World

നിക്കോളോയുടെ സംസ്ക്കാര ശുശ്രൂഷകൾ കഴിഞ്ഞു, പക്ഷെ അവൻ ജീവിക്കും നിരവധി വ്യക്തികളിലൂടെ

നിക്കോളോയുടെ മുഴുവൻ അവയവങ്ങളും ദാനം ചെയ്തു, അവൻ ഇനിയും ജീവിക്കും...

സ്വന്തം ലേഖകൻ

റോം: നിക്കോളോയുടെ സംസ്ക്കാര ശുശ്രൂഷകൾ റോമിലെ സാൻ ജൊവാന്നി ബാറ്റിസ്റ്റാ ദി ഫിയോറെന്റീനാ ബസിലിക്കായിൽ വച്ച് ഇന്ന് പ്രാദേശിക സമയം 10.45-ന് നടന്നു. എന്നാലും നിക്കോളോ നിരവധി വ്യക്തികളിലൂടെ ജീവിക്കും. റോമിലെ ലത്തീൻ കത്തോലിക്കാ ഇടവകാംഗമായ ജോൺസൻ കണ്ടത്തിപ്പറമ്പിലിന്റേയും (Late), മേരിക്കുട്ടിയുടേയും മകനാണ് നിക്കോളോ; 21 വയസായിരുന്നു. നെതർലൻഡ്സിൽ സ്പോർട്സ് മാനേജ്മെന്റ് കോഴ്സിനു പഠിക്കുകയായിരുന്നു.

നിക്കോളോയുടെ സംസ്ക്കാര ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ.സനു ഔസേപ്പ് നേതൃത്വം നൽകി. ഫാ.ജോബി നിക്കോളോയെ അനുസ്മരിച്ചുകൊണ്ട് വചനം പങ്കുവച്ചു. സീറോ മലബാർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് ഒപ്പീസ് പ്രാർത്ഥന നടത്തി. സംസ്ക്കാര തിരുക്കർമ്മങ്ങളിൽ 30-ൽ അധികം വൈദീകർ സഹകാർമികരായി. കൂടാതെ, വൈദീക വിദ്യാർത്ഥികളും, സന്യാസിനികളും, വിശ്വാസികളും അടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. തുടർന്ന്, ലൗറന്തീനാ സെമിത്തേരിയിൽ അന്ത്യവിശ്രമമൊരുക്കി.

ഈ മാസം രണ്ടാം തീയതി ഇറ്റലിയിലുണ്ടായ കാറപകടത്തിലാണ് നിക്കോളാസ് കണ്ടത്തിപ്പറമ്പിലിന് ഗുരുതര പരുക്കേറ്റത്. റോമിൽ അവധിക്ക് എത്തുമ്പോഴെല്ലാം ടൂറിസ്റ്റുകളുടെ ഫോട്ടോ എടുക്കാനായി പോകുന്ന പതിവുള്ള നിക്കോളാസ് അങ്ങനെയൊരു യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഡിവൈഡറിൽ തട്ടി നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് അപകടത്തിൽ പെട്ടത്. തുടർന്ന്, 9-ന് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇറ്റലിയിലെ ആശുപത്രിയിൽ ഹെഡ് നഴ്സായ മേരികുട്ടി മകന്റെ മുഴുവൻ അവയവങ്ങളും ദാനം ചെയ്യാൻ സമ്മതപത്രം നൽകി. അങ്ങനെ, അപകടത്തിൽ പരുക്കേറ്റ ഇടതു കണ്ണും തലച്ചോറും ഒഴികെ നിക്കോളാസിന്റെ അസ്ഥിയും പേശികളും ഉൾപ്പെടെയുള്ള അവയവങ്ങൾ നിരവധി വ്യക്തികൾക്ക് പുതുജീവൻ നൽകുകയും, നിക്കോളാസ് അവരിലൂടെ ജീവിക്കുകയും ചെയ്യും.

പിതാവ് ജോൺസൻ‍ 7 വർഷം മുൻപ് കേരളത്തിൽ ആയിരിക്കുമ്പോഴാണ് ഹൃദയാഘാതം മൂലം മരിച്ചത്. ജോൺസന്റെ ഓർമദിവസമായ 14-ന് തന്നെ നിക്കോളാസിന്റെ സംസ്കാരം നടത്തുന്നത്തിൽ ദൈവഹിതം കണ്ട് ആശ്വസിക്കാനാണ് മേരിക്കുട്ടിയ്ക്കും, ഡിഗ്രി വിദ്യാർഥിയായ സഹോദരി സ്റ്റെഫാനിയും ആഗ്രഹം. ഇറ്റാലിയൻ പൗരനെങ്കിലും 6 മുതൽ 12 വരെ ക്ലാസുകളിൽ കട്ടച്ചിറ മേരിമൗണ്ട് സ്കൂളിലായിരുന്നു പഠനം.

എഎസ് റോമ ക്ലബിന്റെ കടുത്ത ആരാധകനായിരുന്ന നിക്കോളാസ്, മികച്ച ഫുട്ബോൾ താരമായിരുന്നു. ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് എഎസ് റോമയിലെ അംഗങ്ങളും സംസ്ക്കാര ശുശ്രൂഷകളിൽ പങ്കുചേർന്നു. എഎസ് റോമ ഇംഗ്ലിഷിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ‍ഇങ്ങനെ കുറിച്ചിട്ടുണ്ട്; “പ്രിയ നിക്കോളാസ്, ശാന്തമായി ഉറങ്ങൂ…”

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker