Sunday Homilies

Pentecost sunday_Year A_പരിശുദ്ധാത്മാവ്: മന്ദമാരുതൻ കൊടുങ്കാറ്റ്

ആദിമസഭയിൽ അപ്പോസ്തലന്മാർക്ക് ഓരോ ചുവടുവെപ്പിലും നിർദ്ദേശം നൽകിയ അതേ പരിശുദ്ധാത്മാവ് തന്നെയാണ് ഇന്നും സഭയെ നയിക്കുന്നതും...

പെന്തക്കോസ്താ ഞായർ

ഒന്നാം വായന: അപ്പോസ്തല പ്രവർത്തനങ്ങൾ 2:1-11
രണ്ടാം വായന: 1 കൊറിന്തോസ് 12:3-7,12-13
സുവിശേഷം: വിശുദ്ധ യോഹന്നാൻ 20:19-23.

വചന വിചിന്തനം

പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതും, പരിശുദ്ധാത്മാനുഭവത്തെയും സംബന്ധിക്കുന്ന രണ്ടു വ്യത്യസ്ത വിവരണങ്ങൾ ഇന്നത്തെ തിരുവചനങ്ങളിലുണ്ട്. ഇന്നത്തെ സുവിശേഷത്തിൽ ഭയന്നുവിറച്ച് കതകടച്ചിരിക്കുന്ന ശിഷ്യന്മാരുടെ അടുക്കലേക്ക് വരുന്ന യേശു അവർക്ക് സമാധാനം ആശംസിച്ചുകൊണ്ട് അവരുടെമേൽ നിശ്വസിച്ചുകൊണ്ട് പരിശുദ്ധാത്മാവിനെ നൽകുന്നു. ഇവിടെ പരിശുദ്ധാത്മാവ് സൗമ്യവും, ശാന്തവുമായ മന്ദമാരുതനാണ്. മനസ്സിന്റെ ഉള്ളിനെ കുളിരണിയിക്കുന്ന മൃദുല ശക്തി. എന്നാൽ ഒന്നാം വായനയിൽ അപ്പോസ്തല പ്രവർത്തനത്തിൽ കാറ്റും, കൊടുങ്കാറ്റടിക്കുന്നപോലുള്ള ശബ്ദവും, അഗ്നിജ്വാലകളും വിവരിച്ചുകൊണ്ട് സംഭവബഹുലമായ രീതിയിലാണ് പരിശുദ്ധാത്മാവിന്റെ ആഗമനം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് കാരണമുണ്ട്, ‘പെന്തക്കുസ്താ’ എന്നാൽ പെസഹായ്ക്ക് 50 ദിവസത്തിന് ശേഷം വരുന്ന യഹൂദൻമാരുടെ തിരുനാളാണ്. ഈജിപ്തിൽ നിന്ന് സ്വതന്ത്രമാക്കപ്പെട്ടതിന്റെ അമ്പതാംദിനം സീനായ് മലമുകളിൽ വച്ച് മോശയ്ക്ക് 10 കൽപ്പനകൾ നൽകിയതിനെ അനുസ്മരിക്കുന്ന സവിശേഷദിനം. അതുകൊണ്ടുതന്നെയാണ് വിശുദ്ധ ലൂക്കാ പഴയ നിയമത്തിൽ ദൈവം മലയിൽ മനുഷ്യനെ അഭിമുഖീകരിക്കുമ്പോൾ ഉണ്ടാകുന്ന തീയെയും കാറ്റിനെയും കുറിച്ച് പുതിയ നിയമത്തിൽ ദൈവം പരിശുദ്ധാത്മാവിലൂടെ ജനങ്ങൾക്കിടയിലേക്ക് വരുമ്പോഴും എടുത്തുപറയുന്നത്. നമ്മിലേക്ക് വരുന്ന പരിശുദ്ധാത്മാവിനെ കുറിച്ച് നമുക്ക് ധ്യാനിക്കാം.

1) ഐക്യപ്പെടുത്തുന്ന ആത്മാവ്

ഇന്നത്തെ ഒന്നാം വായനയിൽ വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് ഒരുമിച്ചു കൂടിയ ജനം അവരവരുടെ മാതൃഭാഷയിൽ അപ്പോസ്തലൻമാർ സംസാരിക്കുന്നത് ശ്രവിച്ച് അത്ഭുതപ്പെടുന്നു. എല്ലാവരുടെയും ഭാഷയിൽ സംസാരിക്കുക, എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കുക തുടങ്ങിയ ഗുണങ്ങൾ ഐക്യത്തിന്റെ പര്യായപദങ്ങളാണ്. പെന്തക്കുസ്താ നാളിൽ പരിശുദ്ധാത്മാവ് നൽകുന്നതും ഈ ഐക്യത്തിന്റെ ഗുണമാണ്. വ്യത്യസ്ത ഭാഷകളിൽ സംസാരിക്കുന്നതും മനസ്സിലാക്കുന്നതിന് 2 വ്യാഖ്യാനങ്ങളുണ്ട്.
ഒന്നാമതായി: ഇത് സഭയുടെ സാർവത്രിക സ്വഭാവത്തെ കാണിക്കുന്നു. സഭ എല്ലാ ജനതകളും, ഭാഷക്കാർക്കും, ദേശക്കാർക്കും വേണ്ടിയുള്ളത്, സഭയുടെ ഈ പ്രത്യേകതയ്ക്ക് പെന്തക്കുസ്ത നാളിൽ തന്നെ തുടക്കമിട്ടു. പരിശുദ്ധാത്മാവിന്റെ ഭാഷ സംസാരിക്കുന്ന സഭ ഒരു ജനതയേയും അകറ്റിനിർത്തുന്നില്ല, ചിതറിക്കുന്നില്ല, എല്ലാവരെയും ഐക്യപ്പെടുന്നു.
രണ്ടാമതായി: പരസ്പരം മനസ്സിലാക്കേണ്ടതിന്റെആവശ്യകതയാണ്. കുടുംബത്തിലും, ബന്ധങ്ങളിലും, സൗഹൃദവലയത്തിലും, ജോലിസ്ഥലത്തും നാം ഒരേ മാതൃഭാഷ സംസാരിക്കുകയും ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഭാഷയ്ക്കപ്പുറമുള്ള മനസ്സിലാക്കൽ നഷ്ടപ്പെടുന്നു. നമ്മുടെ സംസാരങ്ങളിൽ ഈ പരസ്പരം മനസ്സിലാക്കലിലൂടെയുള്ള ഐക്യം വേണമെന്ന് പരിശുദ്ധാത്മാവിനെയും ആഗമനം നമ്മെ ഓർമിപ്പിക്കുന്നു.

ഇന്നത്തെ രണ്ടാം വായനയിൽ വിഭാഗീയതയുടെയും, വിഘടനവാദത്തിന്റെയും ഫലമായി അനൈക്യത്തിലായ കൊറീന്തോസിലെ സഭയെ വിശുദ്ധ പൗലോസ് അപ്പോസ്തലൻ പരിശുദ്ധാത്മാവിൽ ഐക്യപ്പെടുത്തുകയാണ്. “ദാനങ്ങളിൽ വൈവിധ്യം ഉണ്ടെങ്കിലും ആത്മാവ് ഒന്നുതന്നെ” എന്നു പറയുന്ന അപ്പോസ്തലൻ ഓരോരുത്തരിലും ആത്മാവ് വെളിപ്പെടുത്തുന്നത് പൊതുനന്മയ്ക്കുവേണ്ടി ആണെന്നും എടുത്തുപറയുന്നു (1 കൊറീന്തോസ്12:6). അതായത്, ഒരുവൻ ആത്മാവിന്റെ വരങ്ങളും, ദാനങ്ങളും സ്വീകരിക്കുന്നത് സ്വാർത്ഥ താൽപര്യത്തിനു വേണ്ടിയല്ല മറിച്ച് ഒരു ഇടവകയുടെ പൊതുനന്മയ്ക്ക് വേണ്ടിയാണ് എന്നർത്ഥം. ‘യഹൂദരെന്നോ, ഗ്രീക്കുകാരെന്നോ, അടിമകളെന്നോ, സ്വതന്ത്രരെന്നോ ഭേദം കൂടാതെ ഒരേ ആത്മാവിനെ സ്വീകരിക്കുവാൻ നമുക്ക് സാധിച്ചു’ എന്നു പറഞ്ഞുകൊണ്ട് പരിശുദ്ധാത്മാവിൽ പരസ്പരം ഐക്യപ്പെട്ട് ജീവിക്കേണ്ടതിന്റെ ആവശ്യകത അപ്പോസ്തലൻ ഓർമ്മിപ്പിക്കുന്നു.

2) പരിശുദ്ധാത്മാവ് സകലതും നവീകരിക്കുന്നു

പരിശുദ്ധാത്മാവ് എവിടേക്കാണോ വരുന്നത് അവിടെ കാര്യങ്ങൾ പഴയതുപോലെയല്ല, സകലത്തിനും മാറ്റങ്ങളുണ്ടാകും സകലതും നവീകരിക്കപ്പെടും. കാറ്റും, അഗ്നിനാളവും കടന്നു പോകുന്ന സ്ഥലത്ത് മാറ്റമുണ്ടാവുക തന്നെ ചെയ്യും. ഈ മാറ്റം ആദ്യം പ്രകടമായത് അപ്പസ്തോലന്മാരിൽ തന്നെയാണ്. മുറിയിൽ പേടിച്ച് വിറച്ചിരുന്ന അവർ പരിശുദ്ധാത്മാവ് വന്നു കഴിഞ്ഞപ്പോൾ ഒരു “അന്താരാഷ്ട്ര” സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ധൈര്യപൂർവ്വം യേശുവിനെ പ്രഘോഷിക്കുന്നവരാകുന്നു. പരിശുദ്ധാത്മാവ് വരുമ്പോൾ മാറ്റമുണ്ട്, ആ മാറ്റം മനുഷ്യരിലൂടെയാണ് (നമ്മിലൂടെയാണ്) ആത്മാവ് നടപ്പിലാക്കുന്നത്.

‘പരിശുദ്ധാത്മാവിന്റെ സുവിശേഷം’ എന്ന് വിളിക്കുന്ന അപ്പോസ്തല പ്രവർത്തനത്തിൽ മുഴുവൻ ആത്മാവ് നടപ്പിലാക്കുന്ന മാറ്റങ്ങളും, നവീകരണങ്ങളും നാം കാണുന്നു. അപ്പോസ്തലന്മാരുടെ എല്ലാ പ്രവർത്തനങ്ങൾക്കും, തീരുമാനങ്ങൾക്കും പരിശുദ്ധാത്മാവിന്റെ സാക്ഷ്യം ഉണ്ടെന്ന് അവർ പറയുന്നു (അപ്പൊ.പ്രവ. 5:32,15:28). എത്യോപ്യ കാരനായ ഭണ്ഡാരവിചാരിപ്പുകാരന്റെ രഥത്തിനോട് ചേർന്നു നടക്കാനും, അവനുമായി സംഭാഷണത്തിൽ ഏർപ്പെടാനും, അവസാനം അവനെ ജ്ഞാനസ്നാനപ്പെടുത്താനും പരിശുദ്ധാത്മാവ് നിർദേശം നൽകുന്നു (അപ്പൊ.പ്രവ. 8:9). ആദ്യ വിജാതീയനായ ശതാധിപൻ കൊർണേലിയൂസിനെ ജ്ഞാനസ്നാനപ്പെടുത്താനായി രണ്ടു പേരോടുകൂടി അവനടുത്തേക്ക് പോകാൻ വിശുദ്ധ പത്രോസിന് ആത്മാവ് നിർദേശം നൽകുന്നു (അപ്പോ. പ്രവ. 10, 19, 12, 11). അന്ത്യോക്യയിലെ സഭാതലവൻമാർക്ക് പൗലോസിനേയും, ബർണബാസിനേയും തന്റെ ജോലിക്കായി മാറ്റിനിർത്താൻ പരിശുദ്ധാത്മാവ് നിർദേശം നൽകുന്നു (അപ്പ.പ്രവ.13:2). അപ്പോസ്തോലന്മാരുടെ പ്രേക്ഷിതയാത്രയിൽ പരിശുദ്ധാത്മാവ് നിർദേശം നൽകുന്നു (അപ്പോ.പ്രവ. 16:6). അപ്പോസ്തലന് അവനെ കാത്തിരിക്കുന്ന കാരകഗൃഹവും, പീഡനങ്ങളും പരിശുദ്ധാത്മാവ് വെളിപ്പെടുത്തുന്നു (അപ്പൊ.പ്രവ.20:23).

ആദിമസഭയിൽ അപ്പോസ്തലന്മാർക്ക് ഓരോ ചുവടുവെപ്പിലും നിർദ്ദേശം നൽകിയ അതേ പരിശുദ്ധാത്മാവ് തന്നെയാണ് ഇന്നും സഭയെ നയിക്കുന്നതും, നമ്മുടെ വിശ്വാസ ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്നതും. അതിനാൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾക്കും, മാറ്റങ്ങൾക്കും, നവീകരണത്തിനും, ദാനങ്ങൾക്കും, വരങ്ങൾക്കുമായി നമ്മുടെ ഇടവകയെയും, ജീവിതത്തെയും തുറന്നുകൊടുക്കാം.

ആമേൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker