Kazhchayum Ulkkazchayum

“ദാനായ ലക്ഷ്മീ: സുകൃതായ വിദ്യാ, ചിന്താ പരബ്രഹ്മ വിനിശ്ചയായ”

മൂല്യബോധമുള്ള ഒരു പുത്തൻതലമുറയെ വളർത്തുവാൻ, നാം അവർക്ക് അടിവളമായിത്തീരണം...

നമുക്ക് സമ്പത്ത്, സ്ഥാനമാനങ്ങൾ ഉന്നതപദവി, ഐശ്വര്യം എന്നിവ നൽകപ്പെട്ടിരിക്കുന്നത് മറ്റുള്ളവർക്ക് കൂടെ ഉപകാരപ്രദമാക്കാനാണ്. ദാനശീലം ഒരു ഉദാരഗുണമാണ്. മനുഷ്യപ്പറ്റ് എന്ന് മൊഴിമാറ്റം നടത്താം. മനുഷ്യൻ ഒരു സാമൂഹ്യ ജീവി എന്ന നിലയിൽ അപരന്റെ ക്ഷേമവും, സുഖവും, സന്തോഷവും ഉറപ്പുവരുത്താനുള്ള കടമയുണ്ട്. ലക്ഷ്യബോധമില്ലാതെ, ഉത്തരവാദിത്വമില്ലാതെ, ആഭാസവും ധൂർത്തും കാണിച്ച്, നിരുത്തരവാദിത്വപരമായ ജീവിതം നയിക്കുന്നവരെ സഹായിക്കണമെന്ന് ഇപ്പറഞ്ഞതിന് അർത്ഥമില്ല. “നീന്താത്ത മാട്ടിനെ വെള്ളം കൊണ്ടു പോകും” – പഴമൊഴി.

ഒരാൾക്ക് വിദ്യ ലഭിക്കുമ്പോൾ, അഥവാ ഒരാളെ വിദ്യാസമ്പന്നനെന്ന് നാം വിളിക്കുമ്പോൾ, അതിന്റെ അടിസ്ഥാന ലക്ഷണം “ആ വ്യക്തി” എത്രമാത്രം സൽപ്രവൃത്തികൾ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. എല്ലാത്തരത്തിലുമുള്ള അജ്ഞതയെ നീക്കം ചെയ്യുന്നതാണല്ലോ “യഥാർത്ഥ വിദ്യാഭ്യാസം”. ഇന്ന് വിദ്യാഭ്യാസം കേവലം അറിവ് സമ്പാദിക്കുക, ഒരു ഉപജീവനമാർഗ്ഗം കണ്ടെത്താനുള്ള ഉപാധി എന്നിങ്ങനെയുള്ള പരിമിതമായ തലത്തിൽ വിദ്യയെ നോക്കി കാണുന്നവരും കുറവല്ല. സുകൃതം ഒരു പുണ്യമാണ്, വെളിച്ചമാണ്, “സംസ്കൃത ചിന്ത”യുള്ള ഒരു മനസ്സിന്റെ ആത്മപ്രകാശനമാണ്. ഇനി ചിന്താശക്തി എന്നത് ഈശ്വരനെ ഉപാസിക്കാനാണ്, ധ്യാനിക്കാനാണ്, ഈശ്വര മേഖലയിൽ വ്യാപരിക്കാനുള്ളതാണ്.

മനുഷ്യൻ എന്ന വാക്കിന്റെ അർത്ഥം തന്നെ “മനനം ചെയ്യുന്നവൻ” എന്നാണ്. അതായത് മേൽപ്പറഞ്ഞ ഗുണങ്ങളുള്ള ഒരു വ്യക്തിയെ “അഭിവന്ദ്യനായ” വ്യക്തിയെന്ന് നമുക്ക് വിളിക്കാൻ കഴിയും. മറ്റു വാക്കുകളിൽ പറഞ്ഞാൽ വാക്കും പ്രവർത്തിയും പരസ്പരപൂരകം ആകണമെന്ന് സാരം. അതായത്, “മുഖംമൂടി” ഇല്ലാത്ത ഒരു ജീവിതം നയിക്കാൻ നാം ബാധ്യസ്ഥരാണ്. പക്ഷേ, നമ്മുടെ ആധുനിക കാലഘട്ടത്തിൽ സമ്പത്ത്, പണം, പേര്, പ്രശസ്തി എന്നിവ സ്വായക്തമാക്കാൻ ഏത് നീചമാർഗവും ഉപയോഗിക്കുന്ന ദുഃഖകരമായ സ്ഥിതിയാണ് കാണുക. അതുകൊണ്ടുതന്നെ കൊല്ലും, കൊലയും, കൊട്ടേഷൻ സംഘങ്ങളും, മാഫിയ ഗ്രൂപ്പുകളും, കൈക്കൂലിയും, കരിഞ്ചന്തയും, etc. പണസമ്പാദനത്തിന് വേണ്ടിയുള്ള രഹസ്യ അജണ്ടകളായി മാറാറുണ്ട്. ഈശ്വരനെയും, സനാതന മൂല്യങ്ങളെയും, സാന്മാർഗിക പുണ്യങ്ങളെയും നിരാകരിച്ചു കൊണ്ടുള്ള യാത്ര മനുഷ്യനെ ഒരു മൃഗമാക്കി മാറ്റുന്നുണ്ട്. അതെ… മനുഷ്യമൃഗം, രണ്ടുകാലിൽ ചരിക്കുന്ന മൃഗം!

ദൈവത്തെ കൂടാതെയുള്ള ഭൗതിക സുഖസൗകര്യങ്ങളും, നാനാതരത്തിലുള്ള ആസക്തികളും മനുഷ്യനെ എപ്രകാരമാണ് മൃഗീയ വാസനകളുടെ ഉടമയാക്കിത്തീർക്കുന്നതെന്ന യാഥാർത്ഥ്യം അനുദിനം മാധ്യമങ്ങൾ വിളിച്ചു പറയുന്നുണ്ട്. ആത്മാവിനെ നഷ്ടമാക്കിയിട്ട് ലോകത്തെ നേടാനുള്ള വ്യഗ്രത..! മാർഗഭ്രംശം വന്ന ഒരു പുത്തൻ തലമുറ. നശീകരണ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി മദ്യത്തിനും, മയക്കുമരുന്നിനും, ജഡിക താല്പര്യങ്ങൾക്കും വശംവദരായി മാറുകയാണ്. ശാസ്ത്ര-സാങ്കേതിക-വൈജ്ഞാനിക മേഖലകളിൽ വളർന്നു എന്ന് അഭിമാനിക്കുമ്പോഴും, മനുഷ്യപ്പറ്റിലും, മാനുഷിക മൂല്യങ്ങളിലും പരാജയപ്പെടുമ്പോൾ, “എനിക്ക് ശേഷം പ്രളയം” എന്ന മുദ്രാവാക്യമാണ് മുഴക്കുന്നത്. വരുംതലമുറ നമ്മെ ശപിക്കാതിരിക്കാൻ ജാഗ്രതയുള്ളവരാകാം. മൂല്യബോധമുള്ള ഒരു പുത്തൻതലമുറയെ വളർത്തുവാൻ, നാം അവർക്ക് അടിവളമായിത്തീരണം. “ഗോതമ്പു മണി നിലത്തു വീണഴിയാതെ പുതിയഫലം പുറപ്പെടുവിക്കുകയില്ല” (വി.യോഹ.12:24)… യേശു വചനം ധ്യാനിക്കാം!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker