Vatican

ആസന്നമരണരുടെയും രോഗംമൂലം ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെയും പരിചരണം സംബന്ധിച്ച് വത്തിക്കാന്റെ പ്രബോധനം “നല്ല സമരിയക്കാരന്‍” പ്രകാശനം ചെയ്തു

കാരുണ്യവധത്തിനും (Euthansia), പരസഹായത്തോടെയുള്ള ആത്മഹത്യയ്ക്കും (assisted suicide) എതിരെ വീണ്ടും സഭയുടെ നിലപാട്...

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: ലത്തീന്‍ ഭാഷയില്‍ Samaritanus Bonus, “നല്ല സമരിയക്കാരന്‍” എന്നു തലക്കെട്ട് നൽകിയിരിക്കുന്ന വത്തിക്കാന്റെ പ്രബോധനം പ്രകാശനം ചെയ്തു. ആസന്നമരണരെയും രോഗമൂലം ഗുരുതരാവസ്ഥയില്‍ കഴിയുന്നവരെയും എങ്ങനെ അവരുടെ ജീവിതാന്ത്യത്തില്‍ മറ്റുള്ളവര്‍ കൂടെയായിരിക്കണമെന്നതിന് സഹായകമാകുന്ന സഭയുടെ കാഴ്ചപ്പാടു വ്യക്തമാക്കുന്നതാണ് ഈ പ്രബോധനം. വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘമാണ് (Congregation for the Doctrine of Faith) സഭയുടെ ഈ പ്രബോധനം ഫ്രാന്‍സിസ് പാപ്പായുടെ നിര്‍ദ്ദേശപ്രകാരവും അംഗീകാരത്തോടെയും 2020 സെപ്തംബര്‍ 22-ന് പ്രകാശനം ചെയ്തത്. വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍വച്ച് വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലൂയി ലദാരിയയാണ് പ്രകാശനകർമ്മം നിർവഹിച്ചത്.

വാര്‍ദ്ധക്യത്താലും രോഗങ്ങളാലും ജീവിതാന്ത്യത്തില്‍ എത്തിയവരെ പരിചരിക്കുന്നതില്‍ ദൈവശാസ്ത്രപരമായും, മാനുഷികമായും, വൈദ്യശാസ്ത്രപരമായും, ആശുപത്രി പരിചരണ രീതികള്‍ക്ക് അനുസൃതമായും പാലിക്കേണ്ട ധാര്‍മ്മിക നിലപാടുകളാണ് ഈ പ്രബോധനത്തിലൂടെ സഭ നൽകുന്നതെന്നും; ഗുരുതരമായ രോഗാവസ്ഥയിലും മരണത്തോടു മല്ലടിച്ചു കഴിയുന്നവരുടെ ചികിത്സ സംബന്ധിച്ച് ബോധപൂര്‍വ്വം ഒഴിവാക്കേണ്ട കാര്യങ്ങളും, അവരെ എപ്രകാരം അജപാലനപരമായി ജീവിതാന്ത്യംവരെ പിന്‍തുണയ്ക്കണമെന്നുമുള്ള നിലപാടുകളുമാണ് പ്രബോധനത്തിലുള്ളതെന്നും നല്ല സമരിയക്കാരന്റെ പ്രകാശനവേളയിൽ സംഘത്തിന്‍റെ പ്രീഫെക്ട് വിശദീകരിച്ചു.

ഓരോ വ്യക്തിയുടെയും പകര്‍പ്പില്ലാത്തതും അന്യൂനവുമായ മൂല്യം മനസ്സിലാക്കി അവസാന നിമിഷംവരെ അയാളെ പരിചരിക്കുകയും പിന്‍തുണയ്ക്കുകയും ചെയ്യുമ്പോഴാണ്, ഇന്നത്തെ സമൂഹം ഏറെ വിശ്വാസമര്‍പ്പിക്കുന്ന മരണാസന്നരുടെ സാന്ത്വനപരിചരണംപോലും (Palliative Care) സാര്‍ത്ഥകമാകുന്നതെന്ന സഭയുടെ കാലികമായ നിലപാട് ഈ പ്രബോധനം വെളിപ്പെടുത്തുന്നു. അതുപോലെതന്നെ, വ്യക്തിമാഹാത്മ്യവാദം കൊട്ടിഘോഷിക്കുന്ന ഇക്കാലഘട്ടത്തില്‍ ഒരാളുടെ യാതനകള്‍ക്കു മുന്നില്‍ മറ്റുള്ളവര്‍ സാക്ഷികളാണെന്ന സത്യം പ്രബോധനം അനുസ്മരിപ്പിക്കുകയും സമര്‍ത്ഥിക്കുകയും ചെയ്യുന്നു.

“ഇനി രക്ഷയില്ല” എന്ന അവസ്ഥയിലെത്തിയ മരണാസന്നരായ രോഗികളെ കൂലിക്കാരെ (mercenaries) നോട്ടത്തിനു ഏല്പിച്ചിരുന്ന പതിവ് 16-Ɔο നൂറ്റാണ്ടില്‍ യൂറോപ്പില്‍ ഉണ്ടായിരുന്നുവെന്നും, അതിന് എതിരെയാണ് വിശുദ്ധ കമീലോ ‘കൂലിക്കല്ല, സ്നേഹത്തോടെയും നിര്‍ലോഭമായും മരണാസന്നരെ പരിചരിക്കുവാനും, ദൈവസ്നേഹത്തെപ്രതി രോഗികളായ സഹോദരങ്ങളെ ശുശ്രൂഷിക്കുവാനും സന്മനസ്സും സമര്‍പ്പവും സ്നേഹവുമുള്ളവരുടെ സമൂഹം’ രൂപീകരിച്ചതെന്ന ചരിത്രഭാഗവും പ്രബോധനം ഉദ്ധരിക്കുന്നുണ്ട്. ആധുനിക ലോകവും, ചില ഡോക്ടര്‍മാരും, സര്‍ക്കാരുകളും മരണാസന്നരായ രോഗികള്‍ക്കു ചിലപ്പോള്‍ നിര്‍ദ്ദേശിക്കുന്നതും, കല്പിക്കുന്നതുമായ കാരുണ്യവധത്തെയും (Euthansia), പരസഹായത്തോടെയുള്ള ആത്മഹത്യയെയും (assisted suicide) വിശുദ്ധനായ ജോണ്‍ പോള്‍ 2- Ɔമന്‍ പാപ്പാ പ്രബോധിപ്പിച്ച ജീവന്റെ സുവിശേഷം (Evangelium Vitae) നിഷേധിച്ചിട്ടുള്ളത്, “നല്ല സമരിയക്കാരന്‍” എന്ന പ്രബോധനത്തിലും ആവര്‍ത്തിക്കുന്നുണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker