Articles

ഒരു വൈദികന്‍ രൂക്ഷമായ ഭാഷയിൽ എഴുതേണ്ടതുണ്ടോ?

അനീതി നിങ്ങളുടെ ആയുധമാണെങ്കിൽ വാക്ക് ഞങ്ങള്‍ക്ക് പ്രതിരോധവും ചെറുത്തുനിൽപ്പും ജീവിക്കാനുള്ള പോരാട്ടത്തിലെ സ്വരവുമാണ്...

ഫാ.ജെസ്റ്റിൻ കാഞ്ഞൂത്തറ എം.സി.ബി.എസ്.

ഒരു വൈദികന്‍ രൂക്ഷമായ ഭാഷയിൽ എഴുതേണ്ടതുണ്ടോ? എന്ന ചോദ്യം ഞാൻ കുറച്ച് വര്‍ഷങ്ങളായി കേള്‍ക്കാന്‍ തുടങ്ങിയതാണ്. എന്നാൽ കുറുക്കനെ കുറുക്കനെന്ന് വിളിക്കാന്‍ ധൈര്യം കാണിക്കുകയും, കളവുകാണിച്ചവനെതിരെ ചാട്ടവാറെടുക്കുകയും ചെയ്ത നസ്രായന്റെ അനുയായിക്ക്, വാക്കും ചാട്ടവാറും അകറ്റിനിര്‍ത്തപ്പെടേണ്ടതായ കാര്യങ്ങളല്ല എന്നതാണ് എന്റെ പക്ഷം. മാത്രമല്ല, ഭരണകൂടത്തിന്റെ അനീതിയ്ക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കുമെതിരെ അക്രമരഹിതമായ സമരായുധമെന്ന നിലയിൽ വാക്കിന്റെ അനന്തസാധ്യതകളെക്കുറിച്ച് ചിന്തിക്കുന്ന ഒരാളെന്ന രീതിയിൽ, എഴുതപ്പെട്ടവയെക്കാള്‍ എഴുതപ്പെടാനിരിക്കുന്ന വാക്കുകളുടെ മൂര്‍ച്ചയാണ് എന്റെ ചിന്ത. ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ പച്ചയായ മനുഷ്യാവകാശലംഘനങ്ങള്‍ ഇവിടെ നടത്തപ്പെടുമ്പോള്‍ വാക്ക് ചിലരുടെയെല്ലാം ഭയപ്പാടായി മാറുന്നത് കാലം ആവശ്യപ്പെടുന്ന ശരിയാണ്.

ഒരു സന്യാസാര്‍ത്ഥിനിയുടെ മരണവും തുടര്‍ന്നുള്ള ചര്‍ച്ചകളും സംവാദങ്ങളും വെറുമൊരു സൈബര്‍ ചര്‍ച്ചയെന്ന അലസഭാവത്തിൽ എടുക്കാനാണ് പലര്‍ക്കും താ പ്പര്യം. എന്നാൽ ഇവിടെ നടന്നത് പച്ചയായ മനുഷ്യാവകാശലംഘനം തന്നെയാണ്. സഭയെ ആക്രമിക്കാന്‍ വേണ്ടി മൃതദേഹത്തിന് അർഹിക്കുന്ന മാന്യതപോലും നൽകാതെ അശ്ലീല കഥകള്‍ മെനഞ്ഞതും മൃതദേഹത്തിന്‍റെ വീഡിയോ പുറത്തു വിട്ടതും മനുഷ്യത്വരഹിതമായ അപരാധം തന്നെയാണ്. ഈ തെറ്റുകള്‍ സംഭവിക്കാന്‍ പാടില്ലാത്തവരിൽ നിന്നുണ്ടായിട്ടും അതിനെതിരെ ഭരണകൂടം നടപടി എടുക്കാതിരുന്നത്, അധികാരത്തിലിരിക്കുന്നവര്‍ ഇത്തരം അധാര്‍മ്മിക നടപടികള്‍ക്ക് എത്രമാത്രം അനുകൂലമായ നിലപാടാണ് എടുക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ്.

ഒരു വാര്‍ത്താചാനലിൽ വന്ന അക്ഷരത്തെറ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കുറ്റത്തിന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ നിയമപാലകര്‍ക്ക് അധികസമയം വേണ്ടി വന്നിരുന്നില്ല. എന്നാൽ, മരിച്ചു കിടക്കുന്ന പെണ്‍കുട്ടിയുടെ മാന്യതയിലേക്ക് ചെളിവാരിയെറിഞ്ഞവരെ പിടികൂടാന്‍ നിയമപാലകര്‍ക്കും ഭരണകൂടത്തിനും ഇതുവരെ സാധിച്ചിട്ടില്ല. ഒരു മാധ്യമ കോര്‍പ്പറേറ്റും ന്യൂനപക്ഷമതസമൂഹവും തമ്മിലുള്ള അന്തരം സാധാരണക്കാരെ സംബന്ധിച്ച് നിസ്സാരകാര്യമാകാം. എന്നാൽ, ഭരണകൂടത്തിന് അങ്ങനെയല്ല എന്ന് ഈ ഉദാഹരണം വ്യക്തമാക്കുന്നുണ്ട്. ഏതാനും ദിനങ്ങള്‍ക്കുമുമ്പ് ക്രിക്കറ്റ് കളിക്കിടെ കൂട്ടുകാരനെ കൊലചെയ്ത കുട്ടികളുടെ വീഡിയോ പുറത്തുവിട്ടവര്‍ക്കെതിരെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടപടിയെടുക്കുകയും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. എന്നാൽ, മരിച്ചുകിടന്ന ഒരു പെണ്‍കുട്ടിയുടെ കാര്യത്തിൽ നടപടികളെടുക്കാനും സംസാരിക്കാനും ഉത്തരവാദിത്വപ്പെട്ടവര്‍ ഇതുവരെയും നിശബ്ദരാണ്. ഇത് ജനാധിപത്യസമൂഹത്തിൽ ചെറിയമനുഷ്യര്‍ അനുഭവിക്കുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചും, അനീതിയെക്കുറിച്ചും ഏറെ നാളുകളായി നമ്മള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ്. ഇനിയും തുടരും എന്ന് തന്നെയാണ് ഇവ നൽകുന്ന സൂചനയും.

അതിവേഗം പൂര്‍ത്തിയാക്കാവുന്ന നിയമനടപടികള്‍ മരവിപ്പിച്ചു നിര്‍ത്തുകയും, പകരം ഭരണകൂടം ചെല്ലും ചെലവും കൊടുത്ത് സ്തുതിപാഠകരായി കൂടെ നിര്‍ത്തിയിരിക്കുന്ന കാവൽനായ്ക്കളെ സാമൂഹ്യമാധ്യമങ്ങളി കെട്ടഴിച്ചു വിടുകയും ചെയ്തതിലൂടെ അധികാര സമൂഹം അവരുടെ നിലപാട് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. ദുര്‍ബ്ബലരെന്ന് കരുതി ആക്രമിച്ച് കടന്നുകയറാമെന്നും, മനുഷ്യാവകാശലംഘനങ്ങള്‍ പതിവാക്കാം എന്നുമാണ് പൊതുധാരണയെങ്കിൽ ഞങ്ങളുടെ വാക്കിന്റെ കൂടം നിങ്ങളുടെ ശിരസ്സിന് മുകളി ഉയര്‍ന്ന് തന്നെ നിൽപ്പുണ്ട് എന്ന് തന്നെയാണ് പറയാനുള്ളത്. ഞങ്ങളുടെ സ്വരം ഇനിയും ഉയരും. അനീതി നിങ്ങളുടെ ആയുധമാണെങ്കിൽ വാക്ക് ഞങ്ങള്‍ക്ക് പ്രതിരോധവും ചെറുത്തുനിൽപ്പും ജീവിക്കാനുള്ള പോരാട്ടത്തിലെ സ്വരവുമാണ്. കാറ്റ് അതിനിഷ്ടമുള്ളിടത്തേക്ക് വീശുന്നു, അതിന്‍റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാൽ, അത് എവിടെ നിന്ന് വരുന്നെന്നോ എവിടേക്ക് പോകുന്നെന്നോ നീ അറിയുന്നില്ല (യോഹന്നാന്‍ 3,8). ഞങ്ങളുടെ ഭാവിതലമുറയ്ക്ക് സമാധാനമായി ജീവിക്കാനുള്ള അവസ്ഥ സാധിച്ചെടുക്കുന്നത് വരെ അതിജീവനത്തിനുള്ള ഈ ചെറുത്ത് നിൽപ്പ് ഞങ്ങള്‍ തുടരും. സാധാരണ മനുഷ്യന്‍ ജീവിക്കുമ്പോഴും മരണശേഷവും ലഭിക്കേണ്ടതായ മനുഷ്യത്വപരമായ അവകാശത്തേക്കുറിച്ച് യാചിക്കുകയല്ല, ചോദിക്കുക തന്നെയാണ് ചെയ്യുന്നത്. ഈ തലമുറ അവകാശത്തിന് വേണ്ടി കൈനീട്ടി നിന്നവരാണെന്ന് ഭാവിതലമുറയിലുള്ളവര്‍ നമ്മെക്കുറിച്ചു പറയുന്ന കാലത്ത് നാം ശ്മശാനഭൂമിയിൽ കിടന്ന് നാം അനുഭവിക്കുന്ന അപമാനഭാരത്തേക്കാള്‍ നല്ലത് മരണം തന്നെയാണ്.

ഈ തലമുറ ഒരു കിണറ്റിന്‍ കരയിൽ അനുഭവിക്കുന്ന നൊമ്പരം അടുത്ത തലമുറയ്ക്കുണ്ടാകരുത് എന്ന് സഭാനേതൃത്വവും ഉറപ്പാക്കണം. സഭാസമൂഹത്തിൽ നിന്ന് രാഷ്ട്രത്തിന് സംഭാവനകളും സഹായസഹകരണങ്ങളും നൽകുന്നതോടൊപ്പം ഭരണകൂടത്തിൽ നിന്ന് നമ്മുടെ ജനത്തിന് ലഭിക്കേണ്ടതായ ആനുകൂല്യങ്ങളും അവകാശങ്ങളും നേടിക്കൊടുക്കുക എന്നതും നമ്മുടെ ഉത്തരവാദിത്വമാണെന്ന് നാം മനസ്സിലാക്കണം. കൃത്യമായ നിലപാടുകള്‍ സമയാസമയങ്ങളിൽ നമുക്ക് സ്വീകരിക്കാന്‍ സാധിച്ചാൽ നമ്മുടെ ജനം എന്നും നമ്മുടെ കൂടെയുണ്ടാകും എന്ന് ഉറപ്പാണ്.

അതുകൊണ്ട്, നിവര്‍ന്ന് നിന്ന് തന്നെ നാം ചോദിക്കണം, നമ്മുടെയും ഭാവിതലമുറയുടെയും ജീവനും മാനത്തിനും വേണ്ടിയുള്ള അവകാശത്തിന് വേണ്ടിയാണ് നാം ചോദിക്കുന്നത് എന്ന ചങ്കുറപ്പോടെ തന്നെ ചോദിക്കണം. ഒരു മൃതദേഹവും ഇനി പൊതു സമൂഹത്തിന് മുമ്പിൽ തുണിയുരിയപ്പെടരുത് എന്ന നിര്‍ബന്ധബുദ്ധിയോടെ നാം ഇത് ആവശ്യപ്പെടണം. അപമാനിപ്പെട്ട മൃതദേഹത്തിന് ഇപ്പോള്‍ സ്വരമില്ല, അതിനാൽ ആ പെണ്‍കുട്ടിയുടെ സ്വരവും കണ്ണ്നീരുമായി നിന്ന് നാം വേണം നീതിനേടിയെടുക്കാന്‍. ഇതിന് മനസ്സാക്ഷിയുള്ള മനുഷ്യരെന്ന് പറയുന്നവരെല്ലാം ഒരുമിച്ച് കൂടണം. ഇങ്ങനെ ഒരുമിച്ച് ചേരുന്നവരെല്ലാം ചിതറിക്കപ്പെടാതെ ഒന്ന് ചേര്‍ന്ന് നി ക്കണമെന്നും അവരോടൊപ്പം ഞാനും ഉറച്ചു നിൽപ്പുണ്ടെന്നും ഇതിനാൽ അറിയിക്കുന്നു. അത് പോലെ മന്ദോഷ്ണത എന്നത് വൃത്തികെട്ട ഒരു ഇടപാടാണെന്ന് എല്ലായിടങ്ങളിലുമിരുന്ന് ഉറക്കം തൂങ്ങുന്നവരും മനസ്സിലാക്കിയാൽ നല്ലതാണ്. നീതി ഉറപ്പിക്കപ്പെടുക തന്നെ വേണം, ശരിയായ മാര്‍ഗ്ഗങ്ങളിലൂടെ തന്നെ നമുക്കതിന് സാധിക്കുക തന്നെ ചെയ്യും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker