Sunday Homilies

32nd Sunday Ordinary_Year A_വിളക്കിലെ എണ്ണ തീർന്നാൽ ആരാണ് ഉത്തരവാദി?

എണ്ണ കരുതേണ്ട ഉത്തരവാദിത്വം വ്യക്തിപരമാണ്, ഓരോരുത്തരും തങ്ങളുടെ ആത്മീയ ജീവിതത്തിന് ഉത്തരവാദികളാണ്...

ആണ്ടുവട്ടം മുപ്പത്തിരണ്ടാം ഞായർ

ഒന്നാം വായന: ജ്ഞാനം 6:12-16
രണ്ടാം വായന: 1 തെസ്സലോനിക്ക 4:13-18
സുവിശേഷം: വി. മത്തായി 25:1-13

ദിവ്യബലിക്ക് ആമുഖം

കർത്താവിന്റെ പ്രത്യാഗമനത്തെയും മരിച്ചവരുടെ ഉയർപ്പിനെയും കുറിച്ചാണ് ഇന്നത്തെ രണ്ടാം വായനയിൽ തെസലോനിയാക്കാർക്കുള്ള ലേഖനത്തിൽ വി. പൗലോസ് അപ്പോസ്തലൻ നമ്മോട് സംസാരിക്കുന്നത്. കർത്താവിന്റെ പ്രത്യാഗമനത്തിൽ നാം സ്വീകരിക്കേണ്ട മുൻകരുതലുകളെകുറിച്ച് വി. മത്തായിയുടെ സുവിശേഷത്തിൽ “പത്ത് കന്യകമാരുടെ ഉപമ”യിലൂടെ യേശുവിൽ നിന്ന് തന്നെ നാം കേൾക്കുന്നു. തിരുവചനം ശ്രവിക്കാനും, ദിവ്യബലി അർപ്പിക്കാനുമായി നമുക്ക് ഒരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

വി. മത്തായിയുടെ സുവിശേഷത്തിൽ മാത്രം കാണുന്ന “പത്തു കന്യകമാരുടെ ഉപമയാണ് ” നാമിന്ന് ശ്രവിച്ചത്. സ്വർഗ്ഗരാജ്യത്തെക്കുറിച്ചും യേശുവിന്റെ രണ്ടാം വരവിനെക്കുറിച്ചും പ്രതിപാദിക്കുന്ന ഈ ഉപമയെ മനസ്സിലാക്കാൻ നമുക്ക് യേശുവിന്റെ കാലത്തെ “വിവാഹാഘോഷരീതികളെ” മനസ്സിലാക്കാം

ബിബ്ലിക്കൽ പശ്ചാത്തലം

യേശുവിന്റെ കാലഘട്ടത്തിലെ വിവാഹ ചടങ്ങുകളിൽ രാത്രികാലങ്ങളിൽ വരുന്ന മണവാളനെ കാത്തിരിക്കുന്ന മണവാട്ടിയുടെ കൂടെ കന്യകമാരും അവരുടെ കയ്യിൽ വിളക്കുകളും ഉണ്ടായിരുന്നു. പലപ്പോഴും വടിയിൽ ഘടിപ്പിച്ച് അതിൽ ഒലിവെണ്ണയൊഴിച്ച് കത്തിക്കുന്ന ചെമ്പ് പാത്രങ്ങളായിരുന്നു വിളക്കുകൾ. ഇവ കത്തി തീരുന്നതുവരെ ‘മണവാട്ടി തോഴിമാർ’ നൃത്തം ചെയ്തിരുന്നു. മണവാളൻ വരുന്നതുവരെ തോഴിമാർ മണവാട്ടിയുടെ കൂടെ കാത്തിരിക്കുകയും, അവൻ വന്നു കഴിയുമ്പോൾ വിളക്കുകൾ തെളിച്ച് അവനെ വരവേൽക്കുകയും ചെയ്യുമായിരുന്നു (നമ്മുടെ കാലഘട്ടത്തിലും സംസ്കാരത്തിലുമുള്ള സ്വാഗത നൃത്തം – welcome dance നോട് ഉപമിക്കാവുന്നവ). ഒരു ഗ്രാമപ്രദേശത്തെ വിവാഹമാണെങ്കിൽ രാത്രി വൈകുവോളം ആ പ്രദേശത്തെ കടകൾ തുറന്നിരിക്കാറുണ്ട്. അതുകൊണ്ടാണ് വിവേകമതികളായ കന്യകമാർ വിവേകശൂന്യകളോട് അർദ്ധരാത്രിയിലും വിൽപ്പനക്കാരുടെയടുത്തു നിന്ന് എണ്ണ വാങ്ങാൻ പറയുന്നത്.

പത്ത് കന്യകമാർ നമ്മുടെ കാലഘട്ടത്തിൽ

പത്ത് കന്യകമാരുടെ ഉപമ വ്യാഖ്യാനിക്കുന്ന ചിലരൊക്കെ ഈ ഉപമയുടെ അവസാനം യേശു എണ്ണയില്ലാത്ത കാരണത്താൽ വിളക്ക് കൊളുത്താൻ സാധിക്കാത്ത കന്യകമാരെയും വിവാഹവിരുന്നിന് പ്രവേശിപ്പിക്കുന്നതായും, അല്ലെങ്കിൽ അവർ എണ്ണ വാങ്ങി തിരികെ വന്നപ്പോൾ അവരെ വിവാഹവിരുന്നിന് സ്വീകരിക്കുന്നതായും, അതുമല്ലെങ്കിൽ വിവേകമതികളായ കന്യകമാർ തന്നെ വിവേക ശൂന്യകളോട് ആദ്യമേതന്നെ എണ്ണ മുൻകൂട്ടി കരുതണം എന്ന് ഓർമ്മിപ്പിക്കുന്നതായും സങ്കൽപ്പിക്കാറുണ്ട്. എന്നാൽ, ഇത്തരത്തിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് മുൻകൂട്ടി പറയാനാണ് യേശു ഉപമ പറയുന്നത്. യേശുവിനു വേണ്ടി മുൻകരുതലോടുകൂടെ കാത്തിരിക്കുന്നവർ മാത്രമേ അവനോടൊപ്പം സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയുള്ളൂ. ഈ ഉപമയുടെ അടിസ്ഥാനത്തിൽ വിശ്വാസ ജീവിതത്തിലെ രണ്ടു സവിശേഷതകൾ യേശു പഠിപ്പിക്കുന്നു.

1) ജാഗരൂകത

“വിവേകം” എന്ന വാക്കിന്റെ ഹീബ്രു പദത്തിന്റെ യഥാർത്ഥ അർത്ഥം “തുറന്ന കണ്ണുകളോടെ” എന്നാണ്. അതായത് ഉറങ്ങുമ്പോഴും അകക്കണ്ണ് തുറന്നിരിക്കുന്നു. വിവേകമതികൾ കാണിച്ച വിവേകം അവർ എണ്ണ കരുതിയിരുന്നു എന്നതാണ്. ബൈബിൾ പണ്ഡിതന്മാർ വിവേകമതികൾ കരുതിയ ‘എണ്ണ’യ്ക്ക് പല അർത്ഥങ്ങളും കൊടുക്കുന്നുണ്ട്. ചിലർ അതിനെ “പരിശുദ്ധാത്മാവ്” എന്ന് പറയുന്നു. മറ്റുചിലർ “ദൈവവചന”മായി കരുതുന്നു. “കൂദാശകളും ദിവ്യബലിയു”മാണ് എണ്ണ എന്ന് പറയുന്നവരുമുണ്ട്. ജ്ഞാനസ്നാന സമയത്ത് നമുക്ക് ലഭിച്ച “വിശ്വാസം” എന്ന വിളക്ക് അണഞ്ഞ് പോകാതിരിക്കാൻ “പരിശുദ്ധാത്മാവ്, ദൈവവചനം, ദിവ്യബലി, കൂദാശകൾ” എന്ന എണ്ണ തീർന്നുപോകാതെ എപ്പോഴും കൂടെ കരുതുന്നവരാണ് വിവേകമുള്ളവർ. മരണസമയത്ത് യേശുവിനെ മുഖാഭിമുഖം കാണുന്നതുവരെ ഈ എണ്ണ തീരാതെ ഇടയ്ക്കിടയ്ക്ക് നാം നിറച്ചു കൊണ്ടിരിക്കണം അതാണ് യഥാർത്ഥ ജാഗരൂകത. ഈ എണ്ണ നാം നിറച്ചില്ലെങ്കിൽ ക്രമേണ നമ്മുടെ വിശ്വാസ വിളക്കുകൾ അണഞ്ഞു പോകും. സ്വർഗ്ഗരാജ്യത്തിലെ “അടച്ചു പൂട്ടപ്പെട്ട” വാതിലുകളായിരിക്കും നമ്മുടെ ലഭിക്കുക.

2) വ്യക്തിപരമായ ഉത്തരവാദിത്വം

ഇന്നത്തെ സുവിശേഷത്തിലെ മറ്റൊരു പ്രത്യേകതയാണ്, വിവേകശൂന്യകളും വിവേകമതികളും തമ്മിലുള്ള സംഭാഷണം. “ഞങ്ങളുടെ വിളക്കുകൾ അണഞ്ഞു പോകുന്നതിനാൽ നിങ്ങളുടെ എണ്ണയിൽ കുറേ ഞങ്ങൾക്ക് തരിക” എന്ന വിവേക ശൂന്യകളുടെ ആവശ്യത്തിന് വിവേകമതികൾ നൽകുന്ന ഉത്തരം: “ഞങ്ങൾക്കും നിങ്ങൾക്കും മതിയാകാതെ വരുമെന്നതിനാൽ നിങ്ങൾ വിൽപ്പനക്കാരുടെ അടുത്ത് പോയി വാങ്ങി കൊള്ളുവിൻ” എന്നായിരുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, വിവേകമതികൾ അവസാന നിമിഷത്തിൽ അവരുടെ എണ്ണ പങ്കുവയ്ക്കാൻ താൽപര്യം കാണിക്കുന്നില്ല. എണ്ണ കരുതേണ്ട ഉത്തരവാദിത്വം വ്യക്തിപരമാണ്. ഓരോരുത്തരും തങ്ങളുടെ ആത്മീയ ജീവിതത്തിന് ഉത്തരവാദികളാണ്. എല്ലാവരുടെ കയ്യിലും വിശ്വാസമെന്ന വിളക്കുണ്ട്. അതിലെ എണ്ണ തീർന്നു പോകാതെ, മുൻകൂട്ടിയറിഞ്ഞ് എണ്ണ സൂക്ഷിച്ചു ഉപയോഗിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ജീവിതാവസാനം മറ്റൊരാളുടെ നന്മയിലും വിശ്വാസത്തിലും പങ്കുപറ്റി നമുക്ക് സ്വർഗ്ഗരാജ്യം കരസ്ഥമാക്കാൻ സാധിക്കില്ല. ഈ ഭൂമിയിൽ നാം നേടുന്നതെല്ലാം സ്വന്തമെന്ന് കരുതുന്ന എല്ലാവരും, ജീവിത പങ്കാളിയും മക്കളും പോലും കല്ലറ വരെ മാത്രമേ നമ്മെ അനുഗമിക്കുകയുള്ളൂ, അതിനുശേഷമുള്ള യാത്ര നാം ഒറ്റയ്ക്ക് പോകേണ്ടതാണ് എന്ന് ഓർക്കുക.

ഉപസംഹാരം

ജീവിതവും, ചരിത്രവും യേശുവിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. ജീവിതത്തിന്റെ അവസാനം അല്ലെങ്കിൽ ലോകാവസാനം നാം യേശുവിനെ കണ്ടുമുട്ടുന്നു. യേശുവിനു വേണ്ടിയുള്ള കാത്തിരിപ്പ് എപ്രകാരമായിരിക്കണമെന്നും, ഈ കാത്തിരിപ്പിൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നുമാണ് യേശു നമ്മെ പഠിപ്പിക്കുന്നത്. നാം വിവേകമുള്ള വിശ്വാസിയാണോ? വിവേകശൂന്യനായ വിശ്വാസിയാണോ? നമുക്ക് ആത്മപരിശോധന ചെയ്യാം.

അവസാനമായി ജാഗരൂഗതയെ കുറിച്ച് ഒരു കഥ കൂടി: ഒരു പടയാളി ഒരു ചെറിയ ദേവാലയത്തിന് അടുത്തെത്തിയപ്പോൾ, “ഏഴു കഴിഞ്ഞ്” എന്ന് വിളിച്ചു പറയുന്ന ഒരു ശബ്ദം കേട്ടു. “ഏഴു കഴിഞ്ഞ്” എന്ന വാക്കുകൾ അദ്ദേഹത്തെ ചിന്താധീനനാക്കി. അദ്ദേഹം കരുതി 7 മണിക്കൂറുകൾ കഴിഞ്ഞ് താൻ മരിക്കുമെന്ന്. അതിനാൽ അതിനു ശേഷമുള്ള 7 മണിക്കൂറുകൾ അദ്ദേഹം ദൈവത്തിൽ വിശ്വസിച്ച് നല്ലവനായി ജീവിച്ചു. എന്നാൽ, അയാൾ മരിച്ചില്ല. പിന്നീട് അയാൾ കരുതി ഒരുപക്ഷേ 7 ദിവസത്തിനു ശേഷമായിരിക്കും തന്റെ മരണമെന്ന്. അയാൾ ആ 7 ദിവസങ്ങളും ദൈവത്തിൽ വിശ്വസിച്ച് നന്മകൾ ചെയ്ത് ജീവിച്ചു, എന്നാൽ അയാൾ മരിച്ചില്ല. അയാൾ വീണ്ടും കരുതി ഒരുപക്ഷേ മരണം 7 മാസങ്ങൾക്കുശേഷമായിരിക്കാം. അയാൾ 7 മാസങ്ങളും വിശ്വാസിയായി നല്ലവനായി ജീവിച്ചു. 7 മാസങ്ങൾക്കു ശേഷവും അയാൾക്ക് ഒന്നും സംഭവിച്ചില്ല. അപ്പോൾ അയാൾ കരുതി തന്റെ മരണം 7 വർഷങ്ങൾക്കുശേഷമായിരിക്കാം. അങ്ങനെ അയാൾ ആ 7 വർഷവും, പിന്നീട് തന്റെ ജീവിതം മുഴുവൻ ദൈവത്തിൽ വിശ്വസിച്ച്, നന്മചെയ്ത്, ജാഗരൂകനായി ജീവിച്ചു.

ആമേൻ.

Show More

One Comment

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker