Daily Reflection

ഒറ്റികൊടുക്കുന്ന വെള്ളിക്കാശുകൾ

ക്രിസ്തുവിന്റെ മരണം നമ്മിൽ തുടർന്നുകൊണ്ടിരിക്കും...

ഒറ്റിക്കൊടുത്ത ഈശോയുടെ ചിത്രമാണ് ഉല്പത്തി പുസ്തകം 37:3- 28 -ൽ പഴയനിയമത്തിലെ ജോസഫിൽ കാണുക. ഇരുപതു വെള്ളിക്കാശിനു വിട്ടുവെന്നാണ് വചനം പറയുന്നത്. ജോസഫിനെ വധിക്കാനുള്ള ശ്രമത്തിനും ഇരുപതു വെള്ളിക്കാശിനു വിറ്റതിന്റെ പുറകിലും ഉള്ള കാരണം അസൂയയാണ്, തന്റെ സഹോദരൻ പിതാവിന്റെ മുന്നിൽ കൂടുതൽ വിലപ്പെട്ടതായി തോന്നുന്നതിലുള്ള അസൂയ. ആ അർത്ഥത്തിൽ പിതാവിന്റെ അംഗീകാരവും പിതാവിനുള്ളത് തങ്ങൾക്കു കിട്ടാതെ കൂടുതൽ ജോസഫിന് കിട്ടുമോയെന്ന അസൂയയാണത്.

മുന്തിരി തോട്ടത്തിലെ കൃഷിക്കാരുടെ ഉപമയിലും (മത്തായി 21:33-45) ഇതേ തിന്മ ആവർത്തിച്ച കൃഷിക്കാരുടെ ചിത്രമാണ് യേശുനാഥൻ വിവരിക്കുക. തങ്ങൾക്കു കൃഷിചെയ്യാൻ തന്ന മുന്തിരിത്തോട്ടം ഉടമസ്ഥനിൽനിന്നും കൈവശപ്പെടുത്താനുള്ള ആഗ്രഹം, ഉടമസ്ഥനെപോലെ ആകാനുള്ള ശ്രമമാണ് തിന്മയുടെ അടിസ്ഥാനം. ആദിമാതാപിതാക്കൾക്കു പറ്റിയ തെറ്റും ഇതുതന്നെ, ദൈവത്തെപ്പോലെ ആകാനുള്ള ശ്രമം. നമുക്ക് തന്ന ജീവിതം ദൈവം നമ്മെ ഏൽപ്പിച്ച മുത്തിരിത്തോട്ടമാണെന്നും, ഈ ജീവിതത്തിൽ നല്ല ഫലങ്ങൾ പുറപ്പെടുവിച്ച്, ചെയ്ത അദ്ധ്വാനത്തിനു തക്ക പ്രതിഫലം വാങ്ങി വിശ്വസ്ത ദാസരെപോലെ ജീവിക്കേണ്ടവരാണ് നമ്മൾ. അതിനുപകരം നമ്മുടെ ജീവിതം നമ്മൾ തന്നെ രൂപപ്പെടുത്താൻ ശ്രമിക്കുമ്പോൾ, നമ്മുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ ആരംഭിക്കുമ്പോൾ യജമാനന്റേതെല്ലാം നമ്മിൽ നിന്നും അകറ്റപ്പെടുകയാണ്.

ദൈവസന്ദേശം നമുക്ക് നൽകുന്ന വ്യക്തികൾ നമുക്ക് അന്യമാകും, ദൈവത്തിന്റെ സന്ദേശം, വചനം തന്നെയായ ക്രിസ്തുവും നമുക്ക് അന്യമാകും. നമ്മുടെ ജീവിതം അങ്ങിനെ നമ്മുടെ തന്നെ സ്വന്തമാകുന്നുവെന്ന് ചിന്തിക്കാൻ തുടങ്ങുമ്പോൾ നന്മയായിട്ടുള്ളതൊക്കെ, അതിലുമുപരി വചനം തന്നെയായവൻ നമ്മിൽ മരണപ്പെട്ടുകൊണ്ടിരിക്കും. ക്രിസ്തുവിന്റെ മരണം നമ്മിൽ തുടർന്നുകൊണ്ടിരിക്കും. എന്റെ ജീവിതം, ഞാൻ സ്വന്തമാക്കി വച്ചിരിക്കുന്ന, ഞാൻ വേലികെട്ടി എന്റേതെന്നു പറഞ്ഞു സൂക്ഷിക്കുന്നതെല്ലാം നഷ്ടമാക്കപ്പെടാതിരിക്കാൻ ഓരോ ദിവസവും ദൈവം തന്ന ദാനം, എനിക്ക് ചുറ്റുമുള്ളതൊക്കെയും അവിടുത്തെ ദാനം എന്ന് ധ്യാനിക്കാൻ പഠിക്കണം. ദൈവത്തെ മാറ്റിനിറുത്തി എന്റേതെന്നു ചിന്തിക്കുന്നിടത്തു മാത്രമേ ഈ ഒരു അപകടം ഒളിഞ്ഞു കിടപ്പുള്ളൂ. ദൈവത്തിന്റെ യഥാർത്ഥ മക്കളാണ് നമ്മളെങ്കിൽ അവിടുത്തെതെല്ലാം നമ്മുടേതും കൂടിയാണ്. മക്കളെന്ന സ്വാതന്ത്രം നഷ്ടപ്പെടുത്താതിരിക്കാനും മക്കൾക്കടുത്ത സ്വാതന്ത്രത്തോടെ തന്നതിനൊക്കെ ദൈവത്തിനു മഹത്വവും നൽകി ജീവിക്കുന്നിടത്തു, അസൂയയില്ല, അഹങ്കാരമില്ല, എല്ലാം അവിടുത്തേത്‌, അവിടുന്നിലൂടെ എന്റേതായി മാറുന്നു.

നോമ്പുകാലത്തിന്റെ ഈ രണ്ടാമത്തെ വെള്ളിയാഴ്‌ച അവിടുത്തെ കുരിശിന്റെ വഴിയേ ധ്യാനിക്കുന്ന ദിവസം, ദൈവത്തിന്റേതു എന്റേതെന്നുപറഞ്ഞു സ്വന്തമാക്കാനും ക്രിസ്തു ഇനിമേൽ അതുവഴി ഇന്നി മരണപ്പെടാനും ഇടവരാതിരിക്കാൻ പരിശ്രമിക്കാം. ദൈവത്തിന്റെ പൈതൃകസ്വത്തിൽ പങ്കുപറ്റുന്ന വിശ്വസ്തരായ മക്കളായി അവിടുത്തെ വാക്കുകൾക്കനുസരിച്ചു ജീവിക്കുന്ന മക്കളായി ജീവിക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker