Sunday Homilies

5th Sunday_Ordinary Time_Year_A_ക്രിസ്ത്യാനി വ്യത്യസ്തനാണ്

"നിങ്ങൾ ഭൂമിയുടെ ഉപ്പായിരിക്കണം" എന്നല്ല യേശു പറയുന്നത്; മറിച്ച് "നിങ്ങൾ ഭൂമിയുടെ ഉപ്പാണ്" എന്നാണ്...

ആണ്ടുവട്ടം അഞ്ചാം ഞായർ

ഒന്നാം വായന: ഏശയ്യാ 58:7-10
രണ്ടാം വായന: 1 കൊറിന്തോസ് 2:1-5
സുവിശേഷം: വിശുദ്ധ മത്തായി 5:13-16.

ദിവ്യബലിക്ക് ആമുഖം

ക്രിസ്തുവിനെ പ്രഘോഷിക്കുന്നവൻ ക്രൂശിതനായ ക്രിസ്തുവിനെ പ്രഘോഷിക്കണമെന്നും, ക്രൂശിതനായ ക്രിസ്തുവിനെ പ്രഘോഷിക്കുന്നവൻ ദൈവത്തിന്റെ ശക്തി അവനിൽ പ്രകടമാകുന്ന രീതിയിൽ ബലഹീനനാണെന്നുമുള്ള വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ ആത്മീയ സന്ദേശത്തോടുകൂടിയാണ് ആണ്ടുവട്ടം അഞ്ചാം ഞായറിൽ സഭ നമ്മെ സ്വാഗതം ചെയ്യുന്നത്. ക്രിസ്ത്യാനിയുടെ ദൗത്യത്തിന്റെ ഈ “വ്യത്യസ്തത” ഇന്നത്തെ ഒന്നാം വായനയിൽ ഉപവാസത്തെ കുറിച്ചുള്ള വിവരണത്തിൽ ഏശയ്യാ പ്രവാചകനും, വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ യേശുവും എടുത്തുപറയുന്നു. തിരുവചനം ശ്രവിക്കാനും, ദിവ്യബലി അർപ്പിക്കാനുമായി നമുക്ക് ഒരുങ്ങാം.

ദൈവവചന പ്രഘോഷണ കർമ്മം

“ഒരു ക്രിസ്ത്യാനി ഈ ലോകത്തിൽ വ്യത്യസ്തനായിരിക്കണം” എന്ന ആശയം ഇന്നത്തെ ഒന്നും രണ്ടും വായനകളിലും, സുവിശേഷത്തിലും തെളിഞ്ഞുനിൽക്കുന്നു. എങ്ങനെയാണ് ക്രിസ്ത്യാനി ഈ ലോകത്തിൽ വ്യത്യസ്തനായിരിക്കേണ്ടത് എന്ന് നമുക്ക് വിചിന്തനം ചെയ്യാം.

ഉപവാസത്തിലെ വ്യത്യാസം (ഒന്നാം വായന)

ഇന്നത്തെ ഒന്നാം വായനയിൽ ഏശയ്യാ പ്രവാചകൻ യഥാർത്ഥ ഉപവാസം എന്തെന്ന് വ്യക്തമാക്കുന്നു. സുദീർഘമായ ഏശയ്യായുടെ പുസ്തകത്തിലെ അമ്പത്തിയെട്ടാം അധ്യായത്തിലെ 7 മുതൽ 10 വരെയുള്ള വാക്കുകളാണ് നാം ശ്രവിച്ചത്. യഥാർത്ഥ ഉപവാസം വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും, ഭവനരഹിതനെ വീട്ടിൽ സ്വീകരിക്കുകയും, നഗ്നനെ ഉടുപ്പിക്കുകയും, സ്വന്തക്കാരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നവൻ ചെയ്യുന്നതാണ്. ഉപവാസം എന്നത് സ്വാർത്ഥമായ അതനുഷ്ഠിക്കുന്നവനെ മാത്രം ബാധിക്കുന്ന “വെറും ഭക്ഷണം വേണ്ടെന്നു വയ്ക്കുന്ന” ഒരു ഭക്താനുഷ്ഠാനമല്ല മറിച്ച് തന്റെ സമൂഹത്തിലെ സഹജീവികളെ തന്നെപ്പോലെ തന്നെ പരിഗണിക്കുന്ന പ്രത്യേകിച്ച് കരുണയുടെ പ്രവർത്തികൾ ചെയ്യുന്നതാണ്. വിശക്കുന്നവന് ആഹാരം നൽകുന്നതും, പരദേശിയെ സ്വീകരിക്കുന്നതും, നഗ്നനെ ഉടുപ്പിക്കുന്നതും കത്തോലിക്കാസഭയുടെ പഠനത്തിൽ സുവിശേഷാധിഷ്ഠിതമായ ശാരീരികമായ കാരുണ്യ പ്രവർത്തികളാണ്.

ഉപവാസം സാമൂഹ്യനീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സാമൂഹ്യനീതിയും, സമത്വവും നിലനിർത്തികൊണ്ട് സാമൂഹ്യ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ട്, സമൂഹത്തിൽ മറ്റുള്ളവരെ സഹായിച്ചുകൊണ്ട് കരുണയുടെ പ്രവർത്തികൾ ചെയ്യുന്നവരാണ് യഥാർത്ഥ ഉപവാസം ചെയ്യുന്നവർ. ഈ രീതിയിൽ വ്യത്യസ്തമായ ഉപവാസം ചെയ്യുമ്പോൾ ഉപവസിക്കുന്നവനെ ദൈവം ശാരീരികവും, ആത്മീയവുമായ നിരവധി അനുഗ്രഹങ്ങൾ ചൊരിയുമെന്ന് പ്രവാചകൻ പറയുന്നു. “നീ വേഗം സുഖം പ്രാപിക്കും, നീ പ്രാർത്ഥിച്ചാൽ കർത്താവ് ഉത്തരമരുളും, നീ നിലവിളിക്കുമ്പോൾ ഇതാ ഞാൻ എന്ന് അവിടുന്ന് മറുപടി തരും” എന്നീ ഉറപ്പുകൾ യഥാർത്ഥ ഉപവാസത്തിന്റെ ഫലമായി ദൈവം നൽകുന്നു.

ഉപവാസത്തിൽ സാമൂഹ്യനീതിയെയും, സമൂഹത്തിലെ സമാധാന അന്തരീക്ഷത്തെയും തകർക്കുന്ന മർദ്ദനവും, കുറ്റാരോപണവും, ദുർഭാഷണവും അകറ്റാൻ പ്രവാചകൻ പറയുമ്പോൾ; ഉപവാസം എന്ന അനുഷ്ഠാനത്തിലൂടെ ദൈവം എത്ര വ്യത്യസ്തമായ ആത്മീയ യാഥാർഥ്യമാണ് നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം.

ക്രൈസ്തവ ജീവിതത്തിന്റെ വ്യത്യസ്തത (സുവിശേഷം)

ഇന്നത്തെ സുവിശേഷത്തിൽ നാം ശ്രമിച്ച കാര്യങ്ങൾ യേശു പറഞ്ഞത് തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടു മാത്രമല്ല, മറിച്ച് എല്ലാവരോടും ആണ്. അതോടൊപ്പം യേശുവിന്റെ വാക്കുകൾ “നിങ്ങൾ ഭൂമിയുടെ ഉപ്പായിരിക്കണം” എന്നല്ല യേശു പറയുന്നത്; മറിച്ച് “നിങ്ങൾ ഭൂമിയുടെ ഉപ്പാണ്” എന്നാണ്. അതായത് ഒരു വിദൂരഭാവി സാധ്യത അല്ല, മറിച്ച് “ഇപ്പോൾ നിങ്ങൾ എന്താണ്” എന്ന വർത്തമാനകാല യാഥാർത്ഥ്യമാണ്.

ഒരു ക്രിസ്ത്യാനി ഈ ലോകത്തിൽ എന്താണ് എന്നത് “ഉപ്പ്, പ്രകാശം, മലമുകളിലെ പട്ടണം, പീഠത്തിൽ മേലുള്ള വിളക്ക്” എന്നീ പ്രതീകങ്ങൾ ഉപയോഗിച്ച് യേശു അവതരിപ്പിക്കുന്നു. യേശുവിന്റെ കാലത്തും ചാവുകടലുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ ഉപ്പ് സുലഭമായിരുന്നു. അദൃശ്യമായ രീതിയിൽ പ്രവർത്തിച്ച് വളരെ ആഴത്തിൽ രുചിഭേദം മാറ്റാൻ കഴിയുന്നു എന്നതാണ് ഉപ്പിന്റെ പ്രത്യേകത. ഏതു വസ്തുവിൽ ആയിരിക്കുന്നുവോ, ആ വസ്തുവിന്റെ ഉള്ളിലേക്ക് ചെന്ന് ആ പദാർത്ഥത്തിന്റെ ഗുണനിലവാരത്തിൽ മാറ്റം വരുത്തുവാൻ കഴിയുന്ന ഉൽപ്പന്നം. ഒരു ക്രിസ്ത്യാനിയുടെ വിളിയും, അവന് ഈ ലോകത്തിലുള്ള ഉത്തരവാദിത്വവുമാണ് യേശു ഈ വാക്കുകളിലൂടെ സൂചിപ്പിക്കുന്നത്.

പ്രകാശവും അതുപോലെ തന്നെയാണ്. എത്ര ശക്തമായ ഇരുട്ടിനെയും, എത്ര ഭയാനകമായ അവസ്ഥയെയും ഉത്മൂലനം ചെയ്യുവാൻ പ്രകാശത്തിന് കഴിയുന്നു. മലമുകളിലെ പട്ടണവും, പീഠത്തിന്റ മുകളിലെ വിളക്കും ഒളിച്ചു വയ്ക്കപ്പെടാതെ, നിർജീവമാക്കപ്പെടാതെ മറ്റുള്ളവരെ സഹായിക്കുകയും ആകർഷിക്കുകയും ചെയ്യുന്നപോലെ ഈ ലോകത്തിൽ ക്രൈസ്തവർ നിർവ്വഹിക്കേണ്ട വിളിയെയും ക്രൈസ്തവ ധാർമികതയെയും ആണ് യേശു ഓർമിപ്പിക്കുന്നത്.

ഈ ക്രൈസ്തവ ധർമ്മ പ്രക്രിയയിൽ “ഉപ്പും, പ്രകാശവും, മലമുകളിലെ പട്ടണവും, പീഠത്തിൻ മേലുള്ള വിളക്കും ആയിരിക്കുമ്പോൾ” നമുക്ക് ശ്രദ്ധിക്കാം ഇതൊന്നും നമ്മുടെ കഴിവല്ല. നമുക്ക് പ്രശസ്തിയും, പേരും, മഹത്വവും നൽകാനുള്ളതല്ല, മറിച്ച് ദൈവത്തിനാണ്. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ നമ്മുടെ ഓരോരുത്തരുടെയും, നമ്മുടെ ഇടവകയുടെയും നല്ല പ്രവർത്തിയും, നല്ല പെരുമാറ്റവും കണ്ടിട്ട് സമൂഹം ദൈവത്തെ മഹത്വപ്പെടുത്തണം. “എല്ലാം ദൈവ മഹത്വത്തിനായി” എന്ന ചിന്ത നമ്മെ ഒരിക്കലും അഹങ്കാരിയായി മാറ്റുകയില്ല.

ധ്യാനം

സാമൂഹ്യനീതിയെയും, സാഹോദര്യത്തെയും, കരുണയെയും അടിസ്ഥാനമാക്കിയ ഉപവാസവും, ഈ ലോകത്തിൽ ഉപ്പും, പ്രകാശവും, പർവ്വതത്തിൻ മേലുള്ള പട്ടണവും, പീഠത്തിൽ മേലുള്ള വിളക്കും ആകാനുള്ള യേശുവിന്റെ വചനവും ഓരോ ക്രിസ്ത്യാനിയെയും, കത്തോലിക്കാസഭയെയും ഈ ലോകത്തിൽ എന്താണ് ചെയ്യേണ്ടതെന്നും എന്തുതരം സാക്ഷ്യമാണ് നൽകേണ്ടതെന്നും വ്യക്തമാക്കുന്നു. ഒരു യാഥാർത്ഥ്യം വ്യക്തമാണ്; ‘തിരുസഭ’ നാം ആയിരിക്കുന്ന ലോകത്തിലും സമൂഹത്തിലും സമാന്തരമായി സഞ്ചരിക്കുന്ന, ഒന്നിനും ഇടപെടാത്ത, നിർജീവമായ സഭയല്ല. മറിച്ച്, ജീവന്റെയും, വ്യക്തിയുടെയും മാഹാത്മ്യം, കുടുംബത്തിന്റെയും സമൂഹത്തിന്റെയും മഹിമ, വ്യക്തിയുടെ ഉത്തരവാദിത്വവും, ദരിദ്രരുടെയും അകറ്റി നിറുത്തപ്പെട്ടവരുടെയും പക്ഷം ചേരൽ, ലോകസമാധാനത്തിനു വേണ്ട ചർച്ചകൾ തുടങ്ങി ഒട്ടനവധി മേഖലകളിൽ മനുഷ്യനന്മയ്ക്കായും, നീതിയ്ക്കായും, മനുഷ്യന്റെ ആത്മീയവും സാമൂഹികവുമായ പുരോഗതിക്കായി ഇടപെടലുകൾ നടത്തുന്നവളാണ്.

ആഗോളസഭ മുതൽ നമ്മുടെ ഇടവക വരെ ഈ രീതിയിൽ സമൂഹത്തോട് സംവദിക്കാനും, സമൂഹനന്മയ്ക്കായി പ്രവർത്തിക്കാനുമുള്ള കടമയുണ്ട്. സഭയുടെയും നമ്മുടെയും ഈ ഉത്തരവാദിത്വത്തെയും വിളിയെയും കുറിച്ചാണ് യേശു ഇന്നത്തെ സുവിശേഷത്തിലും, ഏശയ്യാ പ്രവാചകൻ ഇന്നത്തെ ഒന്നാം വായനയിലും പറയുന്നത്. ക്രിസ്ത്യാനിയാകുന്നതിലൂടെ നാം വ്യത്യസ്തരാണെന്നും ഭൂമിയുടെ ഉപ്പും, ലോകത്തിന്റെ പ്രകാശവും ആണെന്നും നമുക്ക് ഓർമ്മിക്കാം.

ആമേൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker