Meditation

Ascension Sunday_Year A_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ 28:16-20)

അവന്റെ ജീവിതം, മരണം, ആത്മാവ്, ശക്തി... എല്ലാം നിന്റേതുമാണ്...

സ്വർഗ്ഗാരോഹണ തിരുനാൾ

ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ പതിനൊന്നോളം ശിഷ്യർ മാത്രമായിരുന്നു. നാലഞ്ചു ധൈര്യവതികളും വിശ്വസ്തതകളുമായ സ്ത്രീകളും ഉണ്ടായിരുന്നു. മൂന്നു വർഷക്കാലയളവോളം അവനെ അനുഗമിച്ചവരായിരുന്നു അവർ. ഈ രണ്ടു കൂട്ടരും എന്തെങ്കിലും ആഴമായി അവരിൽനിന്നും പഠിച്ചിരുന്നോ എന്ന കാര്യം സംശയമാണ്. പക്ഷേ ഒരു കാര്യം നിസ്തർക്കമാണ്. അവർ അവനെ ആഴമായി സ്നേഹിച്ചിരുന്നു. അതുകൊണ്ടുതന്നെ അവനെ മറക്കുകയെന്നത് അവരെ സംബന്ധിച്ച് അസാധ്യമായ കാര്യമാണ്. എങ്കിലും ഇവരുടെ ഇടയിൽ ചിലരിൽ സംശയത്തിന്റെ വിത്തുകൾ ഒളിഞ്ഞു കിടക്കുന്നുണ്ട്. അതുകൊണ്ടാണ് സുവിശേഷകൻ പറയുന്നത്; “അവനെ കണ്ടപ്പോൾ… ചിലർ സംശയിച്ചു” (v.17). അതെ, വിശ്വാസത്തിന്റെയും സംശയത്തിന്റെയും തുലാസിൽ നിൽക്കുന്നവർക്കാണ് യേശു തന്റെ സുവിശേഷം കൈമാറി യാത്രയാകുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മുടെ ദുർബലതയിലാണ് അവൻ തന്റെ സുവിശേഷം ഏൽപ്പിച്ചിരിക്കുന്നത്. ഇത് നമ്മിലുള്ള അവന്റെ ആത്മവിശ്വാസമാണ്. നമ്മൾ അവനെ വിശ്വസിക്കുന്നതിനേക്കാൾ കൂടുതൽ അവൻ നമ്മിൽ വിശ്വസിക്കുന്നു. അവനറിയാം കടുകുമണിയായ നിനക്ക് പടർന്നു പന്തലിക്കുന്ന ഒരു മരമായി മാറാമെന്ന്. പുള്ളിമാവിനെ പോലെ നുരഞ്ഞുപൊന്തുവാൻ സാധിക്കുമെന്ന്. നിന്നിലെ തീക്കനലിന് ആളിക്കത്തുവാൻ സാധിക്കുമെന്നും. നിന്നിൽ വിശ്വസിക്കുന്ന ദൈവം! നിന്റെ കരങ്ങളിൽ അവന്റെ ആഗ്രഹങ്ങൾ മുഴുവൻ വയ്ക്കുന്ന ദൈവം! അങ്ങനെയാകുമ്പോൾ നിന്റെ ചിന്തകളും അവന്റെ ചിന്തയ്ക്ക് സമമാകേണ്ടിയിരിക്കുന്നു. നിന്റെ കാഴ്ചയുടെ ചക്രവാളങ്ങൾ വലുതാക്കേണ്ടിയിരിക്കുന്നു. കാരണം ഈ പ്രപഞ്ചം നിന്റേതുമാണ്.

യേശുവിന്റെ അവസാന വാക്കുകൾ ഒന്ന് ശ്രദ്ധിക്കുക. വിചിത്രമായ എന്തൊക്കെയോ അതിലടങ്ങിയിട്ടില്ലേ? അവൻ പറയുന്നു; “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു. ആകയാൽ, നിങ്ങൾ പോയി…” (v.18). ഈ ‘ആകയാൽ’ എന്ന സമുച്ചയ പദം (coordinative conjunction) അയുക്തമല്ലേ? എനിക്കെല്ലാ അധികാരവുമുണ്ട് ആകയാൽ ഞാൻ ചെയ്യും എന്നല്ലേ പറയേണ്ടത്? എങ്കില്ലല്ലേ ആ ‘ആകയാൽ’ എന്ന് തുടങ്ങുന്ന വാചകം യുക്തിപൂർണ്ണമാകുക? പക്ഷേ യേശു പറയുന്നു എനിക്കെല്ലാ അധികാരവുമുണ്ട് ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ.

സുവിശേഷത്തിലെ ഏറ്റവും ലാവണ്യം നിറഞ്ഞ ഒരു സമുച്ചയ പദമാണ് ഈ ‘ആകയാൽ’ എന്ന പദം. യേശുവിന്റെ അധികാരപരിധിയിൽ പ്പെട്ടതെല്ലാം നിന്റേതും കൂടിയാണ് എന്ന അർത്ഥം ഈ ‘ആകയാൽ’ വരികൾക്ക് നൽകുന്നുണ്ട്. അങ്ങനെയാകുമ്പോൾ അവന്റേതായ എല്ലാം നിന്റേതുമാണ്: അവന്റെ ജീവിതം, മരണം, ആത്മാവ്, ശക്തി… എല്ലാം നിന്റേതുമാണ്. ഇതെല്ലാം നിന്റേതായി മാറുന്നതിന് നിനക്ക് എന്ത് മേന്മയാണുള്ളത്? ഒന്നുമില്ല. അയുക്തമായ സ്നേഹത്തിന്റെ സങ്കേതമാണ് നീ. ഒരു കാര്യം എപ്പോഴും നീ ഓർക്കണം. നിന്റെ പാപങ്ങളുമായി താരതമ്യം ചെയ്തു കൊണ്ടല്ല യേശുവിനെ നിർവച്ചിക്കേണ്ടത്. നിന്നോടുള്ള അവന്റെ സ്നേഹം കൊണ്ടായിരിക്കണം ഒരു നിർവചനം നീയുണ്ടാക്കേണ്ടത്.

യേശുവിനെ പോലെ അയുക്തമായ ചില വാക്യങ്ങൾ നീയും പറയേണ്ടിയിരിക്കുന്നു. സ്നേഹവും സംരക്ഷണവും കൊണ്ട് ഇടതൂർന്ന ചില ‘ആകയാൽ’ എന്ന സമുച്ചയ പദങ്ങൾ നീയും ഉപയോഗിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന്; ‘ഇന്ന് ഞാൻ ഫ്രീയാണ്. (ആകയാൽ), നീ വിശ്രമിച്ചോ’ എന്ന വാക്ക്യം വീട്ടകങ്ങളിൽ മുഴങ്ങുമ്പോൾ ലാവണ്യം നിറഞ്ഞ ചില ‘ആകയാലുകൾ’ കുടുംബത്തെ സ്വർഗ്ഗ സമാനമാക്കും. അങ്ങനെയുള്ളവർക്ക് സ്വർഗ്ഗം എവിടെയാണെന്ന് പ്രത്യേകമായി പറഞ്ഞു കൊടുക്കേണ്ട ആവശ്യമുണ്ടാകില്ല. വ്യാകരണമില്ലാത്ത ഭാഷയാണ് സ്നേഹത്തിന്റെ ഭാഷ. ആ ഭാഷ സംസാരിക്കുന്ന ഏതു ഇടവും സ്വർഗം തന്നെയാണ്. അത് ചിലപ്പോൾ നിന്റെ വീടുമാകാം.

യേശു പറയുന്നു; “നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ” (v.19). എന്തിന്? ഭക്തരുടെ ഒരു നീണ്ട നിരയുണ്ടാക്കുന്നതിനോ? അല്ല. സ്നേഹം ഒരു മഹാമാരി പോലെ പടർത്തനാണ് അവൻ ആവശ്യപ്പെടുന്നത്. നിങ്ങൾ പോയി സകല ജനതകളുടെയുമേൽ സ്വർഗ്ഗത്തിന്റെ പരിമളം തളിക്കുക. അവരെ സ്നേഹിക്കാൻ പഠിപ്പിക്കുക. ദൈവിക ജീവനിൽ അവരെ മുക്കിയെടുക്കുക.

സുവിശേഷം അവന്റെ അന്ത്യവചസ്സോടു കൂടിയാണ് അവസാനിക്കുന്നത്; “യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (v.20). നോക്കൂ, ഇതാണ് യേശുവിന്റെ ആരോഹണം. ഗോവണിയിലെന്ന പോലെ സ്വർഗ്ഗത്തിലേക്കുള്ള ഒരു നടന്നു കയറ്റമല്ലിത്. കയ്യെത്താ ദൂരത്തേയ്ക്കുള്ള ഒരു നടന്നു നീങ്ങലുമല്ലിത്. ആകാശ മണ്ഡലത്തിലേക്കുള്ള ഒരു പറന്നുപോകലുമല്ലിത്. നീയെന്ന സ്വർഗ്ഗത്തിലേക്കുള്ള അവന്റെ കടന്നു കൂടലാണ് ഈ സ്വർഗ്ഗാരോഹണം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker