Vatican

പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ അംഗമായി റവ.ഡോ.ഹെൻറി പട്ടരുമഠത്തിൽ S.J.യെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു

1902 ഒക്ടോബറിൽ ലിയോ XIII-Ɔമൻ പാപ്പാ നൽകിയ വിജിലാന്‍സിയെ സ്റ്റുദീക്വെ എന്ന അപ്പോസ്തോലിക തിരുവെഴുത്തിലൂടെയാണ് പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ രൂപീകരിച്ചത്...

സ്വന്തം ലേഖകൻ

റോം: കേരളത്തിനും ജസ്യൂട്ട് സമൂഹത്തിനും അഭിമാനമായി റവ.ഡോ.ഹെൻറി പട്ടരുമഠത്തിൽ S.J. റോമിലെ പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റിയൂട്ടിലെ (ബിബ്ലിക്കും) ബൈബിൾ വിഭാഗത്തിന്റെ തലവനായ ഫാ.ഹെൻറി പട്ടരുമഠത്തിൽ S.J. യെ പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ അംഗമായി ഫ്രാൻസിസ് പാപ്പാ നിയമിച്ചു.

1902 ഒക്ടോബറിൽ ലിയോ XIII-Ɔമൻ പാപ്പാ നൽകിയ വിജിലാന്‍സിയെ സ്റ്റുദീക്വെ (Vigilantiae studiique) എന്ന അപ്പോസ്തോലിക തിരുവെഴുത്തിലൂടെയാണ് പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ രൂപീകരിച്ചത്. പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളായിരുന്നു പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ രൂപീകരനത്തിന്റെ പിന്നിലുണ്ടായിരുന്നത്: 1) കത്തോലിക്കാ വിശ്വാസികളുടെ ഇടയിൽ ബൈബിൾ പഠനം കാര്യക്ഷമമാക്കുക, 2) ബൈബിളിനെക്കുറിച്ചുള്ള തെറ്റായ പഠനങ്ങളെ ശാസ്ത്രീയമായി പ്രതിരോധിക്കുക, 3) ബൈബിൾ പഠന മേഖലയിൽ ചർച്ചചെയ്യപ്പെടുന്ന ചോദ്യങ്ങളെയും ഉയർന്നുവരുന്ന പ്രശ്നങ്ങളെയും കുറിച്ച് പഠിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുക.

തുടർന്ന്, കത്തോലിക്കാ തിരുസഭയിൽ വിശുദ്ധഗ്രന്ഥ പഠനത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് പരിശുദ്ധപിതാവ് പയസ് 10-മൻ 1909 മെയ് 7-ൽ സ്ഥാപിച്ചതാണ് റോമിലെ പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. 1909 മെയ് 7-നായിരുന്നു ഈ ബിബ്ലിക്കൽ ഇൻസ്റ്റിറ്റിയൂട്ടിന്റെ സ്ഥാപനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിയായ ബൈബിൾ പണ്ഡിതന്മാർക്ക് രൂപം നൽകുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.

റവ.ഡോ.ഹെൻറി പട്ടരുമഠത്തിൽ S.J.യെക്കുറിച്ച് 

1964 മാർച്ച് 5-ന് ജനിച്ച ഫാ.ഹെൻറി വരാപ്പുഴ അതിരൂപതയിൽ പൊറ്റക്കുഴി ലിറ്റൽ ഫ്ലവർ ഇടവക അംഗമാണ്. 1986 ജൂൺ 19-ന് സൊസൈറ്റി ഓഫ് ജീസസ് (S.J.) കേരളാ പ്രൊവിൻസിൽ പ്രവേശിച്ചു. തുടർന്ന്, 1995 ഡിസംബർ 30-ന് പൗരോഹിത്യവും സ്വീകരിച്ചു.

തുടർന്ന്, 2000-ൽ റോമിലെ പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബൈബിളിൽ ലൈസൻഷ്യേറ്റും, 2007-ൽ റോമിലെ ഗ്രിഗോറിയൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബൈബിളിൽ ഡോക്ടറേറ്റും കരസ്ഥമാക്കി.

2001-2003; 2007- 2014 കാലഘട്ടങ്ങളിൽ പൂനെയിലെ ജ്ഞാനദീപ വിദ്യാ പീതിൽ വിസിറ്റിംഗ് പ്രൊഫസർ, 2003-ൽ ബാംഗ്ലൂർ ക്രിസ്തു ജ്യോതി സലേഷ്യൻ തീയോളജി സെന്ററിൽ വിസിറ്റിംഗ് പ്രൊഫസർ, 2009-2014 കാലഘട്ടത്തിൽ ആലുവ സിയോൺ വിദ്യാ ഭവൻ, SABS തീയോളജി സെന്ററിൽ വിസിറ്റിംഗ് പ്രൊഫസർ, 2001-2003; 2007-2010 കാലഘട്ടങ്ങളിൽ കാലടി ജെസ്യൂട്ട് റീജിയണൽ തീയോളജി സെന്ററിൽ റസിഡന്റ് പ്രൊഫസർ, 2010-ൽ ഡൽഹി വിദ്യാജ്യോതി ജെസ്യൂട്ട് തീയോളജി സെന്ററിൽ വിസിറ്റിംഗ് പ്രൊഫസർ, 2008-2009 കാലഘട്ടത്തിൽ കേരള കാത്തലിക് ബിഷപ്സ് കോൺഫെറെൻസിന്റെ (KCBC) മലയാളം പുതിയ നിയമം ബൈബിളിന്റെ റിവിഷൻ ടീം അംഗം, 2008-2010 കാലഘട്ടത്തിൽ കാലടി ജെസ്യൂട്ട് റീജിയണൽ തീയോളജി സെന്ററിൽ ഡയറക്ടർ ഓഫ് സ്റ്റഡീസ് എന്നീ നിലകളിൽ ഇന്ത്യയിലുടനീളം പ്രവർത്തിച്ചു.

തുടർന്ന്, 2010-ൽ റോമിലെ ബിബ്ലിക്കും പൊന്തിഫിക്കൽ ഇൻസ്റ്റിട്യൂഷനിൽ വിസിറ്റിംഗ് പ്രൊഫസറായും, 2012-2013 കാലഘട്ടത്തിൽ ബിബ്ലിക്കും പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് റീഡറായും, 2013-മുതലുള്ള കാലഘട്ടത്തിൽ ബിബ്ലിക്കും പൊന്തിഫിക്കൽ ഇൻസ്റ്റിട്യൂഷനിൽ അസ്സോസിയേറ്റ് പ്രൊഫസറായും പ്രവർത്തിച്ചു. 2019-ൽ റോമിലെ ബിബ്ലിക്കൽ ഇൻസ്റ്റിറ്റിയൂട്ടിലെ ബൈബിൾ വിഭാഗ തലവനായി നിയമിതനായി.

നിരവധി പുസ്തകങ്ങളും, വിവിധ ജേർണലുകളിലായി ധാരാളം ലേഖനങ്ങളും പ്രൊഫ.റവ.ഡോ.ഹെൻറി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘മലയിലെ പ്രസംഗം’ എന്ന മലയാള പുസ്തകം വളരെ പ്രസിദ്ധമാണ്. കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരുടെയും രൂപതാ വൈദീകരുടെയും വാർഷിക ധ്യാനങ്ങൾ നയിച്ചിട്ടുള്ള ധ്യാനഗുരു കൂടിയാണ് പ്രൊഫ.റവ.ഡോ.ഹെൻറി.

നെയ്യാറ്റിൻകര രൂപതയിലെ വിവിധ ഇടവകകൾക്ക് റവ.ഡോ.ഹെൻറി പട്ടരുമഠത്തിൽ S.J.യുടെ സേവനം ലഭിച്ചിട്ടുണ്ട്. പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ അംഗമായി പുതിയ ചുമതലയിലേക്ക് പ്രവേശിക്കുമ്പോൾ നെയ്യാറ്റിൻകര രൂപതയ്ക്കും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അവസരമാണെന്ന് നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ.വിൻസെന്റ് സാമുവൽ പറഞ്ഞു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker