Sunday Homilies

6th Sunday_Ordinary Time_Year A_നിയമങ്ങളുടെ പുനർവ്യാഖ്യാനം

ചെറിയ ചെറിയ കാര്യങ്ങളിലെ ശ്രദ്ധയിലൂടെ, വലിയ വലിയ പാപങ്ങളെ ഒഴിവാക്കുന്ന രീതിയാണ് യേശു അവലംബിക്കുന്നത്...

ആണ്ടുവട്ടം ആറാം ഞായർ

ഒന്നാം വായന : പ്രഭാഷകൻ 15:15-20
രണ്ടാം വായന : 1 കോറിന്തോസ് 2: 6-10
സുവിശേഷം : വി.മത്തായി 5: 17-37

ദിവ്യബലിക്ക് ആമുഖം

“രഹസ്യവും നിഗൂഢവുമായ ദൈവീക ജ്ഞാനം നമുക്ക് ദൈവം ആത്മാവ് മുഖേന വെളിപ്പെടുത്തി തന്നിരിക്കുന്നു” എന്ന പൗലോസ് അപ്പോസ്തലന്റെ വാക്കുകളിലൂടെയാണ് തിരുസഭ നമ്മെ ആണ്ടുവട്ടം ആറാം ഞായറിൽ സ്വാഗതം ചെയ്യുന്നത്. നന്മയും തിന്മയും തിരഞ്ഞെടുക്കാൻ ദൈവം മനുഷ്യന് നൽകിയിരിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് ഒന്നാം വായനയിൽ പ്രഭാഷകൻ പറയുമ്പോൾ, വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തിൽ മലയിലെ പ്രസംഗത്തിൽ മോശയെയും പ്രവാചകന്മാരെയും പുനർവ്യാഖ്യാനം ചെയ്ത്, തിന്മ ഒഴിവാക്കി നന്മ ചെയ്യേണ്ടതെങ്ങനെ എന്ന് യേശു പഠിപ്പിക്കുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കാനുമായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണ കർമ്മം

ഒരു ക്രിസ്ത്യാനി എങ്ങനെയാണ് ഈ ലോകത്തിൽ ജീവിക്കേണ്ടതെന്ന പാഠം ഇന്നത്തെ സുവിശേഷത്തിൽ യേശു പഠിപ്പിക്കുന്നു. യേശു നൽകുന്ന പാഠത്തെ ആഴത്തിൽ മനസ്സിലാക്കുവാനായി സുവിശേഷത്തിന് അടിസ്ഥാനവും ആമുഖവുമായി നൽകിയിരിക്കുന്ന ഒന്നാമത്തെ വായനയെ നമുക്ക് വിചിന്തനം ചെയ്യാം.

നിയമങ്ങൾ എന്തിനുവേണ്ടിയാണ് (ഒന്നാം വായന)

മനുഷ്യവംശം കാലാകാലങ്ങളായി ചോദിക്കുന്ന ചില അടിസ്ഥാന ചോദ്യങ്ങൾക്ക് പ്രവാചകന്റെ പുസ്തകത്തിൽ നിന്നുള്ള വെറും 5 വാക്യങ്ങൾ മാത്രമുള്ള ഇന്നത്തെ ഒന്നാം വായന ഉത്തരം നൽകുന്നു.

ദൈവം മനുഷ്യന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടോ?

തീർച്ചയായും ദൈവം നമുക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും, അത് അനുസരിച്ച് പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. മാത്രമല്ല, ദൈവത്തിന്റെ ഇഷ്ടം അനുസരിച്ച് പ്രവർത്തിക്കുന്ന രീതിയിൽ ചിന്തിക്കാനും, മനസ്സിലാക്കാനും അതനുസരിച്ച് തീരുമാനങ്ങളെടുക്കാനും സഹായിക്കുന്നതിനുവേണ്ടി ദൈവം മനുഷ്യന് കൽപ്പനകളും നൽകിയിരിക്കുന്നു. എന്നാൽ, ദൈവത്തോടും ദൈവകല്പനകളോടും വിശ്വസ്തതാപൂർവ്വം പ്രവർത്തിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മനുഷ്യനാണ്. “അഗ്നിയുടെയും ജലത്തിന്റെയും ഉദാഹരണം പറഞ്ഞു കൊണ്ടും, ജീവനും മരണവും തമ്മിലുള്ള വ്യത്യാസം പറഞ്ഞുകൊണ്ടും ഇവ രണ്ടും മനുഷ്യനു മുമ്പിലുണ്ടെന്നും, ഏതു തിരഞ്ഞെടുക്കണം ഏതിനെ തിരസ്കരിക്കണമെന്ന് മനുഷ്യന് തീരുമാനിക്കാമെന്നും പ്രഭാഷകൻ വ്യക്തമാക്കുന്നു.

നമ്മുടെ പാവങ്ങൾക്ക് ദൈവം ഉത്തരവാദി ആണോ?

മനുഷ്യന്റെ ഓരോ പ്രവർത്തിയും ദൈവം അറിയുന്നു. കാരണം, ദൈവം സർവശക്തനും സർവ്വജ്ഞനുമാണ്. എന്നാൽ, പാപം ചെയ്യാൻ അവിടുന്ന് ആരോടും കൽപ്പിച്ചിട്ടില്ല. പാപം ചെയ്യാൻ ആർക്കും അനുവാദം കൊടുത്തിട്ടുമില്ല. അതുകൊണ്ടുതന്നെ ദൈവമല്ല നമ്മുടെ പാവങ്ങൾക്ക് ഉത്തരവാദി.

ദൈവകല്പനകൾ പാലിക്കുന്ന അവരോടുള്ള ദൈവത്തിന്റെ നിലപാടെന്താണ്?

ദൈവത്തോടു വിശ്വസ്തനായിരിക്കുകയും, ദൈവത്തിന്റെ കല്പനകൾ അനുസരിക്കുകയും ചെയ്യുന്ന ഭക്തരെ ദൈവം അനുഗ്രഹിക്കും. അഗ്നിയും ജലവും, ജീവനും മരണവും എന്നീ ഉദാഹരണങ്ങളിലൂടെ ഇത് വ്യക്തമായ വ്യക്തമാണ്. ജലവും ജീവനും എന്ന് പറയുന്നത് ദൈവത്തിന്റെ കല്പനകളും, അതിലൂടെ ലഭ്യമാകുന്ന അനുഗ്രഹവുമാണ്. അറിഞ്ഞുകൊണ്ട് തീയിൽ കൈ വയ്ക്കണമോ, മരണത്തിലേക്ക് പോകണമോ എന്ന് തീരുമാനിക്കേണ്ടത് നാം ഓരോരുത്തരുമാണ്.

ദൈവത്തിന്റെ കൽപ്പനകൾ മനുഷ്യന് നൽകിയത് മോശയിലൂടെയും പ്രവാചകന്മാരിലൂടെയുമാണ്. ഈ കല്പനകളുടെ പുതിയ വ്യാഖ്യാനം നമുക്ക് ഇന്നത്തെ സുവിശേഷത്തിൽ കാണാം.

കല്പനകളുടെ പുനർവ്യാഖ്യാനം (സുവിശേഷം)

പഴയനിയമത്തിൽ സീനായ് മലയിൽ വച്ച് മോശ ദൈവകൽപനകൾ സ്വീകരിച്ച് മലയുടെ അടിവാരത്തിൽ വച്ച് ജനത്തോട് സംസാരിച്ചത് പോലെ, പുതിയ നിയമത്തിൽ യേശു മലയിൽ ഇരുന്നുകൊണ്ട് താഴ് വരയിലുള്ള ജനങ്ങളോട് സംസാരിച്ചുകൊണ്ട്, മോശയുടെ നിയമങ്ങൾക്കും പ്രവാചകന്മാരുടെ വാക്കുകൾക്കും പുതിയ വ്യാഖ്യാനവും പൂർണതയും നൽകുന്നു. ബൈബിൾ പണ്ഡിതന്മാർ യേശുവിന്റെ വാക്കുകളെ നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

1) സഹോരനുമായി രമ്യപ്പെടുക

മോശയുടെ അഞ്ചാം പ്രമാണത്തിൽ “കൊല്ലരുത്” എന്ന് എഴുതപ്പെട്ടിരിക്കുന്നു. കൊല്ലുന്നവനാണ് ന്യായവിധിക്ക് അർഹനാകുന്നത്. എന്നാൽ, യേശുവിന്റെ വാക്കുകളിൽ സഹോദരനോട് കോപിക്കുന്നവൻ (അവനോട് മോശമായ രീതിയിൽ ഇടപെടുന്നവൻ) ന്യായവിധിക്കും, സഹോദരനെ ഭോഷാ എന്ന് വിളിക്കുന്നവൻ ന്യായാധിപസംഘത്തിന്റെ മുൻപിൽ നിൽക്കേണ്ടിവരും, സഹോദരനെ വിഡ്‌ഢി എന്ന് വിളിക്കുന്നവൻ നരകാഗ്നിക്കും അർഹനായി തീരും. യേശുവിന്റെ വാക്കുകളിൽ സ്വന്തം സഹോദരനോട് രമ്യപ്പെടാത്തവന് ഒരിക്കലും ദൈവവുമായി രമ്യതയിലായിരിക്കുവാൻ സാധിക്കുകയില്ല. യേശു വിഭാവനം ചെയ്യുന്ന രമ്യപ്പെടൽ വെറും “താൽക്കാലികമായ ക്ഷമിക്കൽ” മാത്രമല്ല, മറിച്ച് കാര്യങ്ങളെല്ലാം വീണ്ടും പഴയ രീതിയിൽ നല്ലതാക്കി തീർക്കുന്ന സമ്പൂർണ്ണമായ അനുരഞ്ജനമാണ്.

2) വ്യഭിചാരം ചെയ്യരുത്

മോശയുടെ നിയമത്തിലെ ആറാമത്തെ കല്പനയായ “വ്യഭിചാരം ചെയ്യരുത്” എന്ന കൽപ്പന പലപ്പോഴും സ്ത്രീകളെ മാത്രം പഴിചാരാനുള്ള ഒരു ഉപാധിയായിരുന്നു (യേശുവിന്റെ കാലത്ത് വ്യഭിചാരത്തിൽ പിടിക്കപ്പെട്ട യുവതിയുടെ സംഭവം ഇവിടെ ഓർമ്മിക്കാം). ഈ അവസ്ഥയിൽ നിന്ന് കൊണ്ടാണ് യേശു “ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു” എന്ന് പറയുന്നത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗീക പാപത്തിൽ സ്ത്രീ മാത്രമല്ല പുരുഷനും സ്ത്രീയുടേത് പോലെ ഉത്തരവാദിത്വമുണ്ട്. വ്യഭിചാരം എന്ന പ്രവർത്തിയെ മാത്രമല്ല അതിന് കാരണമാകുന്ന ആസക്തിയെയും, ആസക്തിക്ക് കാരണമാകുന്നതിനെയും ഒഴിവാക്കാനാണ് യേശു പറയുന്നത്.

3) വിവാഹ മോചനം

മോശയുടെ നിയമത്തിൽ (നിയമാവർത്തനം 24:1) “ഒരുവൻ വിവാഹിതനായതിനു ശേഷം ഭാര്യയിൽ എന്തെങ്കിലും തെറ്റ് കണ്ട് അവന് അവളോട് ഇഷ്ടം ഇല്ലാതായാൽ, ഉപേക്ഷാപത്രം കൊടുത്ത് അവളെ വീട്ടിൽ നിന്ന് പറഞ്ഞ് അയക്കട്ടെ” എന്ന് നിയമമുണ്ട്. സ്ത്രീയുടെ പിൽക്കാല സുരക്ഷയ്ക്കാണ് ഉപേക്ഷാപത്രം കൊടുത്ത് പറഞ്ഞയക്കാൻ പറയുന്നത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി തുടങ്ങിയ ഈ സമ്പ്രദായം, പിൽകാലത്ത് “എന്തെങ്കിലും തെറ്റ്” കണ്ടു പിടിച്ച് അവളെ പറഞ്ഞയക്കുന്ന, നിയമത്തെ ദുരുപയോഗം ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് എത്തി. ഇതിനെതിരെയാണ് യേശു പറയുന്നത്: “പരസംഗം നിമിത്തം അല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവളെ വ്യഭിചാരിണിയാക്കുന്നു. ഉപേക്ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു”. അതായത്, “എന്തെങ്കിലും തെറ്റ്” കണ്ടാൽ വിവാഹമോചനം സാധ്യമല്ല. വിവാഹബന്ധത്തിന്റെ അന്തസത്തയും കെട്ടുറപ്പും യേശു ഉയർത്തുകയാണ്.

4) ആണയിടരുത്

സ്വർഗ്ഗത്തെ കൊണ്ടും, ഭൂമിയെ കൊണ്ടും, ജെറുസലേമിനെ കൊണ്ടും, ഒരുവന്റെ ശിരസ്സിനെ കൊണ്ടും ആണയിടരുതെന്നും, യാതൊരു കാരണവശാലും ഒരിക്കലും ആണയിടരുതെന്നും പറയുമ്പോൾ യേശു അർത്ഥമാക്കുന്നതിതാണ്; യേശുവിന്റെ അനുയായികളുടെ വാക്കുകൾ സത്യമാണെന്ന് കാണിക്കുവാൻ ആണയിടലിന്റെ ആവശ്യമില്ല. ഒരു ക്രിസ്ത്യാനിയുടെ വാക്ക് “അതെ അതെ” എന്നോ “അല്ല അല്ല” എന്നോ ആയിരിക്കട്ടെ.

ധ്യാനം

നിയമങ്ങളാൽ നമ്മുടെ ജീവിതത്തെ വരിഞ്ഞുമുറുക്കുന്ന തീവ്രനിലപാടുകളല്ല മലയിലെ പ്രസംഗത്തിലെ നിയമങ്ങളുടെ വ്യാഖ്യാനത്തിൽ നാം ശ്രവിച്ചത്. മറിച്ച് “പാപത്തെ” ഒരു പ്രവർത്തിയായി മാത്രം പരിഗണിക്കാതെ അതിന്റെ പിന്നിലെ മനോഭാവത്തെയും, വികാര വിചാരങ്ങളെയും, ബുദ്ധിയെയും വിശകലനം ചെയ്തുകൊണ്ട് പാപത്തിന്റെയും, പാപസാഹചര്യങ്ങളുടെയും നാരായവേര് തന്നെ പിഴുതെറിയുന്ന ആത്മീയ ഉപദേശങ്ങളാണിവ.

ചെറിയ ചെറിയ കാര്യങ്ങളിലെ ശ്രദ്ധയിലൂടെ, വലിയ വലിയ പാപങ്ങളെ ഒഴിവാക്കുന്ന രീതിയാണ് യേശു അവലംബിക്കുന്നത്. യഹൂദ വിശ്വാസത്തിലെ കല്പനകളെ തള്ളിക്കളയാതെ, പുനരാഖ്യാനം ചെയ്ത ക്രൈസ്തവ ജീവിതശൈലിയ്ക്ക് യേശു അടിസ്ഥാനമിടുന്നു. തെറ്റുകൾ സംഭവിക്കുന്നത് വരെ കാത്തിരിക്കുകയും, സംഭവിച്ചു കഴിയുമ്പോൾ വലിയ ശിക്ഷ കൊടുക്കുകയും ചെയ്യുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി, രൂപീകരണത്തിലൂടെയും അനുരഞ്ജനത്തിലൂടെയും പാപസാഹചര്യങ്ങളെ ഒഴിവാക്കി കൊണ്ടും, നല്ലൊരു ജീവിതവും സമൂഹവും കെട്ടിപ്പടുക്കുന്ന രീതി യേശുവിന്റ വാക്കുകളിൽ നിന്നും നമുക്ക് പഠിക്കാം.

ആമേൻ

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker