Articles

83 വയസുള്ള ഈ വയോധികനെ ഇത്രമേല്‍ ഭയക്കുന്നതാര്?

പേസാ (PESA) നിയമം ജാര്‍ഖണ്ഡിലെ ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ നടപ്പിലാക്കേണ്ടതുണ്ടെന്ന് വാദിച്ചവരില്‍ സ്റ്റാന്‍ സ്വാമിയുണ്ട്...

ഡോ.ഗാസ്പര്‍ സന്യാസി

ഈശോസഭാ വൈദികനായ സ്റ്റാന്‍ സ്വാമിയെ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തതില്‍ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം ഉയരുകയാണ്. എണ്‍പത്തി മൂന്നുകാരനായ സ്റ്റാന്‍ സ്വാമി ചെയ്ത കുറ്റമെന്താണ്? എന്‍.ഐ.എ.യുടെ വിശദീകരണമനുസരിച്ച് ജാര്‍ഖണ്ഡില്‍ സിപിഐ മാവോവാദികളുമായി ഈ പുരോഹിതന്‍ ക്രിയാത്മകമായ ബന്ധം പുലര്‍ത്തിയെന്നത് ദേശവിരുദ്ധപ്രവര്‍ത്തനമായി കണക്കാക്കിയാണ് അറസ്റ്റും തുടര്‍ന്ന് ജുഡിഷ്യല്‍ കസ്റ്റഡിയും ഉണ്ടായിരിക്കുന്നത്. മാവോവാദി സംഘടനപോലെ രാജ്യത്ത് നിരോധിക്കപ്പെട്ട ഒരു ഗ്രൂപ്പുമായും തനിക്ക് ബന്ധമില്ലെന്ന് പലകുറി സ്റ്റാന്‍ സ്വാമി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ കത്തോലിക്ക സഭാ നേതൃത്വം ഈ അറസ്റ്റിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും അഗാധമായ ഉത്കണ്ഠ അറിയിക്കുകയും ചെയ്തിരിക്കുന്നു. അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുന്‍പ് സ്റ്റാന്‍ സ്വാമി സംസാരിച്ച വീഡിയോ ക്ലിപ്പിംഗ് മാധ്യമങ്ങളിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്. തന്റെ അറസ്റ്റ് അത്ഭുതകരമായ ഒന്നല്ലെന്നും താനിത് പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം അതില്‍ പറയുന്നു. നിലവില്‍ രാജ്യത്തുള്ള രാഷ്ട്രീയ കാലാവസ്ഥ വിമര്‍ശസ്വരങ്ങളെ ഇല്ലാതാക്കുന്നതാണെന്നും ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി സ്വരമുയര്‍ത്തുന്നവരെല്ലാം ഭരണകൂടത്തിന്റെ അപ്രീതി നേരിടേണ്ടിവരുന്നുണ്ടെന്നതും വാര്‍ത്തപോലുമാകാത്ത കാലത്താണ് തന്റെ ജീവിതമെന്നും സ്റ്റാന്‍ സ്വാമി തുറന്നടിക്കുന്നു. ഈ പ്രസ്താവനകള്‍ രാജ്യത്തെ സമകാലീന രാഷ്ട്രയശക്തിയെ സൂചിപ്പിക്കുന്നതാണ്. ജനാധിപത്യാവകാശങ്ങളിലൊന്നായ വിസമ്മതിക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന കാര്യങ്ങള്‍ ഈ നാട്ടില്‍ നോര്‍മലൈസ് ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മോഡിഫൈ ചെയ്യപ്പെടാന്‍ വിസമ്മതിക്കുന്നവരെയെല്ലാം ദേശദ്രോഹപട്ടികയില്‍പ്പെടുത്തി ശരിപ്പെടുത്തിയെടുക്കാനുള്ള കാര്യങ്ങള്‍ എളുപ്പത്തില്‍ ക്രിയചെയ്തുകൊണ്ടിരിക്കുന്ന നാട്ടില്‍ മനുഷ്യാവകാശപ്രവര്‍ത്തകരെല്ലാം, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെല്ലാം ഭരണകൂടത്തിന്റെ ഇടപെടല്‍ പ്രതീക്ഷിച്ചു കഴിയണമെന്ന അവസ്ഥ സംജാതമായിരിക്കുന്നു. അടിയന്തരാവസ്ഥകാലത്തെ ഓര്‍മിപ്പിക്കും വിധത്തില്‍ നേതൃബിംബം ഇടതടവില്ലാതെ വാഴ്ത്തപ്പെടുകയും ജനാധിപത്യ സംവിധാനങ്ങള്‍ ദുര്‍ബലപ്പെടുകയും ചെയ്യുമ്പോള്‍ ഭയം ജനിപ്പിക്കുന്ന അന്തരീക്ഷം രാജ്യത്ത് മേല്‍കൈ നേടും.

ജനാധിപത്യം ഭൂരിപക്ഷാധിപത്യമാകുകയും ന്യൂനപക്ഷങ്ങളും പിന്നാക്കക്കാരും ദളിതരും ആദിവാസികളും രണ്ടാംകിട പൗരസമൂഹമായി എണ്ണപ്പെടുകയും ചെയ്യുമെന്ന ഭീതിദമായ അന്തരീക്ഷം ജനാധിപത്യ സങ്കല്പങ്ങളെ ഇല്ലായ്മ ചെയ്യുന്നതാണ്. ദുര്‍ബലരുടെ സ്വരത്തിനൊപ്പം നില്‍ക്കുന്നവരെയെല്ലാം പലവിധ കാരണങ്ങള്‍ പറഞ്ഞ് ജയിലിലടയ്ക്കാന്‍ ഭരണകൂടങ്ങള്‍ എവിടെയെല്ലാം ശ്രമിച്ചിട്ടുണ്ടോ അവിടെയെല്ലാം ജനസമൂഹങ്ങള്‍ തന്നെയാണ് വിജയിച്ചിട്ടുള്ളത്. കാരണം ജനാധിപത്യം ആദ്യമായും അന്തിമമായും ജനസമൂഹങ്ങളുടെ തന്നെയാണ്. ജാര്‍ഖണ്ഡിലെ ആദിവാസികള്‍ വസിക്കുന്ന വനമേഖലകളില്‍ കഴുകന്‍ കണ്ണുകളുമായി ലാഭക്കൊതിയോടെ പറന്നെത്തുന്ന വന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ചുവന്ന പരവതാനി വിരിക്കാനുള്ള ഭരണകൂടശ്രമങ്ങള്‍ക്ക് വിഘാതമായി നില്‍ക്കുന്നവരില്‍ മുന്‍നിരയില്‍ തന്നെ സ്റ്റാന്‍ സ്വാമിയുണ്ട്. വനവും വനവിഭവങ്ങളും വനഭൂമിയും അവിടെ വസിക്കുന്നവരുടെ സംരക്ഷണത്തില്‍ തന്നെ വേണമെന്ന അവകാശബോധത്തിലേക്ക് ആദിവാസി സമൂഹത്തെ നയിക്കുന്നതില്‍ സ്റ്റാന്‍ സ്വാമിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. മൂന്നു ദശകങ്ങളായി സ്റ്റാന്‍ സ്വാമിനടത്തുന്ന ഇടപെടലുകളുടെ രാഷ്ട്രീയം – സൂക്ഷ്മ ജൈവ-രാഷ്ട്രീയം – ചങ്ങാത്ത മുതലാളിത്തം കൊണ്ടാടുന്ന വികസന സങ്കല്പങ്ങള്‍ക്ക് വിരുദ്ധമായി നില്‍ക്കുന്ന ബദലുകളുടെ രാഷ്ട്രീയമാണ്. ഇത് ഭരണകര്‍ത്താക്കളുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാകുമ്പോള്‍, ഇത്തരം പോരാളികള്‍ കണ്ണിലെകരടായിമാറുമെന്നത് സ്വാഭാവികം തന്നെ.

പേസാ (PESA) നിയമം ജാര്‍ഖണ്ഡിലെ ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ നടപ്പിലാക്കേണ്ടതുണ്ടെന്ന് വാദിച്ചവരില്‍ സ്റ്റാന്‍ സ്വാമിയുണ്ട്. എന്താണ് പേസാ നിയമം? വനവും വനഭൂമിയും ധാതുസമ്പത്തു ശേഖരവും എങ്ങനെയെല്ലാം വിനിയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത് അതത്പ്രദേശങ്ങളിലെ പ്രാദേശിക ജനാധിപത്യ സംവിധാനങ്ങളാണെന്നും അവരുടെ നിയമനിര്‍ദേശങ്ങളെ മറ്റാര്‍ക്കും മറികടക്കാനാവില്ലെന്നുമുള്ളതാണ് ഈ നിയമത്തിന്റെ കാതലായ സംഗതി. ഇത് ഭരണകൂടങ്ങളുടെ നവ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കേറ്റ കനത്ത അടിയായിരുന്നു. പാരിസ്ഥിതിക ആഘാതങ്ങള്‍ പഠിക്കാതെ ഓരം ചേര്‍ക്കപ്പെട്ട ജനസമൂഹങ്ങളുടെ നിലനില്‍പ്പിനെ പരിഗണിക്കാതെ നടത്തിയ വികസന നയങ്ങള്‍ തൂത്തെറിഞ്ഞ ജീവിതങ്ങളെ തിരികെ പിടിക്കേണ്ടതുണ്ടെന്ന സ്വരം ദൃഢമാകാതെ സൂക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ എപ്പോഴും താല്പര്യപ്പെട്ടിരുന്നല്ലോ! ഉയര്‍ന്ന സ്വരങ്ങളെ അടിച്ചമര്‍ത്തുകയും അന്യായമായി ജയിലിലടയ്ക്കുകയും ചെയ്തുവെന്ന ആരോപണങ്ങള്‍ സ്റ്റാന്‍ സ്വാമി ഉയര്‍ത്തിയിരുന്നു. സര്‍ക്കാര്‍ തലങ്ങള്‍ക്കെതിരെ ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ നിന്നു തന്നെ ഉയര്‍ന്നുവന്ന വിമര്‍ശന സ്വരങ്ങളെ മാറി മാറി വന്ന സര്‍ക്കാരുകള്‍ നേരിട്ടത് അവരെ ജയിലിലടച്ചുകൊണ്ടാണ്. പീഡിപ്പിക്കപ്പെടുന്ന ജയില്‍വാസികള്‍ (പെര്‍സിക്യൂട്ടഡ് പ്രിസണേര്‍സ്) എന്ന പേരില്‍ മനുഷ്യാവകാശപ്രവര്‍ത്തകയായ സുധാഭരദ്വാജിന്റെയും (അവരും ഇപ്പോള്‍ ജാമ്യമില്ലാതെ മാസങ്ങളായി ജയിലില്‍ കഴിയുകയാണ്) മറ്റു സമാനമനസ്‌കരുടെയും നേതൃത്വത്തില്‍ സ്റ്റാന്‍ സ്വാമി മുന്നോട്ടുകൊണ്ടുവന്ന പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്. ജാര്‍ഖണ്ഡ് സംസ്ഥാനത്തെ ജുഡീഷ്യല്‍ സംവിധാനം ഈ വിഷയമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിധിന്യായങ്ങളെ തീക്ഷ്ണമായി വിമര്‍ശിച്ചുകൊണ്ട് സ്റ്റാന്‍ സ്വാമി അടക്കമുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു.

സ്റ്റാന്‍ സ്വാമിയടക്കമുള്ളവരുടെ അറസ്റ്റ് ജനാധിപത്യത്തിലെ നിര്‍ണായകമായ ചില ചോദ്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ആരുടേതാണ് ഈ നാട്? ആര്‍ക്കെല്ലാമാണ് ഇവിടെ അവരവരുടെ ജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ഉന്നയിക്കാനാകുന്നത്? വൈദ്യുതിയും വെള്ളവും ആഹാരവും വായുവും ആര്‍ക്കെല്ലാമാണ് അവകാശപ്പെട്ടത്? വികസനത്തിന്റെ ലക്കും ലഗാനുമില്ലാത്ത ചൂഷണങ്ങളില്‍പ്പെട്ട് കുടിയിറക്കപ്പെടുന്ന കോടിക്കണക്കിനു വരുന്ന മനുഷ്യര്‍ക്ക് പിന്നീട് എന്തു സംഭവിക്കുന്നു? കുടിയിറക്കപ്പെട്ട മനുഷ്യരെപ്പറ്റി ഈ ജനാധിപത്യസംവിധാനത്തില്‍ ആരാണിനിസംസാരിക്കാനുള്ളത്? ഇവയെല്ലാം രാഷ്ട്രീയ ചോദ്യങ്ങളാണ്. അതുകൊണ്ടു തന്നെ പൊള്ളുന്നവയുമാണ്. എണ്‍പത്തിമൂന്നു വയസുള്ള സ്റ്റാന്‍ സ്വാമിയെപ്പോലുള്ള ഒരു വയോധികനെ ഈ ഭരണകൂടങ്ങള്‍ ഭയക്കുന്നത് അദ്ദേഹം ഉയര്‍ത്തുന്ന ധാമികതയുള്ള ചോദ്യങ്ങളെ നേരിടാന്‍ അവയ്ക്ക് കെല്‍പ്പില്ലാത്തതുകൊണ്ടാണ്. രാഷ്ട്രീയ ചോദ്യങ്ങള്‍ ഉയര്‍ത്താത്ത ആത്മീയതയ്ക്ക് കാര്യമായ എന്തോ തകരാറുണ്ടായിരിക്കണമെന്നും സ്റ്റാന്‍ സ്വാമി ഓര്‍മപ്പെടുത്തുന്നുണ്ട്. സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കുക. കാരണം ജനാധിപത്യം വിമര്‍ശനങ്ങളുടേതുമാണ്.

കടപ്പാട്: ജീവനാദം

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker