Diocese

മറ്റുള്ളവരെ സഹായിക്കുന്ന ശിമയോന്മാരായി മാറുക, നവീകരണ ജീവിതത്തിലേക്ക് നടക്കുവാൻ വിശുദ്ധവാരം സഹായിക്കട്ടെ; ബിഷപ്പ് വിൻസെന്റ് സാമുവൽ

ചിലപ്പോഴൊക്കെ മനുഷ്യ രക്ഷയ്ക്കുവേണ്ടി നിശബ്ദത ഏറെ സഹായിക്കുന്നു...

ജസ്റ്റിൻ ക്ളീറ്റസ്

നെയ്യാറ്റിൻകര: ജീവിതത്തിൽ മറ്റുള്ളവരെ സഹായിക്കുന്ന ശിമയോന്മാരായി മാറാൻ പരിശ്രമിച്ച് നവീകരണ ജീവിതത്തിലേക്ക് നടക്കുവാൻ വിശുദ്ധവാരം സഹായിക്കട്ടെയെന്ന് നെയ്യാറ്റിൻകര രൂപതാ മെത്രാൻ ബിഷപ്പ് വിൻസെന്റ് സാമുവൽ. വിശുദ്ധവാരത്തിന് തുടക്കം കുറിച്ചുകൊണ്ട് നെയ്യാറ്റിൻകര ഭദ്രാസന ദേവാലയത്തിൽ ഓശാന ഞായറാഴ്ചത്തെ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി വചനസന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. തിരുക്കർമ്മങ്ങൾക്ക് വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ്, ഇടവക വികാരി മോൺ.അൽഫോൻസ് ലിഗോരി എന്നിവർ സഹകാർമികരായി.

യേശുവിന്റെ പ്രസംഗവും പ്രവർത്തികളും എല്ലാ മനുഷ്യരുടെയും രക്ഷയ്ക്ക് കാരണമാകുമായിരുന്നു, എന്നാൽ അവർ നീതിയുടെ വിജയത്തിനുവേണ്ടി കടന്നുവന്ന നീതിയുടെ രാജാവിനെ കുറ്റംചുമത്തി. എങ്കിലും എല്ലാം നിശബ്ദനായി അവിടുന്ന് സഹിച്ചു. അവൻ ആരോപണങ്ങളിൽ പതറുകയോ പ്രതികരിക്കുകയോ ചെയ്തില്ല. ചിലപ്പോഴൊക്കെ മനുഷ്യ രക്ഷയ്ക്കുവേണ്ടി നിശബ്ദത ഏറെ സഹായിക്കുന്നുവെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.

നമ്മുടെ ശരിക്കും കുറവുകളെ ഓർത്ത് പശ്ചാത്തപിച്ച് നേർവഴിയിൽ നടക്കുവാനുള്ള നാളുകളാണ് വിശുദ്ധ വാരത്തിൽ നമുക്ക് ലഭിക്കുന്നതെന്ന് ഉദ്ബോധിപ്പിച്ച ബിഷപ്പ് കുരിശിന്റെ യാത്രയിൽ യേശു പറഞ്ഞ “നിങ്ങൾ നിങ്ങളുടെ മക്കളെ ഓർത്ത് കരയുവിൻ” എന്ന വാക്യവും ഓർമ്മിപ്പിച്ചു. കാരണം, ഇന്നിന്റെ കാലഘട്ടത്തിൽ രക്ഷിതാക്കൾ ഏറ്റവുമധികം വിലപിക്കുന്നത് സ്വന്തം മക്കളെ ഓർത്താണെന്നും, ധാരാളം സ്വപ്നങ്ങൾ കണ്ടു വളർത്തുന്ന അവരുടെ സ്വത്തായ മക്കൾക്ക് ശരിയായ രീതിയിൽ ദൈവത്തെ പകർന്നുകൊടുക്കുന്നതിൽ മാതാപിതാക്കൾ പരാജയപ്പെടുന്നുവെന്നും വിശദീകരിച്ചു.

നാം നമുക്ക് പറ്റിയ തെറ്റുകൾക്ക് പരിഹാരം ചെയ്യുമ്പോൾ പറുദീസ ലഭിക്കുന്നുവെന്നും, കുറവുകൾ മാത്രം കാണാതെ നന്മയുടെ ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഒരു നവീകരണ ജീവിതത്തിലേക്ക് നടക്കുവാൻ നോയമ്പ് കാലം നമ്മെ സഹായിക്കട്ടെയെന്നും ബിഷപ്പ് ആശംസിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker