Sunday Homilies

6th Sunday of Easter_Year A_നാം അനാഥരല്ല

പലപ്പോഴും യേശുവിന്റെ കൽപ്പനകൾ മാനുഷിക ബുദ്ധിയിൽ കഠിനമായി തോന്നാം...

പെസഹാകാലം ആറാം ഞായർ

ഒന്നാം വായന: അപ്പോ.പ്രവ. 8:5-8,14-17
രണ്ടാം വായന: 1പത്രോസ് 3:15-18
സുവിശേഷം: വി.യോഹന്നാൻ 14:15-21

വചന വിചിന്തനം

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ യേശുവിന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ തുടർച്ചയാണ് നാമിന്ന് ശ്രവിക്കുന്നത്.

നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എന്റെ കൽപനകൾ പാലിക്കും:

ഈ തിരുവചനത്തിന്റെ അർത്ഥം എന്താണ്? യേശുവിനെ സ്നേഹിക്കുന്നവനാണ് യേശുവിന്റെ കൽപ്പനകൾ പാലിക്കുന്നത്. കൽപനകൾ പാലിക്കുക എന്നാൽ, അനുസരിക്കുക എനാണർത്ഥം. യേശുവിനോടുള്ള നമ്മുടെ സ്നേഹത്തിനും, യേശുവിന്റെ കൽപ്പനകൾ പാലിക്കുന്നതും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ? പലപ്പോഴും യേശുവിന്റെ കൽപ്പനകൾ മാനുഷിക ബുദ്ധിയിൽ കഠിനമായി തോന്നാം. അത് എന്നെക്കൊണ്ട് ഒരിക്കലും പാലിക്കാൻ കഴിയില്ല എന്ന് തോന്നാം. ചിലപ്പോഴൊക്കെ യേശുവിന്റെ കല്പനകളുടെ അർത്ഥവും ആഴവും നമുക്ക് മനസ്സിലാകില്ല. എന്നാൽ, പോലും നാം അത് അനുസരിക്കണം എന്നാണ് യേശു പറയുന്നത്. ഉദാഹരണമായി, നമ്മെ നിരന്തരം ഉപദ്രവിക്കുന്ന നമ്മുടെ ശത്രുവിനോട് നിരുപാധികം ക്ഷമിക്കാനും, അവനെ സ്നേഹിക്കാനും യേശു പഠിപ്പിക്കുന്നു. വലത് കരണത്ത് അടിക്കുന്നവന് ഇടത് കരണവും കാണിച്ചുകൊടുക്കാൻ യേശു പഠിപ്പിക്കുന്നു… ഇതെല്ലാം മാനുഷികബുദ്ധിയിൽ മനസ്സിലാക്കാനും, നടപ്പിലാക്കാനും ഏറ്റവും പ്രയാസകരമായ കല്പനകളാണ്. എന്നാൽപോലും, നാം അത് അനുസരിക്കണം. അവിടെയാണ് യേശുവിനോടുള്ള സ്നേഹം പ്രകടമാകുന്നത്. നമ്മുടെ മനുഷ്യ സ്വഭാവത്തിനും ബുദ്ധിക്കും ഉൾക്കൊള്ളാനും ബുദ്ധിമുട്ടാണെങ്കിലും, യേശു പറഞ്ഞതുകൊണ്ട് ഞാൻ അവന്റെ കൽപ്പനകൾ അനുസരിക്കും. ഞാനത് അനുസരിക്കുന്നത് കൽപ്പനകൾ എനിക്ക് എളുപ്പം ആയതു കൊണ്ടല്ല, മറിച്ച് എനിക്ക് യേശുവിനോട് സ്നേഹം ഉള്ളതുകൊണ്ടാണ്.

“എന്റെ കൽപനകൾ പാലിക്കും” എന്നാണ് യേശു പറയുന്നത്. 10കല്പനകൾ നമുക്കറിയാം, പൂർണ്ണഹൃദയത്തോടും, പൂർണ്ണാത്മാവോടും, പൂർണ്ണ ശക്തിയോടും, പൂർണ്ണമനസ്സോടും കൂടെ ദൈവത്തെ സ്നേഹിക്കണമെന്നും; നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കണമെന്നും നമുക്കറിയാം. ഈ കൽപ്പനകൾ എല്ലാം പഴയനിയമ തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ യേശുവിന്റെ കാലത്തെ സാധാരണക്കാർക്കും അറിയാമായിരുന്നു. എന്നാൽ ഇതിനു പുറമേ സുവിശേഷങ്ങളിൽ “യേശുവിന്റെ കൽപ്പനകൾ” നിറഞ്ഞുനിൽക്കുന്നു. നിന്റെ ശത്രുക്കളെ സ്നേഹിക്കുവിൻ, നിങ്ങളെ പീഡിപ്പിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ, നീ ബലിപീഠത്തിൽ കാഴ്ച അർപ്പിക്കുമ്പോൾ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് തോന്നിയാൽ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുൻപിൽ വച്ചിട്ട് പോയി സഹോദരനോട് രമ്യതപ്പെടുക പിന്നെ വന്ന് കാഴ്ചകൾ അർപ്പിക്കുക… തുടങ്ങിയവ യേശുവിന്റെ കല്പനകളിൽ ചിലതുമാത്രം (സുവിശേഷങ്ങളിലെല്ലാം യേശുവിന്റേത് മാത്രമായ കൽപ്പനകൾ നമുക്ക് ധാരാളം കാണാൻ സാധിക്കും). ശിഷ്യന്മാരുടെ കാലുകൾ കഴുകി കൊണ്ട് നിങ്ങളും ഇതുപോലും ചെയ്യുവാനാണ് പറയുന്നത്. യേശുവിന്റെ കൽപ്പനകൾ എല്ലാം തന്നെ മനുഷ്യന്റെ നൈസർഗിക വെറുപ്പിനും, വിദ്വേഷത്തിനും, വാശിക്കും എതിരാണ്. യേശുവിന്റെ നിയമങ്ങൾ പാലിക്കുന്നത് വലിയ വെല്ലുവിളിയുമാണ്. അതുകൊണ്ടുതന്നെയാണ് യേശുവിനോടുള്ള സ്നേഹം ഈ കല്പനകളുടെ പാലനത്തിനായുള്ള ഒരു വ്യവസ്ഥയായി യേശു അവതരിപ്പിക്കുന്നത്.

മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങൾക്ക് തരും:

യേശുവിന്റെ നിയമങ്ങൾ പാലിക്കാൻ നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നും, അതിന് നമുക്ക് വലിയ ആത്മീയശക്തി വേണമെന്നും യേശുവിനറിയാം, അതിനാൽ യേശു നമുക്ക് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുകയാണ്. പരിശുദ്ധാത്മാവിനെ “സഹായകൻ” എന്നാണ് യേശു വിളിക്കുന്നത്. മലയാളത്തിൽ “സഹായകൻ” എന്ന വാക്ക് ഗ്രീക്കിലെ “പാരാക്ലെറ്റോസ്” എന്ന വാക്കിൽ നിന്നാണ് വരുന്നത്. നിയമ വ്യവസ്ഥിതിയിൽ ഉപയോഗിക്കുന്ന വാക്കാണിത്. കാരണം, ഇതിൻറെ മുഖ്യ അർത്ഥം ‘അഭിഭാഷകൻ’ എന്നാണ്. കൂടാതെ സഹായകൻ, ആശ്വാസദായകൻ എന്നീ അർത്ഥങ്ങളുമുണ്ട്. നമ്മോടു കൂടെ, നമ്മുടെ സഹായത്തിനായി, നമ്മെ പ്രതിരോധിക്കാനായി നിൽക്കുന്ന അഭിഭാഷകൻ ആയിട്ടാണ് ഇവിടെ പരിശുദ്ധാത്മാവിനെ മനസ്സിലാക്കിയിരിക്കുന്നത്. ഇത്രയും കാലം ശിഷ്യന്മാർ യേശുവിനെ കണ്ടുംകേട്ടും ആശ്രയിച്ചും ജീവിച്ചു, എന്നാൽ യേശുവിന്റെ അസാന്നിധ്യത്തിൽ പരിശുദ്ധാത്മാവ് അവരെ നയിക്കും. പഴയനിയമത്തിൽ പ്രവാചകന്മാരെ പ്രചോദിപ്പിച്ച അതേ ആത്മാവ് ഇന്ന് യേശുവിൽ വിശ്വസിക്കുന്നവരെയും പ്രചോദിപ്പിക്കും.

പരിശുദ്ധാത്മാവ് വിശ്വാസികളിൽ എന്ത് സ്വാധീനമാണ് ചെലുത്തുന്നതെന്ന് ഇന്നത്തെ ഒന്നാം വായനയിൽ നാം കാണുന്നുണ്ട്. പത്രോസിന്റെയും യോഹന്നാന്റെയും കൈവെയ്പ്പ് കർമ്മത്തിലൂടെ ദൈവവചനം സ്വീകരിച്ച സമരക്കാരുടെ മേലും പരിശുദ്ധാത്മാവ് വരുന്നു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനവും, ക്രൈസ്തവരുടെ ഐക്യവും ഇന്നത്തെ ഒന്നാം വായനയിൽ വ്യക്തമാണ്. മറ്റൊരുവിധത്തിൽ സുവിശേഷത്തിൽ പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തുകൊണ്ട്, യേശു പറഞ്ഞ കാര്യങ്ങൾ നിറവേറുന്നത് ഇന്നത്തെ ഒന്നാം വായനയിൽ നാം ശ്രവിച്ചു. ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല എന്നു യേശു പറഞ്ഞു. അനാഥത്വം ബൈബിളിലെ ഏറ്റവും ദയനീയമായ അവസ്ഥയാണ്. അതുകൊണ്ടാണ് യേശു വ്യക്തമായി, ശിഷ്യന്മാരെ അനാഥരായി വിടുകയില്ല എന്ന് പറയുന്നത്. യേശുവിൽ വിശ്വസിക്കുന്ന ഒരുവനും അനാഥനല്ല, യേശുവിന്റെ സാന്നിധ്യം പരിശുദ്ധാത്മാവിലൂടെ നമ്മോടൊപ്പമുണ്ട്, നാം ഭയപ്പെടേണ്ടതില്ല.

ആമേൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker