Kerala

ചരിത്രമുറങ്ങുന്ന ആലപ്പുഴ തിരുഹൃദയ സെമിനാരിയുടെ നവീകരിച്ച പൈതൃകമന്ദിരം ആശീർവദിച്ചു

ആലപ്പഴ സേക്രട്ട് ഹാർട്ട് സെമിനാരി അഞ്ഞൂറ്റിക്കാരുടെ സ്വതബോധത്തിന്റെ പ്രതീകം...

രാജു ശ്രാമ്പിക്കൽ

ആലപ്പുഴ: ചരിത്രമുറങ്ങുന്ന ആലപ്പുഴ തിരുഹൃദയ സെമിനാരിയുടെ നവീകരിച്ച പൈതൃകമന്ദിരം കൊച്ചീ രൂപതാധ്യക്ഷൻ ജോസഫ്‌ കരിയിൽ പിതാവ് ആശിർവദിച്ചു. അഞ്ഞൂറ്റിക്കാരുടെ സ്വതബോധത്തിന്റെ പ്രതീകം കൂടിയാണ് ഈ സെമിനാരി.

ഭാരതത്തിലെ ക്രിസ്തീയ സെമിനാരികൾ എല്ലാം സ്ഥാപിച്ചത് വിദേശ മിഷനറിമാരാണ്. തദ്ദേശീയരായ ലത്തീൻ കൃസ്ത്യാനികൾ മുൻകൈ എടുത്തു സ്ഥാപിച്ച ആദ്യത്തെ ലത്തീൻ സെമിനാരിയാണ് ആലപ്പുഴ സേക്രട്ട് ഹാർട്ട് സെമിനാരി. വരാപ്പുഴ സെമിനാരിയിൽ പ്രവേശനം നിഷേധിക്കപ്പെടുകയും, മറ്റ് സെമിനാരികളിൽ ചേർന്നു പഠിക്കേണ്ടിവരികയും ചെയ്ത സാഹചര്യത്തിൽ സ്വന്തം സമുദായത്തിലെ കുട്ടികൾക്ക് സെമിനാരി സ്ഥാപിക്കുവാൻ സെന്തന്തിരെ മിഷനിലുൾപ്പെട്ടിരുന്ന ക്രിസ്ത്യാനികൾ തീവ്രയത്നമാരംഭിച്ചു. ജനങ്ങൾ ഫാ.പേതൃ കാസ്മീരു ദ പ്രസന്തസം (കാട്ടൂർ), ഫാ.പാവി ളു ദ കൊസെയ്സം അക്കീലസ് തേറാത്ത് (കണ്ടകടവ്), ശെമ്മാശനായ ജോസേ ദ അമ്പാര് ഫെയിരെ (ചെല്ലാനം) എന്നിവരുടെ നേതൃത്വത്തിൽ സംഘടിച്ച്, കെട്ടു തെങ്ങുപിരിവ്, തേങ്ങാപിരിവ് എന്നിവ കാർത്തികപള്ളി മുതൽ വടക്കൻ പള്ളിപ്പുറം വരെ വ്യാപിച്ചുകിടന്ന സമുദായ അംഗങ്ങളിൽ നിന്നും ശേഖരിച്ചു. ഈ ഉദ്യമത്തിൽ പിടിയരി പിരിവെടുത്തു കൊണ്ട് വീട്ടമ്മമാരും സഹകരിക്കുകയുണ്ടായി.

1856-ൽ ആലപ്പുഴ പട്ടണത്തിന്റെ മദ്ധ്യഭാഗത്ത് അന്തോനീസ് കപ്പേളയുടെ വടക്കുഭാഗത്തായി ഒരു സ്ഥലം വാങ്ങുകയും, കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു. പത്തു വർഷം കൊണ്ടാണ് ഇരുനില കെട്ടിടത്തിന്റെ പണി പൂർത്തിയായത്. അപ്പോഴേക്കും14159 രൂപാ ചെലവായതായി കണക്കാക്കപ്പെടുന്നു. സ്ഥലവും കെട്ടിടവും കൂടെ 1868 മെയ് 7-ന് ഗോവ മെത്രാപോലീത്ത വഴി പോർട്ടുഗീസ് രാജാവിന്റെ അധികാരത്തിലേക്കു വിട്ടുകൊടുത്തു. കാർത്തിക പള്ളി, വട്ടയാൽ, തുമ്പോളി, കാട്ടൂർ, അർത്തുങ്കൽ , തങ്കി, മനക്കോടം, എഴുപുന്ന, ചെല്ലാനം , കണ്ടകടവ്, മാനാശ്ശേരി, സൗദി, വൈപ്പിൻ എന്നീ ഇടവകകളെ പ്രതിനിധീകരിച്ചു കൊണ്ട് ഫാ.പ്രസന്റേഷനും സഹപ്രവർത്തകരുമാണ് പ്രമാണത്തിൽ ഒപ്പുവെച്ചത്.

1868 ഒക്ടോബർ 14-ാം തീയതി സെമിനാരിക്കുള്ള കെട്ടിടവും സ്ഥലവും സ്വീകരിച്ചു കൊണ്ട് പോർട്ടുഗലിൽ നിന്നും രാജകല്പനയുണ്ടായി. 1870 ഒക്ടോബർ 16-ാം തീയതി ഞായറാഴ്ച രാവിലെയാണ് സെമിനാരിയുടെ വെഞ്ചരിപ്പും ഉത്ഘാടനവും നടന്നത്. പദ്രുവാദൊയുടെ പ്രതിനിധിയായി കൊച്ചിയുടെയും കൊടുങ്ങല്ലൂരിന്റെയും ഭരണം നടത്തിയിരുന്ന ഗോവയുടെ വികാരി ജനറാൾ മോൺ.അന്തോണിയൊ വിൻസെന്റ് ലിസ് ബോവ കുരിശും പിന്നീട് കെട്ടിടവും വെഞ്ചരിച്ചു. അന്നേ ദിവസം തന്നെ 15 പേരെ വിദ്യാർത്ഥികളായി സ്വീകരിച്ചു. അവർക്ക് വൈദിക വസ്ത്രം നൽകി.

1870 മുതൽ 1886 ഗോവ അതിരൂപതയുടെ കീഴിലും, തുടർന്ന് കൊച്ചി രൂപതയുടെ കീഴിലുമായിരുന്നു സെമിനാരി പ്രവർത്തിച്ചത്. 1952 മുതൽ സ്വാഭാവികമായി ആലപ്പുഴ രൂപതയുടെ കീഴിലായി.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker