Kazhchayum Ulkkazchayum

ലൂസിഫറും… ചില ഹിഡൻ അജണ്ടകളും…

"എന്തുകൊണ്ട് നരകത്തിൽ ആൾക്കാർ കുറയുന്നു? നരകത്തിൽ കൂടുതൽ ആൾക്കാരെ എങ്ങനെ എത്തിക്കാം?

2020 ജനുവരി ഒന്നാം തീയതി രാവിലെ ആറുമണിക്ക് അപായസൂചന വിളിച്ചറിയിക്കുന്ന “വിളംബരം” കേട്ടാണ് നരകത്തിലെ അന്തേവാസികൾ ഞെട്ടിയുണർന്നത്. നരകത്തിന്റെ രാജാവും, സർവസൈന്യാധിപനും, കുശാഗ്ര ബുദ്ധിയും, കുതന്ത്രങ്ങളുടെ രാജാവും, പ്രജാക്ഷേമ തൽപരനുമായ ലൂസിഫർ തന്റെ രാജ്യത്തിലെ “നയതന്ത്രജ്ഞരെ” വിളിച്ചു കൂട്ടുവാൻ കാഹളം മുഴക്കിയിരിക്കുകയാണ്. കാര്യം അതീവ ഗൗരവമുള്ളതെന്ന് തീർച്ചയാണ്. ഈരേഴ് പതിനാല് ലോകത്തിൽനിന്നും നരകത്തിൽ എത്തിയവരുമായി ചർച്ച ചെയ്യുന്ന വിഷയം തീർത്തും ഗൗരവമുള്ളതാണ്. പകൽ 12 മണിക്കാണ് ചർച്ച ആരംഭിക്കുക, രാത്രി 12 മണിക്കാണ് അവസാനിക്കുക. നരകത്തിലെ മധ്യഭാഗത്തുള്ള 101 നിലകളുള്ള കെട്ടിടത്തിലാണ് ചർച്ച ക്രമീകരിച്ചിരിക്കുന്നത്.

എന്തായിരിക്കും ഇത്രയും ഗോപ്യമായി ചർച്ച ചെയ്യുന്നത്? എന്തായിരിക്കും…? എന്തായിരിക്കും…? നരകത്തിന്റെ മുക്കിലും മൂലയിലും അടക്കിപ്പിടിച്ചുള്ള സംസാരവും, രഹസ്യം പറച്ചിലും കേൾക്കാമായിരുന്നു. അസൂയയും, കുശുമ്പും, പരദൂഷണവും തൊഴിലാക്കിയവർക്ക് പോലും ഈ ചർച്ചയെക്കുറിച്ച് ഒരു രൂപരേഖയും നൽകുവാൻ കഴിഞ്ഞില്ല… ഉത്കണ്ഠ നിറഞ്ഞ നിമിഷങ്ങൾ! ഭയാനകമായ അന്തരീക്ഷം! സാധാരണഗതിയിലുള്ള കളിയും, ചിരിയും, അട്ടഹാസവും, ആഘോഷവും, ആർപ്പുവിളികളും ഒന്നുംതന്നെയില്ല. ഏതാണ്ട് ശ്‌മശാന മൂകത…! കൊടുങ്കാറ്റിനു മുൻപുള്ള നിശബ്ദത പോലെ… ആർട്ടറിയും വെയിനും ഒരുമിച്ച് ഒഴുകുന്നത് പോലെ… ഒരു നിർവികാരത…! വാർത്താവിനിമയ സംവിധാനങ്ങൾ മുഴുവനും നിറുത്തിവച്ചതിനാൽ രഹസ്യ ചർച്ചയ്ക്ക് പോയവരുടെ ഭാര്യമാർക്കോ, രഹസ്യകാമുകിമാർക്കോ പോലും ഒരു രഹസ്യവും ചോർത്തി എടുക്കുവാൻ കഴിഞ്ഞില്ല. നിമിഷങ്ങൾ ഒച്ചിന്റെ വേഗത്തിൽ ഇഴഞ്ഞുനീങ്ങി…

രാത്രി 12 മണി ആയപ്പോൾ വീണ്ടും കാഹളം മുഴങ്ങി. നരകത്തിലെ അധിപൻ ലൂസിഫറിന്റെ ശബ്ദം നരകത്തിൽ പ്രതിധ്വനിച്ചു. “ചർച്ച സമാപിച്ചിരിക്കുന്നു… ചർച്ച വൻവിജയമായിരുന്നു… ആഘോഷങ്ങൾ തുടരാം”. ആകാശത്തെ പ്രകമ്പനം കൊള്ളിക്കുന്ന 12 കതിനകൾ! 2020 ജനുവരി രണ്ടാം തീയതി ആയപ്പോഴേക്കും ചർച്ചയും, എടുത്ത തീരുമാനങ്ങളും 90% പേരും അറിഞ്ഞു കഴിഞ്ഞു. എന്തായിരുന്നു ചർച്ചയുടെ ഉള്ളടക്കം? എന്തെല്ലാം തീരുമാനങ്ങൾ കൈക്കൊണ്ടു? എന്നീ കാര്യങ്ങൾ ഫ്‌ളക്സിലൂടെയും, ബാനറിലൂടെയും, ചുവരെഴുത്തുകളിലൂടെയും നരകമെങ്ങും വ്യാപിച്ചു.

മുഖ്യ അജണ്ട “എന്തുകൊണ്ട് നരകത്തിൽ ആൾക്കാർ കുറയുന്നു? നരകത്തിൽ കൂടുതൽ ആൾക്കാരെ എങ്ങനെ എത്തിക്കാം? എങ്ങനെ അവരെ വശീകരിക്കാം…! കമ്മിറ്റികളും, സബ് കമ്മിറ്റികളും, നയതന്ത്രജ്ഞരും തലപുകഞ്ഞ് ആലോചിച്ചു. റിപ്പോർട്ടുകൾ രാത്രി 11 മണിക്ക് നരകാധിപനായ ലൂസിഫറിന്റെ മുമ്പിൽ അവതരിപ്പിച്ചു.

ഗ്രൂപ്പ് A : ആളെക്കൂട്ടാൻ സ്വർഗ്ഗം ഇല്ലെന്ന് ജനത്തെ പഠിപ്പിക്കാം (കയ്യടി).

ഗ്രൂപ്പ് B : അത് ജനങ്ങൾ അവിശ്വസിക്കും… അതിനാൽ സ്വർഗ്ഗവും നഗരവും ഇല്ലെന്ന് പഠിപ്പിക്കാം. നന്മയും തിന്മയും ഇല്ലെന്ന് പഠിപ്പിക്കാം (കയ്യടി).

ഗ്രൂപ്പ് C : മേൽപ്പറഞ്ഞ രണ്ടു ഗ്രൂപ്പുകാരും പറയുന്നതിൽ ചില സത്യങ്ങളുണ്ട്. പക്ഷേ ജനത്തിനെ വശീകരിക്കാനും സ്വാധീനിക്കാനും കഴിയണം… (ചിരിച്ചിട്ട്) സ്വർഗ്ഗവും, നരകവും, ദൈവവും, പിശാചും ഉണ്ട്. നന്മ ചെയ്യുന്നവൻ സ്വർഗ്ഗത്തിൽ പോകും. തിന്മ ചെയ്യുന്നവൻ സാത്താനോട് കൂടെ നരകത്തിൽ പോകും. (ചിരിച്ചിട്ട്) ഇനിയാണ് “പ്രധാന തന്ത്രം” പറയുക; “ഇന്ന് വേണ്ട… നാളെ… നാളെ…” ഇത് ജനങ്ങളെ പഠിപ്പിക്കണം.

ചില തീരുമാനങ്ങൾ എടുത്തു.
ഒന്ന്; കൂടുതൽ കൂടുതൽ ഓഫറുകളുള്ള മൊബൈൽ വാങ്ങിക്കാൻ ജനങ്ങളെ ഉപദേശിക്കുക. നീലത്തിമിംഗലവും, നീലചിത്രവും, അവിഹിത ബന്ധങ്ങളും മൊബൈലിൽ സുലഭമാക്കുക… കൂടുതൽ കൂടുതൽ ഓഫറുകൾ കമ്പനി മുഖേന നടപ്പാക്കുക…
രണ്ട്; വ്യാജ ഏറ്റുമുട്ടലുകൾ നടത്തുക, കൂടുതൽ കൂടുതൽ മദ്യഷാപ്പുകൾ തുറക്കുക, കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്ന സീരിയലുകൾ, പ്രേതകഥകൾ, കൊലപാതക പരമ്പരകൾ കൊണ്ട് മാധ്യമരംഗം കീഴടക്കുക…
മൂന്ന്; രാഷ്ട്രീയ കൊലപാതകങ്ങൾ പ്രോത്സാഹിപ്പിക്കുക… യുവജനങ്ങളെ ലഹരിക്കടിമപ്പെടുത്തുക…
നാല്; വാഹന അപകടം പതിവാക്കുക…
“പൗരത്വ ബില്ല്” നടപ്പിൽ വരുത്തുവാൻ കഴിയാത്തത് വലിയ തിരിച്ചടിയായെന്നും യോഗം വിലയിരുത്തി…! അജണ്ടകൾ… ഹിഡൻ അജണ്ടകൾ….!!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker