Kerala

അടിമലത്തുറ മത്സ്യബന്ധന ഗ്രാമത്തെ അപമാനിച്ച് ഏഷ്യാനെറ്റ് ന്യൂസ്; സത്യങ്ങള്‍ വിളിച്ചു പറഞ്ഞ് അടിമലത്തുറ വിശ്വാസികള്‍

'കടലും, കടപ്പുറവും മത്സ്യതൊഴിലാളിയുടെ സ്വന്തമല്ലെന്നാണ്' ഏഷ്യാനെറ്റ് ഓരോ ദിവസവും വിളിച്ച് പറയുന്നത്...

വോക്‌സ് ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: 125 വര്‍ഷങ്ങളുടെ പാരമ്പര്യമാണ് അടിമലത്തുറയുടെ വിശ്വാസ ചൈതന്യത്തിനുള്ളത്. വിശ്വാസത്തിന്റെ ഉദാത്തമായ മതൃകയായി പരിശുദ്ധ അമലോത്ഭവമാതാ ദേവാലയവും, ഫാത്തിമമാതാ ദേവാലയവും. 2200 കുടുംബങ്ങളെ 59 ബിസിസി യൂണിറ്റുകളായി ക്രമപ്പെടുത്തിയാണ് ആത്മീയ പ്രവര്‍ത്തനങ്ങള്‍ ഇടവക തലത്തില്‍ സജീവമാക്കുന്നത്. 2 കിലോമീറ്റര്‍ ചുറ്റളവില്‍ തിങ്ങിപാര്‍ക്കുന്ന വിശ്വാസ സമൂഹം. 95 ശതമാനം പേരും അന്നന്നുളള അപ്പത്തിനായി മത്സ്യബന്ധനം തന്നെ സ്ഥിര തൊഴിലാക്കി മാറ്റിയിരിക്കുന്നു. ഈ സമൂഹത്തെ അവഹേളിച്ചാണ് ഏഷ്യാനെറ്റെന്ന മാധ്യമം ഒന്നിന് പുറകെ ഒന്നായി വാര്‍ത്തകള്‍ പടച്ച് വിടുന്നത്.

ലത്തീന്‍ സഭയുടെ ഭൂമി വിവാദം, ഭൂമികച്ചവടം ഇതെല്ലാമാണ് വാര്‍ത്തകളുടെ ടാഗ് ലൈനുകൾ. ആദ്യം ലത്തീന്‍ സഭയെ പച്ചയായി പ്രതിസ്ഥാനത്ത് അവതരിപ്പിച്ച് തുടങ്ങിയ ഏഷ്യാനെറ്റ്, പിന്നെ പതുക്കെ അടിമലത്തുറ പളളി, അടിമലത്തുറ പളളികമ്മറ്റി എന്നൊക്കെയാക്കി തിരുത്തി. വാര്‍ത്തകളുടെ നിജ സ്ഥിതിയെന്തെന്ന് അന്വേഷിച്ചെത്തിയ കാത്തലിക് വോക്സ് ന്യൂസിന് കാണാന്‍ കഴിഞ്ഞത് വിശ്വാസികളുടെ കണ്ണീരും, പ്രതിഷേധവും, നിസഹായതയുമാണ്. അച്ചന്‍ ഭൂമി വിറ്റു, പളളികമ്മറ്റി ഭൂമി വിറ്റു, ഇടവക ഭൂമി വിറ്റു തുടങ്ങി ആക്ഷേപങ്ങളുടെ ഘോഷയാത്രയാണല്ലോ! അടിമലത്തുറയിലെ യാഥാര്‍ത്ഥ്യങ്ങളെ മൂടിവച്ച് കേരളത്തിലെ ഒരു മാധ്യമം പ്രത്യേകിച്ച് സംഘപരിവാറുമായി നല്ല ബന്ധമുളള ഒരു മാധ്യമം, ചാനലിന്റെ തലപ്പത്തുളളവരെല്ലാം സംഘപരിവര്‍ ബന്ധമുളളവര്‍, ഇതൊക്കെ പറഞ്ഞില്ലെങ്കിലല്ലേ അതിശയമുളളൂ!

അടിമലത്തുറയെ ഏറെക്കാലമായി ബാധിച്ചിരിക്കുന്ന ഒരു സാമൂഹിക വിഷമായാണ് കുടുംബങ്ങളുടെ കൂട്ടായുളള താമസം. ഒരു വീട്ടില്‍ തന്നെ മൂന്നും നാലും കുടുംബങ്ങള്‍ താമസിക്കുന്ന വല്ലാത്തൊരു വീര്‍പ്പ് മുട്ടല്‍. കുടുംബങ്ങളില്‍ ഉടലെടുത്ത് സാമൂഹിക പ്രശ്നങ്ങളായി പരിണമിച്ചവയും നിരവധി. കുടുംബ ബന്ധങ്ങളെ വല്ലാതെ ബാധിക്കുന്ന വീര്‍പ്പ് മുട്ടലുകള്‍ തുടരെ തുടരെ ഉടലെടുത്തതോടെ വിഴിഞ്ഞം പോലീസ്റ്റേഷനില്‍ കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികളും കുന്നുകൂടി. അടിമലത്തുറയിലെ കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പോലീസ്റ്റേഷനില്‍ മാത്രം ആയിരത്തിലേറെ പാരാതികളാണ് നിലവിലുളളത്. ഇടവകയെ ആകമാനം പ്രശ്നങ്ങള്‍ ബാധിക്കുന്നു, എന്ന് മനസിലാക്കിയ പുതിയ വികാരി ഫാ.മെല്‍ബിന്‍ സൂസ ഒരു തീരുമാനമെടുത്തു. കാട്പിടിച്ച് അഴുക്ക് ചാലായി, തെരുവ്നായ്ക്കളുടെ കേന്ദ്രമായിരുന്ന ഒന്നരയേക്കര്‍ സ്ഥലം കാടും പടപ്പും വെട്ടി തെളിച്ച് മത്സ്യതൊഴിലാളികള്‍ക്ക് തന്നെ നല്‍കാം. ഇടവകയിലെ 59 ബിസിസികളും ഈ തീരുമാനം ഏറ്റെടുത്തതോടെ കാലങ്ങളായി മത്സ്യതൊഴിലാളികള്‍ സ്വപ്നം കണ്ടിരുന്ന സ്വന്തമായൊരു ഭവനം യാഥാര്‍ത്ഥ്യമാവാന്‍ തുടങ്ങി. ഭൂമിക്ക് വിലയിട്ടെന്ന് ഏഷ്യനെറ്റ് വിളിച്ച് പറയുമ്പോഴും, പളളിക്കായി ഭൂമിലഭിച്ചവര്‍ നല്‍കിയ സംഭാവനകളെ തെറ്റായി ചിത്രീകരിച്ചതാണെന്ന് വിശ്വാസികള്‍ ഒന്നടങ്കം പറയുന്നു.

‘കടലും, കടപ്പുറവും മത്സ്യതൊഴിലാളിയുടെ സ്വന്തമല്ലെന്നാണ്’ ഏഷ്യാനെറ്റ് ഓരോ ദിവസവും വിളിച്ച് പറയുന്നത്. കേരളത്തിലെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ നീണ്ട് കിടക്കുന്ന കടല്‍ തീരങ്ങളില്‍ മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പട്ടയം കൊടുത്തിട്ടാണോ ഈ സമൂഹം കാലങ്ങളായി ജീവിതം തളളി നീക്കുന്നത്? മാറിമാറി വരുന്ന സര്‍ക്കാരുകള്‍ വോട്ട് ബാങ്കായി മാത്രം കാണുന്ന ഈ സമൂഹം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുമ്പോള്‍, ഒരു സര്‍ക്കാരും ഇവരെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നതാണ് സത്യം. അടിമലത്തുറയില്‍ ഫ്ളാറ്റ് സമുച്ചയം പണിയാനായി സര്‍ക്കാര്‍ തീരുമാനമെടുത്തതായി ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മ ഏഷ്യാനെറ്റിനോട് പറഞ്ഞിരുന്നു. എന്നാല്‍, “പലതവണ കളളം മാത്രം പറഞ്ഞ് മത്സ്യ തൊഴിലാളികളെ പറ്റിച്ചതോടെയാണ്” സ്വന്തമായി ഈ ഉദ്യമത്തിന് ഇടവക തന്നെ മുന്നിട്ടിറങ്ങിയത്. കൂടാതെ, അടിമലത്തുറയിലെ മത്സ്യതൊഴിലാളികള്‍ വിവാഹ ആവശ്യങ്ങള്‍ക്കും ഇടവകയിലെ പൊതുപരിപാടികള്‍ക്കും സ്വന്താമൊയൊരു കെട്ടിടമില്ലാതെ കിലോ മീറ്ററുകള്‍ താണ്ടി തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റി വന്നതിന്റെ പശ്ചാത്തലത്തിലാണ് കമ്മ്യൂണിറ്റി ഹാളെന്ന ആശയം രൂപപ്പെടുത്തുകയും പണിയുകയും ചെയ്തത്.

എന്നാല്‍, കമ്മ്യൂണിറ്റി ഹാളിന് തൊട്ടടുടുത്തായി സ്ഥിതിചെയ്യുന്ന റിസോട്ടുകളൊന്നും തന്നെ കൈയ്യേറ്റമായി ഏഷ്യാനെറ്റ് പറയുന്നില്ല. കമ്യൂണിറ്റി ഹാളിന് തൊട്ട് ചേര്‍ന്ന് ഒരു മതിലിനപ്പുറത്തെ റിസോട്ടുകളൊന്നും ഏഷ്യാനെറ്റിന്റെ ക്യാമറയില്‍ പതിഞ്ഞതുമില്ല. 2200 കുടുംബങ്ങളുളള അടിമലത്തുറയിലെ ഒരു വിശാസിയോടും ഏഷ്യനെറ്റ് ചോദിച്ചിട്ടില്ല ‘അടിമലത്തുറയിലെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍’. ഇടവകയിലെ ഒരു കുടുംബത്തിന് വൈദികനോടുളള മുന്‍വൈരാഗ്യം ഏഷ്യാനെറ്റ് മുതലെടുത്തതോടെ ഇടവകയിലെ മറ്റ് കുടുംബങ്ങളെല്ലാം കൈയ്യേറ്റക്കാരായി.

അടിമലത്തുറയിലെ മത്സ്യബന്ധനതൊഴിലാളികള്‍ നേരിടുന്ന നിരവധിയായ സാമൂഹ്യ പ്രശ്നങ്ങളും അടിസ്ഥാന സൗകര്യ പ്രശ്നങ്ങളും നാളിതുവരെ ഏഷ്യാനെറ്റ് ചാനല്‍ അന്വോഷിച്ചിട്ടില്ല, അവര്‍ക്കത് ഒരു വിഷയവുമല്ല. എന്നാല്‍, തീരം കൈയ്യേറി റിസോര്‍ട്ടുകള്‍ പണിത റിസേര്‍ട്ട് മാഫിയയുടെ ഏജന്റായാണ് ഏഷ്യാനെറ്റ് അടിമലത്തുറയിലെ മത്സ്യതൊഴിലാളി സമൂഹത്തെയും, അവരെ സഹായിക്കാന്‍ തുനിഞ്ഞിറങ്ങിയ ഫാ.മെല്‍ബിന്‍ സൂസയെയും പരസ്യമായി അവഹേളിക്കുന്നത്. ഓഖിയില്‍ എല്ലാം നഷ്ടപ്പെട്ട മതസ്യബന്ധന തൊഴിലാളികള്‍, പ്രളയം വന്നപ്പോള്‍ കേരളത്തെ കൈപിടിച്ചുയര്‍ത്തിയെന്ന് വാനോളം പുകഴ്ത്തിയ ഏഷ്യാനെറ്റ് സത്യസന്ധതയോടെയാണോ ആവാര്‍ത്ത കൊടുത്തതെന്ന് ഇന്ന് അടിമലത്തുറയിലെ വിശ്വാസി സമൂഹം സംശയത്തോടെയാണ് കാണുന്നത്.

പതിറ്റാണ്ടുകളായി അടിമലത്തുറയിൽ താമസിക്കുന്ന മത്സ്യബന്ധന തൊഴിലാളികളിൽ പലർക്കും ഇന്നും പട്ടയം ഇല്ല എന്നതാണ് യാഥാർഥ്യം. പട്ടയത്തിനുവേണ്ടി വില്ലേജോഫീസുകളിലും, റവന്യൂ ഓഫീസുകളിലും കയറിയിറങ്ങി മടുത്ത മത്സ്യത്തൊഴിലാളികളുടെ നീണ്ടനിരയും അടിമലത്തുറയിലെ സാഹചര്യമാണ്. എന്നാൽ, 35 വർഷത്തിനിപ്പുറം പണിത പല റിസോർട്ടുകൾക്കും ഇന്ന് പട്ടയമുണ്ട്. ഇതെങ്ങനെ സംഭവിച്ചു, ഇതിനെക്കുറിച്ച് അന്വേഷിക്കാൻ എന്തുകൊണ്ട് ഏഷ്യാനെറ്റിന് കഴിഞ്ഞില്ല, ഈ അത്ഭുതവും ഏഷ്യാനെറ്റ് വാർത്തയാക്കേണ്ടേ?

പളളിക്കെതിരെ റിസോര്‍ട്ട് മാഫിയകള്‍ ഏഷ്യാനെറ്റിനെ ഉപകരണമാക്കിയപ്പോള്‍, സെറ്റിട്ട് കൊണ്ടുളള വാര്‍ത്തകളാണ് ഏഷ്യാനെറ്റ് കൊടുക്കുന്നതെന്നത് മത്സ്യ തൊഴിലാളി സമൂഹത്തിന് വ്യക്തമാണ്. ഓഖിയില്‍ സര്‍ക്കാരിനെ പലതവണ കുറ്റപ്പെടുത്തിയ ലത്തീന്‍ സഭക്കെതിരെ കിട്ടിയ വാര്‍ത്തകളെ സുവര്‍ണ്ണാവസരമായി കണ്ടാണ് മത്സ്യബന്ധന തൊഴിലാളികളെ അപമാനിച്ച് കൊണ്ട് മന്ത്രി മേഴ്സികുട്ടിയമ്മ ഏഷ്യാനെറ്റിന്റെ വാര്‍ത്തകളെ ന്യായീകരിച്ചത്. ഫിഷറീസ് മന്ത്രിയായി ചുമതലയേറ്റതുമുതല്‍ ലത്തീന്‍ കത്തോലിക്കാ സമൂഹത്തെ അവഹേളിക്കുന്ന മന്ത്രിയുടെ നിലപാടുകളും ഇപ്പോള്‍ അടിമലത്തുറ ചര്‍ച്ച ചെയ്യുകയാണ്. ഏഷ്യനെറ്റെന്ന മാധ്യമത്തെ ഇന്ന് അടിമലത്തുറക്കാര്‍ക്കൊപ്പം കേരളത്തിലെ മത്സ്യബന്ധന തൊഴിലാളികളും തികച്ചും മനസിലാക്കിയിരിക്കുന്നു. കത്തോലിക്കാ സഭക്കെതിരെ എന്ത് കിട്ടിയാലും ചര്‍ച്ചയാക്കുന്ന ഈ മധ്യമത്തെ തിരിച്ചറിയണമെന്നാണ് അവരുടെ അപേക്ഷ. ലത്തീന്‍ കത്തോലിക്കന്റെ പൊതുപരിപാടികള്‍ പലതും വാര്‍ത്തയാക്കാത്ത, വാര്‍ത്തയാക്കാന്‍ മടിക്കുന്ന ഏഷ്യാനെറ്റിന് പക്ഷെ അടിമലത്തുറ ഇനി മാപ്പ് നല്‍കില്ല. ഇടവകയിലെ 2200 കുടുംബങ്ങളുടെ പ്രതിഷേധം മറ്റ് കുടുംബങ്ങളിലേക്ക് വ്യാപിച്ച് കൊണ്ടിരിക്കുകയാണ്.

സര്‍ക്കാര്‍ ഭവന പദ്ധതികളില്‍ നിന്നും, ലൈഫ് പദ്ധതികളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട സമൂഹം ശുചിമുറികള്‍ പോലുമില്ലാത്ത വീടുകളില്‍ നിന്ന് മെച്ചപെട്ട സൗകര്യങ്ങളിലേക്ക് മടങ്ങുന്നത് കാണാന്‍ കഴിയാത്ത കണ്ണാണ് ഏഷ്യാനെറ്റിന്റേതെന്ന് കേരളത്തിലെ ഏത് കണ്ണ് പൊട്ടനും അറിയാവുന്ന സത്യമാണ്. ഇടവകയിലെ കുടുംബ രജിസ്റ്ററില്‍ പോലും പേരില്ലാത്ത ഒരു കുടുംബത്തിന്റെ പ്രതികരണങ്ങള്‍ മാത്രം നല്‍കി എത്രകാലം ഏഷ്യാനെറ്റിന് വാര്‍ത്ത നല്‍കുമെന്ന് കാത്തിരുന്ന് കാണാം. അടിമലത്തുറയിലെ വിശാസികള്‍ ഒന്നടങ്കം പറയന്നു “ഏഷ്യാനെറ്റേ അടിമലത്തുറയിലേക്ക് വാ… കൈയ്യേറ്റത്തിന്റെ വലിയ കഥകള്‍ ഞങ്ങള്‍ക്ക് പറയാനുണ്ട്…”!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker