Sunday Homilies

Easter_Year A_ഇതുപോലൊരു ഈസ്റ്റർ നാം ആഘോഷിച്ചിട്ടില്ല

ശുഭ്രവസ്ത്രധാരിയായ യുവാവ് സംരക്ഷണത്തിന്റെയും ഉയർപിന്റെയും പ്രത്യാശയുടെയും ആരോഗ്യത്തിന്റെയും പ്രതിനിധിയാണ്...

നമ്മുടെ കർത്താവിന്റെ ഉത്ഥാന മഹോത്സവം

വി. മത്തായി 28: 1-10
or
വി. യോഹന്നാൻ 20:1-9
or
വി. ലൂക്കാ 24:13-35

വചന വിചിന്തനം

“ഇതുപോലൊരു വിശുദ്ധ വാരവും ഈസ്റ്ററും ഒരിക്കലും നമ്മൾ ആഘോഷിച്ചിട്ടില്ല” ഈ ദിവസങ്ങളിൽ നാമെല്ലാവരും ശ്രവിക്കുന്ന വാക്കുകളാണിത്. ചില മുതിർന്നവർ പറയുന്നത് രണ്ടാം ലോക മഹായുദ്ധ കാലത്താണ് ഇത്തരത്തിൽ ദൈവാലയവും ദിവ്യബലിയും ഇല്ലാതെ ഈസ്റ്റർ ആഘോഷിച്ചത് എന്നാണ്. അതോടൊപ്പം “ഗാർഹിക സഭ” എന്ന ആശയത്തിന് പുത്തൻ ഉണർവും, പുതിയ അർത്ഥതലങ്ങളും ഈ കാലത്ത് ലഭിച്ചു. നമുക്ക് ദൈവാലയത്തിൽ ഒരുമിച്ച് കൂടാൻ സാധിക്കുന്നില്ല, പെസഹാ ജാഗരണം ഇല്ല, ദിവ്യബലിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കുന്നില്ല. വിശുദ്ധ വാരത്തിലെയും പ്രത്യേകിച്ച് ഉത്ഥാന മഹോത്സവങ്ങളിലെയും സുവിശേഷങ്ങളി ലുടെ കടന്നുപോകുമ്പോൾ നമ്മുടെ ഇന്നത്തെ അവസ്ഥയ്ക്ക് സമാനമായ സാഹചര്യങ്ങൾ നാം കാണുന്നുണ്ട്. ഇന്ന് ദൈവാലയത്തിൽ നിന്ന് അകന്നിരിക്കേണ്ടി വരുന്നെങ്കിൽ നമുക്ക് ഓർക്കാം യേശുവിന്റെ മരണസമയത്തും യേശുവിനോടൊപ്പം വളരെ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളൂ. വി.മത്തായിയുടെ സുവിശേഷത്തിൽ ഇപ്രകാരം പറയുന്നു: യേശുവിനെ അനുഗമിച്ചവരും അവന് ശുശ്രൂഷ ചെയ്തിരുന്നവരും ആയ സ്ത്രീകൾ അകലെ ഇക്കാര്യങ്ങൾ നോക്കിക്കൊണ്ട് നിന്നിരുന്നു (വി.മത്തായി 27:55).

രണ്ടാമതായി; യേശുവിന്റെ ഉത്ഥാനത്തെക്കുറിച്ച് വിവരിക്കുമ്പോളൊക്കെ സുവിശേഷകന്മാർ രണ്ടോ മൂന്നോ സ്ത്രീകളെ കുറിച്ച് മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. അവരാണ് യേശുവിനെ തേടി ആദ്യം എത്തിയതും, യേശുവിന്റെ ഉത്ഥാനം ആദ്യം അറിഞ്ഞതും, ആശചര്യപെട്ടതും മറ്റുള്ളവരെ അറിയിച്ചതും. അതായത് ” യേശുവിന്റെ ഉത്ഥാന മഹോത്സവം ” ആദ്യമായി ആഘോഷിച്ചത് രണ്ടോമൂന്നോ സ്ത്രീകളാണ് അതും കല്ലറയ്ക്ക് പുറത്ത്. ഇവർക്കാണ് ഉത്ഥിതനായ യേശു തന്നെത്തന്നെ വെളിപ്പെടുത്തിയത്. ഇന്ന് ഭവനത്തിൽ രണ്ടോ മൂന്നോ പേരായി നാം ഒത്തുചേർന്നു ദിവ്യബലി മാധ്യമങ്ങളിലൂടെ കാണുമ്പോഴും പ്രാർത്ഥിക്കുമ്പോഴും ഈ പ്രത്യേകതകൾ നമുക്ക് ഓർമ്മിക്കാം. നമ്മുടെ ഇന്നത്തെ അനുഭവങ്ങൾ സുവിശേഷ സംഭവങ്ങളോട് ചേർന്നുനിൽക്കുന്നവതന്നെയാണ്.

ഈസ്റ്റർ ആചരിക്കേണ്ടതിന്റെ ആവശ്യകത

നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്ന് ഉൾവലിഞ്ഞ്, ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ഈ സമയത്ത് നാം ഈസ്റ്റർ ആഘോഷിക്കണമോ? തീർച്ചയായും യേശുവിന്റെ ഉത്ഥാന മഹോത്സവം നാം ആചരിക്കണം. കാരണം പ്രതിസന്ധി തരണം ചെയ്യാൻ ഇത് അത്യാവശ്യമാണ്. ഉയിർപ്പ് പ്രതീക്ഷയുടെയും, പ്രത്യാശയുടെയും തിരുനാളാണ്. എല്ലാം അവസാനിച്ചുവെന്ന് കരുതിയ വേളയിൽ, നിരാശയുടെ പടുകുഴിയിൽ പെട്ട ഒരു പറ്റം ആളുകൾക്ക് പ്രത്യാശ നൽകിക്കൊണ്ട്, എല്ലാത്തിന്റെയും അവസാനം എന്ന് കരുതിയ മരണത്തെപ്പോലും തോൽപ്പിച്ച് യേശു ഉയർത്തെഴുന്നേറ്റു. രോഗത്തിന്റെയും ഏകാന്തതയുടെയും ദാരിദ്ര്യത്തിന്റെയും വരുമാനമില്ലായ്മയുടെയും ഈ സമയത്താണ് നമുക്ക് പ്രതീക്ഷയും പ്രത്യാശയും ആവശ്യം. പ്രതിസന്ധിയുടെ ഈ സമയത്താണ് ദൈവം എല്ലാം മാറ്റിമറിക്കുമെന്നും, നമുക്ക് ശോഭനമായ നല്ല ദിവസങ്ങൾ വരുമെന്നുമെന്നുമുള്ള പ്രത്യാശ ലഭിക്കേണ്ടത്. യേശുവിന്റെ പുനരുത്ഥാനം നമ്മുടെ ഈ പ്രതീക്ഷകൾക്ക് ഉറപ്പു നൽകുന്നു. നമ്മുടെ ഭാവി എന്താകുമെന്നോർത്ത് ആകുലപെടുന്ന സമയത്ത് യേശുവിന്റെ ഉത്ഥാനത്തെ നമുക്ക് ഓർമ്മിക്കാം. ഉത്ഥാനംനമ്മുടെ നിരാശയെ പ്രത്യാശ യാക്കി മാറ്റുന്നു. കല്ലറ ഭേദിച്ച് പുറത്തുവന്നവന് നമ്മുടെ ജീവിതങ്ങളെയും ഹൃദയങ്ങളെയും ഭേദിച്ച് അകത്തു വരുവാൻ സാധിക്കും.

നമ്മുടെ ഇന്നത്തെ അവസ്ഥയെയും, നമുക്ക് വരാനിരിക്കുന്ന അവസ്ഥയെയും പ്രതിബിംബിക്കുന്ന രണ്ട് സംഭവങ്ങൾ വി.മാർക്കോസിന്റെ സുവിശേഷത്തിൽ കാണുന്നുണ്ട്. യേശുവിനെ പിടിക്കാനായി ഗെത് സമേൻ തോട്ടത്തിൽ പട്ടാളക്കാർ എത്തി, അവർ യേശുവിനെ പിടിക്കുമ്പോൾ ശിഷ്യന്മാർ എല്ലാം യേശുവിനെ വിട്ടു ഓടിപ്പോയി. എന്നാൽ, ഒരു യുവാവ് അവനെ അനുഗമിച്ചു. അവന് ഒരു പുതപ്പ് മാത്രമേ തന്റെ ശരീരത്തിൽ ചുറ്റിയിരുന്നുള്ളൂ. അവർ അവനെ പിടിച്ചു. അവൻ പുതപ്പ് ഉപേക്ഷിച്ച് നഗ്നനായി ഓടിപ്പോയി (വി.മാർക്കോസ് 14:50-52). നഗ്നനായി ഓടിപ്പോകുന്ന യുവാവ് യുദ്ധത്തെയും രോഗത്തെയും പ്രതിനിധാനം ചെയ്യുന്നു. നഗ്നനായി ഓടി പോകുന്നവൻ, നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന മരുന്നില്ലായമയുടെയും പകർച്ചവ്യാധി യുടെയും അരക്ഷിതത്വത്തിന്റെയും പ്രതിനിധിയാണ്. എന്നാൽ, വി മാർക്കോസിന്റെ സുവിശേഷത്തിൽ തന്നെ, യേശുവിന്റെ പുനരുത്ഥാനത്തെ വിവരിക്കുമ്പോൾ യേശുവിനെ തേടി കല്ലറയിൽ വന്ന സ്ത്രീകൾ ശവകുടീരത്തിനു ഉള്ളിൽ പ്രവേശിച്ചപ്പോൾ, വെള്ളവസ്ത്രം ധരിച്ച ഒരു യുവാവ് വലതുഭാഗത്ത് ഇരിക്കുന്നത് കാണുന്നു (വി.മാർക്കോസ്16:5). ഈ ശുഭ വസ്ത്രധാരിയായ യുവാവാണ് യേശുവിന്റെ ഉത്ഥാനത്തെ കുറിച്ച് സ്ത്രീകളോട് പറയുന്നത്. യേശുവിന്റെ കല്ലറയിലെ ശുഭ്രവസ്ത്രധാരിയായ യുവാവ് ആദ്യ വിവരണത്തിലെ നഗ്നനായ യുവാവിന്റെ വിപരീതമാണ്. ആദ്യ വിവരണത്തിലെ നഗ്നനായ യുവാവ് അരക്ഷിതാവസ്ഥയുടെയും യുദ്ധത്തിന്റെയും മരണത്തിന്റെയും പകർച്ചവ്യാധിയുടെയും പ്രതിനിധി ആണെങ്കിൽ യേശുവിന്റെ കല്ലറയിലെ ശുഭ്രവസ്ത്രധാരിയായ യുവാവ് സംരക്ഷണത്തിന്റെയും ഉയർപിന്റെയും പ്രത്യാശയുടെയും ആരോഗ്യത്തിന്റെയും പ്രതിനിധിയാണ്. നമ്മുടെ സമൂഹം ഇന്നത്തെ അവസ്ഥയിൽ നിന്ന് എങ്ങനെയാണ് മാറ്റപ്പെടുന്നത് എന്നും നമുക്ക് എന്ത് ഭാവിയാണ് ഉള്ളതെന്നും ഈ വിവരണത്തിൽ നിന്ന് മനസ്സിലാക്കാം.

എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാർ

ഉത്ഥാന മഹോത്സവത്തോട് അനുബന്ധിച്ചുള്ള വിവരണങ്ങളിൽ എമ്മാവൂസ് ലേക്ക് പോകുന്ന ശിഷ്യന്മാർക്ക് യേശു തന്നെ തന്നെ വെളിപ്പെടുത്തുന്ന രംഗം വി ലൂക്കായുടെ സുവിശേഷത്തിൽ നിന്ന് നമുക്കറിയാം (വി.ലുക്ക 24:13-35). എമ്മാവൂസ് ലേക്ക് പോകുന്ന ശിഷ്യന്മാരുടെ മൂന്ന് പ്രത്യേകതകൾ: ഒന്നാമതായി അവർ മ്ളാനവദനരായിരുന്നു (ദുഃഖിതരായിരുന്നു). കാരണം അവരുടെ കർത്താവ് ഇപ്പോൾ അവരോടൊപ്പം ഇല്ല. രണ്ടാമതായി, അവർ യേശുവിന്റെ പീഡകളും മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അഥവാ നെഗറ്റീവ് കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. മൂന്നാമതായി, അവർ വാദിച്ചു കൊണ്ടിരുന്നു. കാരണം ഇതുവരെ സംഭവിച്ച കാര്യങ്ങളെ കുറിച്ചോ, ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ചോ, ഇനി കാര്യങ്ങൾ എങ്ങനെയൊക്കെ ആകും എന്നതിനെക്കുറിച്ചോ അവർക്ക് യാതൊരു ഊഹവും കിട്ടുന്നില്ല. സത്യത്തിൽ ഇത് തന്നെ അല്ലേ ഈ കാലഘട്ടത്തിൽ ഭവനങ്ങളിൽ അടച്ചുപൂട്ടി കഴിയുന്ന നമ്മുടെയും അവസ്ഥ. നാം ദുഃഖിതരാണ്. നാം ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും വാദപ്രതിവാദങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. ഇനി നാം ചെയ്യേണ്ടത് ഇത്രമാത്രം, നമ്മുടെ ഇടയിൽ സന്നിഹിതരായിരിക്കുന്ന യേശുവിനെ തിരുവചനത്തിലൂടെ ശ്രദ്ധിക്കുക, അവനോട് സംസാരിക്കുക. അതിനുശേഷം നമുക്ക് പ്രാർത്ഥിക്കാം. “യേശുവേ ഞങ്ങളോട് കൂടെ നമ്മുടെ ഭവനങ്ങളിലും ഈ ലോകത്തിലും താമസിക്കുക. നേരം വൈകുന്നു, പകൽ അസ്തമിക്കാറായി, ഞങ്ങൾ ഭയചകിതരാണ്”. തീർച്ചയായും ഉത്ഥിതനായവൻ നമ്മോടൊപ്പം വസിക്കും.

ആമേൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker