Kazhchayum Ulkkazchayum

ജീവനും മരണവും

ലോകം ഒരു വലിയ തറവാടാണ് എന്ന അവബോധം ആഴപ്പെടണം...

സത്യം ബ്രൂയാത് പ്രിയം ബ്രൂയാത് = സത്യം പറയണം, പ്രിയം പറയണം
ന ബ്രൂയാത് സത്യമപ്രിയം = സത്യം അപ്രിയമായി പറയരുത് (മനുസ്മൃതി).

എന്നാൽ, അപ്രിയസത്യങ്ങൾ പറയരുതെന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. അപ്രിയസത്യങ്ങൾ വെളിപ്പെടുത്താതിരുന്നാൽ സത്യം, നീതി, നന്മ, മോചനം നമുക്ക് നഷ്ടപ്പെടും. നമുക്കു മുൻപിൽ ജീവനും, നന്മയും, മരണവും, തിന്മയും, നീതിയും, അനീതിയും, സത്യവും, അസത്യവും, ശരിയും, തെറ്റും, ഇരുളും, പ്രകാശവും ഉണ്ട്. ഏതു തിരഞ്ഞെടുക്കണമെന്നുള്ള സ്വാതന്ത്ര്യവും, വിവേചനാധികാരവും നമുക്കുണ്ട്. ജനന-മരണങ്ങൾക്കിടയിലുള്ള ഒരുപിടച്ചിലാണ് ജീവിതം. വാസ്തവത്തിൽ വൈവിധ്യങ്ങളുടെയും, വൈരുദ്ധ്യങ്ങളുടെയും ഒരു ഘോഷയാത്രയാണ് ഈ കൊച്ചു ജീവിതം. ജനന-മരണങ്ങൾ പൊതുവിൽ പറഞ്ഞാൽ പ്രകൃതിനിയമമാണ്. നാം പലപ്പോഴും പരിസ്ഥിതിയുടെയും, ചുറ്റുപാടുകളുടെയും അടിമയാണ്. ചെയ്യാനാഗ്രഹിക്കുന്ന നന്മയെക്കാൾ ചെയ്തുവരുന്നത് തിന്മയാണ്. അതുകൊണ്ട് പലപ്പോഴും “നട്ടുച്ചക്ക് പാതിരാത്രി”യുടെ അനുഭവം ഉണ്ടാകുന്നു, നാം വല്ലാതെ പകച്ചു പോകുന്നു.

പ്രപഞ്ചത്തെയും, പ്രകൃതിയെയും, ജീവനേയും കൊന്ന് കൊലവിളി നടത്താൻ വെമ്പൽകൊള്ളുന്ന ഒരു “അധമ സംസ്കാര”ത്തിന്റെ ഉടമകളായി നാം ദിനംപ്രതി മാറുകയാണ്. നിസ്സംഗതയും, നിർവികാരതയും ഇന്നിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ്. ഒന്ന് ഉറക്കെ കരയാൻ പോലും കഴിയാത്ത ദുരവസ്ഥ! നമ്മുടെ ബുദ്ധിയും, യുക്തിയും, വിവേചന സ്വാതന്ത്ര്യവും നാം തീറെഴുതി, ദുരന്തം വിലയ്ക്കുവാങ്ങി, മരണത്തെപ്പോലും ആഘോഷമാക്കുന്ന ഒരു “മരണ സംസ്കാര”ത്തിന്റെ വക്താക്കളായി മാറുകയാണ്. അനുഭവങ്ങളിൽ നിന്ന് നാം ഒരു പാഠവും പഠിക്കുന്നില്ല എന്നതാണ് പരമാർത്ഥം. ഒരു ഗ്ലാസ് പാലിൽ ഒരു തുള്ളി വിഷം വീണാൽ പാൽ വിഷമായി മാറും. മാർഗഭ്രംശം വന്ന ഒരു തലമുറ തീക്കൊള്ളികൊണ്ട് തല ചൊറിഞ്ഞ് രസിക്കുകയാണ്. ഇതിന്റെ പിന്നിലെ “ഹിഡൻ അജണ്ടകൾ” നാം അപഗ്രഥിക്കുമ്പോൾ മറ്റുള്ളവരെ കൊല്ലാനും, അടിമപ്പെടുത്താനും, ആധിപത്യം പുലർത്താനുമുള്ള ഒടുങ്ങാത്ത “ആർജനാസക്തി”യാണെന്ന് വായിച്ചെടുക്കാൻ കഴിയും. മറ്റു വാക്കുകളിൽ പറഞ്ഞാൽ “സ്വാർത്ഥത” കട്ടപിടിച്ച സ്വാർത്ഥത. കാരുണ്യവും, സ്നേഹവും, ആർദ്രതയും, അപരന്റെ നന്മയും ആഗ്രഹിക്കാത്ത മനുഷ്യാധമന്മാരുടെ ജീർണ്ണത. അതിന്റെ തിക്തഫലം അനുഭവിക്കുന്നത് നിരപരാധികളായ ജനലക്ഷങ്ങൾ…!

ദൈവത്തിന്റെ ‘യജമാന പദ്ധതി’ മനുഷ്യർക്ക് വെളിപ്പെടുത്തി കൊടുക്കാൻ ശാസ്ത്ര-സാങ്കേതിക-വൈജ്ഞാനിക മേഖലയിൽ വെളിച്ചം വിതറിയപ്പോൾ, സൃഷ്ടിപരവും ക്രിയാത്മകവുമായ വിധം നട്ടുനനച്ച് പരിപോഷിപ്പിക്കുന്നതിന് പകരം “സംഹരിക്കാനു”ള്ള വ്യഗ്രതയിലേക്ക് മനസ്സ് തിരിക്കുന്നതിന്റെ പരിണിത ഫലമാണ് നാമിന്ന് അനുഭവിക്കുന്ന ദുരന്തങ്ങൾ… ദൈവത്തിന്റെ കരവേലയുടെ മഹത്വം പ്രഘോഷിക്കാൻ, നന്മയുടെ ദൈവ മേഖലയിൽ വ്യാപരിക്കേണ്ട മനുഷ്യൻ, തിന്മയുടെ പ്രവാചകനായി, പ്രചാരകനായി അധ:പതിക്കുകയാണ്. ദൈവം ഇറങ്ങി പോകുന്ന മനസ്സുകളിൽ സാത്താൻ ആധിപത്യം സ്ഥാപിക്കും. സാത്താൻ പ്രകാശത്തെക്കാൾ അന്ധകാരത്തെ ഇഷ്ടപ്പെടുന്നു. തിന്മയിൽ നിന്ന് തിന്മയിലേക്കുള്ള മനുഷ്യന്റെ യാത്രയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഒരു മടക്കയാത്ര അനിവാര്യമാണ്. തിന്മയുടെ കൂരിരുട്ടിൽ നിന്ന് നന്മയുടെ പ്രകാശത്തിലേക്ക്. മരണ വക്രത്തിൽ നിന്ന് ജീവന്റെ പുലരിയിലേക്ക്. നമുക്ക് ശേഷം പ്രളയമെന്ന ‘അധമ’ചിന്ത ഉപേക്ഷിക്കാനുള്ള കാലം അതിക്രമിച്ചിരിക്കുന്നു. ഈ ലോകത്തിൽ “ഒരു സഞ്ചിത” മനസ്സാക്ഷി രൂപപ്പെടുത്തപ്പെട്ടേ മതിയാവൂ! സംഹാരമല്ല മറിച്ച് സൃഷ്ടിയും സ്ഥിതിയുമാണ് മാനവധർമ്മമെന്ന തിരിച്ചറിവ്. വൈകിക്കിട്ടുന്ന നീതി പോലും അനീതിയാണ്. സുബോധമുള്ള ഒരു പുത്തൻ തലമുറ രൂപപ്പെടണം. ലോകം ഒരു വലിയ തറവാടാണ് എന്ന അവബോധം ആഴപ്പെടണം. അതിജീവനത്തിന്റെ പുതിയൊരു ചക്രവാളം ദർശിക്കാൻ, മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്ന, വളർത്തുന്ന ഒരു പുത്തൻ സംസ്കാരം സ്വന്തമാക്കാൻ ദൈവകൃപ യാചിക്കാം… നിരന്തരം പ്രാർത്ഥിക്കാം!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker