Daily ReflectionEditorial

സഹനത്തിന്റെ സ്നാനം മഹത്വത്തിന്റെ ഉയിർപ്പിലേക്ക്

വചനമായ ക്രിസ്തുവിനെയും കുരിശിലേറ്റി കൊന്നു, പക്ഷെ വചനം ഇല്ലാതായില്ല, മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു...

ജനങ്ങൾക്കുവേണ്ടി മദ്ധ്യസ്ഥ്യം വഹിച്ച് അനർത്ഥത്തിൽ നിന്നും രക്ഷിച്ച ജെറമിയായ്ക്കെതിരെ ജനം തിരിയുമ്പോൾ ജെറമിയ ദൈവത്തോട് പരാതിപറയുന്ന ഭാഗമാണ് ജെറമിയ 18:18-20. ഒരു വ്യാജപ്രവാചകനാണെന്ന്‌ കരുതിയാണ് ജെറമിയായ്‌ക്കെതിരെ അങ്ങിനെ ഗൂഢാലോചന നടത്തുന്നത്. ആ ഗൂഢാലോചനയിലും ഒരു സത്യം അറിയാതെ ഒളിഞ്ഞു കിടപ്പുണ്ട്. ജെറമിയ 18:18b-ൽ പറയുന്നു: “പുരോഹിതന്മാരിൽനിന്നും നിയമോപദേശവും ജ്ഞാനിയിൽനിന്നും ആലോചനയും പ്രവാചകനിൽനിന്നും വചനവും നശിച്ചുപോവുകയില്ല”. യാഥാർത്ഥവചനം ഒരിക്കലും നശിച്ചുപോവുകയില്ല. വചനം ജീവിക്കുന്നവരും വചനമാകുന്നവരും വചനമേകുന്നവരും നശിച്ചുപോവുകയില്ലയെന്ന സത്യം അറിയാതെ തന്നെ അവരുടെ നാവുകളിൽനിന്നും ഉതിരുകയാണ്. ഇവിടെ ജെറമിയ പ്രവാചകനിലൂടെ മനുഷ്യർക്കുവേണ്ടി ദൈവത്തിനുമുന്നിൽ കൈപിടിച്ച് നിൽക്കുന്ന യേശുവിന്റെ ചിത്രമാണ് തെളിഞ്ഞുകാണുക.

വചനമായ ക്രിസ്തുവിനെയും കുരിശിലേറ്റി കൊന്നു, പക്ഷെ വചനം ഇല്ലാതായില്ല, മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു. ഈ സത്യം ക്രിസ്തു തന്റെ പന്ത്രണ്ടു ശിഷ്യന്മാരെ മാത്രം മാറ്റി നിർത്തി അറിയിക്കുകയാണ് മത്തായി 20:17-19-ൽ. ഇത് അറിയിക്കുന്നത് ജെറുസലെമിക്കുള്ള യാത്രയിലാണ്, സ്വാഭാവികമായും കൂട്ടം കൂട്ടമായി പെസഹാ തിരുന്നാളിന് ജെറുസലേമിലേക്കു പോകുന്ന വഴിയിലായിരിക്കണം ഇത്, കാരണം സഭാധിപുത്രന്മാരുടെ അമ്മയും ഈ വചനഭാഗത്ത് കടന്നു വരുന്നതു കാണാം. ജെറുസലേമിലേക്കു ഇങ്ങനെ കൂട്ടം കൂട്ടമായി സങ്കീർത്തനങ്ങൾ ആലപിച്ച് പോകുന്ന പതിവ് യഹൂദർക്ക് ഉണ്ടായിരുന്നുവെന്ന് പഴയനിയമത്തിൽ കാണാം. തീർച്ചയായിട്ടും ജെറുസലെമിക്കുള്ള ‘യാത്ര’ സുവിശേഷങ്ങളെ സംബന്ധിച്ച് കുരിശിലേക്കുള്ള യാത്രയാണ്. ഈ കുരിശിന്റെ വഴിയെ കുറിച്ച് ഈശോ പറയുമ്പോഴും അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന ബോദ്ധ്യത്തോടെ കുരിശിന്റെ വഴിയിലേക്ക് നടന്നുകൊണ്ടാണ് പറയുന്നത്.

എന്നാൽ, ശിഷ്യരുടെ വഴി വേറെയായിരുന്നു. തങ്ങളിൽ വലിയവൻ ആരെന്നും, യേശു സ്ഥാപിക്കുന്ന രാജ്യത്തു ആരായിരിക്കും വലിയവൻ എന്നൊക്കെയാണ് അവർ ചിന്തിച്ചിരുന്നത്. അതുകൊണ്ടാണ് ക്രിസ്തു മൂന്ന് പ്രാവശ്യം ഇതേക്കുറിച്ചു ഓർമ്മിപ്പിക്കുന്നതും പഠിപ്പിക്കുന്നതും. ഇവിടെ സെബദിപുത്രന്മാരുടെ അമ്മ ഇതൊന്നുമറിയാതെ യേശുവിനോടു ചോദിക്കുന്നതും തങ്ങളുടെ മക്കളിൽ ഒരാളെ ഇടതും മറ്റെയാളെ വലതും വശത്തു ഇരുത്തണെമെയെന്നാണ്. യേശു സഹനത്തെകുറിച്ച് പഠിപ്പിച്ചിട്ട് തുടർന്നുള്ള ഭാഗത്ത് (20:20- 28) സഹനത്തെ – പാനപാത്രം, സ്നാനം തുടങ്ങിയ വാക്കുകളിലൂടെ മറ്റുള്ളവരുടെ മുന്നിൽവച്ചും പഠിപ്പിക്കുന്നു. ഒന്നുമറിയാതെ മക്കളെ യേശുവിനൊപ്പം അയക്കുന്ന അമ്മയും എല്ലാമറിഞ്ഞും ഞങ്ങളും നിന്നോടൊപ്പം നിന്റെ പാനപാത്രം കുടിക്കാം, നിന്റെ സ്നാനം സ്വീകരിക്കാം എന്ന് പറയുന്ന ആ അമ്മയുടെ മക്കളും എന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം. കാരണം പിന്നീട് ഈ ശിഷ്യർ ഈ സ്നാനം സ്വീകരിച്ചിട്ടുണ്ടെകിൽ അവർക്കു കുറച്ചെങ്കിലും ബോധ്യം ഇപ്പോഴേ ഉണ്ടായിക്കാണണം.

യേശുവിന്റെ വഴിയേ നടക്കാൻ ആഗ്രഹിക്കുന്ന, സഹനത്തെ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ശിഷ്യന്റെ ആദ്യപടി ശുശ്രൂഷകനാവുക എന്നതാണ്. ശുശൂഷ എന്ന വാക്കിന്റെ മൂലപദം ‘അടിമ’. അതായതു അനേകർക്കുവേണ്ടി ഒരു അടിമയെപ്പോലെ അനേകർക്കുവേണ്ടി തന്നെ തന്നെ കൊടുത്തു കൊടുത്തു ഇല്ലാതാവുക എന്നർഥം. സഹനമെന്നാൽ ചെറുതാവുക, ഇല്ലാതാവുക എന്നർത്ഥം. സഹിക്കുകയെന്നാൽ ചുറ്റുമുള്ളവയിലേക്കു നോക്കാതെ സഹനത്തിനപ്പുറമുള്ള അവസാനത്തെ മഹത്വവും ദർശിക്കുകയെന്നർത്ഥം. ആയതിനാൽ, ചെറുതാക്കാൻ ആഗ്രഹിക്കുന്ന ശിഷ്യനെ അവസാനത്തെ മഹത്വം കാണാൻ പഠിപ്പിക്കുയാണിവിടെ. കുരിശിൽ തീരുന്ന ജീവിതമല്ല ഉയിർപ്പിൽ നോക്കി കുരിശേറാൻ പഠിപ്പിക്കുകയാണ്. ക്രിസ്തുക്സണിച്ചു തന്ന ‘വഴി’ അത് തന്നെയാണ്. വചനം തന്നെയായ അവന്റെ വാക്കുകൾ ഒരിക്കലും നശിച്ചുപോകുകയില്ല. അവന്റെ സ്നാനം കുടിക്കാം എന്ന് ഉറച്ച തീരുമാനമെടുത്ത യാക്കോബ് അപ്പോസ്തോലൻ അതുകൊണ്ടു തന്നെ തന്റെ ലേഖനത്തിൽ നമ്മെ പഠിപ്പിച്ചത് ഹൃദയത്തിൽ ആഴപ്പെടുത്താം: “എന്റെ സഹോദരരേ, വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങൾ സന്തോഷിക്കുവിൻ. എന്തെന്നാൽ, വിശ്വാസം അപരീക്ഷിക്കപ്പെടുമ്പോൾ നിങ്ങള്ക്ക് അതിൽ സ്ഥിരത ലഭിക്കുമെന്ന് അറിയുമല്ലോ. ഈ സ്ഥിരത പൂർണ്ണഫലം പുറപ്പെടുകയും അങ്ങിനെ നിങ്ങൾ പൂർണ്ണരും എല്ലാം തികഞ്ഞവരും ഒന്നിനും കുറവില്ലാത്തവരും ആവുകയും ചെയ്യും” (യാക്കോ.1:2-4).

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker