയുന്നത്.

അതോടൊപ്പം, “സിക്കമൂർ മരത്തോട് കടലിൽ പോയി വേരുറയ്ക്കുവാൻ” പറയുന്നത് പ്രകൃതി നിയമങ്ങൾക്ക് വിരുദ്ധമായ യാഥാർഥ്യമാണ്. വെള്ളത്തിൽ മാത്രം വേരുറപ്പിച്ച് കൊണ്ട് വളരുകയെന്നത് മനുഷ്യ ബുദ്ധിക്കതീതവും ദൈവത്തിന് മാത്രം സാധ്യമാകുന്നതുമാണ്. ഈ യാഥാർഥ്യമാണ് യേശു നമ്മെ പഠിപ്പിക്കാനാഗ്രഹിക്കുന്നത്. നമുക്ക് യേശുവിൽ കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും വേരിറങ്ങിയ, ഒരിക്കലും പറിച്ചുമാറ്റാൻ സാധിക്കില്ലെന്ന് നാം കരുതുകയും എന്നാൽ പറിച്ച് മാറ്റണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന കാര്യങ്ങളെ മാറ്റാൻ സാധിക്കുമെന്നും, നമ്മുടെ ബുദ്ധിക്കതീതമായവ വിശ്വാസത്തിലൂടെ സംഭവിക്കുമെന്നും നമുക്ക് മനസിലാക്കാം.

ഹബക്കുക്ക് പ്രവാചകന്റെ ആവലാതിയും ദൈവത്തിന്റെ മറുപടിയും

വിശ്വാസത്തിന്റെ മറ്റൊരു പാഠം നാമിന്ന് ഒന്നാമത്തെ വായനയിൽ നിന്ന് പഠിക്കുന്നു. യേശുവിന് 600 വർഷം മുൻപ് ജീവിച്ചിരുന്ന ഹബക്കുക്ക് പ്രവാചകന്റെ പരാതികൾ, ഇന്ന് ഓരോ വിശ്വാസിയുടെയും പരാതി തന്നെയാണ്. നാടാകെ അനീതിയും അക്രമവും നിറഞ്ഞിട്ടും കർത്താവെന്തുകൊണ്ട് രക്ഷനൽകുന്നില്ല. ദുഷ്‌ടൻ നീതിമാനെ ആക്രമിക്കുമ്പോഴും അവിടുന്ന് നിശ്ശബ്ദനായിരിക്കുന്നതെന്തുകൊണ്ട്? “കർത്താവ് പ്രവർത്തിക്കാൻ പോകുന്നുവെന്ന്” പ്രവാചകൻ ഉറപ്പ് നൽകുന്നു. എന്നാൽ, ദൈവത്തിൽ വിശ്വസിക്കുന്നവർ കർത്താവിന്റെ പ്രവൃത്തികൾക്കായി കാത്തിരിക്കണം, ദൈവത്തിന്റെ പ്രവർത്തനത്തിനായി കാത്തിരിക്കുന്ന നീതിമാൻ തന്റെ വിശ്വസ്തത മൂലം ജീവിക്കുമെന്നും ദൈവം അരുളിച്ചെയ്യുന്നു. വിശ്വാസത്തിന്റെ വലിയൊരുപാഠമാണിത്. എല്ലാ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും, വേദനകൾക്കിടയിലും, ദുഷ്‌ടന്മാർ ചുറ്റും അണിനിരക്കുമ്പോഴും ദൈവത്തിലുള്ള വിശ്വസ്തത നിമിത്തം നീതിമാൻ ഈ ഭൂമിയിൽ ജീവിക്കും. ഈ വിശ്വസ്തതയാണ് ദൈവം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നതും.

വിശ്വാസം വീണ്ടും ഉജ്ജ്വലിപ്പിക്കണം

പാരമ്പര്യമായി കിട്ടിയ വിശ്വാസം തണുത്തുപോകാതെ വീണ്ടും ഉജ്വലിപ്പിക്കുവാൻ വി.പൗലോസപ്പൊസ്തലൻ തിമൊത്തെയോസിനോട് ഇന്നത്തെ രണ്ടാം വായനയിൽ ആവശ്യപ്പെടുന്നു. “എന്റെ കൈവയ്പ്പിലൂടെ നിനക്ക് ലഭിച്ച ദൈവീക വരം “വീണ്ടും” ഉജ്ജ്വലിപ്പിക്കണമെന്ന് ഞാൻ നിന്നെ അനുസ്മരിപ്പിക്കുന്നു. എന്നാൽ, ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്ക് നൽകിയത്; ശക്തിയുടെയും, സ്നേഹത്തിന്റെയും, ആത്മനിയത്രണത്തിന്റെയും ആത്മാവിനെയാണ്” എന്ന പൗലോസാപ്പൊസ്തലന്റെ പ്രബോധനത്തിന്റെ ചരിത്ര പശ്ചാത്തലം നമുക്ക് മനസിലാക്കാം: ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ, രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ആണ് ഈ ലേഖനം എഴുതപ്പെട്ടത്. അതായത്, യേശുവിന്റെ ഉത്ഥാനം നേരിട്ട് കണ്ട തലമുറയ്ക്ക് ശേഷം, യേശുവിന്റെ ജീവിതവും ഉത്ഥാനവും വാമൊഴിയിലൂടെയോ വരമൊഴിയിലൂടെയോ പകർന്ന് കിട്ടിയ മൂന്നാമത്തെ തലമുറയാണിത്. സ്വാഭാവികമായും യേശുവിന്റെ ഉത്ഥാനാനന്തരമുള്ള തലമുറയെക്കാളും, തലമുറകളിലൂടെ അത് സ്വീകരിച്ച മൂന്നാമത്തെ തലമുറയ്ക്ക് ആദ്യതലമുറയുടെ തീക്ഷണതയും, വിശ്വാസദൃഢതയും കുറയുക സ്വാഭാവികമാണ്. ഇത്തരത്തിലുള്ള ഒരു സാഹചര്യത്തിലാണ് യേശുവിലുള്ള വിശ്വാസത്തെ സ്വീകരിച്ച യുവതലമുറയെ ശക്തിപ്പെടുത്താനായി പൗലോസപ്പൊസ്തലൻ പറയുന്നത്: “എന്റെ കൈവെയ്പ്പിലൂടെ നിനക്ക് ലഭിച്ച ദൈവീക വരം “വീണ്ടും” ഉജ്ജ്വലിപ്പിക്കണമെന്ന് ഞാൻ നിന്നെ അനുസ്മരിപ്പിക്കുന്നു”. രണ്ടാം വായനയുടെ ചരിത്രപരമായ വീക്ഷണം നമുക്ക് നൽകുന്നത് വലിയൊരു പാഠമാണ്. തലമുറകളിലൂടെ നമുക്ക് കൈമാറി വന്ന വിശ്വാസം യേശുവിന്റെ ജീവിതവും ഉത്ഥാനവും നേരിട്ട് കണ്ട വിശ്വാസികളെപ്പോലെ ഊർജ്ജസ്വലതയോടെ നിലനിറുത്താനുള്ള കടമ നമുക്കുണ്ട്. നമ്മുടെ കാലഘട്ടത്തിൽ പാരമ്പര്യമായി ലഭിച്ച വിശ്വാസത്തെ വിമർശിക്കുകയും, നിക്ഷേധിക്കുകയും, തള്ളിപ്പറയുകയും ചെയ്യുന്നവർക്കുള്ള ഉപദേശമാണ് അപ്പോസ്തലന്റെ വാക്കുകൾ.

“കടമ നിർവഹിച്ചതേയുള്ളൂ” എന്ന മനോഭാവം

ഇന്നത്തെ സുവിശേഷത്തിന്റെ രണ്ടാം ഭാഗം 7-10 വരെയുള്ള വാക്യങ്ങൾ യേശുപറയുന്ന യജമാനനും ഭൃത്യനും തമ്മിലുള്ള പെരുമാറ്റത്തെ കുറിച്ചുള്ള ഉപമയാണ്. കല്പിക്കപ്പെട്ടത് ചെയ്ത ഭൃത്യന് നന്ദി ലഭിക്കുന്നില്ല. അതോടൊപ്പം അവർ പ്രയോജനമില്ലാത്ത ദാസന്മാരാണ്, കടമനിർവഹിച്ചതേയുള്ളൂ എന്ന് പറയുകയും വേണം. പ്രാവർത്തികമാക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഈ സുവിഷേഷഭാഗത്തിന്റെ ചില പണ്ഡിത വ്യാഖ്യാനങ്ങൾ നമുക്ക് നോക്കാം:
ഒന്നാമതായി, ഇത് ഭൃത്യനുവും യജമാനനും തമ്മിലുള്ള പെരുമാറ്റത്തിലെ അനീതിയും, വലിപ്പച്ചെറുപ്പവും കാണിക്കാനുള്ള ഉപമയല്ല. ഈ ഉപമ പറഞ്ഞ യേശുതന്നെ അന്ത്യഅത്താഴ വേളയിൽ ദാസനായി തന്റെ ശിഷ്യന്മാരുടെ പാഠങ്ങൾ കഴുകി.
രണ്ടാമതായി, ഈ ഉപമ അക്കാലത്തെ ഫരിസേയർക്കുള്ള വിമർശനമാണ്. ഫരിസേയർ എന്തെങ്കിലും നന്മചെയ്താൽ ദൈവത്തിന് അവരോട് ബാധ്യതയുണ്ടെന്നും, ആ ബാധ്യത ദൈവം നിറവേറ്റുമെന്നും വിശ്വസിച്ചു. ഇതിന് മറുപടിയായി യേശു അക്കാലത്തെ യജമാന-ഭൃത്യ ബന്ധത്തെ ചൂണ്ടിക്കാണിക്കുന്നു. പലപ്പോഴും ധനവാനായ യജമാനനോടുള്ള കടബാധ്യത തീർക്കാനാണ് പലരും അയാളുടെ കീഴിൽ ഭൃത്യനായി ജോലിചെയ്തിരുന്നത്, അതുകൊണ്ട് തന്നെ യജമാനന് ഒരിക്കലും ഭൃത്യനോട് ബാധ്യതയില്ല മറിച്ച്, ഭൃത്യനാണ് യജമാനനോട് ബാധ്യതയുള്ളത്. അതായത്, ദൈവത്തിന് മനുഷ്യരോടല്ല മറിച്ച് മനുഷ്യന് ദൈവത്തോടാണ് ബാധ്യതയുള്ളത്/കടമയുള്ളത്.
മൂന്നാമതായി, ഇത് യേശു തന്റെ ശിഷ്യന്മാർക്ക് നൽകുന്ന ഉപദേശമാണ്. അതായത്, (ഇന്ന് യേശുവിന്റെ സഭയിലെ എല്ലാ സേവകരോടും), നമ്മുടെ പ്രവർത്തിയുടെ ബാഹുല്യമല്ല, നമ്മുടെ വിശ്വാസത്തെ അളക്കുന്നത്, അതോടൊപ്പം സഭയിൽ എന്തെങ്കിലും സേവനം ചെയ്തിട്ട് അത് സ്വന്തം കഴിവ് കൊണ്ടാണെന്നും അതിന് എനിക്ക് പ്രതിഫലം വേണമെന്ന് പറയുന്നതിലും അർഥമില്ല. മറിച്ച്, സഭയിലെ ഏതൊരു സേവനവും “ഞാൻ എന്റെ കടമ നിർവഹിച്ചതേയുള്ളൂ” എന്ന മനോഭാവത്തോടെ നിർവഹിക്കപ്പെടേണ്ടതാണെന്നും ഈ തിരുവചനത്തിൽ നിന്ന് നമുക്ക് പഠിക്കാം.

ഇന്നത്തെ തിരുവചനങ്ങളെ ഇപ്രകാരം സംഗ്രഹിക്കാം:
വിശ്വാസമുണ്ടെങ്കിൽ അസാധ്യകാര്യങ്ങളും സാധ്യമാണ്;
വിശ്വാസം ദൈവത്തിലാശ്രയിച്ചുള്ള കാത്തിരിപ്പാണ്;
നമുക്ക് പാരമ്പര്യമായി കിട്ടിയ വിശ്വാസം നമുക്ക് സജീവമായി ജീവിക്കാം.

ആമേൻ

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker