Articles

“ആത്മവിശ്വാസം പകരേണ്ട സമയം വെറുതെ ട്രോൾ അരുതേ” ഒരോർമ്മപ്പെടുത്തൽ

900 കോടി രൂപയുടെ മരുന്നു വിറ്റിരുന്ന കേരളത്തിൽ രണ്ടാഴ്ചയ്ക്കിടെ വിറ്റത് അൻപത് കോടിക്ക് താഴെ...

ഫാ.ഏ.എസ്.പോൾ

#മാസം കൊണ്ട് (എത്ര മാസം എന്ന് വ്യക്തമല്ല) 900 കോടി രൂപയുടെ മരുന്നു വിറ്റിരുന്ന കേരളത്തിൽ രണ്ടാഴ്ചയ്ക്കിടെ വിറ്റത് അൻപത് കോടിക്ക് താഴെ. മലയാളികൾക്ക് മാനസിക രോഗ ചികിത്സയാണ് ആവശ്യം എന്ന് ട്രോളുന്നവരോട് പുച്ഛം തോന്നുന്നു. സ്ഥിരമായി മരുന്നു കഴിക്കുന്നവർ മിക്കവാറും മാസം തോറും ആണ് മരുന്നു വാങ്ങുക. അതും മാസാദ്യത്തിൽ. ബോധവും വിവരവും ഉള്ളവർ കോറോണയെ മുന്നിൽകണ്ട് കാശുള്ളതനുസരിച്ച് മരുന്ന് നേരത്തേ സ്റ്റോക്ക് ചെയ്തിട്ടുണ്ടാകും. മരുന്നു വാങ്ങി സ്റ്റോക്ക് ചെയ്യാത്തവർ മരുന്നു വാങ്ങിയില്ല, എങ്കിൽ അസുഖമില്ല എന്നോ മാനസിക രോഗമെന്നോ മുദ്ര കുത്താനാകില്ല. പ്രത്യുത ആ രോഗിയുടെ ഗതികേട് എന്ന് വേണം മനസ്സിലാക്കാൻ.

ഒന്നുകിൽ മരുന്നു വാങ്ങാൻ കാശില്ല
ഇല്ലെങ്കിൽ മരുന്നു വാങ്ങിക്കൊടുക്കാൻ ആളില്ല
അതുമല്ലങ്കിൽ കടകളിൽ മരുന്ന് സ്റ്റോക്കില്ല

ഞാനൊരു കത്തോലിക്കാ പുരോഹിതൻ. ഞാൻ ഉപയോഗിക്കുന്ന ഒരു മരുന്ന് തീർന്ന് പോയപ്പോൾ മെഡിക്കൽ സ്റ്റോറുകളിലും, അതേ മരുന്ന് കുറിച്ചു തന്ന ആശുപത്രിയിലും അന്വേഷിച്ചിട്ട് കിട്ടിയില്ല. ഞാൻ ഡോക്ടറെ ഫോണിൽ വിളിച്ചപ്പോൾ ഡോക്ടർ തന്നെ മരുന്നു വാങ്ങി എന്റെ താമസസ്ഥലത്ത് കൊണ്ടുതന്നു. ഞാനൊരു പുരോഹിതനായതു കൊണ്ടാകാം ഇങ്ങനെയൊരു സൗഭാഗ്യം എനിക്ക് ഉണ്ടായത്. എത്ര പേർക്കിത് സാധ്യമാകും?

ലോക്ക് ഡൌണിൽ കഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കിയ ചിലർക്ക് ഭക്ഷണ കിറ്റ് നൽകിയപ്പോൾ കിട്ടിയ മറുപടി “ജോലിയില്ല, മരുന്ന് തീർന്നിട്ട് വാങ്ങാൻ കഴിയാതിരിക്കുന്നു” എന്നാണ്. ഇങ്ങനെയുള്ളവരെ സഹായിക്കുകയോ, മരുന്ന് വാങ്ങി കൊടുക്കുകയോ ഒക്കെയാണ് ട്രോളുന്നവർ ചെയ്യേണ്ടത്!

മരുന്നു വാങ്ങാൻ കാശ് പ്രശ്നമല്ലാത്ത വാർധക്യത്തിൽ എത്തിയ ഒരാളെ വിളിച്ചപ്പോൾ പറയുക ‘തീരെ സുഖമില്ല, ദൂരമായതിനാൽ ആശുപത്രിയിൽ പോകാനോ, മരുന്നു വാങ്ങാനോ സാധിക്കുന്നില്ല, ഈശോയോട് പ്രാർഥിക്കാം എല്ലാം ശരിയാകാൻ’.

‘ലോക്ഡൗൺ കാലത്ത് ഉപയോഗിക്കാത്തതൊക്കെ പാഴ് വസ്തുക്കൾ ആയിരുന്നു’ എന്ന് വിധി എഴുതുന്നവർ ഓർക്കുക:

സ്കൂളുകളും കോളേജുകളും അടച്ചിട്ടു. അത് ആവശ്യമുള്ളതല്ലേ?
മൃതസംസ്ക്കാരത്തിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ അത് online-ൽ കാണുന്നു, ഇനിയും അങ്ങനെ മതിയോ?
മാളുകൾ അടച്ചിട്ടു. നാടൻ കടകൾ ഉപയോഗിച്ചില്ലേ? ഇനി മാളുകൾ സ്മാരകങ്ങൾ ആകുമോ?

ഇക്കൂട്ടർ പറയുമോ: നാളിതുവരെ ജോലി ചെയ്തു, ശമ്പളം വാങ്ങി. ഇപ്പോൾ ജോലി ചെയ്യാതെ ശമ്പളം കിട്ടി. തുടർന്ന് ജോലി ചെയ്യേണ്ടതില്ല എന്നൊക്ക?

ഈ കാലയളവിൽ മരുന്നു കിട്ടാതെയും, ആഹാരം കിട്ടാതെയും, ജീവിതമാർഗ്ഗങ്ങൾ കണ്ടെത്താനാകാതെയും വിഷമിച്ചവർ അത് പരിഹരിക്കാൻ നല്കേണ്ടി വരുന്ന വില വലുതായിരിക്കും. സമയാസമയം വാഹനം കേടുപാടുകൾ തീർത്തില്ല എങ്കിൽ എന്ത് സംഭവിക്കും എന്ന് അറിയാമല്ലോ? അപ്പോൾ മനുഷ്യന്റെ കാര്യമോ! കേട്ടിട്ടില്ലേ A stitch in time saves nine.

ഈ കാലയളവിൽ തലമുടി വെട്ടാൻ സാധിച്ചില്ല. ഇത്രയും കാലം ബാർബർ ഷോപ്പുകളിൽ പോയവരും ബാർബർ ഷോപ്പ് നടത്തിയവരും… എന്തിനാ അല്ലേ? ഹോ കഷ്ടം! എന്ന് പറയുന്നവരും ഉണ്ടാകും.

വെറുതെ ട്രോളാതെ, അയൽപക്കത്തെ അഞ്ച് വീടുകളിലെങ്കിലും ആഹാരം കഴിച്ചോ – മരുന്നു വേണോ – ഫോൺ റീച്ചാർജ്‌ ചെയ്യണമോ എന്നൊക്കെ അന്വേഷിച്ച് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്ത് ജീവിക്കാൻ പരിശ്രമിക്കുക. അല്ലാതെ ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന പതിവ് ശൈലി മാറ്റൂ.

ശവം പോലും പാഴ് വസ്തുവല്ല കൃമികൾക്ക് അത് ആഹാരമാണ്. അല്ലെങ്കിൽ വൈദ്യശാസ്ത്ര വിദ്യാർഥികൾക്ക് ഉപകാരപ്രദവും.
സാഹചര്യത്തിനനുസരിച്ച് ജീവിക്കാൻ പരിശ്രമിക്കുക. സാഹചര്യം മുതലാക്കരുത്.
പഴുത്ത ഇല വീഴുമ്പോൾ, പച്ച ഇല ചിരിക്കരുത്. ഇലകൾ വീഴാൻ എപ്പോഴും പഴുക്കണമെന്നില്ല.
വൃക്ഷം മണ്ണിൽ നിന്നും മാറ്റപ്പെട്ടാൽ ഇല തണ്ടിനോട്‌ ചേർന്നുനിന്നിട്ട് കാര്യമില്ല. ആ ഇല പഴുക്കാതെ ഉണങ്ങിപോകും.
അഹങ്കാരം വെടിഞ്ഞു പച്ച മനുഷ്യനാവുക…ആത്മശോധന ചെയ്യുക.

N:B: നെയ്യാറ്റിൻകര രൂപതയിലെ വൈദീകനാണ് ഫാ.ഏ.എസ്.പോൾ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker