Sunday Homilies

മരിച്ചവരുടെയല്ല ജീവിക്കുന്നവരുടെ ദൈവം

"ക്രിസ്ത്യാനിയായത് കൊണ്ട് മാത്രം" പീഡനം നേരിടേണ്ടി വരുന്ന ആധുനികലോകത്തിലെ ക്രൈസ്തവ സമൂഹത്തിന് ഈ വചനം ഊർജ്ജം പകരുന്നു...

ആണ്ടുവട്ടം മുപ്പത്തിരണ്ടാം ഞായർ

ഒന്നാം വായന : 2മക്കബായർ 7: 1-2, 9-14
രണ്ടാം വായന : 2: 16-3:5
സുവിശേഷം : വി.ലൂക്കാ 20: 27-38

ദിവ്യബലിക്ക് ആമുഖം

“ദൈവത്തിന്റെ സ്നേഹത്തിലേയ്ക്കും ക്രിസ്തു നൽകുന്ന സ്ഥൈര്യത്തിലേയ്ക്കും കർത്താവ് നിങ്ങളുടെ ഹൃദയങ്ങളെ നയിക്കട്ടെ” എന്ന വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ ആശംസയോടെയാണ് (രണ്ടാം വായന) തിരുസഭ ഇന്ന് നമ്മെ സ്വാഗതം ചെയ്യുന്നത്. നാം ആരാധനാക്രമവത്സരത്തിന്റെ അവസാനത്തോടടുക്കുമ്പോൾ ഇന്നത്തെ ഒന്നാം വായനയിലൂടെയും, സുവിശേഷത്തിലൂടെയും പുനരുത്ഥാനത്തെക്കുറിച്ചും, മരണാനന്തര ജീവിതത്തെക്കുറിച്ചും മനസ്സിലാക്കാനും, ധ്യാനിക്കാനുമായി തിരുസഭ നമ്മെ ക്ഷണിക്കുന്നു. തിരുവചനം ശ്രവിക്കാനും ബലിയർപ്പിക്കാനുമായി നമുക്കൊരുങ്ങാം.

ദൈവ വചന പ്രഘോഷണകർമ്മം

പുനരുത്ഥാനവും, പുനരുത്ഥാന ജീവിതവുമാണ് ഇന്നത്തെ തിരുവചനങ്ങളുടെ മുഖ്യപ്രമേയം. പ്രത്യേകിച്ച് ഒന്നാം വായനയേയും സുവിശേഷത്തേയും ബന്ധിപ്പിക്കുന്ന കണ്ണി “പുനരുത്ഥാനം” തന്നെയാണ്. നമുക്കീ വചനങ്ങളെ വിചിന്തനവിധേയമാക്കാം.

1) സഹിക്കുന്നവർക്ക് ലഭിക്കുന്ന നിത്യജീവൻ (ഒന്നാം വായനയുടെ വ്യാഖ്യാനം)

ഇന്നത്തെ ഒന്നാം വായനയിൽ മക്കബായരുടെ പുസ്തകത്തിൽ നിന്നുള്ള അതിക്രൂരമായ മതപീഡനത്തിന്റെ രംഗമാണ് നാം ശ്രവിച്ചത്. ഗ്രീക്ക് രാജാവായ അന്തിയോക്കോസ് എപ്പിഫാനസ് നാലാമൻ (ബി.സി. 175-164) യഹൂദമതവും, മതാചാരങ്ങളും, മതഗ്രന്ഥമായ തോറയും നിരോധിച്ചു. ജറുസലേം ദേവാലയം വിജാതിയ ഗ്രീക്ക് ദേവനായ സ്യൂസിന് സമർപ്പിക്കുകയും, വിജാതീയ ബലിയർപ്പണം ദേവാലയത്തിൽ നടപ്പിലാക്കുകയും ചെയ്തു. ഗ്രീക്ക് ദൈവങ്ങളെ ആരാധിക്കാത്തവരും, ആ ദൈവങ്ങൾക്ക് അർപ്പിക്കപ്പെട്ട ഭക്ഷണം കഴിക്കാത്തവരെയും കൊടിയപീഡനങ്ങൾക്ക് വിധേയമാക്കി. അത്തരത്തിൽ, പന്നി മാംസം ഭക്ഷിക്കാൻ നിർബന്ധിക്കപ്പെടുകയാണ് ഒരു ഭക്തയായ യഹൂദ അമ്മയെയും, അവരുടെ ഏഴു മക്കളും. അവളുടെ മക്കളോരോരുത്തരും വിശ്വാസ തീക്ഷ്ണതയാൽ മരണം വരിക്കുന്നു. അവരുടെ രക്തസാക്ഷിത്വത്തിന് മുൻപ് “മരിക്കുന്നവരുടെ പുനരുത്ഥാനത്തെ” കുറിച്ച് അവർ നൽകുന്ന സാക്ഷ്യമാണ് നമുക്കുള്ള സന്ദേശം. പഴയ നിയമത്തിൽ തന്നെ ആദ്യമായിട്ട് മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് വ്യക്തമായും, ആധികാരികമായും സൂചിപ്പിക്കുന്നത് മക്കബായരുടെ പുസ്തകത്തിലാണ്. രക്തസാക്ഷിത്വം വരിച്ച സഹോദരങ്ങൾ മരണത്തിന് അവരെ ദൈവത്തിൽനിന്ന് വേർപെടുത്താൻ കഴിയില്ലെന്നും, അവർ അനുഭവിക്കുന്ന കൊടിയപീഡനങ്ങൾക്ക് പ്രതിഫലമായി അവർക്ക് അനശ്വരമായ നവജീവൻ ലഭിക്കുമെന്നും, ദൈവത്തിൽ പ്രത്യാശ അർപ്പിക്കുന്നവന്റെ ജീവിതം വെറും മരണത്തിൽ അവസാനിക്കുന്നില്ലെന്നും സാക്ഷ്യം നൽകുന്നു.

2) പുനരുത്ഥാനത്തെക്കുറിച്ച് യേശു ആധികാരികമായി സംസാരിക്കുന്നു (സുവിശേഷ വ്യാഖ്യാനം)

സദുക്കായരും യേശുവും തമ്മിലുള്ള പുനരുത്ഥാനത്തെക്കുറിച്ചുള്ള വാഗ്വാദമാണ് നാമിന്ന് സുവിശേഷത്തിൽ ശ്രവിച്ചത്.

ആരാണ് സദുക്കായർ?

യഹൂദ മതത്തിലെ ഒരു വിഭാഗം, പുരോഹിത ഗണത്തിലെ ഏറ്റവുമുയർന്നവരും, കുലീനരും പാണ്ഡിത്യവുമുള്ളവരായിരുന്നു സദുക്കായ വിഭാഗത്തിലുണ്ടായിരുന്നത്. മോശയുടെ പേരിലുള്ള പഞ്ചഗ്രന്ഥിയിൽ (ഉൽപ്പത്തി, പുറപ്പാട്, ലേവ്യർ, സംഖ്യ, നിയമാവർത്തനം) മാത്രമേ ഇവർ വിശ്വസിച്ചിരുന്നുള്ളൂ. വാമൊഴിയായി കിട്ടിയ ഒരു പാരമ്പര്യത്തിലും അവർ വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ, പിൽക്കാലത്ത് ഉരുത്തിരിഞ്ഞുവന്ന “പുനരുത്ഥാന”ത്തെക്കുറിച്ചുള്ള ചിന്തകളോ, പഠനങ്ങളോ അവർ അംഗീകരിച്ചില്ല. “പുനരുത്ഥാനം” ഇല്ല എന്ന് അവർ വിശ്വസിച്ചു. അതോടൊപ്പം, “പുനരുത്ഥാനം” എന്ന യാഥാർത്ഥ്യത്തെ തെറ്റായി മനസ്സിലാക്കി. പുനരുത്ഥാനത്തെ ഈ ലോക ജീവിതത്തിന്റെ തുടർച്ചയായി ചിത്രീകരിക്കാൻ ശ്രമിച്ചു.

ഈ ചിന്തയുടെ അടിസ്ഥാനത്തിലാണ് അവർ യേശുവിനോടു ചോദിക്കുന്നത്: “ഒരിടത്ത് ഏഴുസഹോദരന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ വിവാഹംചെയ്തു. അവൻ സന്താനമില്ലാതെ മരിച്ചു. അനന്തരം രണ്ടാമനും, പിന്നെ മൂന്നാമനും അവളെ ഭാര്യയായി സ്വീകരിച്ചു. അങ്ങനെ ഏഴുപേരും സാന്താനമില്ലാതെ മരിച്ചു. പുനരുത്ഥാനത്തിൽ അവൾ ആരുടെ ഭാര്യയായിരിക്കും”. ഈ ചോദ്യത്തിന്റെ അടിസ്ഥാനം മോശയുടെ നിയമം തന്നെയാണ്. നിയമാവർത്തന പുസ്തകം 25 അധ്യായം 5-6 വാക്യങ്ങൾ: “സഹോദരന്മാർ ഒരുമിച്ച് താമസിക്കുമ്പോൾ അവരിൽ ഒരാൾ പുത്രനില്ലാതെ മരിച്ചാൽ, അവന്റെ ഭാര്യ അന്യനെ വിവാഹം ചെയ്തുകൂടാ. ഭർത്താവിന്റെ സഹോദരൻ അവളെ പ്രാപിക്കുകയും, ഭാര്യയായി സ്വീകരിച്ച്, സഹോദരധർമ്മം നിർവഹിക്കുകയും വേണം. പരേതനായ സഹോദരന്റെ നാമം ഇസ്രായേലിൽ നിന്ന് മാഞ്ഞു പോകാതിരിക്കാൻ അവളുടെ ആദ്യജാതന് അവന്റെ പേരിടണം”. മോശയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട്, ഉത്തരം മുട്ടിക്കുന്നചോദ്യം ചോദിച്ചു കൊണ്ട് യേശുവിനെ പരിഹാസ പാത്രമാക്കാനാണ് സദുക്കായർ ശ്രമിച്ചത്. എന്നാൽ, അവർക്കുള്ള മറുപടി മോശയെ ഉദ്ധരിച്ചുകൊണ്ട് തന്നെ നൽകി. സദുക്കായർ വിശ്വസിച്ചിരുന്ന പുറപ്പാട് പുസ്തകത്തിലെ സംഭവം എടുത്തു പറഞ്ഞു കൊണ്ട് യേശു അവരെക്കാൾ വലിയ ഗുരുവാണെന്ന് തെളിയിക്കുന്നു.

പുനരുത്ഥാനം എന്നത് ഇപ്പോഴുള്ള ജീവിതത്തിന്റെ വെറും തുടർച്ചയല്ല (അങ്ങനെയാണെങ്കിൽ ജീവിച്ചിരിക്കുമ്പോൾ രോഗിയായിരിക്കുന്നവൻ മരണാനന്തര ജീവിതത്തിലും രോഗിയായിരിക്കണം). പുനരുത്ഥാനമെന്നത് “പൂർണ്ണതയുള്ള പുതിയൊരു ജീവിതമാണ്”. ഈ ലോകജീവിതത്തിലെ സുപ്രധാനഘടകങ്ങളായ വിവാഹവും മരണവും പുനരുത്ഥാനത്തിന് ശേഷം ഇല്ല. മരിക്കുന്നവനാണ് അവകാശികളെ സൃഷ്ടിക്കേണ്ടത്. പുനരുത്ഥാനത്തിന് ശേഷം മരണമില്ലെങ്കിൽ പിന്നെന്തിന് അവകാശികളെ സൃഷ്ടിക്കാൻ വിവാഹബന്ധം സൂക്ഷിക്കണം.

പുനരുത്ഥാനത്തെക്കുറിച്ച് പുറപ്പാട് പുസ്തകത്തിൽ തന്നെയുള്ള സൂചനകൾ മോശ പറഞ്ഞത് യേശു ആവർത്തിക്കുന്നു (പുറപ്പാട് 3:6). നമ്മുടെ ദൈവം അബ്രഹാത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമാണ്. അവർ എന്നെന്നേയ്ക്കുമായി മരിച്ചെങ്കിൽ എങ്ങനെയാണ് അവരുടെ ദൈവമെന്ന് (വർത്തമാന കാലത്തിൽ) പറയാൻ സാധിക്കുന്നത്. അതിന്റെ അർത്ഥം അവർ ജീവിക്കുകയാണ്, അവരെപ്പോലെ ദൈവത്തിൽ വിശ്വസിക്കുന്നവരെല്ലാം ജീവിക്കുന്നു. അവരെല്ലാം ദൈവത്തിൽനിന്ന് വിശ്വസിച്ചതുകൊണ്ട് ദൈവത്തിന്റെ നിത്യതയിലും, പൂർണ്ണതയിലും അവരും എന്നെന്നേയ്ക്കുമായി പങ്കാളികളാകും, ദൈവദൂതന്മാർക്ക് തുല്യരാകും. മനുഷ്യന്റെ മരണത്തിനപ്പുറവും ഒരു ഭാവിനൽകാൻ ദൈവത്തിന് കഴിയും. എന്നാലത് മനുഷ്യൻ വിഭാവനചെയ്യുന്നത് പോലെയല്ല എന്ന് യേശു ഉറപ്പിച്ചു പറയുന്നു.

ഉപസംഹാരം

പുനരുത്ഥാനം ഉണ്ടോ? പുനരുത്ഥാനത്തിൽ മനുഷ്യന്റെ അവസ്ഥ പ്രകാരമായിരിക്കും? എന്നീ രണ്ടു സുപ്രധാന ചോദ്യങ്ങൾക്ക് ഇന്ന് യേശു വ്യക്തമായി ഉത്തരം നൽകുന്നു. അതോടൊപ്പം ദൈവത്തിനുവേണ്ടി ഞെരുങ്ങുകയും, സഹിക്കുകയും, പീഡനം അനുഭവിക്കുകയും, കൊല്ലപ്പെടുകയും ചെയ്യുന്നവർക്ക് ദൈവത്തോടൊപ്പം നിത്യജീവനുണ്ട് എന്ന ഉറപ്പും ഇന്നത്തെ ഒന്നാം വായന നൽകുന്നു. “ക്രിസ്ത്യാനിയായത് കൊണ്ട് മാത്രം” പീഡനം നേരിടേണ്ടി വരുന്ന ആധുനികലോകത്തിലെ ക്രൈസ്തവ സമൂഹത്തിന് ഈ വചനം ഊർജ്ജം പകരുന്നു. നമ്മുടെ പ്രിയപ്പെട്ടവരെ ഓർമ്മിക്കുന്ന ഈ നവംബർ മാസം പുനരുത്ഥാനത്തെക്കുറിച്ചുള്ള ഈ വാക്കുകൾ നമുക്ക് ആശ്വാസവും, നമ്മുടെ ജീവിതത്തിന് പ്രതീക്ഷയും നൽകുന്നു.

ആമേൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker