Daily Reflection

നീയും വിവാദ വിഷയമായിരിക്കുക

ക്രിസ്തുവിന്റെ മുന്നിൽ, അവിടെയും ഇവിടെയും എന്ന രീതിയിലുള്ള ഒരു ന്യൂട്രൽ രീതിയില്ല...

“കൊലയ്ക്കുകൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയായിരുന്നു ഞാൻ” (ജെറമിയ 11:19); ക്രൂശിക്കാൻ കൊണ്ടുപോകുന്ന യേശുവിനെക്കുറിച്ചുള്ള ഒരു പ്രവചനമാണ് ജെറമിയയുടെ ഈ വാക്കുകളിൽ കാണുന്നത്. ജെറമിയ്ക്കുണ്ടായ അനുഭവമാണ് ഇവിടെ പറയുന്നത്. ഇവിടെ ഇതിനുതൊട്ടുമുമ്പുള്ള ഭാഗത്ത് ജെറമിയായ്‌ക്കു “കർത്താവു അവരുടെ ദുഷ്കൃത്യങ്ങൾ കാണിച്ചുകൊടുത്തു”വെന്നുകൂടി പറയുന്നു (ജെറമിയ 11:18). യേശുവിന്റെ യാത്രയും മനുഷ്യരുടെ പാപങ്ങളെ ഹൃദയത്തിൽ പേറിയിട്ടാണ്. ഈ ജനനത്തിന്റെ അർത്ഥമോ, ഈ യാത്രയുടെ ഫലമോ കാണാനോ അനുഭവിക്കാനോ യഹൂദാധികാരികൾക്കോ ഫെരിസേയർക്കോ സാധിച്ചിരുന്നില്ല. എന്നാൽ അവർ സേവകരെവിട്ട് അവന്റെ പ്രവർത്തനങ്ങളെ നിരീക്ഷിക്കാനും, അവനെ ബന്ധിക്കാനുമൊക്ക നിർദ്ദേശം നൽകിയിരുന്നു. യേശുവിന്റെ ഈ രക്ഷാകര ജീവിതയാത്രയുടെ സുഗന്ധം കുറച്ചെങ്കിലും അനുഭവിക്കാൻ അവർക്കു കഴിയുന്നുണ്ട്. യേശുവിന്റെ അത്ഭുതങ്ങൾ അവർ കാണുന്നുണ്ട്, ജനങ്ങൾ അവനെ പ്രവാചകനെന്നും രക്ഷകനെന്നുമൊക്കെ വിളിക്കുന്നത് കാണുന്നുണ്ട്. എന്നിട്ടു അധികാരികളുടെ അടുത്തേക്ക് അവർ തിരിച്ചുചെല്ലുന്നു, പകുതി വിശ്വാസത്തോടെയും പകുതി മനസ്സോടെയും.

ഇവിടെ നാലുതരത്തിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനം കാണാം:

1) യേശുവിൽ കുറ്റംവിധിക്കുന്നതും അവനെ ബന്ധിക്കാൻ ആഗ്രഹിക്കുന്നതുമായ വിശ്വാസമില്ലാത്ത യഹൂദ അധികാരികളും ഫരിസേയരും അടങ്ങുന്ന ഒരു കൂട്ടർ. അവർ ദൈവിക കൃപകൾക്കു മുന്നിൽ പൂർണ്ണമായി വാതിലടച്ചവരാണ്. ഒരു ചെറിയ വിഭാഗം മനുഷ്യർ (യോഹ 7:45-46).

2) യേശുവിൽ വിശ്വസിക്കുന്ന ഒരു വലിയ ജനക്കൂട്ടം, ആഴമില്ലാത്ത വിശ്വാസം ഇല്ലെങ്കിലും വിശ്വാസത്തിൽ വളരാൻ യേശുവിനൊപ്പം നടക്കുന്നവർ. അതിൽ കുറച്ചുപേർ അവനെ പ്രവാചകനെന്നും ക്രിസ്തുവെന്നുമൊക്കെ വിളിക്കുന്നു (യോഹ 7:40-41). അവർ കൂടുതൽ വിശ്വാസത്തിൽ ആഴമുള്ളവരാകും, ചിലപ്പോൾ കുറച്ച് അകന്നു നിൽക്കും, എങ്കിലും യേശുവിനോടൊപ്പം മുന്നോട്ടു പോകുവാൻ ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം ജനം.

3) ഫരിസേയരുടെയും അധികാരികളുടെയും സേവകരാണ് ഇവർ. അവർക്കു വിശ്വസിക്കണമെന്നുണ്ട്, പക്ഷെ അധികാരികളെ ഭയം, തങ്ങൾക്കുള്ള താത്കാലിക അധികാരങ്ങളും അവകാശങ്ങളും നഷ്ടമാകുമെന്ന ഭയത്തിൽ അവനെ അനുഗമിക്കാൻ ഭയപ്പെടുന്നവർ. അധികാരികളുടെ ചോദ്യത്തിനുമുന്നിൽ പതറിപ്പോകുന്ന ഒരു കൂട്ടർ. അധികാരികൾ ചോദിക്കുന്നു, “അധികാരികളിലോ ഫരിസേയരിലോ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ?” (യോഹ 7:47). വചനം ലഭിച്ചിട്ടും അന്ധരായി ജീവിക്കുന്ന വചനത്തിന്റെ കാവലാളുകളും അവരുടെ വാക്കുകേട്ടും ലൗകിക നന്മകൾക്കുവേണ്ടി അന്ധരായി ജീവിക്കാൻ അന്ധരുടെ വാക്കുകൾകെട്ടു ജീവിക്കുന്ന ഒരു വിഭാഗവും.

4) നിക്കോദേമോസിനെ പോലുള്ള ഒരു വലിയ വിഭാഗം മനുഷ്യർ. യേശുവിനെ അറിഞ്ഞവനാണ് നിക്കോദേമോസ്. അവനെ രക്ഷിക്കാനുള്ള ഒരു ചെറിയ പരിശ്രമവും നടത്തുന്നുണ്ട് (യോഹ 7:51 -52). പക്ഷെ അധികാരം നഷ്ടമാകുമെന്ന ഭയത്തിൽ അവന്റെ വിശ്വാസത്തിനു ശക്തിയില്ലാതെ പോകുന്നു.

ഈ മൂന്നാമത്തെയും നാലാമത്തെയും കൂട്ടരെപോലെയാണ് വിശ്വാസികളിൽ ഭൂരിഭാഗവും. വിശ്വാസത്തിന്റെ എല്ലാ അറിവുകളും ഉണ്ട്, പക്ഷെ ലോകത്തിന്റെ നന്മകൾ നഷ്ടമാകുമെന്ന ഭയത്തിൽ യേശുവിനെ മനസ്സുകൊണ്ടു മാത്രം വിശ്വസിക്കുന്ന അവിടെയും ഇവിടെയും എന്നപോലെ നിഷ്പക്ഷമായി ജീവിക്കുന്ന ഒരു വലിയ വിഭാഗം. ഇന്ന് മോശക്കാരാണെന്നു പറയുന്നതോ, തിന്മചെയ്തവർ എന്നുപറയുന്നതോ ഒരു കീർത്തിയായി കാണുന്ന ഒരു മോബ് സൈക്കോളജി (Mob Psychology) ഒരു പകർച്ചവ്യാധിപോലെ പടർന്നുപിടിക്കുന്ന കാലഘട്ടമാണ്. എല്ലാവരും തെറ്റ് ചെയ്യുന്നു, പിന്നെ ഞാൻ ആയിട്ട് എന്തിനു ചെയ്യാതിരിക്കണം എന്ന് ചിന്തിക്കുന്ന ഒരു മനോഭാവം. അല്ലെങ്കിൽ എന്റെ കൂട്ടുകാരൊക്കെ ദൈവവിശ്വാസമില്ലാത്തവർ ആയതിനാൽ ഞാൻ വിശ്വാസിയായാൽ, ഞാൻ നല്ലവനായാൽ അവരിൽ നിന്നും ഒറ്റപ്പെടുമെന്ന ചിന്ത. അതാണ് മോബ് സൈക്കോളജിക്കാധാരം. എന്നാൽ വചനം നമ്മെ പഠിപ്പിക്കുന്നു, “എന്നോട് കൂടെയല്ലാത്തവൻ എനിക്ക് എതിരാണ്, എന്നോട് കൂടെ ശേഖരിക്കാത്തവരെ ചിതറിച്ചുകളയുന്നു” (ലൂക്കാ. 11.23).

ക്രിസ്തുവിന്റെ മുന്നിൽ, അവിടെയും ഇവിടെയും എന്ന രീതിയിലുള്ള ഒരു ന്യൂട്രൽ രീതിയില്ല. അവന്റെ കൂടെ നിൽക്കാത്തവർ അരുതന്നെയായാലും ചിതറിക്കപ്പെടും. “ഇവൻ ഇസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകും, ഇവൻ വിവാദവിഷയമായ അടയാളമായിരിക്കുമെന്നു സുവിശേഷത്തിൽ (ലൂക്കാ. 2:34) പറയുന്നതിന്റെ കാരണം ഇതാണ്. അവന്റെ കൂടെ പൂർണ്ണ മനസ്സോടെ ആയിരിക്കാൻ പറ്റാത്തവരൊക്കെ ചിതറിക്കപ്പെടും. അവന്റെ കൂടെ ആയിരിക്കുമ്പോൾ നീ ഈ ലോകത്ത് വിവാദവിഷയമായിരിക്കും. നന്മയിൽ ജീവിക്കുന്ന വ്യത്യസ്തനായ വിശ്വാസിയായിരിക്കുക എന്നാൽ നീ ഈ ലോകത്ത് വിവാദ വിഷയമായിരിക്കും എന്നർത്ഥം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker