Sunday Homilies

5th Ordinary Time Sunday_Year B_പ്രാർത്ഥനയും പ്രവർത്തിയും

പ്രാർത്ഥനയില്ലാത്ത പ്രവർത്തി അർത്ഥശൂന്യമാണ്. പ്രവർത്തനമില്ലാത്ത പ്രാർത്ഥന ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിക്കും...

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ
ഒന്നാം വായന: ജോബ് 7:1 – 4, 6-7
രണ്ടാം വായന: 1 കൊറിന്തോസ് 9:16-19, 22-23
സുവിശേഷം: വി.മാർക്കോസ് 1:29-39

ദിവ്യബലിയ്ക്ക് ആമുഖം

ദിവ്യബലിയർപ്പണത്തിനായി ഇന്ന് നാം തിരുവൾത്താരയ്ക്ക് ചുറ്റും ഒരുമിച്ച് കൂടുമ്പോൾ നമ്മുടെ മനസ്സിന്റെ ഒരുവശത്ത് കൊറോണാ മഹാമാരിയും, നമ്മുടെ ജീവിതത്തിൽ നേരിടേണ്ടിവരുന്ന ആകുലതകളും, സാമ്പത്തിക പ്രയാസങ്ങളും, ഇതുവരെയുള്ള നമ്മുടെ ജീവിതവുമാണ്. മറുവശത്ത് സുവിശേഷം കേൾക്കാനും, യേശുവിനാൽ സ്പർശിക്കപ്പെടാനും, അവന്റെ തിരുശരീരവും തിരുരക്തവും സ്വീകരിക്കാനും നാം ആഗ്രഹിക്കുന്നു. ഇതേ യഥാർത്ഥ്യം തന്നെയാണ് ഇന്നത്തെ തിരുവചനങ്ങളിലും നാം കാണുന്നത്. ഒന്നാം വായനയിൽ, സ്വന്തം ജീവിതത്തിന്റെ ആകുലതകൾ പങ്കുവെയ്ക്കുന്ന ജോബിനെ നാം കാണുന്നു. രണ്ടാം വായനയിൽ, സുവിശേഷത്തിനുവേണ്ടി എല്ലാവർക്കും എല്ലാമായപൗലോസപ്പോസ്തലനെ ദർശിക്കുന്നു. സുവിശേഷത്തിലാകട്ടെ, തന്റെ പക്കൽവന്ന വിവിധ രോഗങ്ങൾ ബാധിച്ചവരെ സുഖപ്പെടുത്തുന്ന യേശുവിനെ നമുക്ക് കാണാം. നമ്മുടെ ജീവിതം പൂർണ്ണമായി ദൈവകരങ്ങളിൽ സമർപ്പിച്ചുകൊണ്ട് തിരുവചനം ശ്രവിക്കാനും യേശുവിനെ സ്വീകരിക്കുവാനുമായി നമക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരേ,

ഇന്നത്തെ ഒന്നാം വായനയിൽ പഴയ നിയമത്തിലെ ജോബിന്റെ വാക്കുകളാണ് നാം ശ്രവിച്ചത്. നീതിമാൻ എന്തിന് സഹിക്കണം? സഹനത്തിന്റെ അർത്ഥമെന്ത്? എന്നീ സുപ്രധാന ചോദ്യങ്ങളെ അപഗ്രഥിക്കുന്ന ജോബിന്റെ പുസ്തകത്തിലെ ചോദ്യങ്ങൾക്ക് നൂറ്റാണ്ടുകളായി പലരും ഉത്തരം നൽകാൻ ശ്രമിച്ചിട്ടുണ്ട്. ജോബിന്റെ ജീവിതവും ചോദ്യങ്ങളും നമുക്കും പ്രധാനപ്പെട്ടതാണ്. കാരണം, ആ ചോദ്യങ്ങൾ നമ്മുടേതും കൂടിയാണ്. മനുഷ്യജീവിതത്തിന്റെ നിസാരതതേയും, സഹനത്തെയും, കഷ്ടതയേയും, സുഖ-ദു:ഖങ്ങളെയും, നന്മ-തിന്മകളെയും എല്ലാറ്റിനുമുപരി നീതിമാന്റെ ജീവിതത്തിന്റെ അർത്ഥമെന്തെന്നുമൊക്കെ ചോദിക്കുന്ന ജോബ് നമ്മുടെ ഓരോരുത്തരുടേയും ഉള്ളിലുണ്ട്. വിശ്വാസികളായ നാം പഴയ നിയമത്തിലെ ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നത് പുതിയ നിയമത്തിലെ യേശുവിലും അവന്റെ ജീവിതത്തിലും സഹനത്തിലും മരണത്തിലും ഉയർത്തെഴുന്നേൽപ്പിലുമാണ്.

സൗഖ്യദായകനായ യേശുവിനെയാണ് ഇന്നത്തെ സുവിശേഷം നമുക്ക് കാണിച്ച് തരുന്നത്. യേശുവിന്റെ വചനവും സ്പർശനവും ഒരു പ്രദേശത്തെ അനേകം രോഗികൾക്കും പിശാചു ബാധിതർക്കും സൗഖ്യം നൽകി. യേശു നൽകുന്ന സൗഖ്യം ശാരീരികമായ സൗഖ്യം മാത്രമല്ല, അത് ഒരേ സമയം ശരീരത്തിന്റയും മനസ്സിന്റെയും സൗഖ്യമാണ്. ശിമയോന്റെ അമ്മായിയമ്മയെ കൈപിടിച്ച് എഴുന്നേൽപ്പിച്ചപ്പോൾ അവളുടെ പനി മാറി ഊർജ്ജസ്വലമായ അവളുടെ ജീവിതത്തിലേയ്ക്ക് തിരികെ വരികയും, യഹൂദ സംസ്ക്കാരത്തിലെ ആതിഥേയയുടെ കർത്തവ്യം നിർവ്വഹിക്കുകയും ചെയ്യുന്നു. നാമും സൗഖ്യം ആഗ്രഹിക്കുന്നുവെങ്കിൽ, നമ്മുടെ ഊർജ്ജസ്വലമായ ജീവിതത്തിലേയ്ക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ദൈവവചനത്താൽ സ്പർശിക്കപ്പെടാനും, പിടിച്ച് എഴുന്നേൽപ്പിക്കപ്പെടാനും നമ്മെതന്നെ അനുവദിക്കണം.

“അതിരാവിലെ അവൻ ഉണർന്ന് ഒരു വിജന സ്ഥലത്തേയ്ക്ക് പോയി. അവിടെ അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു”. ഈ തിരുവചനത്തിലൂടെ യേശുവിന്റെ അത്ഭുത പ്രവർത്തനങ്ങളുടെയും, യേശു നൽകുന്ന രോഗ ശാന്തിയുടേയും അടിസ്ഥാനം മാജിക്കോ, സൂത്രവിദ്യകളോ അല്ല, മറിച്ച് യേശുവിന് പിതാവുമായിട്ടുള്ള അഭേദ്യമായബന്ധമാണെന്ന് വി.മാർക്കോസ് സുവിശേഷകൻ നമുക്ക് വെളിപ്പെടുത്തി തരുന്നു. ഇന്നത്തെക്കാലത്ത് അത്ഭുതങ്ങളുടെ പിന്നാലെ പായുമ്പോൾ, അത്ഭുങ്ങളുടെ ഉറവിടംകൂടി നമുക്ക് അന്വേഷിക്കാം. നാം പോകേണ്ടത് അത്ഭുതങ്ങളുടേയും രോഗശാന്തിയുടെയും പിന്നാലെയല്ല, അതിനെക്കാളുപരി അതിന് കാരണമാകുന്ന ത്രീത്വൈക ദൈവവുമായിട്ടുള്ള അദേദ്യമായ ബന്ധത്തിന്റെ പിന്നാലെയാണ്.

യേശുവിന്റെ ദൈനംദിന ജീവിതത്തെ വിവരിച്ചുകൊണ്ട് ”പ്രാർത്ഥനയും പ്രവർത്തിയും” അഥവാ “പ്രാർത്ഥനയും ജോലിയും” എങ്ങനെയാണ് വിശ്വാസ ജീവിതത്തിൽ സമന്വയിപ്പിച്ചു കൊണ്ട് പോകേണ്ടതെന്ന ചില പ്രായോഗിക കാഴ്ചപ്പാടുകൾ ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്നു. യേശു അതിരാവിലെ ഉണർന്ന് പ്രാർത്ഥിക്കാനായി പോകുന്നു. യേശുവിനറിയാം ദിവസം തുടങ്ങിക്കഴിഞ്ഞാൽ ധാരാളംപേർ യേശുവിനെ അന്വേഷിച്ച് വരുമെന്ന്. അതുകൊണ്ട് തന്നെ തന്റെ പ്രവർത്തനം ആരംഭിക്കുന്നതിനുമുന്നെ പ്രാർത്ഥിക്കാനായി സമയം കണ്ടെത്തുന്നു. ജീവിതത്തിലെ തിരക്കുകൾകൊണ്ട് പ്രാർത്ഥിക്കുവാൻ സമയമില്ലന്ന് പരിഭവിക്കുന്ന നമുക്ക് ഇതിലും നല്ലൊരു മാതൃക ലഭിക്കാനില്ല. സൂര്യാസ്തമയം വരെ രോഗസൗഖ്യം നൽകുകയും, അതിരാവിലെ പ്രാർത്ഥിക്കുകയും വീണ്ടും പ്രവർത്തിക്കാനായി പോകുകയും ചെയ്യുന്ന യേശു ‘പ്രാർത്ഥനയും പ്രവർത്തനവും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു’ എന്ന് കാണിക്കുകയുമാണ്.
പ്രാർത്ഥനയില്ലാത്ത പ്രവർത്തി അർത്ഥശൂന്യമാണ്. പ്രവർത്തനമില്ലാത്ത പ്രാർത്ഥന ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിക്കും. ഇവിടെ പ്രവർത്തികൊണ്ട് ഉദ്ദേശിക്കുന്നത് ഒരോരുത്തരുടേയും ഉത്തരവാദിത്വങ്ങളാണ്. ഉദാഹരണമായി വിദ്യാർത്ഥികൾക്ക് പഠനം, മറ്റുള്ളവർക്ക് അവർ ഏർപ്പെട്ടിരിക്കുന്ന തൊഴിൽ അല്ലങ്കിൽ ജോലികൾ… ഏതവസ്ഥയിലും പ്രാർത്ഥനയും പ്രവർത്തിയും ഉൾകൊള്ളുന്ന ഒരു സമഗ്രമായ ജീവിതത്തിലേയ്ക്ക് യേശു നമ്മെ വിളിക്കുകയാണ്.

ദൈനംദിന ജീവിതത്തിൽ പ്രാർത്ഥനയ്ക്കായി സമയം മാറ്റിവയ്ക്കുമ്പോൾ അത് നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമൊ? അല്ലങ്കിൽ, അത് നമ്മുടെ ജീവിത നിലവാരം കുറയ്ക്കുമൊ? അല്ലെങ്കിൽ, പ്രാർത്ഥനാ സമയം കൂടി പ്രവർത്തിച്ചുകൊണ്ട് ജീവിതം മെച്ചപ്പെടുത്തുകയല്ലേ വേണ്ടത്? എന്ന് ചിന്തിക്കുന്നവരുണ്ട്. ഈ സംശയങ്ങൾക്കുള്ള ഉത്തരം ഇന്നത്തെ സുവിശേഷത്തിലുണ്ട്.
പ്രാർത്ഥിച്ചുകൊണ്ടിരുന്ന യേശുവിനെ കണ്ട് “എല്ലാവരും നിന്നെ അന്വേഷിക്കുന്നു” എന്ന് പറഞ്ഞ പത്രോസിനോട് യേശു പറയുന്നത്: “നമുക്ക് അടുത്ത പട്ടണത്തിലേയ്ക്ക് പോകാം, അവിടെയും എനിക്ക് പ്രസംഗിക്കേണ്ടിയിരിക്കുന്നു” എന്നാണ്. അതായത് പ്രാർത്ഥനയ്ക്ക് ശേഷം യേശു തന്റെ പ്രവർത്തനം ചുരുക്കുകയൊ മന്ദീഭവിപ്പിക്കുകയൊ അല്ല ചെയ്യുന്നത്, മറിച്ച് തന്റെ പ്രവർത്തനം വ്യാപിപ്പിക്കുകയും മറ്റനേകം സ്ഥലങ്ങളിൽ സുവിശേഷം പ്രഘോഷിക്കുകയും ചെയ്യുന്നു. അതായത്, ദൈനംദിന ജീവിതത്തിൽ നാം പ്രാർത്ഥനയ്ക്ക് സമയം കണ്ടെത്തുമ്പോൾ നമ്മുടെ ജീവിതം മന്ദീഭവിക്കുകയും ചുരുങ്ങുകയുമല്ല, മറിച്ച് മെച്ചപ്പെടുകയും മഹത്വപൂർണ്ണമാകുകയുമാണ് ചെയ്യുന്നത് എന്ന് സാരം. കാരണം, പ്രാർത്ഥന ഊർജ്ജ സ്രോതസ്സാണ്. പ്രാർത്ഥിക്കുന്നവൻ ദൈവത്തിൽ നിന്ന് തന്റെ ജീവിതത്തിൽ ഊർജ്ജം നിറയ്ക്കുന്നു.

ആമേൻ.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker