Sunday Homilies

26th Sunday Ordinary_Year A_ആദ്യം മനസ്സില്ല പിന്നീട് പശ്ചാത്താപം

ദൈവത്തിന്റെ ഇഷ്ടത്തിന് നിക്ഷേധാത്മക മറുപടി നൽകുന്ന സഹോദരനെ നാം വെറുക്കുകയും അവനെ അകറ്റുകയും ചെയ്യേണ്ട കാര്യമില്ല...

ആണ്ടുവട്ടം ഇരുപത്തിയാറാം ഞായർ

ഒന്നാം വായന: എസക്കിയേൽ 18:25-28
രണ്ടാം വായന: ഫിലിപ്പി. 2:1-11
സുവിശേഷം: വി.മത്തായി 21:28-32

ദിവ്യബലിക്ക് ആമുഖം

ജീവിതത്തിൽ ദൈവേഷ്ടം നിറവേറ്റുമ്പോൾ നമ്മുടെ വാക്കും പ്രവർത്തിയും തമ്മിൽ സംഭവിക്കാവുന്ന അന്തരത്തെ കുറിച്ച് യേശുവിന്ന് ഉപമയിലൂടെ സംസാരിക്കുകയാണ്. അതോടൊപ്പം ഒന്നാം വായനയിൽ തിന്മകളെ ഒഴിവാക്കി ജീവൻ കരസ്ഥമാക്കുവാൻ എസക്കിയേൽ പ്രവാചകൻ നമ്മെ പഠിപ്പിക്കുന്നു. രണ്ടാം വായനയിൽ ഫിലിപ്പിയർക്കുള്ള ലേഖനത്തിലാകട്ടെ തന്നെത്തന്നെ ശൂന്യനാക്കിയ ക്രിസ്തുവിനെക്കുറിച്ച് വി.പൗലോസ് അപ്പോസ്തലൻ വിവരിക്കുകയാണ്. തിരുവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കാനുമായി നമുക്ക് ഒരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

രണ്ടായിരം വർഷം മുമ്പ് യേശു അരുൾചെയ്ത ഒരുപമ ഇന്നത്തെ നമ്മുടെ വിശ്വാസജീവിതത്തെ മെച്ചപ്പെടുത്താനുള്ള ഒരു കണ്ണാടിയായി തിരുസഭ അവതരിപ്പിക്കുകയാണ്. “രണ്ടു പുത്രന്മാരുടെ ഉപമ”യുടെ ആന്തരികാർത്ഥങ്ങളെ കുറിച്ച് നമുക്ക് ധ്യാനിക്കാം.

1) പ്രധാനപുരോഹിതരും, ജനപ്രമാണികളും, ഫരിസേയരും, ചുങ്കക്കാരും

ഈ ഭൂമിയിലെ തന്റെ ദൗത്യത്തിന്റെ അവസാനനാളുകളിൽ ജെറുസലേമിൽ എത്തിച്ചേർന്ന യേശുനാഥന് തന്റെ അത്ഭുത പ്രവർത്തികളും, പ്രസംഗങ്ങളും, ദേവാലയ ശുദ്ധീകരണവും മൂലം പ്രധാനപുരോഹിതരും, നിയമജ്ഞരുമായി പലപ്പോഴും തർക്കിക്കേണ്ടി വന്നിട്ടുണ്ട്. നാമിന്ന് ശ്രവിച്ച ഉപമയ്ക്കു തൊട്ടുമുൻപിലുള്ള സുവിശേഷ ഭാഗത്ത്, “എന്തധികാരത്തിലാണ് നീ ഇതൊക്കെ ചെയ്യുന്നത്? നിനക്ക് ഈ അധികാരം നൽകിയത് ആരാണ്? എന്നീ ചോദ്യങ്ങളോടെ യേശുവിനെ വിമർശിക്കുന്ന പ്രധാന പുരോഹിതരെയും, ജനപ്രതിനിധികളെയും കാണാം. അവർക്ക് ഉത്തരമായി, “യോഹന്നാന്റെ ജ്ഞാനസ്നാനം എവിടെ നന്നായിരുന്നു? സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ? എന്ന മറുചോദ്യം ഉന്നയിച്ചു കൊണ്ട് അവരെ ഉത്തരം മുട്ടിക്കുന്ന യേശുവിനെയും കാണുന്നു (വി.മത്തായി 21:23-27). ഇതിനെത്തുടർന്നാണ് ഇന്നു നാം ശ്രവിച്ച ഉപമ യേശു അരുൾചെയ്യുന്നത്.

ഉപമയിൽ പിതാവിന്റെ ചോദ്യത്തിന് മറുപടിയായി “പോകാം” എന്ന് പറഞ്ഞെങ്കിലും പോകാതിരിക്കുന്നത് പ്രധാനപുരോഹിതന്മാരും ജന പ്രമാണികളുമാണ്. ‘തോറ’യും, ദൈവീക കൽപനകളും സ്വീകരിച്ചുകൊണ്ട് ദൈവേഷ്ടത്തിന് “അതെ” എന്ന് ഉത്തരം നൽകുകയും, എന്നാൽ അവ ജീവിതത്തിൽ പ്രാവർത്തികമാക്കാത്തതുവഴി ആദ്യപുത്രനെപ്പോലെ പിതാവായ ദൈവത്തെ അനുസരിക്കാത്തവരാണർ. എന്നാൽ, ചുങ്കക്കാരും, വേശ്യകളും ജീവിതത്തിൽ ദൈവീകനിയമങ്ങളോട് ആദ്യം “അല്ല” എന്ന നിഷേധാത്മക മറുപടി നൽകിയവരാണെങ്കിലും, പിന്നീട് സ്നാപകയോഹന്നാനിലും യേശുവിലുമുള്ള വിശ്വാസത്തിലൂടെ മാനസാന്തരപ്പെടുകയും ദൈവത്തിലേക്ക് തിരിയുകയും അപ്രകാരം ദൈവേഷ്ടം നിറവേറ്റുകയും ചെയ്യുകയാണ്. ഇന്നത്തെ ഉപമയിലെ രണ്ടാമത്തെ പുത്രനെ പ്രതിനിധാനം ചെയ്യുന്നവരാണിവർ. ഈ ബിബ്ലിക്കൽ യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് നമ്മുടെ ജീവിതത്തെ പരിശോധിക്കാം.

2) എപ്പോഴൊക്കെയാണ് ഞാൻ ദൈവത്തിന് “അതെ” എന്ന് ഉത്തരം നൽകിയത്

ദൈവം നമ്മോട് ഒരുകാര്യം ആവശ്യപ്പെടുമ്പോൾ “ഞാൻ പോകാം” എന്ന ആദ്യ പുത്രന്റെ ഉത്തരത്തിന് തുല്യമായി, “അതെ” അഥവാ “ഞാൻ സന്നദ്ധനാണ്” എന്ന് ഉത്തരം നൽകിയ അനേകം സന്ദർഭങ്ങൾ നമ്മുടെ വിശ്വാസ ജീവിതത്തിലുണ്ട്. വിവാഹം എന്ന കൂദാശ യിൽ “നിന്റെ ഭാര്യയെ/ഭർത്താവിനെ മരണംവരെ സ്നേഹിക്കുകയും അവളോട്/അവനോട് വിശ്വസ്തത പുലർത്തുകയും ചെയ്യുമോ?” എന്ന ചോദ്യത്തിന് നാം “അതെ” എന്ന് ഉത്തരം നൽകുന്നുണ്ട്. “വിവാഹത്തിൽ ജനിക്കുന്ന മക്കളെ ക്രിസ്തീയ വിശ്വാസം അനുസരിച്ച് വളർത്തുമോ?” എന്ന ചോദ്യത്തിനും നാം “അതെ” എന്ന് ഉത്തരം നൽകാറുണ്ട്. ജ്ഞാനസ്നാനമെന്ന കൂദാശയിൽ “കുഞ്ഞുങ്ങളെ ക്രൈസ്തവ വിശ്വാസത്തിൽ വളർത്താൻ സന്നദ്ധരാണോ?” എന്ന ചോദ്യത്തിന് മാതാപിതാക്കളെന്ന നിലയിലും, ജ്ഞാനപിതാക്കളെന്ന നിലയിലും നാം “അതെ” എന്ന് ഉത്തരം നൽകിയിട്ടുണ്ട്. തിരുപ്പട്ട സ്വീകരണവേളയിലും, സന്യാസ വ്രതവാഗ്ദാന സമയത്തും അനുസരണവും, ബ്രഹ്മചര്യവും, ദാരിദ്ര്യവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും “അതെ” എന്ന ഉത്തരം നൽകാറുണ്ട്. നമ്മുടെ ജീവിതത്തിന്റെ വ്യത്യസ്ത കാലഘട്ടങ്ങളിൽ നാം ദൈവത്തിന് നൽകിയ “അതെ” എന്ന ഉത്തരത്തിനെക്കുറിച്ചും, ആ ഉത്തരത്തിനോട് നാം എത്രമാത്രം വിശ്വസ്തരാണെന്നും ചിന്തിക്കുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുകയാണ്.

അതേസമയം, ഈസ്റ്റർ കുർബാനയിൽ ജ്ഞാനസ്നാന വ്രതനവീകരണ സമയത്തും, ഓരോ ദിവ്യബലിയിലും വിശ്വാസപ്രഖ്യാപന സമയത്തും, ‘പരിശുദ്ധ കത്തോലിക്കാ സഭയിൽ’ വ്യക്തിപരമായി “അതെ/വിശ്വസിക്കുന്നു” എന്ന് പ്രഖ്യാപിക്കുകയും, എന്നാൽ പൊതുസമൂഹത്തിൽ സഭയെ പരസ്യമായി വിമർശിക്കുകയും ചെയ്യുന്നവർ, പുറമേ ഭക്തരായി കാണപ്പെടുകയും എന്നാൽ ആന്തരികമായി സഭയ്ക്കെതിരെ പ്രവർത്തിക്കുന്നവർ ആദ്യപുത്രന്റെ സ്വഭാവം പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.

3) മൂന്നാമത്തെ മകൻ

ഉപമയിലെ രണ്ടാമത്തെ മകൻ നമ്മെ പഠിപ്പിക്കുന്ന മറ്റു ചില പാഠങ്ങളുണ്ട്:
ഒന്നാമതായി; ദൈവത്തിന്റെ സ്നേഹത്തിനോട് നാം ആദ്യം നിക്ഷേധാത്മകമായ മറുപടിയാണ് നൽകുന്നതെങ്കിലും പിന്നീട് അവനിലേക്ക് തിരിയുവാനും, പശ്ചാത്തപിക്കുവാനും, മാനസാന്തരപ്പെടുവാനും, നാം മടിക്കേണ്ട ആവശ്യമില്ല. ഹൃദയങ്ങളെ അറിയുന്ന കർത്താവിന് നമ്മെ മനസ്സിലാകും.
രണ്ടാമതായി; ചില ദൈവശാസ്ത്രജ്ഞന്മാർ പറയുന്നത് ഈ ഉപമയിൽ ഒരു മൂന്നാമത്തെ മകനും ഉണ്ടാകേണ്ടതാണെന്നാണ്. പിതാവിന്റെ വാക്കുകളോട് “ഞാൻ പോകാം” എന്ന് ഉത്തരം നൽകുകയും, അത് അതേപടി നടപ്പിലാക്കുകയും ചെയ്യുന്ന “മൂന്നാമത്തെ മകൻ”. ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത് ഇതിനുവേണ്ടിയാണ്. വിശുദ്ധ ഗ്രന്ഥത്തിൽ ദൈവത്തിന്റെ ഇഷ്ടത്തിന് “അതെ” എന്ന് ഉത്തരം നൽകുകയും, അതനുസരിച്ച് സ്വന്തം ജീവിതത്തിൽ നടപ്പിലാക്കുകയും ചെയ്ത നിരവധി വ്യക്തികളുണ്ട്; അബ്രഹാം, പരിശുദ്ധഅമ്മ തുടങ്ങിയവർ ഇക്കാര്യത്തിൽ നമുക്ക് ഉജ്ജ്വല മാതൃകയാണ്.
മൂന്നാമതായി; ദൈവത്തിന്റെ ഇഷ്ടത്തിന് നിക്ഷേധാത്മക മറുപടി നൽകുന്ന സഹോദരനെ നാം വെറുക്കുകയും അവനെ അകറ്റുകയും ചെയ്യേണ്ട കാര്യമില്ല, കാരണം അവനെപ്പോഴാണ് മാനസാന്തരപ്പെട്ട് മടങ്ങി വരുന്നതെന്ന് നമുക്കറിയില്ല.

ഉപസംഹാരം

ഇന്നത്തെ രണ്ടാം വായനയിൽ വി.പൗലോസ് അപ്പോസ്തലന്റെ വാക്കുകളനുസരിച്ച്, തന്നെ തന്നെ ശൂന്യനാക്കികൊണ്ട് ദാസൻ രൂപം സ്വീകരിച്ച് മനുഷ്യന്റെ സാദൃശ്യത്തിൽ ആയിത്തീർന്ന ക്രിസ്തു കുരിശു മരണംവരെ അനുസരണയുള്ളവനായി തന്നെത്തന്നെ താഴ്ത്തി. പിതാവായ ദൈവത്തിന്റെ ഇഷ്ടത്തിന് “അതെ” എന്ന് ഉത്തരമരുളി, അത് നിറവേറ്റി. ഇതേ ക്രിസ്തു ഇന്ന് നമ്മെയും ക്രിസ്തുവിലൂടെ പിതാവായ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാനായി ക്ഷണിക്കുകയാണ്. നമുക്കവനെ അനുഗമിക്കാം.

ആമേൻ.

Show More

2 Comments

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker