Kazhchayum Ulkkazchayum

എനിക്കും ഈശോയ്ക്കും ഒരേ അമ്മ

ഞാനാവാക്കുകൾ ദൈവ വചനം പോലെ ഹൃദയത്തിൽ കുറിച്ചിട്ടു...

സഹൃദയസമ്പന്നരായ സഭാ വാസികളെ, ഗുരുഭൂതന്മാരെ, സഹപാഠികളെ, സുഹൃത്തുക്കളെ. ഞാൻ പറയാൻ പോകുന്ന കഥയുടെ പേരാണ് “എനിക്കും ഈശോയ്ക്കും ഒരേ അമ്മ”. ഇത് ഒരു സംഭവ കഥയാണ്… അതെ… ഇത് എന്റെ കഥയാണ്… “ആൻ മേരി”യുടെ അഞ്ചാം പിറന്നാളാണിന്ന്. ഓച്ചൻ തുരുത്തിലെ പുരാതനമായ “മുക്കത്ത്” കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അമ്മ പള്ളിപ്പുറം” മഞ്ഞു മാതാ” ദേവാലയത്തിനടുത്തുള്ള “കൈതത്തറ” കുടുംബത്തിലുള്ളതാണ്. പപ്പയുടെ പേര് ‘സെബാസ്ത്യൻ’, അമ്മയുടെ പേര് ‘സെലീന’. ഞാൻ മൂന്നാമത്തെ മകൾ ആയിട്ടാണ് ജനിച്ചത്. കൃത്യമായി പറഞ്ഞാൽ 2007 ഡിസംബർ മാസം ഇരുപത്തിനാലാം തീയതി രാത്രി 12 അഞ്ചിനാണ്. അതായത്, ക്രിസ്മസ് രാത്രി… 2008 ജനുവരി ഒന്നിന് “ദൈവ മാതാവിന്റെ” തിരുനാൾ ദിവസം 11.30-നായിരുന്നു ജ്ഞാനസ്നാനം. അതുകൊണ്ടാണ് എനിക്ക് “ആൻമേരി” എന്ന പേരിട്ടതെന്ന് അമ്മ പറയാറുണ്ട്.

പപ്പയ്ക്ക് സൗദിയിൽ ഒരു എണ്ണ കമ്പനിയിൽ എൻജിനീയറായിട്ടാണ് ജോലി. അമ്മ എറണാകുളം സെന്റ് തെരേസാസ് കോളേജിലെ കെമിസ്ട്രി പ്രൊഫസറാണ്. പപ്പാ ഒരു വർഷത്തിൽ മൂന്നു തവണ നാട്ടിൽ വരും. കമ്പനിയുടെ ചെലവിലാണ് വരവും പോക്കും. ഓരോ വരവിലും രണ്ടുമാസക്കാലം അവധി കിട്ടും. പപ്പാ ഓച്ചൻ തുരുത്ത് കുരിശിങ്കൽ പള്ളിയിലെ സെന്റ് വിൻസെന്റിപോൾ സൊസൈറ്റിയിലെ അംഗമാണ്. പാവങ്ങളെ വളരെയധികം സഹായിക്കുന്ന ഒരു ഭക്തസംഘടനയാണ്. പപ്പയും അമ്മയും പഠിക്കുന്ന പാവപ്പെട്ട കുട്ടികളെ കൈയയച്ച് സഹായിക്കും. അമ്മ ഇടവകയിലെ കെ.എൽ.സി.ഡബ്ല്യു.എ.യുടെ പ്രസിഡന്റാണ്. സ്ത്രീകൾക്ക് ഉപകാരപ്രദമായ ഒത്തിരിയേറെ സ്വയം തൊഴിൽ പദ്ധതികൾക്ക് നേതൃത്വം കൊടുക്കുന്നുണ്ട്.

എന്റെ മൂത്ത ചേച്ചി ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ മെഡിസിന് പഠിക്കുന്നു. ചേച്ചിയുടെ പേര് “ക്രിസ്റ്റൽ മേരി” എന്നാണ്. രണ്ടാമത്തെ ചേച്ചി നിർമ്മൽ മേരി, പാലായിൽ എൻട്രൻസ് കോച്ചിംഗിന് പഠിക്കുന്നു. എല്ലാവരും നല്ലവണ്ണം പഠിക്കും. അവരുമായി താരതമ്യപ്പെടുത്തിയാൽ പഠനകാര്യത്തിൽ ഞാൻ അത്ര മെച്ചമല്ല എന്നാണ് അമ്മയുടെ വിലയിരുത്തൽ. പക്ഷേ പപ്പയ്ക്ക് അങ്ങനെ ഒരു അഭിപ്രായം ഇല്ല. എനിക്ക് പാട്ടിനും ഡാൻസിനും വളരെ താല്പര്യമാണ്. ഭാവിയിൽ എന്തായിത്തീരണമെന്ന് ഞങ്ങളോട് പപ്പയും അമ്മയും ചോദിക്കുമ്പോൾ, മൂത്ത ചേച്ചിയ്ക്ക് ഡോക്ടറാകണം രണ്ടാമത്തെ ചേച്ചിക്ക് ഒരു ശാസ്ത്രജ്ഞയാകണം എന്നാണ് പറഞ്ഞിരുന്നത്. എന്റെ ഊഴം വരുമ്പോൾ ഞാൻ പറയും എനിക്കൊരു വക്കീൽ ആകണം… പിന്നെ… പിന്നെ… ഒരു സിസ്റ്റർ ആകണം… എല്ലാവരും ചിരിക്കും. പക്ഷേ ഞാൻ വെറുതെ പറയുന്നതല്ലാ… ഓച്ചൻ തുരുത്തിലെ കുരിശിങ്കൽ പള്ളിയോടു ചേർന്ന് സെന്റ് തെരേസാ കോൺവെന്റ് ഉണ്ട്. സിസ്റ്റേഴ്സുമായിട്ട് ഞാൻ നല്ല കൂട്ടാണ്. അതായിരിക്കും ഒരു സിസ്റ്റർ ആകാൻ കൂടുതൽ എന്നെ പ്രേരിപ്പിച്ചത് എന്ന് ഞാൻ കരുതുകയാണ്.

സാമ്പത്തികമായി നല്ല സ്ഥിതിയിൽ ആണെങ്കിലും ആർഭാടവും ധൂർത്തും നടത്താറില്ല. പിന്നെ വീട്ടിൽ ചില ചിട്ടകളും, ക്രമങ്ങളും പാലിക്കണം. എല്ലാ ദിവസവും പള്ളിയിൽ ദിവ്യബലിക്ക് പങ്കെടുക്കണം, കുടുംബപ്രാർത്ഥന മുടങ്ങാൻ പാടില്ല, ജപമാല പ്രാർത്ഥന കഴിഞ്ഞ് ബൈബിൾ ഭാഗം വായിച്ച് വിചിന്തനം നടത്തണം, വൈദികരെ കുറിച്ചോ സിസ്റ്റേഴ്സിനെ കുറിച്ചോ കുറ്റം പറയാനോ വിമർശിക്കാൻ പാടില്ല… ഇതൊക്കെ ഇപ്പോൾ ഒരു ശീലമായിട്ടുണ്ട്.

ഓച്ചൻ തുരുത്തും, പള്ളിപ്പുറവും ചുറ്റുപാടും കടലും കായലും കൈകോർക്കുന്ന നയനമനോഹരമായ ദൃശ്യങ്ങളാണ്. പക്ഷേ എനിക്കിഷ്ടം കുന്നും, മലയും, വനവും, താഴ് വാരവും നിറഞ്ഞ പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനാണ്… പപ്പ വരുമ്പോൾ തേക്കടി, ഊട്ടി, കൊടൈക്കനാൽ, മൂന്നാർ, വാഗമൺ, പൊന്മുടി… കുടുബസമേതം വിനോദ യാത്ര പോകും. ഒരിക്കൽ മലമ്പുഴയിൽ പൂന്തോട്ടത്തിൽ നിന്ന് പൂ പരിച്ചതിന്റെ പേരിൽ പപ്പ എന്നെ ശരിക്കും വഴക്കു പറഞ്ഞു… അത് എനിക്ക് മറക്കാൻ കഴിയാത്തതായിരുന്നു. പപ്പയുടെയും അമ്മയുടെയും വിവാഹ വാർഷികവും, മക്കളുടെ ജന്മ നാളും ആഘോഷിക്കുമായിരുന്നു. എന്റെ പിറന്നാൾ ക്രിസ്മസ് ദിനത്തിൽ ആയിരുന്നതിനാൽ ഡിസംബറിൽ പപ്പ കൃത്യമായി നാട്ടിൽ ഉണ്ടാകും. പതിവിനു വിപരീതമായി എന്റെ അഞ്ചാം പിറന്നാൾ “വേളാങ്കണ്ണി” പള്ളിയിൽ വെച്ച് നടത്താൻ തീരുമാനിച്ചു. വിശേഷ ദിനങ്ങളിൽ തീർഥാടന കേന്ദ്രങ്ങളിൽ പോയി പ്രാർത്ഥിക്കാറുണ്ട്.

2007 ഡിസംബർ 24-ന് രാവിലെ വേളാങ്കണ്ണിയിൽ എത്തി. എനിക്കുവേണ്ടി നേർച്ച കുർബാന നടത്തി. ക്രിസ്തുമസ്സ് പാതിരാ കുർബാനയിൽ പങ്കെടുത്ത് പിറ്റേദിവസം മടങ്ങിവരാൻ ആയിരുന്നു തീരുമാനം. എന്റെ നിർബന്ധപ്രകാരം കല്ലുമാലയും, കക്കയും, ചിപ്പിയും കൊണ്ടുള്ള കരകൗശല വസ്തുക്കൾ വാങ്ങാൻ ഞാനും അമ്മയും കടപ്പുറത്തേക്ക് പോയി. പപ്പയും ചേച്ചിമാരും പള്ളിയിൽ തന്നെ ചെലവഴിച്ചു. ഹായ്… കടലിൽ കൂറ്റൻ തിരമാലകൾ ഉയർന്നു താഴ്ന്നു അത് കാണാൻ നല്ല രസം… ഞാൻ കുറച്ചു മാറി ആ കാഴ്ച നോക്കിയിരിക്കുകയായിരുന്നു.

പെട്ടെന്നാണ് അത് സംഭവിച്ചത്… കടൽ പ്രക്ഷുബ്ധമായി… നൂറുകണക്കിന് ആൾക്കാരെ തിരകൾ വിഴുങ്ങി… അത് “സുനാമി” തിരയായിരുന്നു. ആരോ എന്നെ കരയിലേക്ക് എടുത്തെറിഞ്ഞു… പക്ഷേ കടൽ എന്റെ അമ്മയെയും വിഴുങ്ങി… അമ്മയില്ലാതെ മൂന്നുദിവസം കഴിഞ്ഞ് ഞങ്ങൾക്ക് മടങ്ങേണ്ടിവന്നു… അമ്മയുടെ മൃതശരീരം പോലും കിട്ടിയില്ല. 2007 ഡിസംബറും, എന്റെ അഞ്ചാം പിറന്നാളും ഒരിക്കലും ഉണക്കാൻ കഴിയാത്ത മുറിവുകളായി. അപ്പൻ സൗദിയിലെ എണ്ണ കമ്പനിയിൽ നിന്ന് രാജി വെച്ചു. പലരും ഞങ്ങളെ ആശ്വസിപ്പിച്ചു… പക്ഷേ ഞാൻ മാനസികമായി തളർന്നു പോയി…

ചില മാനസിക വിഭ്രാന്തി കാണിച്ചപ്പോൾ എന്നെ എറണാകുളം ലൂർദ് ആശുപത്രിയിൽ വിഭാഗം ഡോക്ടറെ കാണിച്ചു. കൗൺസിലിംഗും മറ്റു ചികിത്സകളും നടത്തി. 11 ദിവസം കഴിഞ്ഞ് വീട്ടിലേക്ക് വരാനുള്ള ദിവസം രാവിലെ 8.30-ന് ഫ്രാൻസിസ് കല്ലറക്കൽ പിതാവ് എന്നെ ആശ്വസിപ്പിക്കാൻ വന്നു. പോകാൻ സമയം എന്നോട് പറഞ്ഞു “ഇനി മുതൽ മോൾക്കും ഈശോയ്ക്കും ഒരേ അമ്മ”… ഞാനാവാക്കുകൾ ദൈവ വചനം പോലെ ഹൃദയത്തിൽ കുറിച്ചിട്ടു. അതെ… ഇനി മുതൽ ഈശോയ്ക്കും എനിക്കും ഒരേ അമ്മ…!!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker