Articles

കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ വിവിധ വേർഷനുകൾ

വചനത്തിന്റെ ദാസന്മാർ അനുഭവത്തിന്റെ ദാസ്യത്തിനു വഴിമാറുമ്പോൾ ആഴമേറിയ അർത്ഥതലങ്ങളുള്ള വിശ്വാസ വിഷയങ്ങൾ പലതും അജ്ഞതയോ അന്ധവിശ്വാസമോ ആയി ചിത്രീകരിക്കപ്പെടുകയും സമൂഹത്തിൽ പരിഹസവിഷയമാവുകയും ചെയ്യും...

മാത്യൂ ചെമ്പുകണ്ടത്തില്‍

കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ ആരംഭം

കത്തോലിക്കാ സഭയില്‍ രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് സമാപിച്ചതിന്റെ പിന്നാലെയാണ് 1967-ല്‍ കരിസ്മാറ്റിക് നവീകരണപ്രസ്ഥാനം ഉടലെടുക്കുന്നത്. അമേരിക്കയിലെ പെന്‍സില്‍വാനിയ സംസ്ഥാനത്തിലെ പിറ്റ്‌സ്ബര്‍ഗ്ഗിലുള്ള കത്തോലിക്കാ സഭയുടെ സ്വകാര്യ യൂണിവേഴ്‌സിറ്റിയായ ഡൂക്കെയിന്‍ യൂണിവേഴ്‌സിറ്റിയിലെ (Duquesne University) പ്രഫസര്‍മാരും വിദ്യാര്‍തഥികളും ചേര്‍ന്നാണ് കരിസ്മാറ്റിക് പ്രസ്ഥാനം ആരംഭിക്കുന്നത്. പരിശുദ്ധാത്മ കേന്ദ്രീകൃതമായി ആദിമസഭയിലെ അതീന്ദ്രിയ അനുഭവങ്ങളെ അപ്പൊസ്‌തോല പ്രവൃത്തി രണ്ടാമധ്യായത്തിന്റെ അടിസ്ഥാനത്തില്‍ പഠിച്ച കത്തോലിക്കരായ ഒരുപറ്റം അധ്യാപകരും വിദ്യാര്‍ത്ഥികളും ചേർന്നാണ് ഈ അനുഭവാധിഷ്ഠിത ആത്മീയമുറ്റേത്തിന് വഴിതുറത്. “കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനം” എന്ന് ഈ പ്രസ്ഥാനം അറിയപ്പെടുന്നു.

രണ്ട് ലോകമഹായുദ്ധങ്ങള്‍ ഏല്‍പ്പിച്ച സാമ്പത്തികനഷ്ടവും ആള്‍നാശവും, കമ്യൂണിസത്തിന്റെയും ലിബറേഷന്‍ തിയോളജിയുടെയും സ്വാധീനവും ഭൗതികവാദത്തിന്റെയും മതേതരപ്രസ്ഥാനങ്ങളുടെയും മുന്നേറ്റങ്ങളും എല്ലാം ഗുരുതരമായ പ്രതിസന്ധികളാണ് ക്രൈസ്തവസഭകള്‍ക്ക് പൊതുവെ സൃഷ്ടിച്ചത്. ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് മുന്നേറാന്‍ കത്തോലിക്കാസഭയ്ക്ക്, കരിസ്മാറ്റിക് പ്രസ്ഥാനം നല്‍കിയ ശക്തി ചെറുതൊന്നുമായിരുന്നില്ല. കരിസ്മാറ്റിക് മൂവ്‌മെന്റിനെ ആരംഭകാലത്ത് വിളിച്ചിരുന്നതു ‘കാത്തലിക് പെന്റക്കൊസ്റ്റലിസം’ എന്നായിരുന്നു.

1992 മാര്‍ച്ച് 14-ന് ജോൺ പോള്‍ രണ്ടാമന്‍ പാപ്പാ “ഇന്റര്‍നാഷണല്‍ കാതോലിക് കരിസ്മാറ്റിക് റിന്യൂവല്‍ കൗസിലില്‍” നടത്തിയ പ്രഭാഷണം കരിസ്മാറ്റിക് നവീകരണപ്രസ്ഥാനങ്ങളുടെ പ്രസക്തിയെ വെളിപ്പെടുത്തുന്നതായിരുന്നു. പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു: “At this moment in the Chruch’s history the Charismatic renewal can play a significant role in promoting the much need defence of christian life in societies where secularism and meterialism have weakend many people’s ability to respond to the Spirit and discern God’s loving call” (വ്യക്തികളുടെയും സമൂഹത്തിന്റെയും ക്രിസ്തീയ വിശ്വാസജീവിതത്തെ മതേതരത്വവും ഭൗതികതയും ചേര്‍ന്ന് ദുര്‍ബലമാക്കിയതിനാല്‍ ദൈവാത്മാവിനോടും ദൈവസ്‌നേഹത്തോടും വേണ്ടരീതിയില്‍ പ്രതികരിക്കാന്‍ കഴിയാതെയിരിക്കുന്ന ജനങ്ങളെ ശക്തീകരിക്കാന്‍ കരിസ്മാറ്റിക് നവീകരണം വളരെ ശ്രദ്ധേയമായ ഒരു പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്).

കരിസ്മാറ്റിക് മൂവ്‌മെന്റിന്റെ പ്രവര്‍ത്തനം ഇന്ത്യയിൽ

അമേരിക്കയില്‍ കരിസ്മാറ്റിക് ധ്യാനങ്ങള്‍ ആരംഭിച്ച് ഏതാനും നാളുകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ കരിസ്മാറ്റിക് മൂവ്‌മെന്റിന്റെ പ്രവര്‍ത്തനം ആദ്യമായി ബോംബെയില്‍ ആണ് ആരംഭിച്ചത്. തുടര്‍ന്ന് ഏതാനും നാളുകള്‍ക്കുള്ളില്‍ കേരളത്തില്‍ കരിസ്മാറ്റിക് നവീകരണ ധ്യാനങ്ങള്‍ ആരംഭിച്ചു.

കരിസ്മാറ്റിക് ധ്യാനങ്ങള്‍ കത്തോലിക്കാ സഭയുടെ വളര്‍ച്ചയെയും പ്രവര്‍ത്തനങ്ങളെയും ഏറെ സ്വാധീനിച്ച ഒന്നാണ്. എന്നാല്‍ ഇതിനെ വിമർശിക്കുന്നവരും നിഷേധിക്കുന്നവരും കുറവല്ല. ഒരിക്കല്‍ കേരളത്തിലെ ഒരു ബിഷപ് കരിസ്മാറ്റിക് നവീകരണത്തെ പരാമര്‍ശിച്ച് സംസാരിച്ചത് “പരിശുദ്ധാത്മാവ് 1970ല്‍ അമേരിക്കയിൽ നിന്നും വിമാനത്തില്‍ ബോംബെയില്‍ വന്നു, പിന്നെ ട്രെയിനില്‍ സഞ്ചരിച്ച് ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലേക്കും പോയി” എന്നായിരുന്നു! കരിസ്മാറ്റിക് പ്രവര്‍ത്തനങ്ങളോടു വിയോജിപ്പുള്ളവരും സഭാനേതൃത്വത്തിൽ പോലും എക്കാലത്തും ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.

പോട്ടെയിലൂടെ രൂപപ്പെട്ട കരിസ്മാറ്റക് മൂവ്‌മെന്റ്

Stanley M Burgess & Gary B McGee എന്നിവർ എഡിറ്റു ചെയ്ത “The new International Dictorary of Pentecostal and Charismatic Movement” ഗ്രന്ഥത്തിൽ പേജ് 95-ല്‍ പറയുത് “പോട്ടെയിൽ ആരംഭിച്ച വിവിധ കരിസ്മാറ്റിക് ധ്യാനത്തിലൂടെ കുറഞ്ഞത് മൂന്നുലക്ഷം അക്രൈസ്തവര്‍ ക്രിസ്തുവിശ്വാസം സ്വീകരിച്ചു” എന്നാണ്. ഇന്ത്യന്‍ കരിസ്മാറ്റക് മൂവ്‌മെന്റിന്റെ മുഖമായി ഫാ.മാത്യൂ നായ്ക്കംപറമ്പിലിനെയാണ് അവർ ഉയര്‍ത്തിക്കാണിച്ചത്. ഫാ.നായ്ക്കംപറമ്പിലിനെ ‘ഇന്ത്യയുടെ ബില്ലിഗ്രഹാം’ എന്നാണ് 1994-ലെ കരിസ്മ മാഗസിന്‍ വിശേഷിപ്പിച്ചത്. ഇന്ന് കരിസ്മാറ്റിക് മൂവ്‌മെന്റിന് നേതൃത്വം നല്‍കുന്ന നൂറുകണക്കിന് വൈദികരും കന്യാസ്ത്രീകളുമുണ്ട്.

കരിസ്മാറ്റിക് മൂവ്‌മെന്റ് ചാലക്കുടിയിലുള്ള പോട്ടെ കേന്ദ്രമായി വിന്‍സെന്‍ഷ്യന്‍ വൈദികരുടെ നേതൃത്വത്തില്‍ ശക്തിപ്രാപിച്ചതോടെ നിരവധി അല്‍മായര്‍ സുവിശേഷ പ്രസംഗകരായി രംഗപ്രവേശം ചെയ്തു. കൂടാതെ ഇന്ത്യയിലെ ഏതാണ്ട് എല്ലാ കത്തോലിക്കാ രൂപതയിലും കരിസ്മാറ്റിക് ധ്യാനങ്ങള്‍ നടത്തുന്ന ടീമുകളും രൂപപ്പെട്ടു. ഇതിലെല്ലാം അല്‍മായ പ്രസംഗരുടെ നീണ്ട നിരയുണ്ടായിരുന്നു.

കരിസ്മാറ്റക് മൂവ്‌മെന്റ് നേരിട്ട വെല്ലുവിളികൾ

1980 മുതല്‍ 2000 വരെ ഇരുപത് വര്‍ഷക്കാലം കരിസ്മാറ്റിക് ധ്യാനങ്ങളുടെ സുവര്‍ണ്ണകാലമായിരുന്നു. എന്നാല്‍ കരിസ്മാറ്റിക് പ്രവര്‍ത്തനങ്ങളോടു പല രൂപതകളിലും വിവിധ കാര്യങ്ങളുടെ പേരില്‍ പരാതി ഉയര്‍ന്നു. അല്‍മായ കരിസ്മാറ്റിക്കുകളുടെ പ്രസംഗങ്ങള്‍ സഭയുടെ വിശ്വാസ നിർവ്വചനങ്ങളുടെ പരിധികൾ ലംഘിച്ചു പോയതും പ്രസംഗരുടെ ദൈവശാസ്ത്ര വിഷയങ്ങളിലുള്ള അജ്ഞതയുമെല്ലാം കരിസ്മാറ്റിക് ധ്യാനസംഘങ്ങള്‍ക്കുമേല്‍ പല നിയന്ത്രണങ്ങളും കൊണ്ടുവരുവാന്‍ സഭാ നേതൃത്വത്തെ നിർബന്ധിതമാക്കി. നിയന്ത്രണങ്ങള്‍ വര്‍ദ്ധിച്ചതോടെ പല ധ്യാനസംഘങ്ങളും അടച്ചുപൂട്ടി. ഇതിന്റെ ഫലമായി ധ്യാനപ്രസംഗങ്ങള്‍ ഒരു വരുമാനമാര്‍ഗ്ഗമായി കണ്ടിരുന്നവര്‍ക്ക് ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായി. അതിനാല്‍ ഈ പ്രതിസന്ധിയെ മറികടക്കാന്‍ അവരിൽ ചിലർ മറ്റ് വഴികള്‍ തേടി. പ്രസംഗത്തെ വരുമാനമാര്‍ഗ്ഗമാക്കിയവര്‍ പലരും സ്വന്തമായി വിവിധ പേരുകളില്‍ പുത്തന്‍ പ്രസ്ഥാനങ്ങള്‍ തുടങ്ങി. ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിക്കാന്‍ ഇവർ വിവിധ തന്ത്രങ്ങള്‍ പ്രയോഗിക്കുകയും ചെയ്തു.

കരിസ്മാറ്റിക് ധ്യാനങ്ങളില്‍ പതിവായി കേള്‍ക്കുന്ന ഒരു വിഷയമയിരുന്നു ആന്തരികസൗഖ്യം, ആന്തരിക സൗഖ്യധ്യാനം എന്നത്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ നേരിട്ട ഗുരുതരമായ മനോവ്യഥകള്‍, ലൈംഗിക ചൂഷണങ്ങള്‍, ശാരീരിക പീഡനങ്ങള്‍, അബോര്‍ഷന്‍ നടത്തിയതിലുള്ള ദുഃഖം എന്നിവ ആ വ്യക്തിയെ ജീവിതകാലം മുഴുവന്‍ വേട്ടയാടാം. ഇതിന്റെ ഫലമായി രൂപപ്പെടുന്ന കുറ്റബോധം, ഭയം, വെറുപ്പ്, കോപം, ലൈംഗികതയോടുയുള്ള അമിത താല്‍പര്യമോ വിരക്തിയോ തുടങ്ങിയ മാനസികാവസ്ഥയ്ക്ക് അടിമപ്പെട്ടവരെ വിമോചിപ്പിക്കുന്ന ഒരു തരം ആത്മീയ അഭ്യാസമായിരുന്നു ആന്തരീക സൗഖ്യധ്യാനത്തില്‍ പ്രയോഗിച്ചത്. മനഃശാസ്ത്രവും ദൈവശാസ്ത്രവും കുറെ വിവരക്കേടുകളുമെല്ലാം വേണ്ടരീതിയില്‍ കൂട്ടിക്കലര്‍ത്തിയ ഒരു അവിയല്‍ ആയിരുന്നു ആന്തരീകസൗഖ്യധ്യാനങ്ങൾ. കരിസ്മാറ്റിക് ധ്യാനങ്ങള്‍ അവതരിപ്പിച്ച ഈ നവീനരീതി അനേകായിരങ്ങളെ ആകര്‍ഷിച്ചു. എന്നാല്‍ ആന്തരീകസൗഖ്യം എന്ന വിഷയത്തില്‍ ചില വിരുതന്മാര്‍ തുടര്‍മാനമായി ഗവേഷണം നടത്തിക്കൊണ്ടിരുന്നു. അവർ ഉണ്ടാക്കിയ പൊല്ലാപ്പുകൾ ഇന്നും അവശേഷിക്കുന്നു.

പുതിയ രൂപങ്ങൾ തേടിയ കരിസ്മാറ്റക് സംഘങ്ങൾ

അല്‍മായര്‍ക്ക് കരിസ്മാറ്റിക് ധ്യാനങ്ങളില്‍ പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സാധ്യതകള്‍ നഷ്ടമായതോടെ വഴിയാധാരമായവര്‍ കരിസ്മാറ്റിക് ധ്യാനസംഘങ്ങളോടൊത്തുള്ള ജീവിതത്തില്‍നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും മനസ്സിലാക്കിയെടുത്ത പല നമ്പറുകളും പുതിയ ചേരുവകള്‍ ചേര്‍ത്ത് അവതരിപ്പിച്ചു തുടങ്ങി. അതില്‍ ഉള്‍പ്പെടുന്ന ഒരു സംഘമാണ് “എംപറര്‍ ഇമ്മാനുവേല്‍ ” എന്ന കള്‍ട്ട് പ്രസ്ഥാനം. എംപറര്‍ ഇമ്മാനുവേല്‍ സംഘം മൂരിയാട് കേന്ദ്രീകരിച്ച് തമ്പടിച്ച് കള്‍ട്ട് സംഘങ്ങളുടെ തലതൊട്ടപ്പനായി പ്രവര്‍ത്തിച്ചുവെങ്കില്‍ മറ്റ് പല സംഘങ്ങളും ഇപ്രകാരം സംഘടിതമായിട്ട് ആയിരുന്നില്ല പ്രവര്‍ത്തിച്ചത് എന്നു മാത്രം.

ഇടുക്കി, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് ഒരുകാലത്ത് വളരെ സജീവമായിരു കൊടിയ കരിസ്മാറ്റിക് ദുരുപദേശ സംഘമായിരുന്നു “സ്പിരിറ്റ് ഇന്‍ ജീസസ്” എന്ന വിഭാഗം. കേരളത്തിലെ പല ജില്ലകളിലും ഇവര്‍ക്ക് സ്വാധീനമുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് സ്വീകരിച്ച ആശയങ്ങളെ വ്യത്യസ്തമായി അവതരിപ്പിച്ച വേറെ ചില മനോരോഗികളും ഉണ്ടായിരുന്നു.

സ്പിരിറ്റ് ഇന്‍ ജീസസ് എന്ന നിഗൂഡസംഘം

2006 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ‘സ്പിരിറ്റ് ഇന്‍ ജീസസ്’ എന്ന നിഗൂഡസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പൈശാചികമായിരുന്നു. 1980 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് സ്ഥാപകര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കത്തോലിക്കാ സഭയുടെ മുന്‍ വക്താവും “സത്യദീപം” എഡിറ്ററുമായിരു റവ.ഡോ.പോള്‍ തേലക്കാട്ട് 2016 ജൂൺ 14-ന് “ഡെക്കാന്‍ ഹെറാള്‍ഡ്” ന്യൂസ്‌പേപ്പറിന് നല്‍കിയ അഭിമുഖത്തിലാണ് ഇവരെ കുറിച്ച് ഞെട്ടിക്കുന്ന പല വിവരങ്ങളും സഭ ഔദ്യോഗികമായി പുറത്തുവിട്ടത്. 2001-ല്‍ ഈ സംഘത്തെ കത്തോലിക്കാ സഭ നിരോധിച്ചുവെന്നു പറയപ്പെടുന്നു. എന്നാല്‍, നിരോധനം വകവയ്ക്കാതെ ഈ സംഘം സ്വതന്ത്രമായി ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

മരിച്ചുപോയവരുടെ ആത്മാക്കളെ വിളിച്ചുവരുത്തി, അവരെ ധ്യാനത്തില്‍ പങ്കെടുപ്പിച്ച്, മാനസാന്തരപ്പെടുത്തി പാപത്തില്‍ നിന്ന് സ്വതന്ത്രരാക്കി വിടുന്ന മന്ത്രവാദമായിരുന്നു കരിസ്മാറ്റിക് ധ്യാനം എന്ന പേരിൽ സ്പിരിറ്റ് ഇന്‍ ജീസസ് നടത്തിയിരുത്. തങ്ങളുടെ കുടുംബത്തിലെ മരിച്ചുപോയവര്‍ക്കുവേണ്ടി കുടുംബാംഗങ്ങള്‍ സീറ്റ് ബുക്ക് ചെയ്ത് ധ്യാനത്തില്‍ പങ്കെടുക്കുന്നു. കുടുംബത്തില്‍നിന്ന് മരിച്ചുപോയ തെമ്മാടികളുടെയോ നല്ലമരണം സാധ്യമാകാത്തവരുടെയോ ആത്മാക്കളെയാണ് ധ്യാനത്തോടനുബന്ധിച്ച് വിളിച്ചു വരുത്തുന്നത്. ധ്യാനത്തില്‍ സംബന്ധിക്കുവാനായി കടന്നുവരുന്ന ആത്മാക്കള്‍, ധ്യാനപ്രസംഗങ്ങള്‍ മുഴുവന്‍ കേട്ടിരുന്ന് ഒടുവില്‍ മാനസാന്തരപ്പെട്ട്, പാപമോചനം പ്രാപിച്ച് സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നു എന്നതായിരുന്നു വിശ്വാസം.

കണ്ണുനീര്‍ വിറ്റുകൊണ്ടുള്ള രോഗസൗഖ്യം

കേരളത്തിലെ വിവിധയിടങ്ങളില്‍ കരിസ്മാറ്റിക് ധ്യാനത്തില്‍നിന്ന് പുറത്തുപോയ അല്‍മായരായ ചില വ്യക്തികള്‍ സംഘടിപ്പിച്ച മറ്റൊരു തന്ത്രമായിരുന്നു കണ്ണുനീര്‍ വിറ്റുകൊണ്ടുള്ള രോഗസൗഖ്യം. കേട്ടാല്‍ കൗതുകം തോന്നുന്ന ധ്യാനമായിരുന്നു ഇത്. സംഘനേതാവ് ആഴ്ചയിലെ എല്ലാ ദിവസവും കരഞ്ഞു പ്രാര്‍ത്ഥിക്കുന്നു. കരഞ്ഞു പ്രാര്‍ത്ഥിക്കുമ്പോള്‍ വരുന്ന കണ്ണീരെല്ലാം ഒരു കുപ്പിയില്‍ ശേഖരിക്കുന്നു. ഈ കണ്ണീര്‍, ഓരോ ശനിയാഴ്ചകളിലും ധ്യാനം കൂടാന്‍ വരുന്നവരുടെ രോഗസൗഖ്യത്തിനായും വീടുകളില്‍ രോഗികളായി കഴിയുന്നവര്‍ക്കുവേണ്ടി കുപ്പിയിലും പകര്‍ന്നു നല്‍കും. ധ്യാനം കൂടാന്‍ വരുന്നതിനും കണ്ണീര്‍ കുപ്പിയില്‍ പകര്‍ന്നു കിട്ടുന്നതിനും പ്രത്യേകം പണം നല്‍കണമായിരുന്നു. ഈ സംഘത്തിനെതിരേ ചില പ്രാദേശിക ഇടവകകൾ മുന്നോട്ടു വന്നുവെങ്കിലും ആയിരക്കണക്കിന് ആളുകളാണ് ഈ സംഘത്തിന്റെ തന്ത്രങ്ങളില്‍ കുടുങ്ങിയത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളാണ് ഈ തട്ടിപ്പുസംഘത്തിന്റെ പ്രധാന മേഖലകള്‍.

അതിശോക്തിയുടെ നീളുന്ന പട്ടികകളും സഭാനേതൃത്വത്തിന്റെ നിസംഗതയും

സഭയുടെ ഔദ്യോഗിക അംഗീകാരമുള്ള കൃപാസനം ധ്യാനവും, കൃപാസനം പത്രവും, സമ്മന്തിപ്പൊടിയും ഇതിനോടകം കടുത്ത വിമര്‍ശനങ്ങളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അതിശയോക്തി നിറഞ്ഞ പ്രസംഗങ്ങളാണ് ഇന്ന് പല ധ്യാനകേന്ദ്രങ്ങളിലും പ്രസംഗിക്കുന്നത്. പരിശുദ്ധാത്മാവുമായി മുഖാമുഖം മണിക്കൂറുകള്‍ സംസാരിക്കുന്ന പുരോഹിത പ്രസംഗകർ, സ്വര്‍ഗ്ഗത്തില്‍ പോയി അവിടയുള്ള കാര്യങ്ങള്‍ എല്ലാം നേരിട്ട് കണ്ടിട്ട് വന്നവർ, നരകത്തിലെ പീഡനങ്ങള്‍ നേരിട്ടു കണ്ടു ഞെട്ടിത്തരിച്ചവർ, ദർശനങ്ങൾ, വെളിപ്പാടുകൾ, പ്രവചനങ്ങൾ… എന്നിങ്ങനെ അതിശയോക്തികളുടെയും വ്യാജങ്ങളുടെയും തോന്നലുകളുടെയും പട്ടിക നീളുന്നു. ഇതിനോടെല്ലാം അപ്പപ്പോൾ പ്രതികരിക്കാതെ സഭാനേതൃത്വം വച്ചുപുലര്‍ത്തു നിസ്സംഗത അനേകരയാണ് ഇന്നും വഞ്ചിച്ചു കൊണ്ടിരിക്കുന്നത്.

സംശുദ്ധമായ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ജനങ്ങളിൽ വിശ്വാസവും പ്രത്യാശയും ആശ്വാസവും പകരുന്ന കരിസ്മാറ്റിക്ക് ധ്യാനങ്ങൾ വാസ്തവത്തിൽ ഒരു ആവശ്യമാണ്. എന്നാൽ ക്രിസ്തുവിശ്വാസത്തെ ഇന്ദ്രിയാതീത അവസ്ഥാവിശേഷങ്ങളുടെ അടിസ്ഥാനത്തിലാണ് മനസ്സിലാക്കേണ്ടതും കൈകാര്യം ചെയ്യേണ്ടതുമെന്ന ചിന്തയോടെ സമീപിക്കുകയും മാനുഷികമായ എല്ലാ തോന്നലുകൾക്കും ആധികാരികത സ്ഥാപിച്ചെടുക്കാൻ കരിസ്മാറ്റിക് ധ്യാനപ്രസംഗകർ ശ്രമിക്കുകയും ചെയ്യുമ്പോൾ അവർ സമൂഹത്തിലും സഭയിലും അപഹാസ്യരാകുന്നു. ഇത് കരിസ്മാറ്റിക് നവീകരണ പ്രവർത്തങ്ങളോടു പൂർണമായും വിയോജിച്ചുകൊണ്ട് സഭയെ സദൂക്യബോധമുള്ളവരുടെ മാത്രം ഒരു സംഘമായി മാറ്റിക്കളയും എന്ന ദോഷം ഇവിടെ മറഞ്ഞിരിക്കുന്നുണ്ട്.

ഉപസംഹാരം

പ്രകൃത്യാതീതവും വൈകാരികവുമായ അനുഭവങ്ങളുടെ ഒരു തലം ക്രൈസ്തവ ആത്മീയതയിലുണ്ട്. എന്നാൽ അവയിൽ “എല്ലാം” ക്രൈസ്തവ ബോധനങ്ങളുടെ പരിധിയിൽ ഉള്ളവ ആയിരിക്കണമെന്ന് ശഠിക്കാൻ കഴിയില്ല. അനുഭവങ്ങളെ ആധാരമാക്കി മണൽത്തറയിൽ പടുത്തുയർത്തുന്ന ഭവനമല്ല ക്രൈസ്തവവിശ്വാസം; ഇത് തിരുവചനമാകുന്ന ഉറപ്പുള്ള പാറമേൽ തന്നെ പണിയപ്പെടേണ്ടതുണ്ട്. വചനത്തിന്റെ ദാസന്മാർ അനുഭവത്തിന്റെ ദാസ്യത്തിനു വഴിമാറുമ്പോൾ ആഴമേറിയ അർത്ഥതലങ്ങളുള്ള വിശ്വാസ വിഷയങ്ങൾ പലതും അജ്ഞതയോ അന്ധവിശ്വാസമോ ആയി ചിത്രീകരിക്കപ്പെടുകയും സമൂഹത്തിൽ പരിഹസവിഷയമാവുകയും ചെയ്യും!

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker