Sunday Homilies

14th Sunday of Ordinary Time_Year A_ശിശുക്കൾക്ക് വെളിപ്പെടുത്തുന്ന ദൈവം

ബുദ്ധിയേയും വിവേകത്തെയും ദൈവീക വെളിപാടുകൾക്ക് വിരുദ്ധമായി യേശു അവതരിപ്പിക്കുന്നില്ല...

ആണ്ടുവട്ടം പതിനാലാം ഞായർ

ഒന്നാം വായന: സഖറിയാ 9:9-10
രണ്ടാം വായന: റോമാ 8:9.11-13
സുവിശേഷം: വി. മത്തായി 11:25-30

ദിവ്യബലിക്ക് ആമുഖം

“ദൈവത്തിന്റെ ആത്മാവ് യഥാർത്ഥമായി നിങ്ങളിൽ വസിക്കുന്നെങ്കിൽ നിങ്ങൾ ജഡികരല്ല ആത്മീയരാണ്” എന്ന രണ്ടാം വായനയിൽ നിന്നുള്ള വി. പൗലോസ് അപ്പോസ്തലന്റെ തിരുവചനത്തോടെയാണ് തിരുസഭാ നമ്മെ ഇന്ന് സ്വാഗതം ചെയ്യുന്നത്. യഥാർത്ഥത്തിൽ യേശു ഏതുരീതിയിലുള്ള രാജാവും വ്യക്തിയുമാണെന്ന് ഇന്നത്തെ ഒന്നാം വായനയിൽ സഖറിയാ പ്രവാചകന്റെ പുസ്തകത്തിൽ നാം ശ്രവിക്കുന്നു. പ്രവാചക പുസ്തകത്തിലുള്ള വിനയാന്വിതനായ യേശുവിനെ വി. മത്തായിയുടെ സുവിശേഷത്തിൽ നാം കണ്ടുമുട്ടുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കാനുമായി നമുക്കൊരുങ്ങാം.

വചനപ്രഘോഷണകർമ്മം

ദൈവം ഈ ഭൂമിയിൽ മനുഷ്യനുമായി ഇടപെടുന്നത് എങ്ങനെയെന്നും, തന്റെ പദ്ധതികൾ മനുഷ്യർക്ക് എങ്ങനെ വെളിപ്പെടുത്തുന്നു എന്നതിന്റെയും വിവരണവും തെളിവുമാണ് ഇന്നത്തെ ഒന്നാം വായനയും സുവിശേഷവും.

വരാനിരിക്കുന്ന രാജാവ് (ഒന്നാം വായന)

സഖറിയാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നുള്ള തിരുവചന ഭാഗമാണ് നാമിന്ന് ഒന്നാമത്തെ വായനയിൽ ശ്രവിച്ചത്. സഖറിയാ പ്രവാചകന്റെ കാലഘട്ടം ബി.സി. 522 ആണെങ്കിലും നാമിന്ന് ശ്രവിച്ച തിരുവചന ഭാഗം ഉൾപ്പെട്ട പ്രവാചക പുസ്തകത്തിലെ രണ്ടാം ഭാഗം (9 മുതൽ 11വരെയുള്ള അധ്യായങ്ങൾ) ബി.സി. 300-350 കാലഘട്ടത്തിൽ എഴുതപ്പെട്ടതാണന്നാണ് പണ്ഡിത നിഗമനം. അതായത് അലക്സാണ്ടർ ചക്രവർത്തി ഗ്രീസ് മുതൽ( പാലസ്തീനായുൾപ്പെടെ) ഇന്ത്യ വരെ തന്റെ ശക്തമായ പടയോട്ടം നടത്തിയ കാലഘട്ടത്തിൽ. അലക്സാണ്ടർ ചക്രവർത്തിയുടെ രക്തരൂക്ഷിത പടയോട്ടത്തിന്റെയും കാലാൾ, കുതിര, ആയുധശേഖരം തുടങ്ങിയവ ഉൾപ്പെടുന്ന ശക്തമായ സൈന്യവ്യൂഹത്തിന്റെയും, ചക്രവർത്തിയുടെ വ്യക്തിപ്രാഭവത്തെയും ലോകചരിത്രത്തിൽ എഴുതപ്പെടുന്ന അതേ കാലഘട്ടത്തിലാണ്, “വിനയാന്വിതനായ, എന്നാൽ പ്രതാപവാനും ജയശാലിയുമായ, കഴുതപ്പുറത്ത് കയറിവരുന്ന ജെറുസലേമിലെ രാജകുമാരനെ കുറിച്ച്, രഥവും, പടക്കുതിരയും, പടവില്ലും ഇല്ലാതെ ജനങ്ങൾക്ക് സമാധാനം നൽകുന്ന സമാധാനത്തിന്റെ രാജാവിനെക്കുറിച്ച്, (സഖറിയ 9:9-10) പ്രവചിക്കപ്പെടുന്നത്”.

പടയോട്ടങ്ങളിലൂടെയും, രക്തച്ചൊരിച്ചിലിലൂടെയും ഈ ലോകം മുഴുവൻ കീഴടക്കാം എന്ന് വ്യാമോഹിച്ച രാജാക്കൻമാരെല്ലാം ചരിത്രത്തിന്റെ വിസ്മൃതിയിലായിട്ടും കഴുതപ്പുറത്ത് വന്ന വിനയാന്വിതനായ ക്രിസ്തു രാജാവ് ഇന്നും ജനമനസ്സുകളെ കീഴടക്കുന്നു. യുദ്ധക്കൊതിയന്മാരായ രാജാക്കന്മാർ മറ്റുള്ളവരുടെ രക്തം ചൊരിഞ്ഞ് അപരന്റെ ജീവൻ ബലികഴിച്ചു എങ്കിൽ, യേശു എന്ന രാജാവ് സ്വന്തം രക്തം മറ്റുള്ളവർക്കായി ചൊരിഞ്ഞ് സ്വജീവൻ അപരനുവേണ്ടി ബലിനൽകി. ഈ ലോകവും ലോകചരിത്രവും മനസ്സിലാക്കുന്നതിന് അനുസരിച്ചല്ല ദൈവം ഈ ലോകത്തിൽ ഇടപെടുന്നത്. ദൈവത്തിന്റെ വഴികൾ അക്രമത്തിന്റെയും, അസഹിഷ്ണുതയുടെയും, ക്രൂരതയുടെയും, പകപോക്കലിന്റേയും, വിദ്വേഷത്തിന്റേയും കുടിപ്പകയുടേയും വഴികളല്ല മറിച്ച് സ്നേഹത്തിൻറെയും, മാപ്പ് കൊടുക്കലിന്റേയും, കരുണയുടെയും, വീണ്ടെടുക്കലിൻറെയും വഴികളാണ്. അപരനെ ആക്രമിച്ചു കൊണ്ടും അപമാനിച്ചു കൊണ്ടുമുള്ള സമാധാന സ്ഥാപനമല്ല ദൈവം മനുഷ്യനിൽ നിന്ന് ആഗ്രഹിക്കുന്നത് മറിച്ച് അപരന്റെ കുറവുകളെ ക്ഷമിച്ചുകൊണ്ട് അവനെ ചേർത്തു നിർത്തുന്ന സമാധാനമാണ്.

ശിശുക്കൾക്ക് വെളിപ്പെടുത്തുന്ന ദൈവം (സുവിശേഷം)

പഴയ നിയമത്തിലെ കഴുതപ്പുറത്തേറിയ സമാധാനത്തിന്റെ രാജാവിനെ പുതിയനിയമത്തിൽ യേശുവിൽ കണ്ടുമുട്ടുന്നു. ഇന്നത്തെ സുവിശേഷത്തിൽ (വി.മത്തായി 25-30) യേശുവിന്റെ മൂന്ന് രീതിയിലുള്ള സംഭാഷണങ്ങൾ നാം കാണുന്നു.
ആദ്യമായി; യേശു സ്വർഗ്ഗസ്ഥനായ പിതാവിനോട് സംസാരിക്കുന്നു (25-26)
രണ്ടാമതായി; പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശിഷ്യന്മാരോട് സംസാരിക്കുന്നു (27)
അവസാനമായി; എല്ലാവരെയും തന്റെയടുക്കലേക്ക് ക്ഷണിക്കുന്നു (28-30).
ഈ തിരുവചനങ്ങളിൽ യേശു പിതാവിനോട് പറയുന്ന “സ്വർഗത്തിന്റേയും ഭൂമിയുടേയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങൾ ബുദ്ധിമാന്മാരിലും വിവേകികളിലും നിന്ന് മറച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു. അതേ പിതാവേ ഇപ്രകാരമായിരുന്നു നിന്റെ തിരുവുള്ളം” (25) എന്ന തിരുവചനം നമ്മുടെ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. ഈ തിരു വചനങ്ങളുടെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാൻ ഇതിന് തൊട്ടു മുൻപിലുള്ള സുവിശേഷഭാഗം നാം മനസ്സിലാക്കണം. അവിടെ യേശു കൊറാസീനെയും, ബത്സെയ്ദയെയും, കഫർണാമിനെയും അവർ യേശുവിന്റെ വചനങ്ങളോടും അത്ഭുതങ്ങളോടും കാണിച്ച തിരസ്കരണത്തെപ്രതി ശകാരിക്കുകയാണ്. യേശുവിന്റെ വചനങ്ങളെ സ്വീകരിക്കത്തക്ക വിധത്തിലുള്ള എളിമയും തുറവിയും അവർക്കില്ലായിരുന്നു. അവരുടെ ബൗദ്ധിക മണ്ഡലവും, ആത്മീയ അലസതയും അഹങ്കാരവും അവരെ അതിന് അനുവദിച്ചില്ല. അതോടൊപ്പം ഫരിസേയരും നിയമജ്ഞരും, യഹൂദ നിയമത്തിന്റെ വിശദാംശങ്ങളെ കുറിച്ച് അറിഞ്ഞുകൂടാത്ത സാധാരണക്കാരെ “ശിശുക്കൾക്ക്” തുല്യമായ രീതിയിൽ തീരെ എളിയവരായി പരിഗണിച്ചിരുന്നു. എന്നാൽ, അവർ അയോഗ്യരായി പരിഗണിച്ചിരുന്നവരെ യേശു യോഗ്യരാക്കി ഉയർത്തുകയാണ്. വി മത്തായിയുടെ സുവിശേഷത്തിൽ തന്നെ മറ്റൊരു അവസരത്തിൽ യേശു പറയുന്നുണ്ട്: “നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്ന്” (വി.മത്തായി 18:3). ശിശുക്കൾ നിഷ്കളങ്കരും ലോകത്തോട് തുറവിയുള്ളവരും പല ചോദ്യങ്ങൾക്കും സ്വന്തമായി ഉത്തരം കണ്ടെത്താൻ കഴിയില്ലെന്ന് ബോധ്യം ഉള്ളവരുമാണ്. അതോടൊപ്പം ശിശുക്കൾ സ്നേഹത്തിന്റെ ഭാഷ മാത്രം മനസ്സിലാക്കുന്നവരുമാണ്.

ബുദ്ധിയേയും വിവേകത്തെയും ദൈവീക വെളിപാടുകൾക്ക് വിരുദ്ധമായി യേശു അവതരിപ്പിക്കുന്നില്ല; എന്നാൽ ദൈവിക വെളിപാടുകളെ സ്വീകരിക്കാനും മനസ്സിലാക്കാനും തുറവിയുള്ള ഒരു ഹൃദയം വേണമെന്ന് യേശു വ്യക്തമാക്കുന്നു. ഈ തുറവിയോടുകൂടെ യേശുവിനെ സമീപിക്കുന്നവരെ യേശു ആശ്വസിപ്പിക്കുന്നു. സുവിശേഷത്തിൽ വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നു യേശുവിന്റെ അടുക്കലെത്തി, ശിശുവിന്റെതിന് തുല്യമായ രീതിയിൽ യേശുവിനെ മനസ്സിലാക്കിയവരെല്ലാം ഈ ആശ്വാസം അനുഭവിച്ചവരാണ്. യേശുവിന്റെ വസ്ത്രത്തിലെങ്കിലും തൊട്ടാൽ സൗഖ്യം ലഭിക്കുമെന്ന് വിശ്വസിച്ച രക്തസ്രാവക്കാരി സ്ത്രീയും, യേശുവിന് സൗഖ്യമാക്കാൻ കഴിയും എന്ന് വിശ്വസിച്ച അന്ധനും, കുഷ്ഠരോഗിയും, യേശുവിനെ ദൂരെനിന്ന് എങ്കിലും കാണാൻ ആഗ്രഹിച്ച സക്കേവൂസും, പാപിനിയായ സ്ത്രീയും, നല്ല കള്ളനും അവരുടെ ജീവിതത്തിലെ ഒരു ഘട്ടത്തിൽ യേശുവിനോട് ഈ തുറവി കാണിച്ചവരും യേശുവിൽ ആശ്വാസം കണ്ടെത്തിയവരുമാണ്.

ധ്യാനം

ഇന്നത്തെ ഒന്നാം വായനയും, സുവിശേഷവും വളരെയധികം ആനുകാലിക പ്രസക്തിയുള്ള പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്നു. ഈ ലോകവും മനുഷ്യരും മനസ്സിലാക്കുന്ന വിധത്തിൽ അല്ല ദൈവം തന്റെ പദ്ധതികൾ ഈ ലോകത്തിൽ നടപ്പിലാക്കുന്നതും പ്രവർത്തിക്കുന്നതും. “യഹൂദർക്ക് ഇടർച്ചയും വിജാതിയർക്ക് ഭോഷത്വവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവി”ലൂടെ ആണ് ദൈവം ഈ ലോകത്തെ രക്ഷിച്ചത്. അതുകൊണ്ടുതന്നെ ഒരു ക്രൈസ്തവ ജീവിതം അനുരൂപപ്പെടേണ്ടതും, അനുകരിക്കേണ്ടതും ഈ ലോകത്തെയല്ല മറിച്ച് യേശുവിനെയും യേശുവിന്റെ ജീവിതത്തെയുമാണ്.
ആമേൻ

കുറിപ്പ്

പ്രിയ വൈദിക സുഹൃത്തുക്കളെ, രണ്ടാഴ്ചമുമ്പ് തിരുഹൃദയ തിരുനാൾ – ഞായറാഴ്ച ഇതേ സുവിശേഷ ഭാഗം തന്നെയാണ് തിരുസഭ നമുക്ക് വിചിന്തനത്തിനായി നൽകിയത്. ആയതിനാൽ ആവർത്തന വിരസത ഒഴിവാക്കാൻ ആ പ്രസംഗത്തിൽ പരിഗണിച്ച വാക്യങ്ങളും വ്യാഖ്യാനങ്ങളും ഇവിടെ വിചിന്തനം ചെയ്തിട്ടില്ല. താല്പര്യമുള്ളവർക്ക് ആ പ്രസംഗം വായിക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

Sacred Heart Sunday_Year A_തിരുഹൃദയ തിരുനാൾ

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker