Sunday Homilies

4rth Sunday_Advent Year B_നമ്മുടെ വിശ്വാസ ജീവിതത്തിലെ നാല് ഘട്ടങ്ങൾ

ദൈവം മനുഷ്യ ചരിത്രത്തിൽ ഇടപെടുന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കാത്ത വഴികളിലൂടെയും പദ്ധതികളിലൂടെയുമാണ്...

ആഗമനകാലം നാലാം ഞായർ
ഒന്നാം വായന: 2 സാമുവൽ 7:1-5, 8-12, 14, 16
രണ്ടാം വായന: റോമാ 16:25-27
സുവിശേഷം: വി.ലൂക്കാ 1:26-38

ദിവ്യബലിയ്ക്ക് ആമുഖം

ആഗമനകാലത്തെ നാലാം ഞായറാഴ്ചയായ ഇന്ന്, വിശുദ്ധ ഗ്രന്ഥത്തിലെ മൂന്ന് വ്യക്തികളെ കുറിച്ച് നാം കേൾക്കുന്നു: പഴയ നിയമത്തിലെ ദാവീദ് രാജാവിനെ കുറിച്ച്, സുവിശേഷത്തിലെ കന്യകാമറിയത്തെ കുറിച്ച്, റോമാക്കാർക്കെഴുതിയ ലേഖനത്തിലെ വി.പൗലോസ് അപ്പോസ്തലനെകുറിച്ച്. “എനിക്ക് വസിക്കാൻ നീ ആലയം പണിയുമോ?” എന്ന് ദാവീദിനോട് ചോദിക്കുന്ന ദൈവം പിന്നീട് തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചുകൊണ്ട് നമ്മുടെ ഇടയിൽ വാസമുറപ്പിക്കുകയാണ്. അവൻ വസിക്കാനാഗ്രഹിക്കുന്നത് ദേവാലയത്തിൽ മാത്രമല്ല, മറിച്ച് നമ്മുടെ കടുംബങ്ങളിലും, കൂട്ടായ്മകളിലും, ജീവിതത്തിലും ഹൃദയത്തിലുമാണ്. യേശുവിനെ സ്വീകരിക്കാനും അവനെ ശ്രവിക്കുവാനും, അവന്റെ തിരുശരീര രക്തങ്ങളിൽ പങ്കുകാരാകുവാനുമായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ, സഹോദരന്മാരേ,

ഏതാനും ദിനങ്ങൾ കൂടി കഴിഞ്ഞാൽ നമ്മുടെ രക്ഷകനായ യേശുവിന്റെ പിറവിത്തിരുനാൾ ആഘോഷിക്കുവാൻ നാം ഒരുങ്ങുകയാണ്. തിരുപ്പിറവിയ്ക്ക് മാസങ്ങൾക്ക് മുമ്പ് സംഭവിച്ച മംഗള വാർത്തയുടെ സുവിശേഷമാണ് ആഗമനകാലത്തിലെ നാലാം ഞായറാഴ്ചയായ ഇന്ന് നാം ശ്രവിച്ചത്. വി.ലൂക്കായുടെ സുവിശേഷത്തിൽ നിന്നുള്ള ഈ തിരുവചനത്തിലൂടെ പരിശുദ്ധ കന്യകാമറിയത്തെ വിശ്വാസത്തിന്റെ മാതൃകയായി തിരുസഭ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുകയാണ്.

പരിശുദ്ധ കന്യകാമറിയം കടന്നുപോയ 4 ഘട്ടങ്ങൾ

ദൈവവചനത്തെ ലോകത്തിന് മനുഷ്യപുത്രനായി നൽകുന്നതിന് മുമ്പ് പരിശുദ്ധ കന്യകാമറിയം പ്രധാനമായും 4 ഘട്ടങ്ങളിലൂടെ കടന്ന് പോകുന്നതാണ് ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്നത്.
(1) മറിയം ഗബ്രിയേൽ മാലാഖയുടെ സന്ദേശം സ്വീകരിക്കുന്നു – ശ്രവിക്കുന്നു.
(2) മാലാഖയുടെ അഭിവാദനത്തെകുറിച്ച് മറിയം ചിന്തിക്കുന്നു.
(3) മാലാഖ പറഞ്ഞ കാര്യം എങ്ങനെ സംഭവിക്കുമെന്ന് ചോദിച്ചു കൊണ്ട് ദൈവത്തിന്റെ പദ്ധതിയ്ക്ക് മുമ്പിൽ തന്റെ മാനുഷികത അവൾ വെളിപ്പെടുത്തുന്നു.
(4) ദൈവവചനത്തിന് വിധേയയായി രക്ഷാകര പദ്ധതിയ്ക്ക് തന്നെ തന്നെ സമർപ്പിക്കുന്നു.

നമ്മുടെ വിശ്വാസജീവിതത്തിൽ കടന്നു പോകേണ്ട 4 ഘട്ടങ്ങൾ

നമ്മുടെ വിശ്വാസ ജീവിതവുമായും അഭേദ്യമായ ബന്ധംപുലർത്തുന്നതാണ് പരിശുദ്ധ കന്യകാമറിയം കടന്നു പോകുന്ന ഈ 4 ഘട്ടങ്ങൾ.

ഒന്നാമതായി; നാം ദൈവവചനം ശ്രവിക്കുന്നു. ‘ഗബ്രിയേൽ ദൂതൻ ദൈവത്താൽ അയയ്ക്കപ്പെട്ടു’ എന്ന വാക്കുകളിലൂടെ നമ്മുടെ രക്ഷയുടെ കേന്ദ്രവും നിയന്താവും ദൈവം മാത്രമാണെന്നും, നമ്മുടെ രക്ഷയ്ക്ക് ദൈവമാണ് മുൻകൈയെടുക്കുന്നതെന്നും സുവിശേഷകൻ വ്യക്തമാക്കുകയാണ്. നമ്മുടെ പ്രാഥമിക കടമ പരിശുദ്ധ കന്യകാമറിയത്തെപ്പോലെ സന്ദേശം കേൾക്കുക എന്നതാണ്.

രണ്ടാമതായി; ദൈവവചനത്തെ കുറിച്ച് ചിന്തിച്ചും ധ്യാനിച്ചും വിചിന്തനം ചെയ്തും വ്യഖ്യാനങ്ങൾ ശ്രവിച്ചും, തിരുവചനവുമായി നിരന്തരമായ ബന്ധത്തിലേർപ്പെട്ട് ജീവിതത്തിൽ ദൈവത്തിന്റേയും ദൈവവചനത്തിന്റെയും അർത്ഥമെന്തന്ന് നാം കണ്ടെത്താൻ ശ്രമിക്കുന്നു. “കർത്താവ് നിന്നോടുകൂടെ” എന്ന അഭിവാദനം ഈ ഘട്ടത്തിൽ നമുക്ക് ധൈര്യം പകരുന്നു. പഴയ നിയമത്തിൽ ഇസ്രായേൽ ജനത്തോടും, പ്രവാചകന്മാരോടും, പിതാക്കന്മാരോടും കൂടെയുണ്ടായിരുന്ന കർത്താവ് മറിയത്തോടൊപ്പമുണ്ടെന്നും, നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ നിരന്തര സാനിധ്യമുണ്ടെന്നും നാം മനസ്സിലാക്കേണ്ട ഘട്ടമാണിത്.

മൂന്നാമതായി; “ഇതെങ്ങനെ സംഭവിക്കും” എന്ന് മാലാഖയോടു ചോദിക്കുന്ന പരിശുദ്ധ അമ്മയെ നാം കാണുന്നു. നമ്മുടെ ജീവിതത്തിലും നമുക്ക് ഉൾകൊള്ളാനാകാത്ത, അപ്രതീക്ഷിതമായ, നമുക്ക് ഉത്തരം കണ്ടെത്താനാകാത്ത പലതും സംഭവിക്കുമ്പോൾ മറിയത്തെപ്പോലെ നമ്മളും ചോദിക്കാറുണ്ട്. നമ്മുടേത് വ്യത്യസ്തമായ മറ്റൊരു ചോദ്യമാണ്. “ഇതെന്തുകൊണ്ട് സംഭവിച്ചു?” അല്ലങ്കിൽ”, ദൈവം ഇതെന്തുകൊണ്ട് അനുവദിക്കുന്നു?”, അല്ലെങ്കിൽ “എന്റെ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കാൻ കാരണമെന്ത്?”. ഏറ്റവുമധികം വിചിന്തനം ചെയ്യപ്പെടേണ്ട ഒരു ഘട്ടമാണിത്. യുക്തിയും വിശ്വാസവും തമ്മിൽ വലിയ ഒരു വടംവലിയ്ക്ക് വിധയമാകുന്ന അവസ്ഥ പലപ്പോഴും പരിമിതമായ നമ്മുടെ അറിവിൽ നിന്നുകൊണ്ട് ദൈവീക പദ്ധതികളെ മനസ്സിലാക്കാൻ സാധിക്കാതെ വരുമ്പോൾ നമ്മുടെ ഉള്ളിന്റെയുള്ളിൽ ഈ ചോദ്യങ്ങൾ ഉയരാറുണ്ട്. ഇവിടെ നാം ഓർമ്മിക്കേണ്ടത് ദൈവം മനുഷ്യ ചരിത്രത്തിൽ ഇടപെടുന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കാത്ത വഴികളിലൂടെയും പദ്ധതികളിലൂടെയുമാണ്. അതുകൊണ്ടാണ് നമ്മുടെ വിശ്വാസ സത്യങ്ങളെ “വിശ്വാസത്തിന്റെ രഹസ്യം” എന്ന് വിശേഷിപ്പിക്കുന്നത്. ഇവിടെ “മനുഷ്യ ചരിത്രം” എന്നത് കൊണ്ട് വിവരിക്കുന്നത് ചരിത്ര പുസ്തകങ്ങളിൽ എഴുതപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട ചില വ്യക്തികളുടെ മാത്രം ജീവിതമല്ല മറിച്ച് ഇന്ന് ജീവിക്കുന്ന ഞാനും നിങ്ങളുമടങ്ങുന്നതാണത്. നാം ഓരോരുത്തരും ദൈവത്തിന് പ്രിയപ്പെട്ടവരാണ്. “വന്ധ്യയായിരുന്ന എലിസബത്ത് ഒരു പുത്രനെ ഗർഭം ധരിച്ചു ‘ എന്നുപറഞ്ഞ് കൊണ്ട് ദൈവത്തിന് ഒന്നും അസാധ്യമല്ലന്ന വചന സന്ദേശം മാലാഖ നൽകുന്നു. നമ്മുടെ വിശ്വാസ ജീവിതത്തിലും ബുദ്ധിയുടേയും അറിവിന്റേയും തലത്തിൽ മാത്രം നിന്നുകൊണ്ട് ദൈവത്തോട് ചോദ്യങ്ങൾ ഉന്നയിക്കുമ്പോഴും, ദൈവത്തെ നോക്കി നെടുവീർപ്പിടുമ്പോഴും മാലാഖ നമ്മോട് പറയുന്നതും ഇതുതന്നെയാണ്. ”വിശ്വസിക്കുക ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല”.

നാലാമതായി; “ഇതാ കർത്താവിന്റെ ദാസി നിന്റെ വചനം പോലെ എന്നിൽ ഭവിക്കട്ടെ” എന്ന് പറഞ്ഞുകൊണ്ട് ദൈവീക പദ്ധതിയ്ക്ക് പരിശുദ്ധ മറിയം പൂർണ്ണമായും സമർപ്പിക്കുന്നു. ഒരുപക്ഷെ, നാം ഇവിടെ “ദാസി” എന്ന വാക്കിനെ മനസ്സിലാക്കുന്നത് വേലക്കാരി, ജോലിക്കാരി തുടങ്ങി അടിമത്വവുമായി ബന്ധപ്പെട്ട പദമായിട്ടാണ്. എന്നാൽ, ബിബ്ലിക്കൽ ഗ്രീക്ക് ഭാഷയുടെ അടിസ്ഥാനത്തിൽ ഇത് വെറും ദാസിയല്ല, മറിച്ച് പഴയ നിയമത്തിലെ അബ്രഹാമിനും ദാവീദിനും മോശയ്ക്കും പ്രവാചകന്മാർക്കും നൽകപ്പെട്ട വീരോചിതവും പ്രവാചകദൗത്യവുമായി ബന്ധപ്പെട്ട ഒരു വിശേഷണമാണിത്. ദൈവീക പദ്ധതിയ്ക്ക് നമ്മെതന്നെ സമർപ്പിച്ചുകൊണ്ട് ‘ഇതാ കർത്താവിന്റെ ദാസി/ ഇതാ കർത്താവിന്റെ ദാസൻ’ എന്ന് പറയുമ്പോൾ നാം ദൈവത്തിന്റെ വെറും വേലക്കാരല്ല, മറിച്ച് ദൈവത്തിന്റെ ദൗത്യം ഈ ഭൂമിയിൽ നിറവേറ്റുവാൻ, ദൈവത്തിനുവേണ്ടി വലിയകാര്യങ്ങൾ ചെയ്യുവാൻ ദൈവം തെരഞ്ഞെടുത്തവരാണ്.

പരിശുദ്ധ കന്യകാമറിയം സ്വീകരിച്ച അതേ ആത്മാവിനെ തന്നെയാണ് ജ്ഞാനസ്നാനത്തിലൂടെയും സ്ഥൈര്യലേപനത്തിലൂടെയും നാമും സ്വീകരിച്ചത്. ”കർത്താവേ നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ” എന്ന് പറഞ്ഞുകൊണ്ട്, നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും നമുക്ക് ഉണ്ണിയേശുവിന് ജന്മം നൽകാം.

ആമേൻ.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker