Daily Reflection

ഡിസംബർ 23: സ്വർഗ്ഗത്തിൽ എഴുതപ്പെടുന്ന പേരുകൾ

നമ്മളെല്ലാവരെയും ദൈവം വ്യക്തിപരമായി ഓരോരുത്തരെയും അത്രത്തോളം സ്നേഹിക്കുന്നു...

ഇരുപത്തിമൂന്നാം ദിവസം

ഒരു മനുഷ്യന്റെ വ്യക്തിത്വം സൂചിപ്പിക്കുന്നതാണ് അവന്റെ പേര്. നമ്മളെല്ലാവരും പേരുകളിൽ അഭിമാനം കൊള്ളുന്നവരാണ്. നാം മാമോദിസ സ്വീകരിക്കുന്ന വേളയിൽ, മാതാപിതാക്കന്മാർ നൽകുന്ന മഹത്തായ ദാനമാണ് നമ്മുടെ പേരുകൾ. എന്നാൽ, “നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു” അഥവാ അവിടുത്തെ ഉള്ളംകൈയിൽ രേഖപ്പെടുത്തിയിരിക്കുന്നുവെന്നത് സൂചിപ്പിക്കുന്നത്, നമ്മളെല്ലാവരെയും ദൈവം വ്യക്തിപരമായി ഓരോരുത്തരെയും അത്രത്തോളം സ്നേഹിക്കുന്നു എന്നതാണ്.

ഇന്നത്തെ സുവിശേഷത്തിൽ, ക്രിസ്തുവിനു വഴിയൊരുക്കുവാൻ വന്ന സ്നാപക യോഹന്നാനുപേരു കൊടുക്കുന്നതിനെ കുറിച്ചുള്ള വലിയൊരു വിവാദം നടക്കുന്നതാണ് നാം കാണുന്നത്. തങ്ങളുടെ വാർദ്ധക്യത്തിൽ ജനിച്ച കുഞ്ഞിന് “യോഹന്നാൻ” എന്ന പേര് നൽകുവാനാണ് സക്കറിയായും എലിസബത്തും ആഗ്രഹിച്ചത്. എന്നാൽ, അതെല്ലാം ദൈവേഷ്ടപ്രകാരമാണെന്ന് സുവിശേഷം വായിക്കുമ്പോൾ നമുക്ക് മനസ്സിലാവുന്നുണ്ട്. “ദൈവം കാരുണ്യവാൻ”, ” ദൈവം ഉദാരമനസ്കൻ” എന്നതാണ് യോഹന്നാൻ എന്നതിന്റെ ഹീബ്രു തത്തുല്യമായ പദത്തിന്റെ അർത്ഥം. തങ്ങൾക്ക് ദൈവം ദാനമായി നൽകിയ കുഞ്ഞ് “ദൈവത്തിന്റെ മഹത്തായ സ്നേഹ”മാണെന്ന് തിരിച്ചറിയുവാൻ അവർക്ക് സാധിച്ചു.

എന്നാൽ, ഓരോ പേരുകൾക്കും ഓരോ ദൈവ ദൗത്യമുണ്ടെന്ന് കൂടി തിരിച്ചറിയുകയാണ് യോഹന്നാൻ എന്ന വ്യക്തിയിലൂടെ. ദൈവത്തിനു വഴിയൊരുക്കുവാനായിട്ട് ജനിച്ചതായിരുന്നു സ്നാപകയോഹന്നാൻ. ദൈവഹിതമനുസരിച്ച് പേര് നൽകുവാൻ മാതാപിതാക്കൾക്ക് സാധിച്ചപ്പോൾ, അതിൽ പ്രകാരം ജീവിക്കുവാനായിട്ട് മകനും കഴിഞ്ഞുവെന്നതാണ് യോഹന്നാന്റെ ജീവിതം വിശുദ്ധഗ്രന്ഥത്തിൽ സാക്ഷ്യപ്പെടുത്തുന്നത്.

മാതാപിതാക്കൾക്ക് ദൈവത്തിന്റെ കാരുണ്യം തിരിച്ചറിയാൻ സാധിക്കുകയും, അത് മക്കൾക്ക് പകർന്നുനൽകാനും കഴിയുമ്പോൾ അവിടെ ദൈവത്തിന്റെ ഇടപെടലുകൾ സംഭവിക്കുന്നു. സ്നാപകയോഹന്നാൻ എപ്രകാരമാണ് ദൈവത്തിനു വഴിയൊരുക്കിയെന്നു വിശുദ്ധഗ്രന്ഥത്തിൽ നാം വായിക്കുന്നുണ്ട്. ഒരു താപസനെ പോലെ ജീവിച്ച്, മരുഭൂമിയിൽ ദൈവത്തിന്റെ ശബ്ദമായി മാറുവാനായിട്ട് ആഗ്രഹിച്ച വനായിരുന്നു സ്നാപകയോഹന്നാൻ. താൻ ആരാണെന്നും, തന്റെ ദൗത്യം എന്താണെന്നും അവന് തിരിച്ചറിവുണ്ടായിരുന്നു. അതിനാലാണ്, “തനിക്ക് പിന്നാലെ വരുന്നവന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും താൻ യോഗ്യനല്ല” എന്ന് എളിമയോടെ പറയുവാനാൻ സാധിച്ചത്. “ഇവനാണ് ലോകത്തിന്റെ പാപങ്ങൾ നീക്കുന്നവൻ” എന്നുപറഞ്ഞുകൊണ്ട്, തന്റെ ശിഷ്യന്മാർക്ക് ക്രിസ്തുവിനെ ചൂണ്ടികാണിച്ചു കൊടുത്തതും മറ്റാരുമായിരുന്നില്ല. “ഞാൻ നിന്നിൽ നിന്നും സ്നാനം സ്വീകരിക്കാനിരിക്കെ, നീ എന്നിൽനിന്നും സ്വീകരിക്കുന്നുവോ?” എന്ന് പറഞ്ഞുകൊണ്ട് ക്രിസ്തുവിനെ തടയുവാനായിട്ട് സ്നാപകയോഹന്നാൻ തുനിയുകയുണ്ടായി. കാരണം, അനുതാപ ത്തിന്റെ സ്നാനം സ്വീകരിക്കേണ്ട ഒരാവശ്യം ക്രിസ്തുവിനു ണ്ടായിരുന്നില്ല എന്ന് അവനറിയാമായിരുന്നു. കാരാഗൃഹത്തിലായിരുന്നപ്പോഴും, ക്രിസ്തുവിനെ കുറിച്ച് അറിയുവാനാണ് അവൻ ആഗ്രഹിച്ചത്. തന്റെ ജീവൻ നഷ്ടപ്പെടുമെന്ന് ഉറപ്പായിട്ടും ദൈവ നീതിയുടെ ശബ്ദമായി മരിക്കുവാനാണ് അവൻ തീരുമാനിച്ചത്.

ക്രിസ്മസ് പടിവാതിൽക്കൽ വന്ന് നിൽക്കെ, നമ്മുടെ ജീവിതം സ്നാപക യോഹന്നാനെ പോലെ ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് പ്രവർത്തിക്കാനുള്ള അനുഗ്രഹത്തിനായി ദൈവ പ്രമാണങ്ങൾക്ക് അനുസൃതമായി നമ്മുടെ ജീവിതത്തെ നവീകരിക്കാം. വിശുദ്ധമായ ഒരു ജീവിതം നയിച്ചുകൊണ്ട്, നമ്മുടെ മാതാപിതാക്കന്മാർക്ക് ലഭിച്ച മഹത്തായ ദാനത്തിന് ദൈവത്തിന് കൃതജ്ഞത പ്രകാശിപ്പിക്കാം. അതിനു, ഓരോ പേരും “ദൈവത്തിന്റെ കാരുണ്യം” ആണെന്നുള്ള തിരിച്ചറിവിലേക്ക് കടന്നുവരാൻ നമുക്ക് സാധിക്കണം. ക്രിസ്തു ദൈവത്തിന്റെ അഭിഷിക്തനായിട്ട് ലോകത്തിന്റെ രക്ഷകനായി അവതരിച്ചതുപോലെ, സ്നാപകയോഹന്നാൻ “ദൈവത്തിന്റെ കാരുണ്യ”മായി ദൈവത്തിനെ മറ്റുള്ളവർക്ക് ചൂണ്ടിക്കാണിക്കുന്നവനായി ജീവിച്ചതുപോലെ, പരിശുദ്ധ അമ്മ ദൈവകൃപ നിറഞ്ഞവളെന്ന അഭിസംബോധന ഹൃദയത്തിൽ സ്വീകരിച്ചുകൊണ്ട് ദൈവ കാരുണ്യത്തിന്റെ സ്തോത്ര ഗീതം ആലപിച്ചതുപോലെ, നമ്മുടെ ഹൃദയങ്ങളിൽ നിന്നും ദൈവകാരുണ്യ ത്തിന്റെ സങ്കീർത്തനങ്ങൾ ആലപിക്കാം. “നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു” എന്ന കാലിത്തൊഴുത്തിലെ ഉണ്ണി യേശുവിന്റെ വചസ്സുകൾ നാം വിസ്മരിക്കാതിരിക്കട്ടെ…!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker