Sunday Homilies

ദൈവത്തിന്റെ രീതികൾ

ആണ്ടുവട്ടം ഇരുപത്തിയെട്ടാം ഞായർ
ഒന്നാം വായന : 2 രാജാക്കന്മാർ 5: 14-17
രണ്ടാം വായന : 2 തിമെത്തിയോസ്‌ 2: 8-13
സുവിശേഷം : വി.ലൂക്കാ 17: 11-19

ദിവ്യബലിക്ക് ആമുഖം

വിശ്വാസം, സൗഖ്യം, അത്ഭുതം, സാക്ഷ്യം തുടങ്ങിയ ആത്മീയ യാഥാർത്ഥ്യങ്ങൾ നിറഞ്ഞതാണ് വി.ലൂക്കാ എഴുതിയ സുവിശേഷത്തിലെ യേശു 10 കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്ന സംഭവം. സുവിശേഷത്തെ സാധൂകരിക്കുന്ന രീതിയിൽ “എലീഷാ പ്രവാചകനിലൂടെ ദൈവം നാമാനെ സുഖപ്പെടുത്തുന്ന സംഭവം” രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിൽ നിന്നുള്ള ഒന്നാം വായനയിൽ നാം ശ്രവിക്കുന്നു. ഇന്നത്തെ രണ്ടാം വായനയിൽ വി.പൗലോസ് അപ്പോസ്തലൻ പറയുന്നത് “നാം അവിശ്വസ്തരായിരുന്നാലും ദൈവം വിശ്വസ്തനായിരിക്കുമെന്നാണ്” നാം അവിശ്വസ്തരായിരുന്ന നിമിഷങ്ങളെ ഓർത്ത് മനസ്തപിച്ചുകൊണ്ട് നിർമ്മലമായൊരു ഹൃദയത്തോടുകൂടി ഈ ദിവ്യബലി അർപ്പിക്കാനായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

യേശു പത്ത് രോഗികളെ സുഖപ്പെടുത്തുന്നതും, അതിൽ ഒരുവൻ മാത്രം തിരികെവന്ന് യേശുവിനോട് പറയുന്നതും ഇന്നത്തെ സുവിശേഷത്തിൽ നാം ശ്രവിച്ചു. നാം ദൈവത്തിൽ നിന്ന് സ്വീകരിച്ച നന്മകൾക്ക് ദൈവത്തോട് എപ്പോഴും നന്ദിയുള്ളവരായിരിക്കണമെന്നും, അതോടൊപ്പം നമ്മുടെ സഹജീവികളോട് അവർ ചെയ്ത ഉപകാരങ്ങൾക്ക് കൃതജ്ഞത പ്രകാശിപ്പിക്കണമെന്നുമുള്ള ആത്മീയവും ധാർമികവുമായ പാഠങ്ങൾ ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നുണ്ട്. “നന്ദി പ്രകടനത്തിന്റെ” പാഠങ്ങൾക്കുപരി മറ്റുചില ഗൗരവമേറിയ ആത്മീയ യാഥാർത്ഥ്യങ്ങളും ഇന്നത്തെ തിരുവചനം നമ്മെ പഠിപ്പിക്കുന്നു.

1) “രക്ഷ” ചിലരുടെ മാത്രം കുത്തകയല്ല, ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കുമുള്ളതാണ്

ദൈവം നൽകുന്ന സൗഖ്യവും രക്ഷയും എല്ലാവർക്കും ഉള്ളതാണ്. ഈ യാഥാർത്ഥ്യം ഇന്നത്തെ ഒന്നാം വായനയും, സുവിശേഷവും നമ്മെ പഠിപ്പിക്കുന്നു. ഒന്നാം വായനയിൽ പ്രധാന കഥാപാത്രമായ നാമാൻ ആരാണ്? നാമാൻ ഒരു ഇസ്രായേൽക്കാരനല്ല, മറിച്ച് സിറിയാക്കാരനാണ്. സിറിയാ രാജാവിന്റെ സൈന്യാധിപനായിരുന്നു. ഇസ്രായേൽക്കാരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ നാമാൻ ഒരു വിജാതീയനാണ്, മറ്റൊരു വർഗ്ഗക്കാരൻ. വിജാതീയനായ ഈ നാമാനാണ് എലീഷാ പ്രവാചകന്റെ വാക്കുകളനുസരിച്ച് ദൈവശക്തിയാൽ സൗഖ്യം പ്രാപിക്കുന്നത്. സുവിശേഷത്തിൽ സൗഖ്യമാക്കപ്പെട്ടപ്പോൾ യേശുവിന്റെ അടുക്കൽ വന്ന് നന്ദി പറഞ്ഞയാൾ ആരാണ്? അവൻ ഒരു സമരിയക്കാരനാണ്. അതായത് വിജാതീയൻ. അതുകൊണ്ടാണ് യേശു ചോദിക്കുന്നത് “ഈ വിജാതീയനല്ലാതെ മറ്റാർക്കും തിരിച്ചുവന്നു ദൈവത്തെ മഹത്വപ്പെടുത്തണം എന്ന് തോന്നിയില്ലേ?” ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത് തന്നെ യേശു ജെറുസലേമിലേക്കുള്ള യാത്രയിൽ സമരിയായ്ക്കും ഗലീലിയ്ക്കും മദ്ധ്യേ കടന്നുപോകുന്നതായി ചിത്രീകരിച്ച് കൊണ്ടാണ്. സമറിയാ ഒരു വിജാതീയ നഗരമായിരുന്നു. യേശുവിന് മുൻപ് സംഭവിച്ച വിപ്രവാസങ്ങളുടെ ഫലമായി സമരിയായിൽ ഇസ്രായേൽക്കാരും വിജാതീയരും (വിദേശികളും) തമ്മിൽ വിവാഹബന്ധത്തിൽ ഏർപ്പെടുകയും, അവരിൽ നിന്ന് ഇസ്രായേൽ-വിജാതീയ സമ്മിശ്രമായ ഒരു ജനവിഭാഗം സമരിയായിൽ രൂപപ്പെടുകയും ചെയ്തിരുന്നു. സ്വാഭാവികമായും മറ്റു ഇസ്രായേൽക്കാർ വിജാതീയവേരുകളുള്ള സമരിയാക്കാരെ അശുദ്ധജനവിഭാഗമായി കണക്കാക്കിയിരുന്നു. ഇങ്ങനെയുള്ള സമറിയാ പ്രദേശത്തിലെ ഗ്രാമത്തിൽ പ്രവേശിച്ചപ്പോഴാണ് യേശുവിന്റെ അടുക്കൽ പത്ത് കുഷ്ഠരോഗികൾ വരുന്നതും, അവരെ സൗഖ്യമാക്കാൻ യേശു തയ്യാറാകുന്നതും. ഈ രണ്ടു വായനകളും നമുക്ക് വിചിന്തനത്തിനായി നൽകിക്കൊണ്ട്, ആദിമ ക്രൈസ്തവസഭയിൽ യേശു പഠിപ്പിച്ച വലിയൊരു പാഠം തിരുസഭ ഇന്ന് നമ്മെയും പഠിപ്പിക്കുകയാണ്. സിറിയാക്കാരനായ നാമാനും, സമരിയാക്കാരനായ വിജാതീയനും സൗഖ്യമാക്കപ്പെട്ട് ദൈവത്തിൽ വിശ്വസിച്ചത് പോലെ, ഏവർക്കും ദൈവത്തിന്റെ രക്ഷ പ്രാപ്യമാണ്, അത് സാർവത്രികമാണ്. ഈ ഒക്ടോബർ മാസം പ്രേഷിതമാസമായി ആചരിക്കുമ്പോൾ രക്ഷയുടെ ഈ വലിയ സത്യം നമുക്ക് മനസ്സിലാക്കാം. യേശുവിന്റെ രക്ഷ എല്ലാപേർക്കും വേണ്ടിയുള്ളതാണ്.

2) ദൈവം അത്ഭുതം പ്രവർത്തിക്കുന്നരീതി

നാമാനിലും, പത്ത് കുഷ്‌ഠരോഗികളിലും ദൈവം പ്രവർത്തിച്ച സൗഖ്യത്തിന്റെ ആഴം മനസ്സിലാക്കണമെങ്കിൽ അക്കാലത്തെ കുഷ്ഠരോഗികളുടെ അവസ്ഥ മനസ്സിലാക്കണം. പഴയനിയമ കാലഘട്ടത്തിലും യേശുവിനെ കാലത്തും കുഷ്ഠരോഗി അശുദ്ധനും, സമൂഹത്തിൽ നിന്ന് പുറന്തള്ളപ്പെട്ടവനും, മറ്റുള്ളവരിൽനിന്ന് അകന്ന് ഏകനായി വസിക്കുകയും ചെയ്യേണ്ടവനാണ് (ലേവ്യർ 13:45-46). കുഷ്ഠരോഗത്തെ ദൈവശിക്ഷയായി കണക്കാക്കിയിരുന്നു. ഈയൊരവസ്ഥയിൽ നിന്ന് സൗഖ്യത്തിലൂടെ അവൻ രോഗത്തിൽ നിന്ന് മുക്തി നേടുക മാത്രമല്ല, വീണ്ടും ദേവാലയം സന്ദർശിക്കാനും, സമൂഹത്തിൽ ഇടപഴകാനും, മറ്റുള്ളവരെ പോലെ ജീവിക്കാനുള്ള പുതിയൊരു സാമൂഹ്യതലത്തിലേയ്ക്ക് ഉയർത്തപ്പെടുകയാണ്. ഈ സൗഖ്യം അവർക്ക് ലഭിച്ചത് അവർ വിഭാവനം ചെയ്ത രീതിയിലല്ല. ആദ്യമായി സിറിയാക്കാരനായ നാമാനെ സൗഖ്യത്തിലേയ്ക്ക് നയിച്ച വഴികൾ നമുക്ക് നോക്കാം. സിറിയാക്കാരനായ രാജാവിന്റെ സൈനീകനായിരുന്നു നാമാൻ. നാമാന്റെ ഭാര്യയുടെ തോഴിയായ അടിമയായ ഇസ്രായേൽ പെൺകുട്ടിയിൽ നിന്നാണ് “എലീഷാ പ്രവാചകനെ കുറിച്ച്” അറിയുന്നത്. നാമാൻ ആ പെൺകുട്ടിയുടെ വാക്കുകൾ കേൾക്കുന്നു, അവൻ ഇസ്രായേൽ രാജാവിനോട് സഹായം അഭ്യർത്ഥിക്കുന്നു, രാജാവ് അവനെ എലീഷാ പ്രവാചകന്റെ അടുക്കലേക്ക് അയക്കുന്നു, ആദ്യം നാമാൻ പ്രവാചകന്റെ വാക്കുകൾ അനുസരിക്കുന്നില്ല. നാമാൻ അവൻ “ആഗ്രഹിച്ച രീതിയിൽ” ദൈവം അവനെ സുഖപ്പെടുത്തണമെന്ന് ശഠിക്കുന്നു (2രാജ.5:1-12). എന്നാൽ പിന്നീട് അവൻ അവന്റെ ഭൃത്യന്മാരുടെ വാക്കുകൾ കേട്ട് ജോർദാൻ നദിയിലിറങ്ങി ഏഴുപ്രാവശ്യം മുങ്ങി (പ്രവാചകൻ പറഞ്ഞതുപോലെ) സൗഖ്യപ്പെട്ടു. തുടർന്ന് ഇസ്രായേലിന്റെതല്ലാതെ മറ്റൊരു ദൈവമില്ല എന്ന് പറഞ്ഞുകൊണ്ട് ദൈവത്തിലുള്ള വിശ്വാസം ഏറ്റുപറയുന്നു.

സുവിശേഷത്തിലാകട്ടെ മനുഷ്യരിൽ നിന്ന് മാറി അകലെ നിന്നിരുന്ന കുഷ്‌ഠരോഗികൾ യേശുവിനോട് “യേശുവേ, ഗുരോ, ഞങ്ങളിൽ കനിയണമേ എന്നപേക്ഷിക്കുകയാണ്” അവരെയും ഒരുപക്ഷേ “അവർ ആഗ്രഹിക്കുന്ന രീതിയിൽ” യേശു സുഖപ്പെടുത്തുന്നില്ല, മറിച്ച് അവരെ പുരോഹിതന്മാരുടെ അടുത്തേയ്ക്ക് (ദേവാലയത്തിനടുത്തേയ്ക്ക്) അയക്കുകയാണ്. ഇത് ഒരു സാധാരണകാര്യം അല്ല. യേശുവിന്റെ വാക്ക് മാത്രം വിശ്വസിച്ച് കുഷ്‌ഠരോഗികളായ അവർ പുരോഹിതന്മാരെ കാണുവാൻ പോകുന്നു. പോകും വഴിയാണ് അവർ സുഖം പ്രാപിക്കുന്നത്. സുഖം പ്രാപിച്ചതിന് ശേഷമല്ല അവർ യേശുവിന്റെ അടുക്കൽ നിന്ന് പുറപ്പെടുന്നത്. അതായത് യേശു സുഖപ്പെടുത്തും എന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. സുഖം പ്രാപിച്ചവരിൽ ഒരുവൻ തിരികെ വന്ന് യേശുവിന്റെ മുന്നിൽ സാഷ്‌ടാഗം പ്രണമിച്ച് നന്ദി പറയുന്നു. മറ്റൊരുവിധത്തിൽ അവൻ യേശുവിനെ ദൈവപുത്രനായ അംഗീകരിച്ച് അവനിലുള്ള വിശ്വാസം ഏറ്റുപറയുകയാണ്.

ഒന്നാം വായനയിലെയും, സുവിശേഷത്തിലെയും സൗഖ്യങ്ങൾ നൽകുന്ന പാഠങ്ങളിതാണ്:
ഒന്നാമതായി; ദൈവത്തിന് നമ്മിൽ അത്ഭുതം പ്രവർത്തിക്കാൻ കഴിയുമെന്നുള്ള അടിയുറച്ച വിശ്വാസം നമുക്ക് വേണം.
രണ്ടാമതായി; ദൈവം അത്ഭുതം പ്രവർത്തിക്കുന്നത് നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ അല്ല, മറിച്ച് ദൈവം ആഗ്രഹിക്കുന്ന രീതിയിലാണ്.
മൂന്നാമതായി; അത്ഭുതവും, സൗഖ്യവും, അനുഗ്രഹങ്ങളും അതിനാൽ തന്നെ പൂർണ്ണമല്ല, അത് ഏകദൈവത്തിലും, അവന്റെ ഏക പുത്രനായ യേശുക്രിസ്തുവിലുമുള്ള വിശ്വാസ സാക്ഷ്യത്തിലേയ്ക്ക് നയിക്കുന്നതാണ്.

3) നമ്മുടെ സമൂഹം “അകറ്റിനിർത്തുന്നവർ”

കുഷ്‌ഠരോഗം ഒരു രോഗമെന്ന നിലയിൽ ആധുനിക സമൂഹത്തെ ഭയപ്പെടുത്തുന്ന ഒന്നല്ല, അത് വരാതിരിക്കാനും സൗഖ്യമാക്കാനുമുള്ള ഉപാധികൾ നമുക്കുണ്ട്. എന്നാൽ കുഷ്‌ഠരോഗികൾക്ക് തുല്യമായി സമൂഹത്തിൽ നിന്ന് നാം അകറ്റി നിർത്തുന്ന വ്യക്തികളോ, ഗ്രൂപ്പുകളോ, വിഭാഗങ്ങളോ ഉണ്ടോയെന്ന് ഒരു ഇടവകയെന്ന നിലയിൽ നാം പരിശോധിക്കണം. പ്രത്യേകിച്ച്, ദാരിദ്ര്യത്തിന്റെയോ, സാമൂഹ്യവ്യവസ്ഥിതിയുടെയോ, അഭിപ്രായ വ്യത്യാസങ്ങളുടെയൊ പേരിൽ അകറ്റി നിറുത്തപ്പെട്ടവർ നമ്മുടെ സമൂഹത്തിലുണ്ടെങ്കിൽ അവരെ സൗഖ്യമാക്കി യേശുവിലേയ്ക്ക് അടുപ്പിക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ഇതാണ് ഇന്നത്തെ തിരുവചനം നൽകുന്ന പ്രായോഗിക പാഠം.

ആമേൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker