Articles

കേരളതീരവും തീരവാസിയും കൊറോണയ്ക്ക് മുമ്പും കൊറോണകാലത്തും കോറോണയ്ക്കു ശേഷവും

ആരെയാണ് പഴിക്കേണ്ടത്? ആരിലാണ് പ്രതീക്ഷ വയ്ക്കേണ്ടത്?...

ഫാ.ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍

തീരവും തീരവാസികളും എന്തിനും ഏതിനും മാറ്റിനിർത്തപ്പെടാന്‍ വിധിക്കപ്പെട്ട ഒരു സമൂഹം… പ്രളയകാലത്ത് അവർ ദൈവങ്ങൾ, സുരക്ഷാ സൈനികർ. അതിനുശേഷം പൊതുസമൂഹത്തിനും ഭരണാധികാരികൾക്കും അത്രയ്ക്ക് വിലയില്ലാത്ത ചർച്ചയ്ക്ക്, തീരുമാനങ്ങൾക്ക് ആവശ്യം കൽപ്പിക്കാത്ത ഒരു സമൂഹം. അവരുടെ ജീവനുപോലും വില കൽപ്പിക്കേണ്ടതില്ല എന്ന രീതിയിൽ ആയിരുന്നു ഇടപെടലുകളും ഈ നാളുകളില്‍. ലോക് ഡൗണിന്റെ ഗുരുതരവും ഗൗരവവുമായ സമയത്തുപോലും മത്സ്യബന്ധനത്തിനും വിപണനത്തിനും അനുവാദം ഒരുക്കിയ നടപടികൾ.

കോറണയ്ക്കു മുൻപ്

കേരളം കൊറോണയുടെ പിടിയിൽ ആകുന്നതിനു മുമ്പ് തീരവാസികൾ വലിയ ആശങ്കയിൽ ആയിരുന്നു. കിടപ്പാടം നഷ്ടപ്പെടും എന്നരീതിയില്‍ തീര പരിപാലന നിബന്ധനകൾ അടിസ്ഥാനപ്പെടുത്തി സി ആർ ഇസഡ് (CRZ) മാനദണ്ഡങ്ങൾ മുന്നിൽവെച്ച് നടപ്പാക്കാന്‍ ശ്രമിച്ച തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലുകള്‍. മുപ്പതിനായിരത്തോളം കുടുംബങ്ങളെ, പൂജ്യം മുതൽ 200 മീറ്റർ വരെ ദൂരപരിധി നിശ്ചയിച്ചു അവിടങ്ങളിൽ നിര്‍മ്മിച്ചിരിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളും തദ്ദേശവാസികളുമായവരുടെ പാർപ്പിടങ്ങൾക്ക് താൽക്കാലിക നമ്പർ മാത്രം നൽകി മൂന്നിരട്ടി നികുതി ഈടാക്കിയുള്ള അനുമതി. അതിനു ന്യായമായും ഇതുവരെയുമുള്ള സി.ആര്‍.ഇസഡ് (CRZ) മാനദണ്ധങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിച്ച് നൽകാവുന്ന അനുമതിയും ക്രമവത്ക്കരിക്കാനുള്ള സാധ്യതകള്‍ പോലും നൽകാതെ തത്സ്ഥിതി തുടര്‍ന്നു പോകുന്ന അവസ്ഥ.

വിജ്ഞാപനത്തെ കൃത്യമായി പഠിക്കാതെയും തീരത്തെയും തീരവാസിയെയും സുരക്ഷിതരായി അവരുടെ ആവാസവ്യവസ്ഥയില്‍ തന്നെ നിലനിര്‍‍ത്താനുള്ള മാനദണ്ഡങ്ങളെ ബോധപൂര്‍വ്വമൊ അല്ലാതെയൊ വിട്ടുകളഞ്ഞുള്ള കണക്കെടുപ്പ് കെ.എല്‍സി.എ. (സമുദായ സംഘടന) ചോദ്യം ചെയ്യുകയും, ലത്തീൻ സഭയേറ്റെടുക്കുകയും ചെയ്തതിനുശേഷം മുഖ്യമന്ത്രിയും കേന്ദ്രവും നല്‍കിയ ഉറപ്പില്‍ ആശ്വസിക്കുകയാണ്.

മരട് ഫ്ലാറ്റ് പൊളിച്ചനുശേഷം വന്ന കോടതി വിധിയിൽ, നൽകുവാൻ പറഞ്ഞ അനധികൃത നിർമ്മാണങ്ങളുടെ പട്ടികയിൽ തീര വാസികളുടെ നിരവധിയായ ഭവനങ്ങളും അനുബന്ധ കെട്ടിടങ്ങളും ഇടംപിടിച്ചത് ഈ പശ്ചാത്തലത്തിലാണെന്നത് ഭരണ പ്രതിപക്ഷത്തിന് അത്രയേറെ വ്യാകുലത ഉള്ളതായി തോന്നിയില്ല. അത് നിയമ വിധേയമാക്കേണ്ടതും സംരക്ഷിക്കേണ്ടതും തീര വാസിയുടെയും അവരോടൊപ്പമുള്ള സഭാ-സമുദായ സംഘടനകളുടെയും ഉത്തരവാദിത്വം എന്ന ഒരു കൈ കഴുകൽ കാണുകയുണ്ടായി. കൊറോണയും ലോക് ഡൗണും കഴിയുമ്പോൾ നേരംകിട്ടിയില്ല, എന്ന പേരിൽ താല്ക്കാലിക ലിസ്റ്റായി ഇപ്പോള്‍ ജില്ല തിരിച്ച് കളക്ടറുടെയും ടൗണ്‍പ്ലാനറുടെയും നേതൃത്വത്തില്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചവ ഒരു കാരണവശാലും അംഗീകരിക്കാനോ, കോടതിക്ക് ഒരു രേഖയായി സമര്‍പ്പിക്കാനോ അനുവദിക്കാനാകില്ല.

കൊറോണക്കാലം

കോവിഡ് 19 ന്റെയും ലോക് ഡൗണിന്റെയും കാലഘട്ടവും, എല്ലാവരെയും പരിരക്ഷിക്കാനും നിബന്ധനകളോ ഉപാധികളോ ഇല്ലാതെ ആവശ്യത്തിനും അനാവശ്യത്തിനും ക്ഷേമനിധിയിലൂടെയും അല്ലാതെയും സാമ്പത്തിക സഹായങ്ങളും ഇതര ആനുകൂല്യങ്ങളും വിതരണം ചെയ്തപ്പോൾ പാവം തീരവാസികൾ പതിവുപോല നിരാശയിലായി. ഓഖി ദുരന്തകാലയളവിൽ പ്രഖ്യാപിച്ച ഇത്തിരിപ്പോന്ന സാമ്പത്തിക ആനുകൂല്യം, അതും കർശനമായ നിയന്ത്രണങ്ങൾക്കും ഉപാധികളും അനുസരിച്ചുമാത്രം. പലിശ രഹിത വായ്പയും, ഇതര സഹായങ്ങളും ലഭിക്കുന്നത് കാണാതിരിക്കുന്നില്ല. എന്നാൽ വിരലിലെണ്ണാവുന്ന ഒരു വിഭാഗത്തിലേക്ക് മാത്രം എത്തുന്ന സഹായത്തിനുപരിയായി മാസങ്ങളായി മത്സ്യബന്ധനം ഇല്ലാതെ, ഈ നാളുകളിൽ ഒന്നിനും പോകാനാവാതെ, തീരത്ത് അടിഞ്ഞിരിക്കുന്ന ഈ വിഭാഗത്തിന് ഏത് മുന്തിയ പരിഗണനയാണ് ഉണ്ടായത് എന്ന് ഇനിയും വ്യക്തമല്ല. അവിടെയും കെ.എല്‍.സി.എ., കടല്‍, കെ.ആര്‍.എല്‍.സി.സി. ഇവയുടെയെല്ലാം സംസ്ഥാന നേതൃത്വത്തിന്റെ സമയോചിതമായ ഇടപെടലുകളും മുഖ്യമന്ത്രിക്കും ഇതര മന്ത്രിമാര്‍ക്കും നല്‍കിയ നിവേദനങ്ങളും അര്‍ഹിക്കുന്ന ഗൗരവത്തോടും അടിയന്തിര സ്വഭാവത്തോടും പരിഗണിച്ചതായി ബോധ്യപ്പെട്ടിട്ടില്ല. ഇക്കാലയളവില്‍ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചു മത്സ്യഫെഡിന്റെ നേതൃത്വത്തില്‍ മത്സ്യവിപണനവും സംസ്കരണവും നടത്തുവാനുള്ള ശ്രമങ്ങളെ ചൂഷണമൊഴിവാക്കുന്നതിനും തീരത്തിന്റെ ക്ഷേമത്തിനുമാണെങ്കില്‍ അംഗീകരിക്കുന്നു.

എന്നാല്‍, കന്യാകുമാരി മുതല്‍ കാസര്‍ഗോഡു വരെയുള്ള കേരളതീരത്തിന്റെ പ്രത്യേകതകളും ഓരോ തുറയിലെ പ്രാദേശീക തൊഴിലാളികളുടെ നിലവിലെ സാധ്യതകളൊക്കെ ഇല്ലാതാക്കുന്ന രീതിയാണെങ്കില്‍ ആവശ്യത്തിനുള്ള പഠനവും ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടു മാത്രമേ നടത്തുവാന്‍ സാധിക്കൂ. തിരുവനന്തപുരത്തും ആലപ്പുഴയിലും മറ്റിടങ്ങളിലുമൊക്കെയുള്ള സ്ത്രീകളായ സാധാരണ വില്‍പനക്കാരില്‍ തുടങ്ങി അനുബന്ധമേഖലയിലുള്ള എല്ലാവരേയും പരിഗണിച്ചു മാത്രം പുത്തന്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുക. ലോക് ഡൗണ്‍ സമയത്തിന്റെ ആനുകൂല്യത്തില്‍ സൂത്രത്തില്‍ നടപ്പാക്കിയെടുക്കുന്ന ഒരു കാര്യമായി മാറരുത്. ഇതുമായി ബന്ധപ്പെട്ടു പള്ളിയില്‍ നിന്നും സമുദായത്തില്‍ നിന്നും തീരത്തെ മോചിപ്പിക്കാനുള്ള ശ്രമമാണെന്ന അഭിപ്രായവും വ്യാഖ്യാനവും കേള്‍ക്കുകയും കാണുകയും ചെയ്തു. ഇക്കണ്ട കാലമെല്ലാം ഭരിച്ചവരും പ്രതിപക്ഷത്തിരുന്നവരും മോചിപ്പിച്ചു… മോചിപ്പിച്ചു… ഗവണ്‍മെന്‍റ് നടത്തിയ പഠനറിപ്പോര്‍ട്ടുകള്‍ തന്നെ ആദിവാസിയെക്കാള്‍ താഴ്ന്ന ജീവിതനിലവാരത്തിലാണ് തീരമെന്നു പറയുമ്പോൾ ആരെയാണ് പഴിക്കേണ്ടത്? ആരിലാണ് പ്രതീക്ഷ വയ്ക്കേണ്ടത്?

തീരം എപ്പോഴും പഴിക്കുന്നത് സഭാ നേതൃത്വത്തെയും, സമുദായ നേതാക്കളെയുമാണ്. മാറിമാറിവരുന്ന ഗവണ്‍മെന്റും മന്ത്രിമാരും പറയുന്ന അനുനയ പ്രഖ്യാപനങ്ങള്‍ വിശ്വാസിച്ചും, തീരവാസിയെ വിശ്വസിപ്പിച്ചും, സൗമ്യവും സമാധാനപരവുമായ ഇടപെടലുകളില്‍ നിന്നു മാറി ഇതര സമുദായങ്ങള്‍ കണക്കുപറഞ്ഞും, സമ്മര്‍ദ്ദ തന്ത്രങ്ങളിലും നേടിയെടുക്കുന്നത് നിങ്ങള്‍ക്ക് സാധിക്കാത്തതെന്തെന്നതിന് ഉത്തരം നല്‍കാന്‍ വിഷമിക്കുകയാണ്. നേതൃത്വത്തിലുള്ള വീതം വെയ്ക്കലിലും കക്ഷിയും രാഷ്ട്രീയവും എന്തായാലും തീരവാസിക്ക് അവസാനത്തെ അവസരം, അതും ഇനി പരിഗണിക്കാന്‍ ആരുമില്ലായെന്ന് നേതൃത്വത്തിന് ഉറപ്പാകുമ്പോള്‍ മാത്രം കിട്ടുന്ന നേതാക്കളാണുള്ളത്. തീരത്തിന്റെ നേതൃത്വത്തെ വളരാനും വളര്‍ത്താനും ശ്രമിച്ചു എന്ന് കണക്കിന്റെ ബലത്തില്‍ വെളിപ്പെടുത്താവുന്ന രാഷ്ട്രീയ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നു.

കൊറോണയ്ക്ക് ശേഷം

തീരത്തിന്റെ പതിവു പഞ്ഞമാസത്തില്‍, കാത്തിരിക്കുന്നത് കടൽക്ഷോഭത്തിന്റെ അരക്ഷിതാവസ്ഥയും പട്ടിണിയും തന്നെയാണ്. മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകും. മൺസൂൺ കാലത്തും മഴയുടെ സമയത്തും മാത്രമാണ് കടൽഭിത്തി നിർമ്മാണവും തീരെ സംരക്ഷണവും മാറിവരുന്ന ഗവൺമെന്‍റുകള്‍ക്ക് ഏറ്റെടുക്കാൻ സാധിക്കുന്നത്. അതും തീരവാസി വീടുവിട്ടിറങ്ങി റോഡിലും മറ്റിടങ്ങളിലും പ്രതിഷേധങ്ങളും പ്രതിസന്ധികളും ഉണ്ടാക്കുമ്പോൾ മാത്രം. കൃത്യമായ പ്രഖ്യാപനങ്ങളും കാണുമ്പോഴെല്ലാം നൽകുന്ന വാക്കുകളും പാലിക്കപ്പെടുന്നില്ല എന്നത് ഏറെ സങ്കടകരമാണ്. കഴിഞ്ഞ കടൽക്ഷോഭ സമയത്തും കേരള തീരത്ത് അങ്ങോളമിങ്ങോളം കടൽ കാർന്നെടുത്ത ഭവനങ്ങളുടെ യും തീരവാസിയുടെ ജീവിത ഉപാധികളുടെയും മുന്നിൽനിന്ന് പറഞ്ഞ വാക്കുകൾക്ക് ആരായിരിക്കും മറുപടി നൽകുന്നത് ഇനിയും ഒരു പ്രളയം പ്രതീക്ഷിക്കണം എന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നുണ്ട്.

കിഴക്ക് ആര് പ്രളയത്തിൽ പെട്ടാലും പടിഞ്ഞാറ് ഞങ്ങളുടെ സഹോദരങ്ങള്‍ കടലിൻറെ ആഴങ്ങളിലേക്ക് കാറ്റോ പേമാരിയും മൂലം അകപ്പെടുമ്പോൾ തീരത്ത് വലയും തൊഴിലുപകരണങ്ങളും അഴിച്ചുവെച്ച് വഞ്ചിയുമായി കാത്തിരിപ്പുണ്ടാവും കേരളത്തിൻറെ സൈനികര്‍ എല്ലാവർക്കും വേണ്ടി ജീവന്‍‍ നല്‍കി ജീവന്‍ നേടാന്‍… കാരണം തീരം പങ്കവയ്ക്കുന്നതും പ്രഘോഷിക്കുന്നതും പ്രാവര്‍ത്തികമാക്കുന്നതും സ്വന്തം സഹോദരനായി ജീവന്‍ നല്‍കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല എന്നാണ്.

ഒരപേക്ഷ മാത്രം ആദരിക്കാന്‍ വരല്ലേ… പകരം, ആവശ്യനേരത്ത് മറ്റുള്ളവരെപ്പോലെ നീതിയോടും, ന്യായത്തോടും, അഭിമാനത്തോടും ജീവിക്കാന്‍ അനുവദിക്കുക; അത്രമാത്രം ഈ സൈനികര്‍ക്കായി നല്‍കിയാല്‍ ഞങ്ങള്‍ തീരത്തെയും, നാടിനെയും കാക്കാന്‍ കൂടെയുണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker