Vatican

മെയ് മാസം മുഴുവനും കുടുംബങ്ങളിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ പാപ്പയുടെ ആഹ്വാനം; ഒപ്പം രണ്ട് പ്രത്യേക പ്രാർത്ഥനകളും

ഒറ്റക്കോ, സമൂഹമായോ, കുടുംബത്തിലോ ജപമാല പ്രാർത്ഥിക്കുവാനാണ് പാപ്പയുടെ ആഹ്വാനം...

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: പരിശുദ്ധ കന്യകാമറിയത്തിന് പ്രത്യേകം സമർപ്പിതമായിരിക്കുന്ന മേയ് മാസത്തിൽ കുടുംബപ്രാർത്ഥനകളിൽ ജപമാല ചൊല്ലാൻ ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം. ‘2020 മെയ് മാസത്തിനായി എല്ലാ വിശ്വാസികൾക്കും വേണ്ടി പരിശുദ്ധ ഫ്രാൻസിസ് പാപ്പായുടെ കത്ത്’ (LETTERA DEL SANTO PADRE FRANCESCO A TUTTI I FEDELI PER IL MESE DI MAGGIO 2020) എന്ന തലക്കെട്ടോടെയാണ് ഏപ്രിൽ 25-ന് വത്തിക്കാൻ ഈ കത്ത് പ്രസിദ്ധീകരിച്ചത്. അനുദിന ജപമാലപ്രാർത്ഥനയ്ക്ക് ശേഷം പ്രാർത്ഥിക്കാനുള്ള രണ്ട് പ്രാർത്ഥനകളും പാപ്പാ നൽകിയിട്ടുണ്ട്.

മെയ് മാസത്തിൽ ദൈവജനം കന്യകാമറിയത്തോടുള്ള സ്നേഹവും ഭക്തിയും വളരെ കൂടുതലായി, വളരെ പ്രത്യേകതകളോടെ പ്രകടിപ്പിക്കുകയും, കുടുംബത്തോടൊപ്പം വീട്ടിൽ ജപമാല പ്രാർത്ഥിക്കുന്നത് പരമ്പരാഗതമാണെങ്കിലും, പകർച്ചവ്യാധിയുടെ ഈ കാലത്ത് കുടുംബങ്ങളിലെ ജപമാല പ്രാർത്ഥനകൾക്ക് വലിയമാനമുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ ഹൃദയഭാവത്തോടുകൂടി ക്രിസ്തുവിന്റെ മുഖം നാം ധ്യാനിക്കുകയാണെങ്കിൽ, അത് നമ്മെ കൂടുതൽ ഐക്യപ്പെടുത്താനും ഇന്നത്തെ പരീക്ഷണങ്ങളെ അതിജീവിക്കാനും സഹായിക്കുമെന്നും ഉദ്ബോധിപ്പിക്കുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് ഒറ്റക്കോ, സമൂഹമായോ, കുടുംബത്തിലോ ജപമാല പ്രാർത്ഥിക്കുവാനാണ് പാപ്പയുടെ ആഹ്വാനം.

ലോകത്തിനുമേൽ കരുണയുണ്ടാകാനും, മരണപ്പെട്ട പ്രിയപ്പെട്ടവരെ ഓർത്ത് സങ്കടപ്പെടുന്നവർക്ക് സാന്ത്വനം ലഭിക്കുവാനും, രോഗാണുവിനെതിരെ ശരിയായ പരിഹാരങ്ങൾ കണ്ടെത്താൻ ശാസ്ത്രജ്ഞരുടെ ബുദ്ധിയെ പ്രകാശിപ്പിക്കുവാനും, പ്രതിസന്ധിയുടെ ഘട്ടത്തിൽ ഐക്യത്തോടെ പ്രവർത്തിക്കാൻ ഭരണാധികാരികൾക്ക് ജ്ഞാനം നൽകുവാനും ഉള്ള പ്രാർത്ഥനകളാണ് പാപ്പാ നൽകിയ പ്രത്യേക പ്രാർത്ഥനകളുടെ ഉള്ളടക്കം.

എല്ലാപേർക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നുവെന്നും, നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഓർക്കണമെന്നും ഓർമ്മപ്പെടുത്തിക്കൊണ്ടാണ് പാപ്പയുടെ കത്ത് അവസാനിക്കുന്നത്.

ഒന്നാമത്തെ പ്രാർത്ഥന

ഓ മറിയമേ,
നീ ഞങ്ങളുടെ രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി എപ്പോഴും ഞങ്ങളുടെ മുമ്പിൽ തിളങ്ങി നിൽക്കുന്നു.

രോഗികളുടെ ആരോഗ്യമായ അമ്മേ, ഈശോയുടെ കുരിശിലെ സഹനത്തിൽ ഒന്നുചേർന്ന നിന്നിലുള്ള വിശ്വാസത്തിൽ ഉറച്ചു നിന്നു കൊണ്ട്, ഞങ്ങൾ നിന്നിൽ ആശ്രയിക്കുന്നു.

ലോകജനതയുടെ സംരക്ഷകയേ, നിനക്ക് ഞങ്ങളുടെ ആവശ്യങ്ങൾ അറിയാം അതുഞങ്ങൾക്ക് ലഭ്യമാക്കുമെന്നും അറിയാം, ആകയാൽ ഗലീലിയിലെ കാനായിൽ എന്നപോലെ, ഈ പ്രതിസന്ധിക്കു ശേഷം ഞങ്ങളുടെ സന്തോഷങ്ങളും ആഘോഷങ്ങളും ഞങ്ങൾക്ക് തിരികെ നല്കേണമേ.

ദൈവസ്നേഹത്തിന്റെ മാതാവേ, പിതാവിന്റെ ഹിതത്തിനനുസൃതമായി, കുരിശിലൂടെ ഞങ്ങളുടെ സഹനങ്ങളും ദുഃഖങ്ങളും സ്വയം ഏറ്റെടുത്ത യേശു ഞങ്ങളോടു പറയുന്നത് ചെയ്യാനും, ഉത്ഥാനത്തിന്റെ സന്തോഷത്തിലേക്ക് പ്രവേശിക്കുവാനും ഞങ്ങളെ സഹായിക്കണമേ. ആമേൻ.

ഓ ദൈവമാതാവേ ഞങ്ങൾ അങ്ങേ സംരക്ഷണം തേടുന്നു.
ഓ മഹത്വപൂർണ്ണയായ പരിശുദ്ധ കന്യകേ, ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളുടെ അപേക്ഷകൾ ഉപേക്ഷിക്കാതെ, എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ കാക്കണമേ.

രണ്ടാമത്തെ പ്രാർത്ഥന ‍

ഓ ദൈവമാതാവേ ഞങ്ങൾ അങ്ങേ സംരക്ഷണം തേടുന്നു.

ദൈവമാതാവേ ഞങ്ങളുടെ അമ്മേ, ലോകത്തെ മുഴുവൻ കഷ്ടപ്പാടുകളും ഉത്കണ്ഠകളും പിടിമുറുക്കിയിരുന്ന ഈ സാഹചര്യത്തിൽ, ഞങ്ങൾ നിന്നിലേക്ക് തിരിയുന്നു, നിന്റെ സംരക്ഷണത്തിൽ അഭയം തേടുന്നു.

പരിശുദ്ധ കന്യാമറിയമേ, ഈ കൊറോണ വ്യാധിയുടെ പിടിയിലായിരിക്കുന്ന ഞങ്ങളുടെ മേൽ നിന്റെ കരുണയുള്ള കണ്ണുകൾ തിരിക്കേണമേ. പ്രിയപ്പെട്ടവരുടെ മരണത്തിന്റെ വേദനയിലും ദുഃഖിത്തിലും കഴിയുന്നവരെ, തക്കതായ വിധം മൃതസംസ്കാരം നടത്താണ് സാധിക്കാത്തതിന്റെ ഓർത്ത് ദുഃഖിതരായിരിക്കുന്നവരെയും ആശ്വസിപ്പിക്കണമേ.

രോഗം മൂലം ദുരിതമനുഭവിക്കുന്നവരെയും, പകർച്ചവ്യാധി തടയാനുള്ള പരിശ്രമത്തിലേർപ്പെട്ടിരിക്കുന്നതിനാൽ പ്രിയപ്പെട്ടവരിൽ നിന്ന് അകന്നുകഴിയുന്നവരെയും ശക്തിപ്പെടുത്തണമേ. ഭാവിയെക്കുറിച്ച് ആകുലതപ്പെടുന്നവരെയും, സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വം മൂലം ജോലിയിലുണ്ടാകുന്ന പ്രത്യാഘാതങ്ങളോർത്ത് വിഷമിക്കുന്നവരെയും ആത്മവിശ്വാസം കൊണ്ട് നിറയ്ക്കണമേ.

ദൈവമാതാവേ ഞങ്ങളുടെ അമ്മേ, കഠിനമായ ഈ പരീക്ഷണങ്ങൾ അവസാനിച്ച് പ്രതീക്ഷയുടെയും സമാധാനത്തിന്റെയും ചക്രവാളം തിരികെ ലഭിക്കുവാൻ കരുണാമയനായ ദൈവത്തോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ. നിന്റെ ദിവ്യപുത്രനോടൊപ്പം, കാനായിലെന്നപോലെ ഇടപെടണമേ, രോഗികളുടെയും മരണത്തിന് ഇരയായവരുടെയും കുടുംബങ്ങളെ ആശ്വസിപ്പിക്കാനും, അവരുടെ ഹൃദയങ്ങളെ വിശ്വാസത്തിലേക്ക് തുറവിയുള്ളതാക്കാനും നിന്റെ പ്രിയ പുത്രനോട് ആവശ്യപ്പെടേണമേ.

പകർച്ചവ്യാധിമൂലം കഷ്ടത അനുഭവിക്കുന്ന ഈ കാലയളവിൽ മുൻപന്തിയിൽ നിന്ന്, അപരന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ അപകടത്തിലാക്കി സേവനം ചെയ്യുന്ന ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരെ സംരക്ഷിക്കണമേ. വീരോചിതമായ അവരുടെ പരിശ്രമത്തിനൊപ്പം അവർക്ക് ശക്തിയും നന്മയും ആരോഗ്യവും നൽകണമേ.

രാവുംപകലും രോഗികളെ സഹായിക്കുന്നവരോടൊപ്പവും, സുവിശേഷത്തോടുള്ള പ്രതിബദ്ധതയോടെ എല്ലാവരെയും സഹായിക്കാനും പിന്തുണയ്ക്കാനും പരിശ്രമിക്കുന്ന പുരോഹിതരോടൊപ്പവും നിന്റെ സാന്നിധ്യമുണ്ടായിരിക്കേണമേ.

പരിശുദ്ധ കന്യകാമാതാവേ, ശാസ്ത്രമേഖലയിൽ പ്രവർത്തിക്കുന്നവരുടെ ബുദ്ധിയെ പ്രകാശിപ്പിക്കേണമേ, അങ്ങനെ ഈ വൈറസിനെ കീഴ്പ്പെടുത്താനുള്ള യഥാർത്ഥ പരിഹാരമാർഗം കണ്ടെത്തുന്നതിന് ഇടവരട്ടെ.

എല്ലാ രാഷ്ട്രനേതാക്കളെയും സഹായിക്കണമേ, അങ്ങനെ ദാരിദ്ര്യം മൂലം ജീവിക്കാൻ കഷ്ടപ്പെടുന്നവരെ ജ്ഞാനത്തോടും ശ്രദ്ധയോടെയും ഉദാരമനസ്കതയോടും കൂടി സഹായിക്കുകയും, സാമൂഹിക – സാമ്പത്തിക പരിഹാരങ്ങൾ ദീർഘവീക്ഷണത്തോടെയും ഐക്യദാർഢ്യത്തോടെയും ആസൂത്രണം ചെയ്യുകയും ചെയ്യുമാറാകട്ടെ.

പരിശുദ്ധ മറിയമേ, രാഷ്ട്രനേതാക്കളുടെ മനസ്സാക്ഷിയെ സ്പർശിക്കണമേ, അങ്ങനെ ആയുധശക്തി വർദ്ധിപ്പിക്കാനായി ചെലവിടുന്ന ധനം ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ തടയുവാനുള്ള പഠനങ്ങൾ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി വിനിയോഗിക്കുമാറാകട്ടെ.

സ്നേഹനിധിയായ അമ്മേ, ഞങ്ങളെല്ലാവരും ലോകം എന്ന വലിയ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന ചിന്തയിലും, എല്ലാവരെയും ഒന്നിപ്പിക്കുന്ന ബന്ധത്തെക്കുറിച്ചുള്ള സ്വയാവബോധത്തിലും വളരുവാൻ ഞങ്ങളെ സഹായിക്കണമേ, അങ്ങനെ സാഹോദര്യ മനോഭാവത്തോടെയും ഐക്യദാർഢ്യത്തോടെയും ദരിദ്രരെയും ദുരിതത്തിൽപ്പെട്ടിരിക്കുന്നവരെയും സഹായിക്കാൻ ഞങ്ങൾക്ക് സാധിക്കും. വിശ്വാസത്തിലുള്ള ഉറച്ച പ്രോത്സാഹനവും, അപരനെ സേവിക്കുന്നതിലുള്ള സ്ഥിരോത്സാഹവും, പ്രാർത്ഥനയിലുള്ള സ്ഥിരതയും ഞങ്ങൾക്ക് നൽകണമേ.

ഓ മറിയമേ, എളിയവരുടെ സങ്കേതമേ, വേദനിക്കുന്ന എല്ലാ മക്കളെയും അങ്ങേ കരവലയത്തിൽ കാത്തുകൊള്ളണമേ, സർവശക്തനായ ദൈവം ഈ ഭയാനകമായ പകർച്ചവ്യാധിയിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കാൻ തന്റെ ശക്തമായ കരങ്ങളോടെ കടന്നുവരുവാൻ നീ ഇടയാക്കണമെ, അങ്ങനെ ശാന്തമായതും സാധാരണ ഗതിയിലുള്ളതുമായ ഒരു ജീവിതം പുനരാരംഭിക്കാൻ ഇടവരുത്തേണമെ.

രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി ഞങ്ങളുടെ പാതയിൽ തിളങ്ങുന്ന നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു, കരുണയും, വാത്സല്യവും, മാധുര്യവും നിറഞ്ഞ കന്യാമറിയമേ, ആമേൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker