Kazhchayum Ulkkazchayum

സഹയാത്രികർ…

ആൾക്കൂട്ടങ്ങളുടെ നടുവിലാണ് നാം ജീവിക്കുന്നത്. പലപ്പോഴും ആൾക്കൂട്ടങ്ങൾക്ക് നിയതമായ ലക്ഷ്യമില്ല. എവിടെനിന്നു വരുന്നു, പോകുന്നു… ജീവിതയാത്രയിൽ കൂടെ നടക്കാനും, കൂട്ടുകൂടാനും കുറച്ചുപേർ ഉണ്ടാകണം. മാതാപിതാക്കൾ, സഹോദരങ്ങൾ, കൂട്ടുകാർ, ബന്ധുക്കൾ, സംഘടനകളിലും, പ്രസ്ഥാനങ്ങളിലും, പ്രത്യയശാസ്ത്രത്തിലും വിശ്വസിക്കുകയും, സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവർ. എന്നാൽ, ഇവർക്കെല്ലാം പരിധിയും, പരിമിതികളുമുണ്ട്. ഇവരൊക്കെ “മരണ”മെന്ന കവാടം വരെ മാത്രം സഹയാത്രികരായി മാറുന്നവരാണ്. എന്നാൽ, ഇവിടെ മരണത്തിനുമപ്പുറം നമ്മോടൊപ്പം യാത്ര ചെയ്യുന്ന സഹയാത്രികരെ കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കും.

സമ്പത്ത്, സ്ഥാനമാനം, ഐശ്വര്യം etc. ഇവയെല്ലാം മരണത്തോടെ ഭവനത്തിൽ ഉപേക്ഷിക്കേണ്ടിവരും അഥവാ അവ നമ്മെ ഉപേക്ഷിച്ചു പോകും. ശ്മശാനത്തിൽ എത്തുമ്പോൾ (സെമിത്തേരി) മിത്രങ്ങളെയും, ബന്ധുക്കളെയും, നാട്ടുകാരെയും ഉപേക്ഷിക്കേണ്ടിവരും. അപ്പോൾ മരണത്തിനപ്പുറമുള്ള ജീവിതത്തിലേക്ക് നമ്മോടൊപ്പം യാത്ര ചെയ്യാൻ, ഒരു സഹയാത്രികനായി വരാൻ ആരുണ്ടാകും എന്നാണ് ചോദ്യം? ആരും ഉണ്ടാകില്ല എന്ന് പറയാൻ വരട്ടെ…! രണ്ടുപേർ “സഹയാത്രികരായി” വരും എന്നതാണ് പരമാർത്ഥം. ആരാണവർ? “സുകൃതവും, ദുഷ്കൃതവും”. നമ്മുടെ ജീവിതകാലത്ത് നാം ചെയ്ത സുകൃതവും (നന്മയും) തിന്മയും. അതെ, മരണത്തിനപ്പുറവും നമ്മെ പിന്തുടരുന്ന സഹയാത്രികരാണ്. നമുക്കു ചുറ്റും കാണുന്നവരുടെ മരണത്തെ കുറിച്ച് പറയുമ്പോൾ സാധാരണ ഉപയോഗിക്കുന്ന രണ്ട് പദങ്ങളാണ്; ചത്തു, മരിച്ചു. ചിലർ ജീവിത കാലത്ത് മൃഗതുല്യമായ ജീവിതമാണ് നയിക്കുന്നതെങ്കിൽ അവരുടെ ജീവൻ പോയാൽ നാം പറഞ്ഞു പോകും; ഇന്ന സ്ഥലത്ത് ഉണ്ടായിരുന്ന ആൾ “ചത്തുപോയി” (പട്ടി ചത്തു, പശു ചത്തു, പോത്ത് ചത്തു,etc.). ചിലരെ “മരിച്ചുപോയി” എന്ന് നാം പറയും. കാരണം, മനുഷ്യൻ എന്ന എന്ന വാക്കിന് “മരണമുള്ളവൻ” എന്നാണർത്ഥം. മനുഷ്യർക്ക് മാത്രമേ “മരിച്ചൂ” എന്ന വാക്ക് ഉചിതമാകൂ.

ഇവിടെ മനുഷ്യനെ മനുഷ്യനാക്കുന്ന ചില ഗുണവിശേഷങ്ങൾ ഓർത്തിരിക്കുന്നത് നല്ലതാണ്. മരിച്ചതിനുശേഷം വലിയ വലിയ പ്രതിമകളുണ്ടാക്കി വെച്ചാലും ജീവിത കാലത്തിൽ നന്മ ചെയ്യാതെ കടന്നുപോയാൽ ജനം പുച്ഛിക്കും. പ്രതിമയെ നോക്കി പോലും കാർക്കിച്ചു തുപ്പും. എന്നാൽ മനുഷ്യ ഹൃദയത്തിൽ “ഇടം”പിടിക്കുന്നവരുടെ സൽപ്രവൃത്തികളും, രൂപങ്ങളും, ജീവിത വ്യാപാരങ്ങളും ഹൃദയങ്ങളിലാണ് സ്ഥാനം പിടിക്കുന്നത്. എത്രകാലം ജീവിച്ചിരിക്കുന്നു എന്നതിനേക്കാൾ, ജീവിച്ചിരുന്നപ്പോൾ എങ്ങനെ ജീവിച്ചു? എന്തിനു വേണ്ടി ജീവിച്ചു? ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ എന്തെല്ലാമാണ്? എന്നീ കാര്യങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നവയാണ്. അപ്പോൾ ജീവിച്ചിരിക്കുമ്പോൾ നന്മ ചെയ്യണമോ? തിന്മ ചെയ്യണമോ എന്ന് തീരുമാനിക്കേണ്ടത് നാമാണ്.

ഒരിക്കൽ ഒരു സന്യാസി ഭിക്ഷ ചോദിക്കാൻ ഒരു കോടീശ്വരന്റെ വീട്ടുമുറ്റത്ത് ചെന്നു. കോടിശ്വരനും ഭാര്യയും ഒരുമിച്ച് പറഞ്ഞു: ഇവിടെ പിച്ചക്കാർക്ക് കൊടുക്കാൻ ഒന്നുമില്ല. പട്ടിയുണ്ട്, കടിക്കും, ഉടനെ പുറത്തു പോകണം. സന്യാസി (ബുദ്ധിയുള്ള) ചിരിച്ചിട്ട് പറഞ്ഞു: “നിങ്ങളുടെ വത്സല പിതാവ് പറഞ്ഞിട്ടാണ് ഞാൻ വന്നത്”. അതിന് അപ്പൻ മരിച്ചിട്ട് 50 വർഷം കഴിഞ്ഞു. സന്യാസി ചിരിച്ചിട്ട് പറഞ്ഞു: “എനിക്കറിയാം, ഞാൻ മരിച്ചിട്ടും 50 വർഷം കഴിഞ്ഞു. പക്ഷേ എനിക്കു സ്വർഗ്ഗത്തിൽ നിന്ന് ആ ഇളവ് (ആനുകൂല്യം) തന്നിട്ടുണ്ട്… 50 വർഷം തികയുമ്പോൾ15 വർഷം വീണ്ടും ഈ ഭൂമിയിൽ ജീവിക്കുവാനുള്ള വരം”. ഉടൻ കോടീശ്വരൻ ചോദിച്ചു: അപ്പോൾ സ്വർഗ്ഗത്തിൽ സുഖമായിരിക്കുന്നോ? അപ്പന്റെ കൊതുകുവല കീറിപ്പോയി, ഒരു സൂചിയും നൂലും കൊണ്ടു കൊടുക്കണമെന്ന് പറഞ്ഞിരുന്നു… അതെങ്ങനെ…? എങ്കിൽ പിന്നെ ഈ വസ്തുവും, വകയും, സമ്പാദ്യവും കൊണ്ട് എന്ത് പുണ്യം? സന്യാസിയുടെ വാക്ക് കേട്ട് കോടീശ്വരന് മാനസാന്തരമുണ്ടായി, ദാനധർമ്മം ചെയ്യാൻ തുടങ്ങി. നമുക്കും മാനസാന്തരം വേണ്ടേ? ചിന്തിക്കുക…

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker