Vatican

അള്‍ത്താര ശുശ്രൂഷകര്‍ക്കായി ഫ്രാൻസിസ്‌ പാപ്പായുടെ സന്ദേശം; ‘അള്‍ത്താര ശുശ്രൂഷ യേശുവിന്റെ വിളി’

അള്‍ത്താര ശുശ്രൂഷകര്‍ക്കായി ഫ്രാൻസിസ്‌ പാപ്പായുടെ സന്ദേശം; 'അള്‍ത്താര ശുശ്രൂഷ യേശുവിന്റെ വിളി'

ഫാ.വില്യം നെല്ലിക്കല്‍

വത്തിക്കാൻ സിറ്റി: ഫ്രാന്‍സിലെ അള്‍ത്താര ശുശ്രൂഷകരുടെ കൂട്ടായ്മയ്ക്ക് ഫ്രാന്‍സിസ് പാപ്പാ നൽകിയ വീഡിയോ സന്ദേശത്തിലാണു അള്‍ത്താര ശുശ്രൂഷയെന്നാൽ, അൾത്താരയിൽ ശുശ്രൂഷ ചെയ്യുകയെന്നാൽ അത്‌ ‘യേശുവിന്റെ വിളി’യാണെന്ന് ഓർമ്മിപ്പിക്കുന്നത്‌. 2020-ൽ വത്തിക്കാനില്‍ സംഗമിക്കാന്‍ പോകുന്ന ഫ്രാന്‍സിലെ അള്‍ത്താര ശുശ്രൂഷകരുടെ റോമിലേയ്ക്കുള്ള തീര്‍ത്ഥാടനത്തിന് ഒരുക്കമായിട്ടാണ് നവംബര്‍ 12-Ɔο തിയതി ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിലേയ്ക്ക് പ്രത്യേക സന്ദേശം അയച്ചത്.

ഒന്നാമതായി: അള്‍ത്താര ശുശ്രൂഷ – യേശുവിന്റെ വിളിയാണു. പരിശുദ്ധമായ വിരുന്നു മേശയിലെ ശുശ്രൂഷകരായി യുവജനങ്ങളെ വിളിക്കുന്നത് യേശുവാണ്. എല്ലാവര്‍ക്കും അവിടുത്തെ അടുത്തറിയുവാനും സ്നേഹിക്കുവാനും, അനുഭവിക്കുവാനും സമര്‍പ്പിക്കുവാനുമായി ലഭിക്കുന്ന അത്യപൂര്‍വ്വമായ അവസരമാണ് ദിവ്യബലിയിലെ ശുശ്രൂഷ.

രണ്ടാമതായി: സ്നേഹശുശ്രൂഷയ്ക്കുള്ള ആഹ്വാനമാണിത്‌. യേശുവിന്റെ സമാധാനത്തില്‍ പോകുവിന്‍! എന്ന ആഹ്വാനത്തോടെയാണ് ദിവ്യബലി സമാപിക്കുന്നത്. അതായത് ദിവ്യബലിക്കുശേഷം ഓരോരുത്തരുടെയും ജീവിതചുറ്റുപാടുകളിലുള്ള സഹോദരങ്ങളെ ശുശ്രൂഷിക്കുവാനും സഹായിക്കുവാനും ഇറങ്ങിപ്പുറപ്പെടണമെന്നതാണ് ഈ സമാപനാഹ്വാനം നല്കുന്ന പ്രചോദനം. ഒരു ദൗത്യത്തോടെ നാം പറഞ്ഞയയ്ക്കപ്പെടുകയാണ്. സ്നേഹത്തിന്റെയും സമാധാനപൂര്‍ണ്ണമായ ജീവിതത്തിനുമുള്ള ദൗത്യമാണതെന്ന് മറന്നുപോകരുതെന്ന് പാപ്പാ സന്ദേശത്തില്‍ അനുസ്മരിപ്പിക്കുന്നു.

മൂന്നാമതായി: അപ്പസ്തോല പ്രമുഖരുടെ മാതൃകയാണിത്‌. റോമില്‍ തീര്‍ത്ഥാടകരായി എത്തുമ്പോള്‍ പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ സ്മൃതിമണ്ഡപങ്ങള്‍ റോമിലും വത്തിക്കാനിലുമായി എല്ലാവരും സന്ദര്‍ശിക്കും. ക്രിസ്തുവിന്റെ ആഹ്വാനം അനുസരിച്ച് സുവിശേഷം പ്രഘോഷിക്കാന്‍ ഇറങ്ങി പുറപ്പെട്ടവരാണ് ഈ രണ്ടു പ്രേഷിതരും. പൊതുവെ നാം ഇന്നു സമൂഹത്തില്‍ കാണുന്ന പ്രതിഷേധത്തിന്റെയും വിമര്‍ശനത്തിന്റെയും മനോഭാവത്തിന് അതീതമായി ക്രിസ്തീയ ജീവിതത്തില്‍ ഉറച്ചുനില്ക്കാന്‍ വലിയ പ്രചോദനമായിരിക്കും ക്രിസ്തുവിന്റെ സുവിശേഷത്തിനായി സ്വയാര്‍പ്പണം ചെയ്ത അപ്പസ്തോലന്മാരുടെ മാതൃക. അതുപോലെ, ഇന്നിന്റെയും ജീവിതചുറ്റുപാടുകളിലെ വിമര്‍ശനത്തെയും എതിര്‍പ്പുകളെയും അതിജീവിച്ച് ക്രിസ്തുവിന്റെ സ്നേഹിതരും ശിഷ്യരുമായി ജീവിക്കുവാനുള്ള കരുത്ത് ഈ മഹാഅപ്പസ്തോലന്മാരില്‍നിന്ന് ഉള്‍ക്കൊള്ളണമെന്ന് പാപ്പാ യുവാക്കളെ അനുസ്മരിപ്പിക്കുന്നു.

നാലാമതായി: കൂട്ടായ്മയുടെ ശക്തിയാണു ഈ കൂടിവരവ്‌ എന്ന് പാപ്പാ പറയുന്നു. അടുത്ത വേനല്‍ അവധിക്കാലത്ത് ഒരുമിച്ചു കാണാമെന്നു പ്രസ്താവിച്ച പാപ്പാ, ഇനിയും അറിയാത്തവരും പരിചയപ്പെടാത്തവരും, എന്നാല്‍ ഒരേ വിശ്വാസത്തിലുള്ള യുവജനങ്ങളുമായുള്ള നേര്‍ക്കാഴ്ചയ്ക്കു വലിയ വേദിയായിരിക്കും ആ തീര്‍ത്ഥാടനമെന്നും സൂചിപ്പിച്ചു. അതുപോലെ ഇനിയും അള്‍ത്താരവേദിയില്‍ ശുശ്രൂഷകരാകാന്‍ ആഗ്രഹമുള്ള യുവതീയുവാക്കളെയും ഈ തീര്‍ത്ഥാടനത്തില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. ക്രൈസ്തവര്‍ ഒറ്റയ്ക്കല്ല. കൂടുതല്‍ കരുത്തും ഓജസ്സ് ആര്‍ജ്ജിക്കുന്നതും, ജീവിതത്തില്‍ മുന്നോട്ടുപോകാനുള്ള ധൈര്യം സംഭരിക്കുന്നതും കൂട്ടായ്മയിലാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

അവസാനമായി: ‘പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്’ എന്ന ഓർമ്മപ്പെടുത്തലാണു. 2020 ആഗസ്റ്റ് 24-മുതല്‍ 28-വരെയുള്ള അവരുടെ തീര്‍ത്ഥാടന നാളുകള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും, അവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നതായും പാപ്പാ കൂട്ടിച്ചേര്‍ത്തു. തന്റെ ജോലി ഭാരിച്ചതാണെന്നും, അതിനാല്‍ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അള്‍ത്താരശുശ്രഷകരോട് സന്ദേശത്തിന്റെ അവസാന ഭാഗത്ത് പാപ്പാ അഭ്യര്‍ത്ഥിച്ചു. തുടർന്ന്, ഏവര്‍ക്കും അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ട്‌ സന്ദേശം ഉപസംഹരിക്കുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker