Diocese

പള്ളിയിലെ അച്ചന്മാരായാല്‍ ഇങ്ങനെ വേണം

പള്ളിയിലെ അച്ചന്മാരായാല്‍ ഇങ്ങനെ വേണം

മാത്യൂസ്‌ ഡബ്ല്യു വാട്സൺ

വെള്ളറട: അഞ്ചുമരംകാല മുതല്‍ നിലമാംമൂട് വരെയുള്ള റോഡിന്റെ ദുരിതാവസ്ഥയ്ക്ക്‌ പരിഹാരമായത്‌ മുള്ളിലവുവിള സെന്റ്‌ ജോര്‍ജ് ദേവാലയത്തിലെ ഇടവക വികാരിയായ ഫാ.പി.ഇഗ്നേഷ്യസിന്റെ ഇടപെടൽ. പള്ളിയിലെ അച്ചന്മാരായാല്‍ ഇങ്ങനെ വേണമെന്ന് നാട്ടുകാരും.

ഏറെകാലമായി രണ്ട് കുടുംബങ്ങളുടെ തര്‍ക്കംമൂലം, വെള്ളം പോകുന്ന കലുങ്കുകളടക്കമുള്ള വഴി കെട്ടിയടക്കപ്പെടുകയും, റോഡിൽ ഒഴുകി വരുന്ന വെള്ളം അടുത്തവന്റെ വസ്തുവിലൂടെ പോകണം എന്ന മനോഭാവത്തോടെ ഒരാളും, അങ്ങനെ ആവെള്ളം എന്റെ വസ്തുവിലൂടെ ഒഴുകാൻ അനുവദിക്കില്ല എന്ന് വാദിച്ച്‌ കേസ്കൊടുത്തുകൊണ്ട്‌ മറ്റൊരാളും, ഒടുവിൽ ദുരിതത്തിലായത്‌ വഴിയാത്രക്കാരും.

സംഭവത്തിന്റെ നാൾ വഴികളിങ്ങനെ: കലുങ്ക്‌ കെട്ടിയടച്ച് കഴിഞ്ഞ തവണ ഒരു വ്യക്തി സ്റ്റേ വാങ്ങിയെടുത്തു. തുടര്‍ന്ന്, രണ്ടു ഭാഗത്തും തിട്ടയും നടുവില്‍ ചെറിയ കുഴിയോടും കൂടിയ നിരന്ന പ്രസ്തുത സ്ഥലത്ത് മഴ സമയത്ത്‌ വെള്ളം കെട്ടാന്‍ തുടങ്ങി. കാലക്രമേണ അത് വലിയ കുഴിക്ക്‌ രൂപം കൊടുത്തു, വെള്ളക്കെട്ട്‌ രൂപാന്തരപ്പെട്ടു. മഴക്കൊലത്ത് അതുവഴി ഇരുചക്ര വാഹനയാത്ര ഏറെ ദുസ്സഹമായി. വനിതകളടക്കം വെള്ളത്തില്‍ വീണു. പലകോണുകളില്‍ നിന്ന് പ്രതിഷേധം തുടങ്ങി. രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കാളിത്തത്തോടെ പലതവണ അത് വെട്ടിതുറന്ന് വിട്ടു. എന്നാലും അവര്‍ രണ്ടുപേരും നിർബന്ധം പിടിച്ചു നിന്നതിനാൽ വെള്ളക്കെട്ട് അനുദിനം അപകടം വിളിച്ചുവരുത്തികൊണ്ടിരുന്നു. അഞ്ചുമരംകാല മുതല്‍ നിലമാംമൂട് വരെയുള്ള ഭാഗമായതിനാല്‍ നിരവധി വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നുണ്ട്. കുഴി അറിഞ്ഞുകൂടാത്തവരുടെ ഗതി അധോഗതി ആയിരുന്നു.

വെള്ളം കാല്‍മുട്ടുവരെ പൊക്കത്തില്‍ കിടക്കും. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ആഴമില്ലാത്ത, സ്വാഭാവിക വെള്ളക്കെട്ടന്നു തോന്നി വാഹനം വെള്ളക്കെട്ടുമറികടക്കാന്‍ ശ്രമിക്കുമ്പോള്‍ വണ്ടി പകുതിയോളം മുങ്ങുന്ന കുഴികളില്‍ വീഴുന്നത് നിരന്തര കാഴ്ചയായി.

അങ്ങനെയിരിക്കെയാണു റോഡ് ടാറിങ്ങിന് ടെന്റെര്‍ ആയത്. ആ സമയത്താണു മുള്ളിലവുവിള സെന്റ്‌ ജോര്‍ജ് ദേവാലയത്തിലെ ഇടവക വികാരിയായ ഫാ.പി.ഇഗ്നേഷ്സ്‌ രണ്ടുകുടുബങ്ങളേയും വിളിച്ച് സംസാരിക്കുകയും, രണ്ടുപേരുടെ സഹകരണത്തോടെ പഴയവഴി തന്നെ മഴവെള്ളം ഒഴുക്കാന്‍ ധാരണയാക്കുകയും, സമ്മതിപത്രത്തില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ഇതു മൂലം സര്‍ക്കാരിന് വന്‍നഷ്ടം വരുമായിരുന്ന സാഹചര്യം മാറുകയും, തീരാദുരിതത്തിനു അറുതി വരികയും ചെയ്തു.

ജനങ്ങളുടെ ആവശ്യങ്ങളാണ് വലുത് എന്ന് കണ്ട്, കൃത്യമായി ഇടപെട്ട്, നല്ല തീരുമാനത്തിനായി ശ്രമിച്ച ഫാ.ഇഗ്നീഷ്യസ് എന്ന പുരോഹിതന്‍ വലിയൊരു മാതൃകയാണ്. ജനത്തെ സ്നേഹിക്കുന്ന, അവർക്കു വേണ്ടി നിലകൊള്ളുന്ന, സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്ന വൈദീകരോടൊപ്പം ദൈവജനവും മതഭേതമെന്യേ ജനങ്ങളും നിലകൊള്ളുമെന്നതിന്റെ ഉദാഹരണമാണു ഈ സംഭവം. കോടതിയിലേയ്ക്ക്‌ നീണ്ട പ്രശ്നത്തിനു പരിഹാരം കാണാൻ സാധിച്ചതിനർഥം വൈദീകനെ ബഹുമാനിക്കുന്ന, അവരുടെ ഉപദേശങ്ങൽക്കും നിർദ്ദെശങ്ങൽക്കും ചെവികൊടുക്കുന്ന സമൂഹം ഇന്നും എന്നും നിലനിക്കും എന്നുതന്നെയാണു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker