Sunday Homilies

Epiphany_Sunday_Year A_അതിരുകളില്ലാത്ത ദൈവം

നമ്മുടെ ഇടവകയിൽ എവിടെയൊക്കെയാണോ സജീവമാകാനും പ്രവർത്തിക്കാനും സാധിക്കുന്നത് അവിടെയെല്ലാം നമുക്ക് സജീവമാക്കാം...

പ്രത്യക്ഷീകരണ തിരുനാൾ

ഒന്നാം വായന: ഏശയ്യ 60: 1-6
രണ്ടാം വായന: എഫേസോസ് 3: 2-3, 5-6
സുവിശേഷം: വി. മത്തായി 2:1-12.

ദിവ്യബലിക്ക് ആമുഖം

നമ്മുടെ കർത്താവിന്റെ പ്രത്യക്ഷീകരണ തിരുനാൾ നാമിന്ന് ആചരിക്കുകയാണ്. “സ്വയം പ്രത്യക്ഷനാവുക”, “സ്വയം വെളിപ്പെടുത്തുക” എന്നർത്ഥമുള്ള “എപ്പിഫനിയ” എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഇന്നത്തെ തിരുനാൾ ഉത്ഭവിക്കുന്നത്. യേശു ഈ ലോകത്തിന്റെ മുഴുവൻ പ്രകാശമായും, ജനതയുടെ മുഴുവൻ രക്ഷകനായും സ്വയം വെളിപ്പെടുത്തുകയാണ്. പൗരസ്ത്യ ദേശത്തുനിന്ന് വരുന്ന മൂന്നു രാജാക്കന്മാർ യേശുവിനെ പുൽക്കൂട്ടിൽ സന്ദർശിക്കുന്ന സുവിശേഷ ഭാഗമാണ് നാം ഇന്ന് ശ്രവിക്കുന്നത്. യാത്രചെയ്യുന്നവരുടെയെല്ലാം മധ്യസ്ഥരാണ് ഈ മൂന്നു രാജാക്കന്മാർ. നമുക്കും നമ്മുടെ ജീവിതത്തിലെ കാഴ്ചകളുമായി അൾത്താരയാകുന്ന പുൽക്കൂട്ടിലേക്ക് വന്ന് ദിവ്യകാരുണ്യനാഥനായ യേശുവിനെ കാണാം. അതിനായി നമ്മെ തന്നെ ഒരുക്കാം.

ദൈവവചന പ്രഘോഷണകർമ്മം

മൂന്നു ജ്ഞാനികൾ – ആരാണവർ?

നാല് സുവിശേഷങ്ങളിൽ വിശുദ്ധ മത്തായി മാത്രമേ ജ്ഞാനികളുടെ സന്ദർശനത്തെ പറ്റി വിവരിക്കുന്നുള്ളൂ. ഈ മൂന്ന് ജ്ഞാനികളെ രാജാക്കന്മാർ എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, മധ്യപൂർവേഷ്യയിലെ പഴയ ബാബിലോണിയൻ, പേർഷ്യൻ പ്രദേശങ്ങളിലെ വാനനിരീക്ഷകരോ പണ്ഡിതന്മാരോ ആയിരിക്കാമെന്നാണ് കരുതപ്പെടുന്നത്.
ചില പാരമ്പര്യങ്ങളിൽ ഈ മൂന്നു പേർക്കും ഗാസ്പർ, മെൽക്കിയോർ, ബൽത്തസാർ എന്നീ പേരുകൾ നൽകുന്നുണ്ട്.
ഗാസ്പർ; “പൊന്ന്” അഥവാ “സ്വർണ്ണം” യേശുവിന് സമർപ്പിക്കുന്നു. സ്വർണ്ണം അമർത്യതയെയും പരിശുദ്ധിയേയും കാണിക്കുന്നു. പ്രതിഫലമായി ഗാസ്പർ യേശുവിൽ നിന്ന് “ഉപവിയും, ആത്മീയപൈതൃകവും” അനുഗ്രഹമായി സ്വീകരിക്കുന്നു.
മെൽക്കിയോർ; മർത്യതയെയും, മൃതസംസ്കാരത്തെയും സൂചിപ്പിക്കുന്ന “മീറ” യേശുവിന് സമർപ്പിക്കുന്നു. അനുഗ്രഹമായി യേശുവിൽ നിന്നും “എളിമ, സത്യസന്ധത” എന്നീ പുണ്യങ്ങൾ സ്വീകരിക്കുന്നു.
ബൽത്തസാർ; പ്രാർത്ഥനയേയും, ബലിയെയും പ്രതിനിധാനം ചെയ്യുന്ന “കുന്തിരിക്കം” സമർപ്പിക്കുന്നു. അനുഗ്രഹമായി യേശുവിൽ നിന്ന് “വിശ്വാസം” എന്ന മഹാദാനം സ്വീകരിക്കുന്നു.

ഇന്നത്തെ തിരുനാളിന് ഒന്നും രണ്ടും വായനകളുമായുള്ള ബന്ധം

ഇന്നത്തെ ഒന്നാം വായനയിൽ ജറുസലേമിന് സംഭവിക്കാനിരിക്കുന്ന മഹത്വത്തെ കുറിച്ച് പറയുമ്പോൾ ഏശയ്യാ പ്രവാചകൻ വ്യക്തമായി പറയുന്നുണ്ട്: രാജാക്കന്മാർ നിന്റെ ഉദയശോഭയിലേയ്ക്ക് വരും, ഒട്ടകങ്ങളുടെ ഒരുപറ്റം, മിദിയാനിലേയും ഏഫായിലെയും ഒട്ടകക്കൂറ്റന്മാരുടെ കൂട്ടം നിന്നെ മറയ്ക്കും, ഷേബായിൽ നിന്നുള്ളവരും വരും. അവർ സ്വർണവും സുഗന്ധദ്രവ്യങ്ങളും കൊണ്ടുവരുകയും കർത്താവിന്റെ കീർത്തനം ആലപിക്കുകയും ചെയ്യും (ഏശയ്യ 60:6). യേശുവിനും 700 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഏശയ്യായുടെ പ്രവചനം ജ്ഞാനികളുടെ സന്ദർശനത്തിലൂടെ പൂർത്തീകരിക്കപ്പെടുന്നത് നമുക്ക് കാണാം. നാം ശ്രവിച്ച സുവിശേഷത്തിൽ 3 ജ്ഞാനികൾക്കൊപ്പം ഒട്ടകങ്ങളെക്കുറിച്ച് പറയുന്നില്ലെങ്കിലും, പുൽക്കൂട്ടിൽ ജ്ഞാനികൾക്കൊപ്പം ഒട്ടകങ്ങളെയും ചിത്രീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇന്നത്തെ ഒന്നാം വായനയിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.

ഇന്നത്തെ രണ്ടാം വായനയിൽ എഫേസൂസിലെ സഭയെ ഐക്യത്തിൽ ഒരുമിച്ചു നിൽക്കാൻ ഉദ്ബോധിപ്പിച്ചു കൊണ്ട് വി.പൗലോസാപ്പൊസ്തലൻ എഴുതുന്ന വാക്യം ഇതാണ്: “ഈ വെളിപാട് അനുസരിച്ച് വിജാതീയർ കൂട്ടവകാശികളും, ഒരേ ശരീരത്തിന്റ് അംഗങ്ങളും, സുവിശേഷത്തിലൂടെ യേശുക്രിസ്തുവിനെ വാഗ്ദാനത്തിന്റെ ഭാഗഭാക്കുകളുമാണ്” (എഫേസോസ് 3:6). യഹൂദ ക്രിസ്ത്യാനികളും യഹൂദേതര ക്രിസ്ത്യാനികളും (വിജാതീയ ക്രിസ്ത്യാനികളും) ഒരേ രക്ഷയുടെ ഭാഗമാണെന്നും, ഈ രണ്ടു വിഭാഗക്കാരും ഒരുമിച്ച് നിൽക്കണമെന്നുമാണ് അപോസ്തലൻ പറയുന്നത്. ഇതുതന്നെയാണ് പ്രത്യക്ഷീകരണ തിരുനാളിന്റെ സന്ദേശവും. യേശു എല്ലാപേർക്കും, എല്ലാ ജനതകൾക്കും, രാജ്യങ്ങൾക്കും, വർഗ്ഗക്കാർക്കും വേണ്ടിയുള്ളതാണ്.

പുൽക്കൂട്ടിലേക്ക് നോക്കുമ്പോൾ അവിടെ ആരൊക്കെ ഉണ്ടെന്ന് നമുക്കറിയാം. യേശുവിനരികിലായി യേശുവിനെ ആരാധിച്ചുകൊണ്ട് നിർമ്മലയായ പരിശുദ്ധ അമ്മ, നീതിമാനായ ഔസേപ്പ് പിതാവ്, യേശുവിനെ വണങ്ങുന്ന സാധാരണക്കാരായ ഇടയന്മാർ. ഇവരെല്ലാവരും യഹൂദരാണ്. തീർച്ചയായും യഹൂദരല്ലാത്തവരുടെ സാന്നിധ്യവും പുൽക്കൂട്ടിൽ യേശുവിനരുകിൽ ഉണ്ടാകണം. ആ സാന്നിധ്യമാണ് മൂന്നു രാജാക്കന്മാർ. ഈ യഹൂദേതര സാന്നിധ്യത്തെ വ്യത്യസ്ത വർണ്ണത്തിലും, ഭാവത്തിലും ചിത്രീകരിച്ചിട്ടുണ്ട്.
ഗാസ്പറിനെ പൗരസ്ത്യ-ഏഷ്യൻ വംശത്തിലെ വ്യക്തിയായും, മെൽക്കിയോറിനെ യൂറോപ്പുകാരനായും, ബാൽത്തസാറിനെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ യുവാവായും ആണ് അവതരിപ്പിച്ചിരിക്കുന്നത്. കാലത്തിനും, വർണ്ണത്തിനും, ദേശത്തിനും, ഭാഷകൾക്കും അപ്പുറമായി യേശു ഈ ലോകത്തിലെ എല്ലാ മനുഷ്യർക്കും വേണ്ടിയുള്ള രക്ഷകനാണെന്ന് കാണിക്കുവാനാണിത്.

ധ്യാനം

മൂന്ന് ജ്ഞാനികൾക്കും ഇന്ന് (പ്രത്യേകിച്ചും നാം ഒരു പുതിയ വർഷം ആരംഭിക്കുന്ന സമയത്ത്) നമ്മോട് എന്താണ് പറയുവാനുള്ളത്?

അവർ പറയുന്നത് ഇപ്രകാരമാണ്: യേശുവിനെ അന്വേഷിക്കുന്നതിൽ നാം ഒരിക്കലും മടി കാണിക്കരുത്. യേശുവിനെക്കുറിച്ചുള്ള നമ്മുടെ അറിവിനെ നാം നവീകരിച്ചു കൊണ്ടിരിക്കണം. യേശുവിനെക്കുറിച്ച് പുതിയ കാര്യങ്ങൾ പഠിക്കണം. നമ്മുടെ ഇടവകയിലെ ക്ലാസ്സുകളും, വചന വ്യാഖ്യാനം ചെയ്യുന്ന പുസ്തകങ്ങളും, പ്രസംഗങ്ങളും എല്ലാം യേശുവിനെക്കുറിച്ചുള്ള നമ്മുടെ അറിവ് വർദ്ധിപ്പിക്കാനായി നാം ഉപയോഗിക്കണം.

അതോടൊപ്പം, യേശുവിനായുള്ള അന്വേഷണവും പഠനവും ബൗദ്ധിക തലത്തിൽ മാത്രമാകരുത്, പ്രായോഗികവും ആകണം. അതിനായി നമ്മുടെ ഇടവകയിൽ എവിടെയൊക്കെയാണോ സജീവമാകാനും പ്രവർത്തിക്കാനും സാധിക്കുന്നത് അവിടെയെല്ലാം നമുക്ക് സജീവമാക്കാം. നമ്മുടെ ഇടവക പ്രവർത്തനവും, പങ്കാളിത്തവും ആത്യന്തികമായി യേശുവിനെ അന്വേഷിക്കുന്നതാകണം. പഴയ കാര്യങ്ങളിൽ (പാരമ്പര്യങ്ങളിൽ) മാത്രം തളച്ചിടപ്പെടുന്ന വ്യക്തികൾ ആകരുത്. പുതിയ വഴികൾ തേടുകയും, അത് നടപ്പിലാക്കുകയും വേണം. ഹേറോദോസിന്റെ കൂടെയുള്ള പ്രധാന പുരോഹിതർക്കും നിയമജ്ഞർക്കും യേശു ജനിക്കുന്ന സ്ഥലം പറയാൻ കഴിയുന്നുണ്ട്. പക്ഷേ, യേശുവിനെ കാണാൻ അവർ പുറപ്പെടുന്നില്ല. അതുകൊണ്ടുതന്നെ യേശുവുമായുള്ള സമാഗമം അവരുടെ ജീവിതത്തിൽ സംഭവിക്കുന്നില്ല.

എന്നാൽ, നാം മാതൃകയാക്കേണ്ടത് മൂന്ന് ജ്ഞാനികളെയാണ്. അവർ അവരുടെ അറിവിൽ നിന്നുകൊണ്ട് പുതിയ വഴികളിലൂടെ സഞ്ചരിക്കാൻ ധൈര്യപ്പെടുന്നു, അവരാണ് യേശുവിനെ കണ്ടുമുട്ടുന്നതും. യേശുവിനെകണ്ടു കുമ്പിട്ടാരാധിച്ചതിന് ശേഷം അവർ പുതിയ വഴിയിലൂടെ സുരക്ഷിതമായി സഞ്ചരിക്കുന്നു. നാമും യേശുവിനെ കണ്ടു മുട്ടിക്കഴിഞ്ഞാൽ നമ്മുടെ പഴയ വഴികൾ ഉപേക്ഷിച്ച് പുതിയ വഴികളിലൂടെ സഞ്ചരിക്കണം.

ആമേൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker